Daniela zanetta
ജീവിതത്തെ സ്‌നേഹിക്കാന്‍ പല പല കാരണങ്ങള്‍ തേടുന്നവരാണ് നാം ഓരോരുത്തരും. സുഖകരവും സ്വസ്ഥവുമായ ജീവിതം, സമാധാനം നിറഞ്ഞ അന്തരീക്ഷം, ആരോഗ്യം, സൗന്ദര്യം, സാമ്പത്തികം ഇങ്ങനെ പോകുന്നു പൊതുവെ മനുഷ്യന്റെ സന്തോഷത്തിന് നിദാനമായ സാഹചര്യങ്ങള്‍. എന്നാല്‍ അതൊന്നും ഇല്ലാതിരികെ ഒരാള്‍ക്ക് എങ്ങനെ സന്തോഷിക്കാനും ജീവിതത്തെ സ്‌നേഹിക്കാനും കഴിയും എന്ന ചോദ്യത്തിന് നല്കാന്‍ കഴിയുന്ന ഉത്തരമാണ് ഡാനിയേല സനെറ്റ. 1962 ല്‍ ഇറ്റലിയിലെ മജ്ജിയോറയില്‍ ജനിച്ച അവള്‍ ജന്മനാ ത്വഗ്രോഗബാധയായിരുന്നു. ഡിസ്‌ട്രോപിക് എപിഡെല്‍മൊളിസിസ് ബുള്ളോസ ( epidermolysis bullosa ) എന്നതായിരുന്നു അവളുടെ രോഗത്തിന്റെ മെഡിക്കല്‍ നാമം. ശരീരത്തില്‍ നിരന്തരം പൊള്ളലുകളും മുറിവുകളുമായിരുന്നു രോഗം. തീവ്രമായ വേദനയാണ് അത് അവള്‍ക്ക് സമ്മാനിച്ചിരുന്നത്. ദിവസവും മണിക്കൂറുകളോളം നീണ്ടുനില്ക്കുന്ന വേദന. ഡോക്ടര്‍മാര്‍ക്കോ അന്നത്തെ മെഡിക്കല്‍ സയന്‍സിനോ അവളെ സൗഖ്യപ്പെടുത്താനോ അവളുടെ വേദന ലഘൂകരിക്കാന്‍ പോലുമോ സാധിച്ചില്ല. കാണുന്നവര്‍ക്ക് അവള്‍ ഭീകരരൂപം പോലെ തോന്നുമായിരുന്നു.അക്കാര്യം അവള്‍ക്കും മനസ്സിലാവുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അവള്‍ ഒരിക്കല്‍ ഇങ്ങനെ എഴുതിയത് ഭീകരയെപോലെ എന്നെ കണ്ടാല്‍ തോന്നിയേക്കാം. പക്ഷേ ഞാന്‍ അങ്ങനെയല്ല. തന്റെ വേദനയിലും രോഗദുരിതങ്ങളിലും അവള്‍ പരാതിപ്പെടുകയോ യേശുവിനെ വെറുക്കുകയോ ചെയ്തില്ല. യേശുവിന് കത്തെഴുതുന്നതായിരുന്നു അവളുടെ രീതി. ആ കത്തുകളിലാവട്ടെ ക്രിസ്തുവിനോടുള്ള ഭക്തിയും സ്‌നേഹവും നിറഞ്ഞുനിന്നിരുന്നു. അവളുടെ ഒരു കത്ത് ഇങ്ങനെയാണ്.
പിതാവേ, അങ്ങ് എന്നെ ഈ ദൗത്യവും ഈ കുരിശും ഏല്‍പ്പിച്ചു; എന്റെ ആദ്യത്തെ കരച്ചില്‍ മുതല്‍ തന്നെ എന്റെ ശരീരത്തില്‍ പതിഞ്ഞ ഒരു മുദ്രപോലെയാണത് . ഞാന്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ അങ്ങ് ഉറപ്പുവരുത്താന്‍ ആഗ്രഹിച്ചതുപോലെ! എന്നോടുള്ള അങ്ങയുടെ ഈ കരുതല്‍ എനിക്ക് എപ്പോഴും ഇഷ്ടപ്പെട്ടിരുന്നില്ല; ജനക്കൂട്ടത്തിനിടയില്‍ അലിഞ്ഞുചേരാനും അനേകരിലൊരാളായി മാറാനും ഞാന്‍ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട്… വേദനയും ഒട്ടേറെ ത്യാഗങ്ങളും കയ്‌പേറിയ അനുഭവങ്ങളും നിറഞ്ഞതായിരുന്നതുകൊണ്ട് അങ്ങയുടെ സ്‌നേഹം എനിക്ക് മനസ്സിലായില്ല; എനിക്ക് അത് ഗ്രഹിക്കാനായില്ല… ഒടുവില്‍, കണ്ണീരോടെ ഞാന്‍ അങ്ങയോട് സംസാരിച്ചു! ആ നിമിഷം മുതല്‍, രോഗഗ്രസ്തവും മുറിവേറ്റതും വിരൂപമായതുമായ എന്റെ ശരീരത്തെ ഞാന്‍ അങ്ങേയ്ക്കായി സമര്‍പ്പിച്ചു… അങ്ങയുടെ സ്‌നേഹത്തിന്റെ കേന്ദ്രബിന്ദുവില്‍ ഞാന്‍ ഉറച്ചുനില്‍ക്കും.’
മറ്റൊരിടത്ത് ഇങ്ങനെയെഴുതിയിരിക്കുന്നു:
കുരിശില്‍ 22 വര്‍ഷം ചെലവഴിക്കുന്നത് എളുപ്പമല്ല, പക്ഷേ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, അവനെ വളരെയധികം സ്‌നേഹിക്കുന്നു. എനിക്ക് ജീവന്‍ നല്‍കിയതിന് ഞാന്‍ അവനോട് നന്ദി പറയുന്നു, കാരണം ഓരോ പുതിയ ദിവസവും അവനെ സ്‌നേഹിക്കാനും സേവിക്കാനും എനിക്ക് ഒരു പുതിയ അവസരം നല്‍കുന്നു. കഷ്ടപ്പാടിനെ ദൈവത്തില്‍ നിന്നുള്ള വിലയേറിയ സമ്മാനമായി കണക്കാക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഭ്രാന്തല്ല, അത് മൂര്‍ത്തമായ അനുഭവമാണ്, പലപ്പോഴും കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നു: എല്ലാം ദൈവഹിതത്തിന്റെയും സ്‌നേഹത്തിന്റെയും ഫലമാണെന്ന് എനിക്ക് ഉറപ്പുണ്ട്. പുലരുന്ന ഓരോ ദിവസവും ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനമാണ്, ഈ ജീവിതം ഒരു പ്രത്യേക രീതിയില്‍ വേദനയാല്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഇരട്ട സമ്മാനമാണ്, കാരണം വേദന നമ്മെ വളരാന്‍ പ്രേരിപ്പിക്കുന്നു, ദൈവവുമായി ആഴത്തിലുള്ള സംഭാഷണം സൃഷ്ടിക്കുന്നു, നിരവധി പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ സഹായിക്കുന്നു, വിഡ്ഢികളേ അസംബന്ധങ്ങള്‍ നിര്‍ത്തൂ കാരണം ജീവിതം മനോഹരമാണ്.
രോഗകിടക്കയില്‍ അടിമുടി ശരീരം വികൃതമായ അവസ്ഥയില്‍ ജീവിതം മനോഹരമാണെന്ന് പറയാന്‍ ആര്‍ക്കുകഴിയും? എത്രപേര്‍ക്കു കഴിയും?
ജന്മനാല്‍തന്നെ ശരീരം ഇപ്രകാരം മുറിവുകളോടെ കാണപ്പെട്ടതിനാല്‍ അവള്‍ അധികകാലം ജീവിച്ചിരിക്കില്ല എന്നായിരുന്നു മാതാപിതാക്കളുടെപോലും ധാരണ. പക്ഷേ അതിനെയെല്ലാം അതിലംഘിച്ച് 23 വര്‍ഷമാണ് ഡാനിയേല ജീവിച്ചത്. ആശുപത്രിയില്‍ കഴിയുമ്പോള്‍ പോലും തന്റെ വേദന മറന്ന് മറ്റുളളവരെ ആശ്വസിപ്പിക്കുന്നതിലായിരുന്നു അവളുടെശ്രദ്ധ. സ്വന്തം വേദനയും രോഗവും മാത്രമാണ് വലുത് എന്ന് കരുതി ജീവിക്കുന്ന നമുക്ക് ഡാനിയേല ഇവിടെ വിസ്മയമായിത്തീരുകയാണ്. സ്വന്തം വേദനയായിരുന്നില്ല മറ്റുള്ളവരുടെ വേദനയായിരുന്നു അവള്‍ക്ക് വലുത്. ക്രിസ്തുവിന്റെ ഉദാത്തമാതൃക. ഈ വേദനയ്ക്കിടയിലും അവള്‍ നല്ലതുപോലെ പഠിക്കുകയും അധ്യാപികപരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു. അതുപോലെ കാറ്റക്കിസ്റ്റായും ഫോക്ക്‌ലോര്‍ പ്രസ്ഥാനത്തിന്റെ അംഗമായും പ്രവര്‍ത്തിച്ചു.
1983 ഒക്ടോബര്‍ 26 മുതല്ക്കാണ് അവള്‍ യേശുവിനോട് സംസാരിച്ചുകൊണ്ടുള്ള കത്തുകള്‍ എഴുതിത്തുടങ്ങിയത്, തന്റെ ആ ചെറിയ നോട്ടുബുക്കില്‍ തന്റെ സന്തോഷങ്ങളും പരാജയങ്ങളും വേദനകളും ഭയങ്ങളും പ്രതീക്ഷകളുമെല്ലാം മറയില്ലാതെ അവള്‍ പകര്‍ത്തിവച്ചു. അവളുടെ ആത്മീയജീവിതത്തിന്റെ പ്രധാനസാക്ഷ്യമായി അതു മാറുമെന്ന് അവള്‍ കരുതിയിരുന്നില്ല. ക്രൂശിതനായ ക്രിസ്തുവായിരുന്നു അവളുടെ ആത്മീയതയുടെ കേന്ദ്രം. രോഗങ്ങളെയും സഹനങ്ങളെയും ശിക്ഷയായി കാണുന്ന ലോകത്തില്‍ തന്റെ സഹനങ്ങളെ ക്രിസ്തുവിന്റെ കുരിശുമായി ബന്ധിപ്പിക്കാനാണ് അവള്‍ ശ്രമിച്ചത്. കുരിശിലൂടെ താന്‍ ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവള്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. ദയാവധത്തെക്കുറിച്ചുപോലും അവളുടെ പ്രിയപ്പെട്ടവര്‍ ആലോചിച്ച അവസരത്തില്‍ അവള്‍ പറഞ്ഞത് വേദനയുള്ള ജീവിതത്തിനും മൂല്യമുണ്ടെന്നായിരുന്നു. വേദനയില്ലാതെ മരിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ വേദനയെ അവള്‍ സ്‌നേഹിച്ചു, കലവറയില്ലാതെ.
. 1986 ഫെബ്രുവരിയോടെ രോഗം മൂര്‍ച്ഛിച്ചു, ഇനിയൊരുതരത്തിലും ഒന്നും ചെയ്യാന്‍ കഴിയാത്തവിധത്തില്‍ വൈദ്യശാസ്ത്രം നിസ്സഹായമായി. ഏപ്രില്‍ 10 ന് തന്റെ തീരെ ചെറിയ സമ്പാദ്യം അവള്‍ ദരിദ്രര്‍ക്കായി പങ്കുവച്ചുനല്കണമെന്ന് വീട്ടുകാരെ അറിയിച്ചു. ഏപ്രില്‍ 13 ന് വിശുദ്ധകുര്‍ബാന സ്വീകരിച്ചു. ‘നന്ദി എല്ലാത്തിനും നന്ദി..’ കോമയിലേക്ക് പോകുന്നതിന് മുമ്പ് അവള്‍ എല്ലാവരോടുമായി അവസാനം പറഞ്ഞ വാക്കുകള്‍ അതായിരുന്നു. 1986 ഏപ്രില്‍ 14 ന് സഹനജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് ഭൂമിയിലെ സഹനങ്ങള്‍ക്ക് സമ്മാനം വാങ്ങാനായി അവള്‍ സ്വര്‍ഗത്തിലേക്ക് യാത്രയായി. പുഞ്ചിരിയുണ്ടായിരുന്നു അവളുടെ ചുണ്ടുകളില്‍ അവസാന വിനാഴികയിലുമെന്ന് കുടുംബാംഗങ്ങള്‍ ഒന്നുപോലെ സാക്ഷ്യപ്പെടുത്തുന്നു, 2004 ഒക്ടോബര്‍ 17 ന് ഡാനിയേലയുടെ നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കമായി. 2017 മാര്‍ച്ച് 23 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അവളെ ധന്യപദവിയിലേക്കുയര്‍ത്തി. വേദനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാതെ വേദനയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ഡാനിയേല ഒരു അദ്ഭുതം തന്നെ. വേദനകളെ സ്‌നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സഹിക്കാനുളള കൃപയ്ക്കുവേണ്ടി നമുക്ക് ഡാനിയേലയോട് പ്രാര്‍ഥിക്കാം.
വിനായക് നിർമ്മൽ



