സീറോമലബാർ സഭയിൽപ്പെട്ട വിശ്വാസിക്ക് അന്യമതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാമോ? എന്താണ് സഭയുടെ പ്രബോധനം?
സീറോമലബാർസഭയിൽപ്പെട്ട വിശ്വാസി പൗരസ്ത്യ കത്തോലിക്കാ സഭകൾക്ക് പൊതുവായിട്ടുള്ള നിയമസംഹിതയും സീറോമലബാർസഭയുടെ പ്രത്യേക നിയമവും പാലിക്കുവാൻ കടപ്പെട്ടിരിക്കുന്നു. പൗരസ്ത്യ കത്തോലിക്കാ സഭകൾക്ക് പൊതുവായിട്ടുള്ള നിയമസംഹിതയിൽ ക്രിസ്തീയ വിവാഹത്തിന്റെ തടസങ്ങളെ (Diriment impedi- ments) കുറിച്ച് പറയുന്ന ഭാഗത്താണ് മതവ്യത്യാസം (dispartiy of cult) എന്ന വിവാഹതടസത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പൗരസ്ത്യ കത്തോലിക്കാ സഭകൾക്ക് പൊതുവായിട്ടുള്ള നിയമസംഹിതയിൽ (CCEO c. 803 §1) ഇപ്രകാരം പറയുന്നുണ്ട് ‘മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയുമായി സാധുവായി വിവാഹബന്ധത്തിൽ ഏർപ്പെടുവാൻ പാടില്ല.’ എന്നാൽ ഗൗരവതരമായ കാരണങ്ങളുള്ളപ്പോൾ സഭാധികാരികൾക്കു നിയമം അനുശാസിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് മതവ്യത്യാസം (dispartiy of cult) എന്ന വിവാഹതടസത്തിൽ നിന്ന് ഒഴിവാക്കൽ അനുവാദം (dispensation) കൊടുക്കാവുന്നതാണ്. CCEO c.803§3 ൽ ഇപ്രകാരം പറയുന്നുണ്ട് ‘വിടുതൽ കൊടുക്കുന്നതിനുള്ള വ്യവസ്ഥകളെ സംബന്ധിച്ചു CCEO c. 814 പാലിക്കപ്പെടേണ്ടതാണ്.’ പൗരസ്ത്യ കത്തോലിക്കാസഭകൾക്ക് പൊതുവായിട്ടുള്ള നിയമസംഹിതയിൽ CCEO c. 814ലും സീറോമലബാർസഭയുടെ പ്രത്യേക നിയമത്തിൽ Arts.173&182ലും പാലിക്കപ്പെടേണ്ട നിബന്ധനകളെ കുറിച്ച് വ്യക്തമായി പറയുന്നു. നിയമം അനുശാസിക്കുന്ന നിബന്ധനകൾ പാലിച്ചാൽ രൂപതമെത്രാനിൽ നിന്ന് വിടുതൽ ലഭിക്കുന്നു. സീറോ മലബാർ സഭയിൽപ്പെട്ട വിശ്വാസി പാലിക്കപ്പെടേണ്ട നിബന്ധനകൾ താഴെ പറയുന്നു.
1. തന്റെ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചു പോയേക്കാവുന്ന അപകട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് തയ്യാറാണെന്ന് കത്തോലിക്കാ കക്ഷി പ്രഖ്യാപിക്കുകയും ഈ വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളെല്ലാവരെയും കത്തോലിക്കാസഭയിൽ മാമ്മോദീസായും ശിക്ഷണവും നൽകി വളർത്തുന്നതിന് തന്റെ കഴിവനുസരിച്ചു പരിശ്രമിക്കുന്നതാണെന്നു ആത്മാർഥമായി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
2.കത്തോലിക്കാ കക്ഷി ചെ യ്യേണ്ട വാഗ്ദാനങ്ങളെപ്പറ്റി അകത്തോലിക്കാ കക്ഷിയെ യഥാസമയം അറിയിക്കണം. കത്തോലിക്കാ ക ക്ഷിയുടെ വാഗ്ദാനത്തെയും കടമയെയും പറ്റി അകത്തോലിക്കാ കക്ഷി ശരിക്കും ബോധവാനാണ് എന്ന് വ്യക്തമാക്കണം.
3. വിവാഹത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളെയും ഗുണങ്ങളെയും കുറിച്ച് രണ്ടു കക്ഷികളെയും ബോധവത്കരിക്കണം.
ഈ നിബന്ധനകളോടുകൂടിയ ഒരു അപേക്ഷ വികാരിയച്ചന്റെ ശുപാർശയോടുകൂടി രൂപത കൂരിയയിൽ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സമർപ്പിക്കുന്നു. രുപതാ മെത്രാനിൽ വിടുതൽ ലഭിച്ചതിനു ശേഷം വിവാഹം പള്ളിയിൽ വിശുദ്ധ കുർബാനയോടുകൂടിയല്ലാതെ നടത്തപ്പെടുന്നു. ഇത്തരത്തിലുള്ള വിവാഹം സാധു (valid) വാണു. എന്നാൽ കൂദാശ (sac- rament) ആകുന്നില്ല. CCEO c. 776 ൽ പറയുന്നപ്രകാരം ജ്ഞാസ്‌നാനം സ്വീകരിച്ചവർ തമ്മിലുള്ള സാധുവായ വിവാഹം അതിനാൽ തന്നെ ഒരു കൂദാശയാണ്. എല്ലാ കൂദാശകളും സ്വീകരിക്കുവാനുള്ള പ്രധാന വ്യവസ്ഥ മാമ്മോദീസ സ്വീകരിക്കുക എന്നതാണ്. മതവിശ്വാസം എന്ന വിവാഹ തടസത്തിൽ നിന്നും വിടുതൽ ലഭിച്ചതിനു ശേഷമുള്ള വിവാഹം കൂദാശയല്ലാത്ത കാരണം വിശുദ്ധ കുർബാനയോടുകൂടി നടത്തുന്നില്ല. വിശുദ്ധ കുർബാന സ്വീകരണവും ഉണ്ടായിരിക്കുന്നതല്ല. ഇങ്ങനെ വിവാഹം നടത്തിയതിനു ശേഷം മറ്റൊരു മതത്തിന്റേതായ ആചാരമനുസരിച്ചു വീണ്ടും വിവാഹം നടത്തുവാൻ പാടുള്ളതല്ല.
സി. ഡോ. ലിയോ CHF


