Bl. Alberto Marvelli.
അത്താഴം കഴിക്കുകയായിരുന്നു ആൽബെർട്ടോ. സമീപത്ത് അമ്മയുമുണ്ടായിരുന്നു. അപ്പോഴാണ് അമ്മ ആ കാഴ്ച കണ്ടത്. മുറ്റത്ത് ഒരു യാചകൻ. അമ്മ പെട്ടെന്ന് ആൽബെർട്ടോയുടെ പാത്രത്തിൽ നിന്ന് കുറച്ചുഭക്ഷണം മറ്റൊരു പാത്രത്തിലേക്ക് എടുത്തു അതുമായി യാചകന്റെ അടുക്കലേക്ക് പോയി. അപ്പോൾ അമ്മ ആൽബെർട്ടോയോട് ഒരു കാര്യംപറയാനും മറന്നില്ല.” യേശു വന്നിരിക്കുന്നു. യേശുവിന് വിശക്കുന്നുണ്ട്” ദരിദ്രരെ സഹായിക്കാനും സേവിക്കാനുമുള്ള ഊർജ്ജം എവിടെ നിന്നാണ് ആൽബെർട്ടോയ്ക്ക് കിട്ടിയതെന്ന് ചോദ്യത്തിന് ഈ സംഭവംതന്നെ ഉത്തരം.
1918 മാർച്ച് 21 ഇറ്റലിയിലായിരുന്നു ആൽബർട്ടോയുടെ ജനനം. ലൂജി മാർവെല്ലിയുടെയും മരിയയുടെയും ആറുമക്കളിൽ രണ്ടാമൻ. 1933 മാർച്ച് ഏഴിന് അപ്രതീക്ഷിതമായി സംഭവിച്ച ലൂജിയുടെ മരണം ആ കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ചെറുപ്പം മുതല്ക്കേ ക്രിസ്തീയപുണ്യങ്ങൾ അഭ്യസിക്കപ്പെട്ടു വളർന്നുവന്ന ജീവിതമായിരുന്നു അവന്റേത്. അരമണിക്കൂർ നേരം വേദപുസ്തകവായന, അരമണിക്കൂർ നേരത്തേക്കുള്ള വ്യക്തിപരമായ പ്രാർഥന, ജപമാല, ദിവ്യബലി, കർത്താവിന്റെ മാലാഖ പ്രാർഥന, ആഴ്ചതോറുമുള്ള കുമ്പസാരം എന്നിവയെല്ലാം അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പതിനെട്ടാം വയസിൽ കാത്തലിക് ആക്ഷൻ ലേ അപ്പസ്തോലേറ്റിന്റെ പ്രസിഡന്റായി. ബോളോഗ്ന യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിനീയറിംങ് ബിരുദം നേടിയതിനു ശേഷം ടൂറിനിലെ ഫിയാത്ത് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. രണ്ടാം ലോകമഹായുദ്ധമാണ് ആൽബർട്ടോയുടെ നന്മകളുടെ സുഗന്ധം കൂടുതലായി പുറത്തേക്ക് പ്രസരിപ്പിച്ചത്. ദരിദ്രരെ സേവിക്കാനും സ്വയം മറന്ന് അവരെ സഹായിക്കാനും ഈ കാലയളവിൽ ആൽബർട്ടോ സന്നദ്ധനായിരുന്നു. വ്യോമാക്രമണങ്ങൾ ഭയന്ന് നിർബന്ധപൂർവ്വം ഈ കാലയളവിൽ ജന്മസ്ഥലമായ റിമ്മ്നി വിട്ട് വെർഗിയാനോയിലേക്ക് ആ കുടുംബത്തിന് പോകേണ്ടിവന്നു. എന്നാൽ മുറിവേറ്റവരെ ശുശ്രൂഷിക്കാനും മറ്റുമായി എല്ലാ ദിവസവും ഇവിടേയ്ക്ക് ആൽബെർട്ടോ എത്തിയിരുന്നു. ഭക്ഷണം, വസ്ത്രം, സൈക്കിൾ എന്നിവയെല്ലാം മറ്റുള്ളവർക്ക് ദാനമായി നല്കുന്നതിൽ ആൽബെർട്ടോ മടിച്ചില്ല.രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ തടവിലാക്കിയ നിരവധി പേരെ മോചിപ്പിക്കാനും സാധിച്ചിട്ടുണ്ട്.യുദ്ധാനന്തരം ഇടക്കാലഭരണകൂടം അദ്ദേഹത്തെ ടൗൺ കൗൺസിലിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഇക്കാലയളവിൽ സൂപ്പ് കിച്ചൺ ദരിദ്രർക്കായി ആരംഭിക്കുകയും അദ്ദേഹം തന്നെ അവർക്കത് വിതരണം നടത്തുകയും ചെയ്തു. ക്രിസ്ത്യൻ ഡെമോക്രാറ്റിനെ
പ്രതിനിധീകരിച്ച് ഇലക്ഷനിൽ മത്സരിക്കാൻ അദ്ദേഹം പദ്ധതികൾ ആലോചിച്ചുവരുമ്പോഴായിരുന്നു 1946 ഒക്ടോബർ അഞ്ചിന് ഒരു വാഹനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുന്നത്. ആർച്ചുബിഷപ്പ് ആഞ്ചെലോ കോമാസ്ട്രി വത്തിക്കാൻ റേഡിയോയിലൂടെ അന്ന് പറഞ്ഞ വാക്കുകൾ ആൽബെർട്ടോയുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശാൻ ഏറെ സഹായകരമാണ്.
രാഷ്ട്രീയത്തിലായിരിക്കുന്ന ഒരാൾക്ക് വിശുദ്ധനാകാനും കഴിയും എന്നതിന്റെ തെളിവാണ് ആൽബെർട്ടോ. പൊതുപ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനുമായി ജീവിക്കുമ്പോഴും സത്യസന്ധത പുലർത്തിജീവിച്ച അപൂർവ്വം ചിലരിലൊരാളായിരുന്നു ആൽബെർട്ടോ.
1952 മാർച്ച് 29 ന് ദൈവദാസപദവിയിലേക്കുയർത്തി. പോപ്പ് പോൾആറാമന്റെ ഭരണകാലത്ത് 1975 ജനുവരി 16 ന് വാഴ്ത്തപ്പെട്ടവനാക്കാനുള്ള നാമകരണനടപടികൾക്ക് ആരംഭം കുറിച്ചു. 1986 മാർച്ച് 22 ന് ധന്യപദവിയിലേക്കുയർത്തി. 2004 സെപ്തംബർ അഞ്ചിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയത് രണ്ടരലക്ഷത്തോളം ആളുകളായിരുന്നു. ബോളോഗ്നയിലെ ഒരു ഡോക്ടർക്കുണ്ടായ തീവ്രസ്വഭാവമുള്ള ഹെർണിയ ആൽബെർട്ടോ മാർവെല്ലിയുടെ മധ്യസ്ഥതയിൽ സുഖപ്പെട്ടതാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാൻ കാരണമായത്.


