Blessed Marcel Callo
പ്രണയത്തെ പ്രാണന്‍ കണക്കെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു വാഴ്ത്തപ്പെട്ട മാര്‍സെല്‍ കാലോ. ദൈവം തനിക്കായി ഒരുവളെ തിരഞ്ഞെടുത്തുതരുംവരെ സ്വന്തം വിശുദ്ധി കാത്തുസൂക്ഷിക്കാനും ഏറ്റവും നിഷ്‌ക്കളങ്കമായ സ്‌നേഹത്തോടെ പ്രിയപ്പെട്ടവളെ ചുംബിക്കാനും തയ്യാറായ ചെറുപ്പക്കാരന്‍. സമപ്രായക്കാരും സുഹൃത്തുക്കളുമായവര്‍ സ്ത്രീകളോട് പുലര്‍ത്തിയിരുന്ന സമീപനമായിരുന്നില്ല മാര്‍സെല്‍ അവരോട് പുലര്‍ത്തിയത്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടേണ്ടവരാണെന്ന് അവന്‍ വിശ്വസിച്ചു’. ഒരു സ്ത്രീയെക്കൊണ്ട് ഞാന്‍ എന്നെതന്നെ രസിപ്പിക്കുന്ന ആളല്ല, എന്റെ സ്‌നേഹം ശുദ്ധവും മാന്യവുമാണ്. ഒരു യുവതിയോടൊപ്പം പുറത്തുപോകാന്‍ ഇരുപതുവയസുവരെ ഞാന്‍ കാത്തിരുന്നിട്ടുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്താന്‍ വേണ്ടി മാത്രമായിരുന്നു. ക്രിസ്തു എനിക്കായി തിരഞ്ഞെടുത്തയാള്‍ക്ക് ഞാന്‍ എന്റെ സ്‌നേഹം നല്കുന്നതിന് മുമ്പ് ആ വ്യക്തി എന്റെ ഹൃദയം കീഴടക്കിയിരിക്കണം’ പ്രണയത്തെക്കുറിച്ചുള്ള മാര്‍സെല്ലിന്റെ കാഴ്ചപ്പാട് അതായിരുന്നു. പ്രണയത്തെക്കുറിച്ചുള്ള അവന്റെ സങ്കല്പത്തെ മാനിച്ചുകൊണ്ടുതന്നെ ദൈവം ഒരുവളെ അവനായി തിരഞ്ഞെടുത്തു നല്കി. മാര്‍ഗരറ്റ് ഡെര്‍ണിയോ.
ഒരു വര്‍ഷത്തെ അടുപ്പത്തിനും നിരീക്ഷണത്തിനും ശേഷമാണ് അവന്‍ മാര്‍ഗരറ്റിനോട് പ്രണയം തുറന്നുപറഞ്ഞത്. എന്നിട്ടും ആദ്യചുംബനം അവള്‍ക്ക് നല്കാന്‍ പിന്നെയും മാസങ്ങളെടുത്തു. വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം കര്‍ശനമായ ആത്മീയജീവിതമാണ് ഇരുവരും ഒരുമിച്ചുചേര്‍ന്നു നടപ്പിലാക്കിയത്. ഒരേ പ്രാര്‍ത്ഥനകള്‍ ചൊല്ലുക, സാധിക്കുന്നത്ര ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, കഴിയുന്നതുപോലെ ദിവ്യകാരുണ്യം സ്വീകരിക്കുക എന്നിവയെല്ലാം അതില്‍ പെട്ടിരുന്നു.
1921 ഡിസംബര്‍ ആറിന് ഫ്രാന്‍സിലെ റെന്നസിലായിരുന്നു മാര്‍സെല്‍ കാലോയുടെ ജനനം.ചെറുപ്രായം മുതല്‍ക്കേ സന്തോഷപ്രകൃതിയായിരുന്നു. വീട്ടുജോലികളില്‍ സഹായിക്കാനും ഇളയസഹോദരങ്ങളെ പരിപാലിക്കാനും സന്നദ്ധനായിരുന്നു, പതിമൂന്നാം വയസുമുതല്‍ ജോലി ചെയ്തുതുടങ്ങി. ജോലിസ്ഥലത്തുള്ളവരുടെ അസഭ്യഭാഷണങ്ങളും അശ്ലീലകഥകളും അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി. കത്തോലിക്കരും ഭക്തികാര്യങ്ങളില്‍ തീക്ഷണതയുള്ളവരുമായി കൂട്ടുകൂടാനാണ് ആഗ്രഹിച്ചത്. അങ്ങനെയൊരു കൂട്ടുകാരനെ കിട്ടുകയും ചെയ്തു. ജ്യൂനെസ് ഔവ്രിയര്‍ ക്രെറ്റിയെന്‍.
ഗുസ്തിയും ഫുട്‌ബോളും എല്ലാം മാര്‍സെല്ലിന് ഒന്നുപോലെ വശമായിരുന്നു. ‘പരിശുദ്ധ അമ്മേ എന്നെ നിന്റെ സ്വന്തമായി കരുതണമേ. എന്നെ നിന്റെ സ്വത്തും സമ്പത്തുമായി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ’ എന്നായിരുന്നു മരിയന്‍പ്രതിഷ്ഠ നടത്തി മാര്‍സെല്‍ പ്രാര്‍ത്ഥിച്ചിരുന്നത്. ഇരുപതാം വയസിലായിരുന്നു മാര്‍ഗരറ്റ് അവന്റെജീവിതത്തിലേക്ക് കടന്നുവന്നത്.
പ്രണയാതുരമായും സന്തോഷകരമായും കഴിഞ്ഞുകൂടിയിരുന്ന ആ നാളുകളിലാണ് എല്ലാ സന്തോഷങ്ങളും അപഹരിക്കുകയും ജീവിതത്തെ തന്നെ നെടുകെയും കുറുകെയും ഛേദിച്ചുകളയുകയും ചെയ്യുന്നവിധത്തിലുള്ള സംഭവപരമ്പരകള്‍ കടന്നുവന്നത്.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച സമയം, റെന്നസ് നഗരത്തെ ജര്‍മ്മന്‍കാര്‍ കീഴടക്കി. ബോംബ് വര്‍ഷത്തില്‍ മാര്‍സെല്ലിന്റെ സഹോദരി കൊല്ലപ്പെട്ടു. ജര്‍മ്മന്‍ സൈന്യം മാര്‍സലിനെ നിര്‍ബന്ധിത സേവനത്തിന്റെ പേരില്‍ ഒബ്ലിഗറ്റോയിറിലേക്ക് നാടുകടത്തി. കുടുംബത്തിന്റെ സുരക്ഷയെ മാനിച്ചാണ് മനസ്സില്ലാമനസ്സോടെ മാര്‍സെല്‍ അതിന് തയ്യാറായത്. മൂന്നുമാസത്തോളം തീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നു. കുടുംബത്തെ കാണാന്‍ കഴിയുന്നില്ല. അതിനെക്കാള്‍ ഭീകരം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നതായിരുന്നു.
മാര്‍സെല്‍ ഇതോടെ കടുത്ത വിഷാദത്തിലായി. ഇതിനു പുറമെ മൈഗ്രെയ്ന്‍, ഉദരസംബന്ധിയായ രോഗങ്ങള്‍, വായ്പ്പുണ്ണ്, പല്ലുവേദന തുടങ്ങിയ പലതും വേട്ടയാടാന്‍ തുടങ്ങി. ഇതെല്ലാം വിഷാദത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. പക്ഷേ ഏറെ നാള്‍ ഈ അന്ധകാരത്തില്‍ തുടരാന്‍ ദൈവം അവനെ അനുവദിച്ചില്ല. ക്രിസ്തു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്നാണ് അതേക്കുറിച്ച് മാര്‍സെല്‍ പറഞ്ഞത്. ഏകാന്തതയില്‍ നിന്ന് പുറത്തുകടക്കാനും സുഹൃത്തുക്കളോടൊപ്പം ആയിരിക്കാനും അതുവഴിയായി സാധിച്ചു. പ്രാര്‍ത്ഥനകളിലേക്ക് തിരികെ വന്നു. രഹസ്യമായി അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുത്തു
. മാര്‍സെല്ലയുടെ ഈ സന്തോഷം ജര്‍മ്മന്‍ രഹസ്യപ്പോലീസിനെ അസ്വസ്ഥരാക്കി. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാതിരുന്നിട്ടും ഇയാള്‍ക്കെങ്ങനെ സന്തോഷിക്കാന്‍ കഴിയുന്നു? അവരതിന്റെ കാരണം കണ്ടെത്തി. ഒടുവില്‍ കത്തോലിക്കനാണ് എന്ന കുറ്റം ചുമത്തി മാര്‍സെല്ലയെ അറസ്റ്റ് ചെയ്തു. 1944 ഏപ്രില്‍ 19 നായിരുന്നു അത്. ചോദ്യങ്ങള്‍ക്കു മുമ്പില്‍ മാര്‍സെല്ല പതറിനിന്നില്ല. തന്റെ കത്തോലിക്കാപ്രവര്‍ത്തനങ്ങള്‍ തുറന്നുസമ്മതിച്ച മാര്‍സെല്ലയെ മാത്തൗസെനിലെ മറ്റൊരു ജയിലിലേക്ക് മാറ്റി. ബ്രോങ്കൈറ്റീസ്, പോഷകാഹാരക്കുറവ്, അതിസാരം,പനി, ക്ഷീണം എന്നിങ്ങനെ പലവിധരോഗങ്ങളാല്‍ കഷ്ടപ്പെടുമ്പോഴും മാര്‍സെല്ല പരാതിപറഞ്ഞില്ല. ശക്തി കണ്ടെത്തേണ്ടത് പ്രാര്‍ത്ഥനയിലാണെന്ന് അദ്ദേഹം കൂട്ടുകാരോട് ഉറക്കെപ്രഖ്യാപിച്ചു.
1945 മാര്‍ച്ച് 19 ന് സെന്റ് ജോസഫിന്റെ തിരുനാള്‍ദിനത്തില്‍ മാര്‍സെല്ല ഈ ലോകം വിട്ടുപിരിഞ്ഞു. അപ്പോഴേയ്ക്കും അദ്ദേഹം ജര്‍മ്മന്‍പടയാളികള്‍ക്കിടയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 1987 ഒക്ടോബര്‍ നാലിന് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
സന്തോഷകരമെന്നു പറയട്ടെ, ഒരു നിമിഷം പോലും എന്നെ വിട്ടുപോകാത്ത, വേദനാജനകവും തകര്‍ന്നതുമായ മണിക്കൂറുകളില്‍ എന്നെ എങ്ങനെ പിന്തുണയ്ക്കണമെന്ന് അറിയുന്ന ഒരു സുഹൃത്ത് ഉണ്ട്. അവനുണ്ടെങ്കില്‍, ഒരാള്‍ക്ക് എന്തും സഹിക്കാന്‍ കഴിയും. ഞാന്‍ ഇപ്പോള്‍ പിന്തുടരുന്ന പാത ഒരുക്കിയതിന് ഞാന്‍ എന്റെ ആ സുഹൃത്തിനോട് നന്ദിയുള്ളവനാണ്. ക്രിസ്തു എത്ര നല്ലവന്‍’ 1944 ജൂലൈ ആറിന് വീട്ടിലേക്ക്അയച്ച കത്തില്‍ മാര്‍സെല്ല എഴുതിയതാണ് ഈ വരികള്‍.
മാര്‍സെല്ലയുടെ മരണത്തിനുശേഷം മാര്‍ഗരറ്റിന് എന്തു സംഭവിച്ചു? അങ്ങനെയൊരു ചോദ്യം ഉയരുന്നില്ലേ? പറയാം, മാര്‍ഗരറ്റ് ഒരിക്കലും വിവാഹിതയായില്ല. മാര്‍സെല്ലയെ ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിതാവസാനംവരെ അവിവാഹിതയായി ജീവിച്ച് 1997 ല്‍ അവള്‍ മരണമടഞ്ഞു. പ്രണയത്തിന്റെ സ്മാരകംപോലെയുളള ജീവിതങ്ങള്‍.


