പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ കമ്മ്യൂണിറ്റിയുടെ ഒരു മീറ്റിംങിൽ പങ്കെടുക്കാനായി പ്രതിശ്രുത വരൻ ഗ്വിഡോ റോസിക്കും സുഹൃത്ത് എലിയോയ്ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു സാന്ദ്ര സബാറ്റിനി. 1984 ഏപ്രിൽ 29 പ്രഭാതമായിരുന്നു അത്. ഒമ്പതരയ്ക്കാണ് മീറ്റിംങ് ആരംഭിക്കുന്നത്. സന്തോഷത്തോടെയുളള ആ യാത്ര പക്ഷേ അവർക്ക് പൂർത്തിയാക്കാനായില്ല. അവർ സഞ്ചരിച്ചിരുന്ന വാഹനത്തെ എതിർദിശയിൽ നിന്നു പാഞ്ഞുവന്ന മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിച്ചു. സാന്ദ്രയും എലിയോയും പുറത്തേക്ക് തെറിച്ചുവീണു.
ബോളോഗ്നയിലെബെല്ലാറിയ ഹോസ്പിറ്റലിലേക്ക് ഉടനടി തന്നെ സാന്ദ്രയെയും സുഹൃത്തിനെയും ആംബുലൻസിൽ എത്തിച്ചു. മൂന്നു ദിവസം സാന്ദ്ര കോമായിൽ കഴിച്ചൂകൂട്ടി. ഒടുവിൽ 1984 മെയ് രണ്ടിന് സാന്ദ്ര ഈ ലോകം വിട്ടുപിരിഞ്ഞു. 2021 ഒക്ടോബർ 24 ന് സാന്ദ്രയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഒരു വാഹനാപകടത്തിൽ മരണമടഞ്ഞ ഈ യുവതിയെ വാഴ്ത്തപ്പെട്ടവളായി ഉയർത്താൻ മാത്രം ആരായിരുന്നു അവൾ?
1961 ആഗസ്റ്റ് 19 ന് ഗ്വിസെപ്പി സബാറ്റിനിയുടെയും ആഗ്നെസ് ബോനിനിയുടെയും രണ്ടുമക്കളിൽ മൂത്തവളായിട്ടായിരുന്നു സാന്ദ്രയുടെ ജനനം. ആഗ്നസിന്റെ സഹോദരൻ വൈദികനായ ഗ്വിസെപ്പി ബോനിനിയുടെ ഒപ്പമായിരുന്നു അവർ താമസിച്ചിരുന്നത്. ചെറുപ്രായം മുതൽ തന്നെ സാന്ദ്ര വിശ്വാസാധിഷ്ഠിതമായ ജീവിതമാണ് നയിച്ചിരുന്നത്. പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള വ്യക്തിപരമായ പ്രാർഥന അവളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. ആദ്യകുർബാനസ്വീകരണം കഴിഞ്ഞനാൾ മുതൽ തന്റെ ആത്മീയചിന്തകൾ അവൾ രേഖപ്പെടുത്തിസൂക്ഷിക്കാറുണ്ടായിരുന്നു.
മരണത്തിനു ശേഷം കണ്ടെടുക്കപ്പെട്ട ആ ഡയറികളിൽ ദൈവവും അവളുമായുള്ള ബന്ധത്തിന്റെ സജീവചിത്രം കോറിയിട്ടുണ്ട്.
ദൈവമേ നീയെന്നെ സഹായിക്കുകയും നിന്നോടു ചേർത്തുനിർത്തുകയും ചെയ്യണമെന്നുണ്ടെങ്കിൽ ഞാനാദ്യം നിന്നെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഞാനറിയുന്നു. അതിനാദ്യം ഞാൻ എന്നെതന്നെ തോല്പിക്കേണ്ടിയിരിക്കുന്നു. എന്റെ അഹന്തയും എന്റെ വിഡ്ഢിത്തരങ്ങളും എല്ലാം നിനക്കായി സമർപ്പിക്കേണ്ടിയിരിക്കുന്നു.”
മറ്റൊരിടത്തു അവൾ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.
” എല്ലാ ദിവസവും എപ്പോഴും ഓരോ നിമിഷവും നിന്നെ സ്നേഹിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങളിൽ പോലും.”
അമ്മാവന്റെ സ്വാധീനവും ചിന്തകളും അവളുടെ ആത്മീയതയെ പരുവപ്പെടുത്തുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. പന്ത്രണ്ടാം വയസു മുതൽ ആത്മീയസംഘടനകളിൽ അവൾ സജീവമായിത്തുടങ്ങിയ. പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ കമ്മ്യൂണിറ്റി അത്തരത്തിലുള്ള ഒന്നായിരുന്നു. ഡിസേബിൾ്ഡ് കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ക്യാമ്പുകളിൽ വോളന്റിയറായും സാന്ദ്ര സേവനം ചെയ്തിരുന്നു. പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചുപ്രവർത്തിക്കുന്ന നാളുകളിലാണ് ഗ്വിഡോ റോസി എന്ന തന്നെക്കാൾ രണ്ടുവയസു മുതിർന്ന ചെറുപ്പക്കാരനമായി സാന്ദ്ര പരിചയത്തിലാകുന്നത്. ആ പരിചയം സനേഹബന്ധത്തിലേക്കും പിന്നീട് വിവാഹനിശ്ചയത്തിലേക്കും എത്തി. 1979 ൽ അവരുടെ വിവാഹം ഉറപ്പിച്ചു. ആഫ്രിക്കയിൽ ഒരു മിഷനറി ഡോക്ടറായി സേവനം ചെയ്യണമെന്നായിരുന്നു സാന്ദ്രയുടെ ഭാവിസ്വപ്നം. അത്തരമൊരു ആഗ്രഹത്തോടെയാണ് ബോളോഗ്ന യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയായി അവൾ ചേർന്നത്. ലഹരിപുനരധിവാസപ്രവർത്തനങ്ങളുമായും അവൾ സജീവമായി പങ്കെടുത്തിരുന്നു. ഇങ്ങനെ എല്ലാം ശാന്തമായി കടന്നുപോവുമ്പോഴായിരുന്നു അപകടത്തിന്റെ രൂപത്തിൽ മരണം അവളെ അപഹരിച്ചുകൊണ്ടുപോയത്.
1984 മെയ് അഞ്ചിനായിരുന്നു സാന്ദ്രയുടെ സംസ്കാരശുശ്രൂഷകൾ നടന്നത്. അന്ന് ചരമപ്രസംഗം നടത്തിയ വൈദികൻ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. നിരവധി വിശുദ്ധർ വിവാഹിതരും മാതാപിതാക്കളുമൊക്കെയായിരുന്നു. എന്നാൽ കത്തോലിക്കാസഭയിൽ പ്രതിശ്രുതവധുവായിരിക്കെ മരണമടഞ്ഞ ഒരേയൊരു പുണ്യജീവിതം സാന്ദ്ര മാത്രമേയുള്ളൂ എന്നായിരുന്നു. സാന്ദ്രയുടെ പുണ്യജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന് അത്രമേൽ ഉറപ്പുണ്ടായിരുന്നു, സാന്ദ്ര എപ്പോഴും സന്തോഷവതിയായിരുന്നുവെന്നാണ് അവളുമായി അടുത്തുബന്ധപ്പെട്ടവരെല്ലാം ഒന്നുപോലെ പറഞ്ഞത്. ആ സന്തോഷത്തിന്റെ രഹസ്യം അന്വേഷിക്കുമ്പോൾ നാം തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്.. യേശുവുമായി ഓരോ നിമിഷവും ജീവിച്ചതുകൊണ്ടായിരുന്നു അവൾക്ക് അപ്രകാരം സന്തോഷിക്കാൻ സാധിച്ചത്. അവൾ തന്നെ പൂർണ്ണമായും മറ്റുളളവർക്കു നല്കി. സ്വയം വിട്ടുകൊടുക്കലിന്റെ ആത്മീയതലമായിരുന്നു സാന്ദ്ര പ്രദർശിപ്പിച്ചിരുന്നത്. മരണത്തെ അവൾ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. ചില നേരങ്ങളിൽ താൻ ഉടനടി മരിക്കുമെന്ന് അവൾ കരുതിയിരുന്നു. അപ്പോഴും മരണത്തെ അവൾ പേടിച്ചിരുന്നില്ല. ഒരാൾ മരിക്കാൻ ഭയപ്പെടുന്നത് ജീവിതവുമായി നിങ്ങൾ സമാധാനത്തിലല്ല കഴിഞ്ഞുകൂടുന്നത് എന്നതുകൊണ്ടാണെന്നായിരുന്നു സാന്ദ്ര വിശ്വസിച്ചിരുന്നത്. വിശുദ്ധബലിക്കായി ആളുകൾ പള്ളിയിൽ എത്തുന്നതിനുമുമ്പ് ദിവ്യകാരുണ്യനാഥനെ സന്ദർശിക്കാൻ അവൾ സ്ഥിരമായി എത്തിയിരുന്നു, സ്നേഹിക്കുക എന്നതല്ലാതെ മറ്റൊന്നും പ്രധാനപ്പെട്ടതല്ല എന്നതായിരുന്നു അവളുടെ വിശ്വാസം.
2006 ജനുവരി മുപ്പതിന് സാന്ദ്രയുടെ നാമകരണനടപടികൾക്ക് രൂപതാതലത്തിൽ തുടക്കം കുറിച്ചു. 2008 ഡിസംബറോടെ അതുപൂർത്തിയായി. സാന്ദ്രയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ നിമിത്തമായത് സ്റ്റെഫാനോ വിറ്റാലി എന്ന വ്യക്തിയുടെ കോളൻകാൻസർ അത്ഭുതകരമായി സാന്ദ്രയുടെ മാധ്യസ്ഥത്താൽ സുഖപ്പെട്ട സംഭവമാണ് ബ്രസീലിന്റെ ആദ്യ സെക്രട്ടറിയും റിംനി പ്രോവിൻസിന്റെ പില്ക്കാല സെക്രട്ടറിയുമായിരുന്നു അദ്ദേഹം. 2020 ജൂൺ 14 ന് സാന്ദ്രയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അത് മാറ്റിവയ്ക്കുകയും 2021 ഒക്ടോബർ 24 ന് കർദിനാൾ മാഴ്സെല്ലോ സെമറാറോ സാന്ദ്രയെ വാഴ്്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തു.


