ഏതൊരു സമൂഹത്തിന്റെയും ധാർമികസ്വഭാവം അതിന്റെ ഏറ്റവും ദുർബലമായ അംഗങ്ങളോടുള്ള പെരുമാറ്റത്തിലൂടെയാണ് വെളിപ്പെടുന്നത്. രോഗികളെയും പ്രായമായവരെയും പരിചരിക്കുക എന്നത് ഒരു കടമ മാത്രമല്ല, മറിച്ച് ക്രൈസ്തവസ്നേഹത്തിന്റെയും മാനുഷിക അന്തസ്സിന്റെയും ആഴമേറിയ ഒരു പ്രകടനമാണ്. കാര്യക്ഷമതയും ഉത്പാദനക്ഷമതയും നയിക്കുന്ന ഒരു ലോകത്തിൽ, പ്രത്യേകിച്ചു ദുർബലരായ, കഷ്ടപ്പെടുന്ന അല്ലെങ്കിൽ ഭൗതികജീവിതത്തിന്റെ അവസാനത്തിലേക്ക് നീങ്ങുന്നവരായ ഓരോ വ്യക്തിയുടെയും പവിത്രമായ മൂല്യം നാം മറക്കാൻ പാടില്ല.
കഷ്ടപ്പെടുന്നവരോട് അനുകമ്പകാണിക്കാൻ സുവിശേഷം നമ്മെ ക്ഷണിക്കുന്നുണ്ട്. ഈശോ രോഗികളുമായും ആവശ്യമുള്ളവരുമായും സ്വയം താദാത്മ്യപ്പെടുന്നു. “ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു” (മത്താ. 25:36). ഈ വാക്യം നമ്മെ ഓർമപ്പെടുത്തുന്നതു രോഗികളെയും ദുർബലരെയും പരിചരിക്കുക എന്നത് ഒരു നമുക്കു യഥേഷ്ടം തീരുമാനിക്കാവുന്ന ഒരുപുണ്യപ്രവൃത്തിയല്ല, മറിച്ച് നമ്മുടെ ശിഷ്യത്വത്തിന്റെ അവിഭാജ്യ ഭാഗമാണെന്നാണ്. ‘മാതാപിതാക്കളെ ബഹുമാനിക്കുക’ എന്ന കല്പന (പുറ. 20:12) വിധേയത്വത്തിനപ്പുറം പോകുന്നു; ഇതു പ്രായമായവരോടുള്ള ബഹുമാനവും പരിചരണവും ഉൾക്കൊള്ളുന്നു; അവരുടെ അന്തസ്സും ജീവിതകാലം മുഴുവൻ അവർ നല്കിയ അമൂല്യമായ സംഭാവനകളും അംഗീകരിക്കുന്നു.
സഭ എല്ലാ ഘട്ടങ്ങളിലുമുള്ള ജീവന്റെ പവിത്രതയെ ഉയർത്തിപ്പിടിക്കുന്നുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ‘സാൽവിഫിച്ചി ദൊളോറിസ്’ എന്ന തന്റെ അപ്പസ്തോലികലേഖനത്തിൽ, ഈശോയുടെ കഷ്ടപ്പാടുകളോടു യോജിപ്പിക്കുമ്പോൾ സഹനങ്ങൾക്കു രക്ഷാകരമായ മൂല്യമുണ്ടെന്നു പഠിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനം ഇവിടെ പ്രസക്തമാണ്: “ഒരു സമൂഹം ജീവിതത്തെ യഥാർഥത്തിൽ സ്വാഗതം ചെയ്യുന്നതു വാർദ്ധക്യത്തിലും വൈകല്യത്തിലും ഗുരുതരമായ രോഗത്തിലും അതു വിലപ്പെട്ടതാണെന്ന് അംഗീകരിക്കുമ്പോഴാണ് (2022 ജൂൺ 15 ജനറൽ ഓഡിയൻസ്). വൃദ്ധരെയും രോഗികളെയും അതിരിൽനിറുത്തുന്ന “എറിഞ്ഞുകളയുന്ന സംസ്കാരത്തെ” എതിർക്കാൻ നമ്മെ ഉത്സാഹിപ്പിക്കുകയും സഭയുടെ ദൗത്യത്തിൽ തലമുറകൾതമ്മിലുള്ള സംവാദം മാർപാപ്പ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു. ഇളയ തലമുറക്കാർ തങ്ങളുടെ മൂത്തവരുടെ ജ്ഞാനത്തിൽനിന്നു പഠിക്കുകയും ബഹുമാനത്തിന്റെയും അംഗീകാരത്തിന്റെയും ഒരു സംസ്കാരം സൃഷ്ടിക്കുകയും ചെയ്യണം.
യഥാർത്ഥ അനുകമ്പ അമൂർത്തമല്ല; അതു പ്രവൃത്തി ആവശ്യപ്പെടുന്നു. കുടുംബങ്ങൾ തങ്ങളുടെ പ്രായമായ അംഗങ്ങൾക്കു മുൻഗണനനല്കണം. അവർ മൂല്യമുള്ളവരും സ്നേഹിക്കപെടുന്നവരുമാണെന്നു അവർക്കു തോന്നത്തക്കവിധത്തിൽ പെരുമാറണം. രോഗികൾക്കും അവരെ പരിചാരിക്കുന്നവർക്കുംവേണ്ടി ക്രൈസ്തവസമൂഹങ്ങളും പള്ളികളും സഹായശൃംഖലകൾ സൃഷ്ടിക്കണം. സൗഖ്യദായകനായ ഈശോയിൽനിന്നു പ്രചോദനമുക്കൊണ്ട് ആരോഗ്യപരിപാലകർ തങ്ങളുടെ ജോലിയെ ഒരു വിളി എന്ന നിലയിൽ സമീപിക്കണം. എല്ലാവരുടെയും, പ്രത്യേകിച്ച് ഏറ്റവും ദുർബലരായവരുടെയും അന്തസ്സ് സംരക്ഷിക്കുന്ന നീതിപൂർണമായ നയങ്ങൾ സർക്കാരുകളും സ്ഥാപനങ്ങളും ഉറപ്പാക്കണം.
രോഗികളെയും വൃദ്ധരെയും പരിചരിക്കാനുള്ള അവസരം നീതിയുടെയും കരുണയുടെയും സ്നേഹത്തിന്റെയും ഒരു പാതയാണ്. ഇതു നമ്മെ ഈശോയോടു അടുപ്പിക്കുന്ന ഒരു വഴിയാണ്. ഒരോ പരിചരണപ്രവൃത്തിയിലും സഹവാസത്തിന്റെ ഓരോ നിമിഷത്തിലും നാം ജീവിതത്തിന്റെ പവിത്രതയും നമ്മുടെ ലോകത്തിലെ ദൈവത്തിന്റെ സ്നേഹത്തിന്റെ നിത്യതയും വീണ്ടും ഉറപ്പാക്കുന്നു. ഈ തിരിച്ചറിവു രോഗികളോടും പ്രായമായവരോടും പ്രത്യേകിച്ച് ഏറ്റവും അവശ്യമുള്ളരോടും അനുകമ്പയോടെയും അർപ്പണബോധത്തോടെയും വർത്തിക്കാൻ നമുക്കു പ്രചോദനം നല്കട്ടെ!


