അന്യജീവനുതകി സ്വജീവിതം ധന്യമാക്കി…

Published on

വർഷം 2015 മാർച്ച് 15 ലാഹോറിലെ സെന്റ് ജോൺ ദേവാലയം

കർശനമായ സുരക്ഷാക്രമീകരണങ്ങൾ അവിടെ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. ആളുകളെ അകത്തേക്ക് കടത്തിവിടുന്നതും പുറത്തേക്ക് കടത്തിവിടുന്നതും മെറ്റൽ ഡിറ്റക്ടർ പോലെയുള്ള ഉപകരണങ്ങൾ കൊണ്ട്പരിശോധിച്ചതിനു ശേഷം മാത്രമായിരുന്നു. അന്നേ ദിവസത്തെ സുരക്ഷാക്രമീകരണങ്ങളുടെ ചുമതലക്കാരൻ ആകാശ് ബഷീർ എന്ന ചെറുപ്പക്കാരനായിരുന്നു. ഞായറാഴ്ച കുർബാനയ്ക്ക് വിശ്വാസികൾ ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. അവരെയെല്ലാം പതിവുപോലെ ആകാശ് പരിശോധിച്ചതിന് ശേഷം അകത്തേക്ക് കടത്തിവിട്ടുകൊണ്ടിരുന്നു. പക്ഷേ അവരിലൊരാളിൽ ആകാശിന് എന്തോ സംശയം തോന്നി. അയാളെ കർശനമായ പരിശോധനയ്ക്ക് വിധേയനാക്കിയ ആകാശ് ആ സത്യം തിരിച്ചറിഞ്ഞു. അയാളൊരു ചാവേറാണ്. അയാൾ പള്ളിയിൽ പ്രവേശിച്ചാൽ നൂറുകണക്കിന് ആളുകൾ പൊട്ടിച്ചിതറും. ഞായറാഴ്ചയിലെ വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ വന്ന നിരപരാധികളായ വിശ്വാസികൾ. വൈദികൻ തിരുക്കർമ്മങ്ങൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. ആകാശ് അയാളെ തടഞ്ഞുനിർത്താൻ ശ്രമിച്ചു. പക്ഷേ ചാവേറിന് അയാളുടെ ലക്ഷ്യം പൂർത്തിയാക്കിയേ മതിയാവൂ. ആകാശിനാവട്ടെ തന്റെ കടമ നിർവഹിച്ചേ മതിയാവൂ.

‘എനിക്ക് മരിക്കേണ്ടിവന്നാൽ പോലും ഞാൻ നിന്നെ അകത്തേക്ക് കടത്തിവിടില്ല. തിന്മയെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിനെക്കാൾ എനിക്കിഷ്ടം മരിക്കാനാണ്’ ആകാശ് ധീരതയോടെ പ്രഖ്യാപിച്ചു. അതുപറഞ്ഞുകൊണ്ട് അയാൾ ചാവേറിനെ ഉടുമ്പടക്കം പിടിച്ചു. ആ നിമിഷം ചാവേർ പൊട്ടിത്തെറിച്ചു; ആകാശും. പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന വിശ്വാസികൾ ഉഗ്രസ്ഫോടനം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് പള്ളിമുറ്റത്ത് ഒരു അഗ്നിഗോളം. കാതിലെത്തിയത് നിലവിളികൾ.

ആയിരത്തിയഞ്ഞൂറോളം പേർ ആ സമയം പള്ളിയിലുണ്ടായിരുന്നുവെന്നാണ് കണക്ക്. അത്രയും ആളുകളെ രക്ഷിക്കാനായി സ്വന്തം ജീവൻ ബലികൊടുക്കുമ്പോൾ ആകാശ് ബഷീറിന് ഇരുപതു വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

1994 ജൂൺ 22 നായിരുന്നു ആകാശിന്റെ ജനനം. ലാഹോറിലെ ഡോൺബോസ്ക്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം 2014 ഡിസംബറിലാണ് സെന്റ് ജോൺ ദേവാലയത്തിലെ സെക്യൂരിറ്റി ടീമിൽ ചേർന്നത്. ജോലിക്കുവേണ്ടിയോ ശമ്പളത്തിനുവേണ്ടിയോ ആയിരുന്നില്ല ആ കടമ അവൻ നിർവഹിച്ചത് മറിച്ച് കറകളഞ്ഞ സഭാസ്നേഹം കൊണ്ടായിരുന്നു. ആ സഭാസ്നേഹം തന്നെയാണ് സ്വന്തം ജീവൻ ബലികൊടുത്തും പളളിയിലുണ്ടായിരുന്ന വരെ രക്ഷിക്കാൻ അവനെ പ്രേരിപ്പിച്ചതും. വീരോചിതമായ അവന്റെ പ്രവൃത്തി രക്തസാക്ഷിത്വം കൂടിയായിട്ടാണ് സഭ കണക്കാക്കിയത്. സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയസ്നേഹമില്ല എന്നാണല്ലോ ക്രിസ്തുപറഞ്ഞിരിക്കുന്നതും. അന്നേ ദിവസത്തെ ചാവേറാക്രമണത്തിൽ ആകാശും ചാവേറും അല്ലാതെ രണ്ടുപേർകൂടി കൊല്ലപ്പെടുകയുണ്ടായി. ഇതേ ദിവസം തന്നെ പാക്കിസ്ഥാനിലെ ക്രൈസ്റ്റ് ചർച്ചിൽ ഒരു സ്ഫോടനം നടന്നു. പതിനേഴു പേർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. തെഹ്രീക്ഇ താലിബാൻ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തായിരുന്നു ആകാശിന്റെ ജനനം. എന്നാൽ ക്രൈസ്തവനായി അവിടെ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടു ഉളളതിനാൽ ഇന്ത്യയുടെ അതിർത്തിക്കടുത്തുള്ള ലാഹോറിലേക്ക് മാറിതാമസിക്കുകയായിരുന്നു. ദാരിദ്ര്യവും അസ്ഥിരതയും അനുഭവിച്ചായിരുന്നു അവന്റെ ബാല്യകാലം കടന്നുപോയത്. എന്നാൽ ഈ പ്രതികൂലസാഹചര്യങ്ങൾ ആകാശിനെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത് എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. മറ്റുള്ളവരുടെ സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്കിയ വ്യക്തിയായിരുന്നു ആകാശ്. അതിന്റെ ഭാഗമായി ഒരു പട്ടാളക്കാരനാകാനായിരുന്നു അവനാഗ്രഹിച്ചത്. പക്ഷേ പട്ടാളത്തിൽ ചേരാൻ അവന് സമയം കിട്ടിയില്ല. അതിനുമുമ്പേ അവൻ യാത്രയായിരുന്നുവല്ലോ.

പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെ രൂക്ഷമായ വിധത്തിൽ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സുരക്ഷാഗാർഡുകളായി പ്രവർത്തിക്കാനുള്ള സന്നദ്ധപ്രവർത്തകരുടെ ഗ്രൂപ്പ് രൂപീകരിച്ചതും ആകാശ് അതിൽ അംഗമായതും. പ്രാർഥനായോഗങ്ങളും ജപമാല പ്രാർഥനയും ബൈബിൾ പഠനവും ഈ സമൂഹത്തിന്റെയും ഭാഗമായിരുന്നു. സന്നദ്ധപ്രവർത്തകരുടെ ടീമിൽ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു ആകാശ്. അവന് മാതാവിനോട് വലിയഭക്തിയുണ്ടായിരുന്നു. ജപമാല കഴുത്തിൽ ധരിച്ചുകൊണ്ട് മാത്രമേ അവനെ കാണാനും കഴിയുമായിരുന്നുള്ളൂ. ചാവേർ ആക്രമണം നടന്ന ദിവസം വെള്ള സൽവാർ ധരിച്ചാണ് അവൻ പള്ളിയിലേക്ക് പുറപ്പെട്ടത്. അഴുക്കുപറ്റും എന്നതിനാൽ മറ്റെന്തെങ്കിലും വേഷം ധരിക്കാൻ അമ്മ ആവശ്യപ്പെട്ടുവെങ്കിലും അവൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.. വിശുദ്ധിയുടെ വെള്ളവസ്ത്രത്തിൽ രക്തസാക്ഷിത്വത്തിന്റെ ചുമന്ന നിറം കലരാൻ ഏതാനും മണിക്കൂറുകളേയുള്ളൂവെന്ന് അപ്പോഴാരും അറിഞ്ഞിരുന്നില്ല. പക്ഷേ സംഭവിച്ചത് അതായിരുന്നുവല്ലോ.

ലാഹോർ ആർച്ചുബിഷപ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ആണ് ആകാശിന്റെ സംസ്കാരച്ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. തങ്ങൾക്കുവേണ്ടി സ്വജീവൻ ബലികഴിച്ച ആകാശിനെ കണ്ണീരോടും സ്നേഹത്തോടും കൂടി മാത്രമേ പാക്കിസ്ഥാനിലെ കൈ്രസ്തവർക്ക് ഓർമ്മിക്കാനാവൂ. ആകാശ് ബഷീറിന്റെ നാമകരണനടപടികൾ വൈകാതെ ആരംഭിച്ചു. 2022 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ ആകാശിനെ ദൈവദാസനായി പ്രഖ്യാപിച്ചു. 2011ൽ വധിക്കപ്പെട്ട പാക്കിസ്ഥാൻ ക്രൈസ്തവന്യൂനവകുപ്പ മന്ത്രി ഷഹബാസ് ഭാട്ടി്ക്കുശേഷം പാക്കിസ്ഥാനിൽ നിന്ന് ദൈവദാസപദവിയിലെത്തിയ രണ്ടാമത്തെ അല്മായനാണ് ആകാശ് ബഷീർ.

Latest Updates

POPULAR Views

FEATUERD Views

വിശ്വാസത്തില്‍ മായം കലര്‍ത്താതെ

St. Peter To Rot കാണും വരെ നാം ഒന്നും അറിയുന്നില്ല. അറിയുന്നതുവരെ...

രോഗശയ്യയിലെ വെളിപാടുകള്‍

Pierangelo Capuzzimati 'എന്റെ രോഗം കര്‍ത്താവിന്റെ ഒരു സമ്മാനമാണ്. നമുക്ക് സമാധാനത്തോടെ ജീവിക്കാം....

 പ്രാണന്‍പോലെ പ്രണയം

Blessed Marcel Callo പ്രണയത്തെ പ്രാണന്‍ കണക്കെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു വാഴ്ത്തപ്പെട്ട മാര്‍സെല്‍...

കൗമാരങ്ങളുടെ കാവൽക്കാരൻ

പതിനഞ്ചുവർഷമേ അവൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. പക്ഷേ മരിച്ചതിന്റെ പതിനാലാം വർഷം...

ക്രിസ്തുവിനെ നോക്കി ചിരിച്ചവൾ

മരണം എത്രത്തോളം ഹൃദ്യമായ അനുഭവമാണ് എന്ന ചോദ്യത്തിന് ഉത്തരമായി ഉയർത്തിക്കാണിക്കാവുന്നത് ഒരു...

പൊതുപ്രവർത്തനങ്ങളുടെ വിശുദ്ധമുഖം

Bl. Alberto Marvelli. അത്താഴം കഴിക്കുകയായിരുന്നു ആൽബെർട്ടോ. സമീപത്ത് അമ്മയുമുണ്ടായിരുന്നു. അപ്പോഴാണ്...

ഒരു ചാനൽഅവതാരകയുടെ വിശുദ്ധജീവിതം

Sr Clare Crockett 'ജീവിതത്തെക്കുറിച്ച് എനിക്ക് നൂറുകൂട്ടം സ്വപ്നങ്ങളുണ്ടായിരുന്നു. ആയിത്തീരേണ്ട മേഖലകളെക്കുറിച്ച് വ്യക്തമായ...

കത്തോലിക്കാസഭയിലെ ആദ്യത്തെ ‘പ്രതിശ്രുത ‘വാഴ്ത്തപ്പെട്ടവൾ

പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ കമ്മ്യൂണിറ്റിയുടെ ഒരു മീറ്റിംങിൽ പങ്കെടുക്കാനായി പ്രതിശ്രുത വരൻ...

പുഞ്ചിരിയുടെ സാക്ഷ്യം

2002 ലെ അവധിക്കാലം കിയാര കോർബെല്ല പെട്രില്ലോയുടെ ജീവിതത്തിൽ വഴിത്തിരിവായിരുന്നു. മരിയൻ...