മരണം എത്രത്തോളം ഹൃദ്യമായ അനുഭവമാണ് എന്ന ചോദ്യത്തിന് ഉത്തരമായി ഉയർത്തിക്കാണിക്കാവുന്നത് ഒരു ഫോട്ടോയാണ്. അർജന്റീനയിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ സിസിലിയാ മരിയയുടെ ഫോട്ടോ.. എത്ര വലിയ വിശുദ്ധരാണെങ്കിലും അവരാരും മരിക്കുന്ന നേരത്ത് ഇതുപോലെ ചിരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ അവിടെയാണ് ആ പുഞ്ചിരിയുടെ പ്രസക്തിയും അത്ഭുതവും.
പുഞ്ചിരിയോടെ മരണത്തിന് പോലും പുതിയ കാവ്യം രചിച്ചുകൊണ്ട് സിസ്റ്റർ സിസിലിയ കടന്നുപോകുമ്പോൾ അവൾക്ക് വെറും 46 വയസുമാത്രമായിരുന്നു പ്രായം. അതും കാൻസർ രോഗബാധിതയായി ഏറെ വർഷങ്ങൾ നീണ്ട സഹനജീവിതത്തിന് ഒടുവിലായിരുന്നു ആ വേർപിരിയലും.
1973 ഡിസംബർ അഞ്ചിന് അർജന്റീനയിലെ ന്യൂക്വെൻ പ്രോവിൻസിൽ സാൻ മാർട്ടിൻ ദെ ലോസ് ആൻഡെൻലായിരുന്നു സിസിലിയായുടെ ജനനം. 24 ാം വയസിൽ നേഴ്സിംങ് പഠനത്തിന് ശേഷം നിഷ്പാദുക കർമ്മലീത്താ സമൂഹത്തിൽ അംഗമായി. ആ സമയത്ത് അവൾ സ്വീകരിച്ച പേര് തിരുമുഖത്തിന്റെ സിസീലിയ മരിയ എന്നായിരുന്നു.
എപ്പോഴും പുഞ്ചിരിയോടെ മാത്രമായിരുന്നു സിസിലിയ കാണപ്പെട്ടിരുന്നത്. വളരെ എനർജറ്റിക്കായ ഒരു കന്യാസ്ത്രീ. പോരാഞ്ഞ് വയലിൻ അവളുടെ ഹൃദയതാളവുമായിരുന്നു. എന്നാൽ അതുപോലെ തന്നെ പ്രാര്ത്ഥനയും ധ്യാനജീവിതവും അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ക്രിസ്തുവുമായുള്ള സൗഹൃദത്തിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒരു ആത്മീയതയായിരുന്നു അവൾ ശീലിച്ചിരുന്നത്.
നാവിലായിരുന്നു സിസ്റ്റർ സിസിലിയായ്ക്ക് കാൻസർ ആരംഭിച്ചത്. അത് ക്രമേണ ശ്വാസകോശത്തിലേക്കും പടർന്നു. മരുന്നുകളും ആശുപത്രിയുമായി ദിനരാത്രങ്ങൾ മുന്നോട്ടുപോകുമ്പോഴും അവൾ പ്രാർത്ഥനയ്ക്ക് മുടക്കം വരുത്തിയിട്ടുണ്ടായിരുന്നില്ല. തികഞ്ഞ പ്രത്യാശയോടെയാണ് അവൾ ജീവിച്ചത്. യേശുവുമായി താൻ ഉടനടി മുഖാഭിമുഖം കാണുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. തന്റെ അന്ത്യാഭിലാഷം ഒരു പേപ്പറിൽ അവൾ കുറിച്ചത് ഇപ്രകാരമായിരുന്നു.
‘എന്റെ മൃതദേഹസംസ്കാരം എങ്ങനെയായിരിക്കണമെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. ആദ്യം എല്ലാവരും നന്നായിപ്രാർത്ഥിക്കണം. അതിനു ശേഷംഎല്ലാവർക്കും വലിയ തോതിൽ ഒരു പാർട്ടി നല്കണം. പ്രാർത്ഥിക്കാൻ മറക്കരുത്. പക്ഷേ ആഘോഷിക്കാനും മറക്കരുത്’ മരണം ആഘോഷമാക്കുകയായിരുന്നു എല്ലാ അർത്ഥത്തിലും സിസ്റ്റർ സിസിലിയ.
2016 ജൂൺ 23 നായിരുന്നു സിസ്റ്റർ സിസിലിയായുടെ അന്ത്യം. പുഞ്ചിരിച്ചുകൊണ്ട് മരിച്ച സിസിലിയായുടെ ചിത്രങ്ങൾ അക്കാലത്ത് സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. സിസ്റ്റർ സിസിലിയായുടെ നാമകരണനടപടികൾക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്, മരിക്കുന്ന നേരത്ത് തീർച്ചയായും സിസിലിയാ ക്രിസ്തുവിനെ കണ്ടിട്ടുണ്ടാവും. ക്രിസ്തുവിനെ നോക്കിയായിരിക്കും അവൾ പുഞ്ചിരിച്ചിട്ടുണ്ടാവുക. അ്ല്ലെങ്കിൽ മറ്റാർക്കു കഴിയും മരിക്കും നേരത്ത് ഇങ്ങനെ പുഞ്ചിരിക്കാൻ ?
Sr. Cecilia Maria


