Jo Wilson
‘എപ്പോഴും ദൈവത്തോട് ചേര്‍ന്നുനില്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ദൈവത്തിനാണ് ഞാന്‍ എന്റെ ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുക്കുന്നത്.’ പതിനേഴാം വയസില്‍ അപ്രതീക്ഷിതമായി ഈ ലോകത്തില്‍ നിന്ന് വിടപറഞ്ഞുപോയ ജോ വില്‍സണ്‍ എന്ന പതിനേഴുകാരന്റെ ഡയറിയില്‍ നിന്ന് അവന്റെ മരണത്തിനു ശേഷം കണ്ടെടുത്ത വരികളാണ് ഇത്. പതിനേഴാം ജന്മദിനം കഴിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്കുശേഷം 2011 ഡിസംബര്‍ 20 ന് വിഷ്വാ ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു ജോയുടെ അന്ത്യം. അപ്രതീക്ഷിതമായിട്ടായിരുന്നു അവന്റെ വിടവാങ്ങല്‍. അതുകൊണ്ടുതന്നെ അവന്റെ വീട്ടുകാരെയും കൂട്ടുകാരെയും അവനെ അറിയാവുന്നവരെയും സംബന്ധിച്ച് ആ മരണം ഹൃദയഭേദകമായിരുന്നു.
അലന്‍ വെറോനിക്ക വില്‍സണ്‍ ദമ്പതികളുടെ മകനായി 1994 ല്‍ നോര്‍ത്ത് ലാനാര്‍ക്ക്ഷിറെയിലെ കാര്‍ഫിനിലായിരുന്നു ജോയുടെ ജനനം. ഐറിഷ്, സ്‌കോട്ടീഷ് പാരമ്പര്യത്തിലുള്ള ഒരു കത്തോലിക്കാകുടുംബമായിരുന്നു അവന്റേത്. സ്‌കോട്ട്‌ലാന്റിലെ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കാര്‍ഫിന്‍ ഗ്രോട്ടോയിലേക്ക് നടന്നുപോകാവുന്ന ദൂരമേ അവന്റെ വീട്ടില്‍ നിന്നുണ്ടായിരുന്നുള്ളൂ. സ്‌കോട്ട്‌ലാന്റിലെ ലൂര്‍ദ് എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നതും അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു ജോ. ഹൃദയം തകരാറിലായതിനെതുടര്‍ന്ന് ജോ കോമായില്‍ തുടരുമ്പോള്‍ അവനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ നൂറുകണക്കിന് ആളുകളാണ് ആ ഗ്രോട്ടോയുടെ മുമ്പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥനാപൂര്‍വം നിന്നത്. മാതാവിനെപോലെ തന്നെ ജോയുടെ ഹൃദയം കീഴടക്കിയവളായിരുന്നു കൊച്ചുത്രേസ്യ. ലിസ്യുവിലെ ആ വിശുദ്ധപുഷ്പത്തിന്റെ ആത്മീയത ജോയെ ആകര്‍ഷിച്ചിരുന്നു. സമപ്രായക്കാരായ ചെറുപ്പക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ജോ. വിശ്വാസകാര്യങ്ങളില്‍ തീക്ഷ്ണതയുള്ള, സന്തോഷപ്രകൃതമുള്ള, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ദരിദ്രരോടും അനുകമ്പയുള്ള ഒരു കൗമാരക്കാരന്‍. അവനെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് അങ്ങനെയാണ്. ക്ലാസില്‍ ടീച്ചര്‍ വിശുദ്ധരെക്കുറിച്ചു സംസാരിക്കുകയായിരുന്നു. അതിനു ശേഷം ടീച്ചര്‍ വിദ്യാര്‍ഥികളോട് ചോദിച്ചു. ഇന്നത്തെ കാലത്ത് ഒരു വിശുദ്ധന്‍ എങ്ങനെയയായിരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അപ്പോള്‍ എല്ലാവരും വിരല്‍ ചൂണ്ടിയത് ജോയുടെ നേര്‍ക്കായിരുന്നു. അതായത് എല്ലാവരും അവന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധജീവിതം നയിക്കുന്നവനാണെന്ന് മനസ്സിലാക്കിയിരുന്നു.
2010 ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്‌കോട്ട്‌ലാന്റ് സന്ദര്‍ശിക്കാനെത്തുന്നുവെന്ന വാര്‍ത്ത ജോയെ ഏറെ സന്തോഷിപ്പിച്ചു. അതേക്കുറിച്ച് അവന്‍ എഴുതിയത് ഇങ്ങനെയാണ്. ‘പാപ്പ വരുമ്പോള്‍ അനേകം മാനസാന്തരം സംഭവിക്കാന്‍ വേണ്ടി ഞാന്‍ കൊന്ത ചൊല്ലി പ്രാര്‍ഥിച്ചു. ഈശോ അള്‍ത്താരയിലുണ്ട്. അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് ഭൂമിയില്‍ നമുക്ക് കഴിയുന്നത്ര അടുത്ത്. ലോകം പൂര്‍ണ്ണമാകില്ലെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഒരു വിശ്വാസിയായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. ‘
യുദ്ധം മൂലം ദുരിതത്തിലായ , പട്ടിണിയിലായ, ലോകത്തില്‍ നിന്ന് പുറത്താക്കപ്പെട്ടസ പീഡിപ്പിക്കപ്പെട്ട, സ്‌നേഹിക്കപ്പെടാത്ത എല്ലാ ആളുകളെയും കുറിച്ച് ചിന്തിക്കുക. ഭൂമിയില്‍ നിര്‍ഭാഗ്യവാന്മാരിയി കണക്കാക്കപ്പെടുന്ന ഈ ആളുകളെല്ലാം സ്വര്‍ഗത്തിലെ ഏറ്റവും ഉയര്‍ന്ന സിംഹാസനങ്ങളില്‍ ഇരിക്കുന്നുണ്ടെന്ന് എനിക്കു ഉറപ്പുണ്ട്. അത് എത്രത്തോളം ആശ്വാസകരമാണ്‍ ദൈവവുമായുളള ശക്തമായ ബന്ധം വ്യക്തമാക്കുന്നവയായിരുന്നു ജോയുടെ എഴുത്തുകള്‍.
വോള്‍ഫ് പാര്‍ക്കിന്‍സണ്‍ വൈറ്റ് സിന്‍ഡ്രോം എന്ന പൂര്‍വ്വമായ ഹൃദയരോഗമായിരുന്നു ജോയുടെ മരണകാരണം കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കാനും ജോ കാണിച്ച ഉത്സാഹം അവന്‍ എത്രത്തോളം ദൈവത്തിന് പ്രിയപ്പെട്ടവനാണെന്ന് മനസ്സിലാക്കിയതുകൊണ്ടാവാം അപ്രതീക്ഷിതമായ ആ വിരഹം സഹിക്കാന്‍ അച്ഛനമ്മമാര്‍ക്കും അനിയത്തിയും തെല്ലെങ്കിലും ത്രാണിയുണ്ടായത്. അനുസ്മരണകുര്‍ബാനയില്‍ മകനെക്കുറിച്ച് പറയാന്‍ വേണ്ടി പിതാവ് അവന്റെ സ്വകാര്യശേഖരം പരിശോധിച്ചപ്പോഴാണ് ആരും അറിയാതെ പതിനഞ്ചാം വയസുമുതല്‍ അവന്‍ എഴുതിസൂക്ഷിച്ചിരുന്ന ഡയറി കണ്ടെടുത്തത്. അത് ജോയുടെ ആത്മീയരഹസ്യങ്ങളിലേക്കുളള കവാടംതുറക്കലായിരുന്നു. ദൈവത്തെ അവന്‍ എന്തുമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് അതിലൂടെയാണ് വ്യക്തമാക്കപ്പെട്ടത്. ഡോക്ടറാകാനാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ പുരോഹിതനാകുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ജോ ഡയറിയില്‍ എഴുതിയിട്ടുണ്ടായിരുന്നു.
2012 ല്‍ അവന്റെ ഡയറിയില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ കോര്‍ത്തെടുത്തുകൊണ്ട് അവന്‍ പഠിച്ച സ്‌കൂളിലെ ഹെഡ്മാസറ്റര്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ജോയുടെ വാക്കുകള്‍ എന്ന പേരില്‍ അത് പ്രസിദ്ധീകരിച്ചു. അതുവായിച്ചതോടെയാണ് ജോ ഒരു അദ്ഭുതമായി മറ്റുള്ളവര്‍ക്കിടയില്‍ വളര്‍ന്നത്. പലരും അവനോട് പ്രാര്‍ഥിക്കാനും മാധ്യസ്ഥം യാചിക്കാനും തുടങ്ങി. സഭയെന്താണ്, വിശുദ്ധരെന്താണ് എന്ന് അറിഞ്ഞുകൂടാത്തവര്‍ക്കുപോലും ആ വരികളില്‍ വിശുദ്ധിയുടെ പരിമളം അനുഭവപ്പെട്ടു. മദര്‍ വെല്‍ രൂപത ഇപ്പോള്‍ ജോയുടെ നാമകരണനടപടികളുടെ തുടക്കത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തിരുസഭ അനുശാസിക്കുന്നവിധത്തിലുളള അദ്ഭുതങ്ങള്‍ ജോയുടെ മാധ്യസ്ഥതയില്‍ സംഭവിച്ചുകഴിയുന്നതോടെ സ്‌കോട്ട്‌ലാന്റിലെ ചരിത്രത്തിലെ ആദ്യത്തെ മില്ലേനിയം വിശുദ്ധന്‍ എന്ന പേര് ജോ വില്‍സണ്‍ന്റേതായിരിക്കും.


