Sr Clare Crockett
‘ജീവിതത്തെക്കുറിച്ച് എനിക്ക് നൂറുകൂട്ടം സ്വപ്നങ്ങളുണ്ടായിരുന്നു. ആയിത്തീരേണ്ട മേഖലകളെക്കുറിച്ച് വ്യക്തമായ ധാരണയും. പക്ഷേ അതിലൊന്നിലും ഒരിക്കൽപോലും ഒരു കന്യാസ്ത്രീയായിത്തീരുക എന്ന സ്വപ്നമേ ഉണ്ടായിരുന്നില്ല. പക്ഷേ സംഭവിച്ചത് അതാണ്. ‘What a movie’ എന്ന ശീർഷകത്തിൽ തന്റെ ജീവിതത്തിൽ സംഭവിച്ച അത്ഭുതകരമായ പരിണാമങ്ങളെക്കുറിച്ചും അവിശ്വസനീയമായ തന്റെ കൂടുമാറ്റങ്ങളെക്കുറിച്ചും സെന്റ് ക്ലെയർ മരിയ ഓഫ് ദ ട്രിനിറ്റി ആൻ ദ ഹാർട്ട് ഓഫ് മേരി 2016 ഏപ്രിൽ 16 ന് എഴുതിയ സാക്ഷ്യത്തിലെ ഒരു വാചകമാണ് ഇത്. ക്ലെയർ ക്രോക്കെറ്റിന്റെ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുന്ന ഏതൊരാളും അക്ഷരംപ്രതി സത്യമാണ് എഴുതിയിരിക്കുന്നതെന്ന് തിരിച്ചറിയുകയും ചെയ്യും.’
ഈ സാക്ഷ്യം ഞാൻ നിങ്ങളോട് പറയുന്നത് നിങ്ങളുടെ ആത്മാവും നിങ്ങളും ദൈവത്തോടു കൂടുതൽ ചേർന്നു വളരാനും അവിടുത്തോടൊത്തുള്ള യഥാർഥ സന്തോഷത്തിൽ ജീവിക്കാനും വേണ്ടിയാണ്’കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിൽ പ്രകടമായ അന്തരവും ശക്തമായ വിഭജനവുമുള്ള ഒരു രാഷ്ട്രീയപശ്ചാത്തലം നിലനില്ക്കുന്ന നോർത്തേൺ അയർലണ്ടിലെ ഡെറി എന്ന ഗ്രാമത്തിൽ 1982 നവംബർ 14 നായിരുന്നു ക്ലെയറിന്റെ ജനനം. കത്തോലിക്കാകുടുംബമായിരുന്നുവെങ്കിലും വിശ്വാസജീവിതത്തിന് അത്രയധികം ആഴപ്പെടലുകളൊന്നും ഉണ്ടായിരുന്നില്ല. നാമമാത്ര കത്തോലിക്കാജീവിതം നയിച്ചിരുന്നവരായിരുന്നു കുടുംബാംഗങ്ങൾ എല്ലാവരും. അതുകൊണ്ടുതന്നെ ദൈവം അവൾക്ക് പറയത്തക്ക അനുഭവമായി ഒരിക്കലും അനുഭവപ്പെട്ടിരുന്നുമില്ല. പ്രശസ്തയായ ഒരു നടിയായിത്തീരുക എന്നതുമാത്രമായിരുന്നു അവളുടെ ഏകലക്ഷ്യം. ബിഗ്സ്ക്രീനിലേക്ക് കടക്കുന്നതിനുള്ള എളുപ്പവഴിയെന്ന നിലയിൽ മിനിസ്‌ക്രീനിൽ അവതാരികയായി ജോലിക്ക് കയറുമ്പോൾ അവൾക്ക് വെറും പതിനഞ്ച് വയസു മാത്രമായിരുന്നു പ്രായം. അതിനിടയിൽ അഭിനയത്തിന്റെ പരിശീലനക്കളരിയിലും ആക്ടിംങ് ഏജൻസിയിലുമൊക്കെയായി തന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചു പറക്കാനുളള ഇടങ്ങളായി അവൾ പാറിപ്പറന്നുനടന്നിരുന്നു. ഇംഗ്ലണ്ടിലെ ചാനൽ 4 എന്ന ടെലിവിഷനിൽ അഭിനയം, എഴുത്ത്, സംവിധാനംഎന്നീ വിവിധ മേഖലകളിൽ കൈയൊപ്പ് പതിപ്പിച്ചു മുന്നേറുമ്പോഴും ഹോളിവുഡ് എന്ന ഏക ലക്ഷ്യത്തിലായിരുന്നു അവളുടെ മുഴുവൻ ശ്രദ്ധയും. അതിനിടയിൽ ഒരു സിനിമയിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
പന്ത്രണ്ടു,പതിമൂന്നു വയസു പ്രായമായപ്പോൾ മുതൽ പാർട്ടികളിൽ പങ്കെടുക്കാൻ പോയിത്തുടങ്ങിയിരുന്നു. സ്വഭാവികമായും പാർട്ടിയുടെ എല്ലാവിധ സന്തോഷങ്ങളിലും അവൾ മുഴുകുകയും ചെയ്തു. പുകവലി,മദ്യപാനം.. സിഗററ്റില്ലാതെ ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥ. ചാനൽ 4 ഉപേക്ഷിച്ച് മറ്റൊരു പ്രശസ്ത ചാനലിൽ ജോലിക്ക് കയറിയ വേളയിലായിരുന്നു ഒരു സുഹൃത്ത് വഴി സ്പെയ്ൻ സന്ദർശിക്കാനുള്ള അവസരം ക്്ളെയറിന് കിട്ടിയത്. അതും സൗജന്യയാത്ര. ബീച്ച്, പാർട്ടി,..വീഞ്ഞ്.. ആ ക്ഷണം സ്വീകരിക്കാൻ ക്ലെയറിന് നിരവധി കാരണങ്ങളുണ്ടായിരുന്നു.
പക്ഷേ പിന്നീടാണ് മനസ്സിലായത് താൻ ഉദ്ദേശിച്ചതുപോലെയുളള ഒരു സ്ഥലത്തേക്കല്ല ഈ യാത്രയെന്ന്..വിശുദ്ധവാരത്തോട് അനുബന്ധിച്ച് സ്പെയ്നിലെ ഒരു ആശ്രമത്തിലേക്കായിരുന്നു യാത്ര. വൈദികരും സിസ്റ്റേഴ്സും താമസിക്കുന്ന സ്ഥലങ്ങളിലൂടെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുളള ആ യാത്രയ്ക്ക് ചുക്കാൻപിടിച്ചത് പാഡി മക് കോണൽ എന്ന വ്യക്തിയായിരുന്നു. വിമാനടിക്കറ്റിൽ പേരുളളതുകൊണ്ടുമാത്രം ക്ലെയറിന് അവരുടെ കൂടെ പോകാതിരിക്കാൻ കഴിയാതെയായി. ഫോർമേഷൻ ടോക്കുകൾ, പ്രാർത്ഥന,ജപമാല, വിശുദ്ധ കുർബാന എന്നിവയെല്ലാമായിരുന്നു പ്രോഗ്രാമിലുണ്ടായിരുന്നത്. ക്ലെയറിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം എത്രത്തോളം വിരസമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ? ദു:ഖവെള്ളിയാഴ്ചയിലെ തിരുക്കർമ്മങ്ങൾക്കിടയിൽ ക്രൂശിതനായ ക്രിസ്തുവിന്റെ പാദങ്ങൾ ചുംബിക്കുന്ന ചടങ്ങുണ്ടായിരുന്നു. ക്ലെയറിന്റെ ഊഴമെത്തിയപ്പോൾ കുരിശു ചുംബിക്കാതിരിക്കാൻ അവൾക്ക് സാധിച്ചില്ല. വെറും പത്തുസെക്കന്റ് മാത്രമായിരുന്നു ആ ചുംബനം. പക്ഷേ ആ നിമിഷം തനിക്കുണ്ടായ അനുഭവം വിവരിക്കാൻ താൻ അശക്തയാണെന്നാണ് സിസ്റ്റർ ക്ലെയർ പിന്നീട് എഴുതിയത്.
എനിക്കുവേണ്ടി കർത്താവ് കുരിശിൽ. അങ്ങനെയൊരു ചിന്തയാണ് മനസ്സിലുണ്ടായത്. വല്ലാത്തൊരു സങ്കടം ഉള്ളിൽ നിറയുകയും ചെയ്തു. ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉള്ളിൽ ശക്തമായി. പക്ഷേ തിരികെ നാട്ടിലെത്തിയപ്പോഴേയ്ക്കും അതെല്ലാം മറന്നു.വീണ്ടും പഴയ അവസ്ഥ. ആയിടയ്ക്കാണ് സ്പെയ്ൻ യാത്രയിലെ മറ്റൊരു സംഘാടകനായിരുന്ന ഫാ. റാഫേൽ വേൾഡ് യൂത്ത് ഡേയിൽ പങ്കെടുക്കാനായി ക്ലെയറിനെ ക്ഷണിക്കുന്നത്. 2000 ൽ റോമിൽ നടന്ന ലോകയുവജനസംഗമത്തിലേക്കായിരുന്നു ക്ഷണം. അന്ന് ലോകയുവജനസംഗമം എന്താണെന്നോ ജോൺ പോൾ രണ്ടാമൻ പാപ്പ ആരാണെന്നോ ക്ലെയറിന് അറിവുണ്ടായിരുന്നില്ല. എങ്കിലും ഇറ്റലിക്ക് പറന്നു. ലോകയുവജനസംഗമത്തിലെ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിനെക്കാൾ ഇറ്റലിയിലെ ഷോപ്പിംങ് മാളുകൾകയറിയിറങ്ങാനാണ് ക്ലെയർ ആഗ്രഹിച്ചത്. പക്ഷേ അപ്പോഴെല്ലാം ദൈവം തന്നോട് സംസാരിക്കുന്നതുപോലെ ക്ലെയറിന് തോന്നിയിരുന്നു. ഒരു കന്യാസ്ത്രീയായിത്തീരാനുള്ള ക്ഷണമായിരുന്നു അത്. എന്നാൽ അങ്ങനെയൊരു ക്ഷണം സ്വീകരിക്കുമ്പോൾ തനിക്ക് നഷ്ടപ്പെടാൻപോകുന്നത് എന്തെല്ലാമാണെന്ന് ക്ലെയറിന് നി്ശ്ചയമുണ്ടായിരുന്നു. ബോയ്ഫ്രണ്ട്. അഭിനയജീവിതം, മദ്യം, സിഗരറ്റ്..ആഡംബരഹോട്ടലുകളിലെ താമസം, വിഭവസമൃദ്ധമായ സദ്യകൾ.. ഒരിക്കലും തനിക്ക് ഒരു കന്യാസ്ത്രീയായിത്തീരാൻ കഴിയില്ലെന്ന് ക്ലെയർ വിധിയെഴുതി.
വീണ്ടും പഴയജീവിതത്തിലേക്ക്.. പാർട്ടി, ബോയ്ഫ്രണ്ട്, സിഗരറ്റ്, അഭിനയം..സ്പെയ്നിലും റോമിലും കണ്ടുമുട്ടിയ കന്യാസ്്ത്രീകളെക്കുറിച്ചുളള എല്ലാ ചിന്തകളും ക്ലെയർ അവസാനിപ്പിച്ചു തനിക്ക് സന്തോഷം നല്കുമെന്ന് തോന്നിയിരുന്ന പലകാര്യങ്ങളിലുമുള്ള സന്തോഷം ഇല്ലാതാകുന്നതും ശൂന്യത നിറയുന്നതും ക്ലെയർ അറിഞ്ഞു. ഒരു രാത്രിയിൽ സുഹൃത്തുക്കളുമൊത്ത് പാർട്ടിയിൽ പങ്കെടുക്കുമ്പോൾ ഈശോയുടെ സ്വരം ക്ലെയർ വ്യക്തമായി കേട്ടു.’ നീയെന്തുകൊണ്ടാണ് എന്നെ ഇ്പ്പോഴും ഇങ്ങനെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്’ താൻ ദൈവത്തെ നിഷേധിക്കുകയും വേദനിപ്പിക്കുകയുമാണെന്ന് ക്ലെയറിന് മനസ്സിലായി. ഒടുവിൽ ആ വിളിക്ക് ക്രിയാത്മകമായി പ്രത്യുത്തരിക്കാൻ ക്ലെയർ തീരുമാനിച്ചു. അതിന്റെ ഫലമായിരുന്നു സേർവെന്റ് സിസ്റ്റേഴ്സ് ഓഫ് ദ ഹോം ഓഫ് ദ മദർ എന്ന സന്യാസസമൂഹത്തിൽ അംഗമായത്. അപ്പോൾ പതിനെട്ടുവയസായിരുന്നു പ്രായം. 2006 ഫെബ്രുവരി 18 ന് സി്സ്റ്റർ ക്ലെയർ മരിയ ഓഫ് ദ ട്രിനിറ്റി ആന്റ് ദ ഹാർട്ട് ഓഫ് മേരി എന്ന സന്യാസനാമം സ്വീകരിച്ചു. സന്യാസജീവിതത്തിലേക്കുള്ള ദൈവവിളി വലിയൊരു സമ്മാനമാണ്. അത്തരമൊരു വിളി തിരഞ്ഞെടുക്കുമ്പോൾ വ്യക്തികൾ ആശയക്കുഴപ്പത്തിലാകാറുമുണ്ട് എന്നാൽ ഏശയ്യ 55:8 പറയുന്നതുപോലെയാണ് കാര്യങ്ങൾ എന്ന് സിസ്റ്റർ ക്ലെയർ പറയുന്നു. ദൈവത്തിന്റെ ചിന്തകൾ ഒരിക്കലും നമ്മുടെ ചിന്തകൾ പോലെയല്ല അവിടുത്തെ വഴികൾ ഒരിക്കലും നമ്മുടെ വഴികൾ പോലെയുമല്ല.
ഇക്വഡോർ, സ്പെയ്ൻ, അമേരിക്ക എന്നിവിടങ്ങളിലെ വിവിധ കോൺവെന്റുകളിലായിരുന്നു സിസ്റ്റർ ക്ലെയർ സേവനം അനുഷ്ഠിച്ചിരുന്നത്. ഇക്വഡോറിലെ ഒരു ഭൂകമ്പത്തിൽ കെട്ടിടം തകർന്നാണ് 2016 ഏപ്രിൽ 16 ന് സിസ്റ്റർ ക്ലെയർ മരണമടഞ്ഞത്. കുട്ടികളോടൊപ്പം ഗിറ്റാർ വായിച്ചിരിക്കുകയായിരുന്നു അപ്പോൾ സിസ്റ്റർ. എട്ടുവർഷങ്ങൾക്കുശേഷം സിസ്റ്റർ ക്ലെയറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണനടപടികൾക്കു തുടക്കമായി. അതനുസരിച്ച് 2015 ജനുവരി 12 ന് രൂപതാതലത്തിലുള്ള നാമകരണനടപടികളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.


