ദമ്പതികളുടെ ഗൗരവമായ കടമയും പ്രാഥമികാവകാശവും യഥാർഥ ദൗത്യവുമാണ് മക്കളെ വളർത്തൽ (സഭ ആധുനികലോകത്തിൽ, 50). കുഞ്ഞുങ്ങളുടെ സാമൂഹികവും സാംസ്‌കാരികവും ധാർമികവും മതപരവുമായ ശിക്ഷണവും വളർച്ചയും ഉറപ്പാക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നതിന് മാതാപിതാക്കൾ കടപ്പെട്ടിരിക്കുന്നു (പൗരസ്ത്യസഭകളുടെ കാനോനസംഹിത, കാനൻ, 776§1). മറ്റൊരുതരത്തിൽ പറഞ്ഞാൽ, സ്വയം പര്യാപ്തതയിലേക്ക്, ജീവിതപക്വതയിലേക്ക് മക്കളെ വളർത്തുക, ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വന്തമായി ഏറ്റെടുക്കുവാൻ മക്കളെ പ്രാപ്തരാക്കുക എന്നിവ മാതാപിതാക്കന്മാരുടെ ദൗത്യമാണ് (മാതാപിതാക്കളും വിശ്വാസപരിശീലനവും, 21). ഇതാണ് സന്താനപരിപാലനം.
‘യേശു ജ്ഞാനത്തിലും പ്രായ ത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു’ (ലൂക്കാ 2:52) എന്ന തിരുവചനമാണ് സന്താനപരിപാലനത്തിന്റെ സ്വഭാവവും ലക്ഷ്യവും വ്യക്തമാക്കുന്നത്. കൂടാതെ, സന്താനപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന മാതാപിതാക്കൾ കുട്ടികളിൽ കോപം ഉളവാക്കരുതെന്നും അവരെ പ്രകോപിപ്പിച്ചാൽ അവർ നിരുന്മേഷരാകുമെന്നും അതുകൊണ്ട്, അവരെ കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തണമെന്നും വിശുദ്ധ പൗലോസ് ഉദ്ബോധിപ്പിക്കുന്നു (എഫേ. 6:4; കൊളോ. 3:21).
‘ദൈവം നിങ്ങൾക്ക് നല്കുന്ന മക്കളെ സന്തോഷപൂർവ്വം സ്വീകരിക്കുന്നതിനും അവരെ വിശുദ്ധിയുടെ മാർഗ്ഗത്തിൽ നയിക്കുന്നതിനും അവിടുന്ന് നിങ്ങളെ സഹായിക്കട്ടെ” (സീറോമലബാർ സഭയുടെ കൂദാശകൾ: വിവാഹം, 145) എന്ന് വിവാഹാശീർവാദസമയത്ത് പ്രാർഥിക്കുമ്പോൾ സന്താനപരിപാലനത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധകൊടുക്കണം എന്നാണ് ദമ്പതികളെ ഓർമ്മിപ്പിക്കുന്നത്.
അതുപോലെ, ‘മാതാപിതാക്കൾക്ക് ആശാകേന്ദ്രവും കുടുംബത്തിന് പ്രകാശവും നാടിനു സേവനമാതൃകയും ആകുംവിധം’ മക്കളെ വളർത്താനുള്ള കൃപാവരത്തിനായി മാമ്മോദീസവേളയിലെ കാറോസൂസയിൽ സമൂഹം പ്രാർഥിക്കുന്നതു സന്താനപരിപാലനത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു (സീറോ മലബാർ സഭയുടെ കൂദാശകൾ: മാമ്മോദീസ, 24).
അതിനാൽ, ‘സ്വതന്ത്രമായ തീരുമാനങ്ങളെടുത്തു വ്യക്തിത്വത്തിൽ വളരുവാൻ സഹായിക്കുന്ന രീതിയിൽ ആയിരിക്കണം അവരുടെ വളർച്ചയിൽ മാതാപിതാക്കളുടെ ശ്രദ്ധ’ (ഒന്നായ് മുന്നോട്ട്, 9). ഒപ്പം, ‘കുട്ടികളെയും യൗവ്വനത്തിലെത്തുന്ന മക്കളെയും മാതാപിതാക്കൾ കരുതലോടെ സഹയാത്ര ചെയ്യണം. അവരുടെ വിദ്യാഭ്യാസം, ധാർമികശിക്ഷണം എന്നിവ വിവേകപൂർവം നിർവഹിക്കണം’ (ഒന്നായ് മുന്നോട്ട്, 9).
‘നവമാധ്യമങ്ങളുടെ ഉപയോഗം ക്രിസ്തീയമൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് നിർവഹിക്കാൻ കുട്ടികൾക്ക് മാർഗനിദർശനം നൽകുക’ മാതാപിതാക്കളുടെ കടമയാണ് (ഒന്നായ് മുന്നോട്ട്, 9).
ഈ സാഹചര്യത്തിലാണ്, സഹയാത്രയുടെ കല അഭ്യസിക്കുവാൻ മാതാപിതാക്കൾ മുന്നോട്ടുവരണം എന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിക്കുന്നത്. മാതാപിതാക്കൾ സഹയാത്ര നടത്തുന്നില്ലെങ്കിൽ കുട്ടികൾ ഒഴുക്കിനൊത്തു നീന്തുന്നവരും തങ്ങൾക്കു ചുറ്റും ചിറകടിച്ചുപറക്കുന്നവരും ഒരിക്കലും ഒരിടത്തും എത്തിച്ചേരാത്തവരുമായിത്തീരുന്നു. തങ്ങളിലേക്ക് തന്നെ ഒതുങ്ങി പോകാൻ ഇടവരുത്തുന്നു, ദൈവികതയിലേക്കു അവർ ഉയരാതിരിക്കുകയും ചെയ്യുന്നു (സുവിശേഷത്തിന്റെ ആനന്ദം, 170).
അതിനാൽ, ദൈവതിരുമുമ്പാകെ ഓരോ കുട്ടിയുടെയും അവസ്ഥയും ദൈവകൃപയിലുള്ള ജീവിതവും പുറമെനിന്ന് ആർക്കും പൂർണമായി ഗ്രഹിക്കാനാവാത്തവിധം രഹസ്യാത്മകമാണെന്നു കുട്ടികളെ അനുഗമിക്കുന്ന മാതാപിതാക്കൾ മനസ്സിലാക്കിയിരിക്കണം (സുവിശേഷത്തിന്റെ ആനന്ദം, 172).
കുട്ടികളെ സഹയാത്രചെയ്യുന്ന മാതാപിതാക്കൾക്ക് വിവേകം, ധാരണാശക്തി (മനസ്സിലാക്കാനുള്ള കഴിവ്), സഹനശീലം, ക്ഷമ, ആത്മാവിന്റെ പ്രചോദനത്തോടു വിധേയത്വം, ആശയവിനിമയം, ശ്രവണം എന്നിവ അത്യന്താപേക്ഷിതമാണ്. വെറുതെ കേൾക്കലല്ല, ഹൃദയതുറവിയോടെ സഹതാപപൂർണവും ആദരപൂർവകവുമായ ശ്രവണം മാതാപിതാക്കൾ അഭ്യസിക്കണം (സുവിശേഷത്തിന്റെ ആനന്ദം, 171). സഹയാത്ര ദൈവത്തിൽ അടിയുറച്ച വിശ്വാസവും പ്രത്യാശയും തെറ്റുകളോട് ക്ഷമാപൂർവകമായ സമീപനവും ക്ഷമിക്കാനുള്ള സദ്ധതയും മാതാപിതാക്കളിൽനിന്ന് ആവശ്യപ്പെടുന്നു.
സുരക്ഷിതതീരങ്ങൾ ഉപേക്ഷിച്ചു മറ്റുള്ളവർക്ക് ജീവിതം പകർന്നുനൽകുകയും കൊടുക്കപ്പെടുകയും ചെയ്യുന്നതുവഴി ജീവിതം വളരുന്നു. ഒറ്റപ്പെട്ട’ അവസ്ഥയിലും അനവധാനതയിലും അത് ദുർബലമാകുന്നു’ എന്ന് മക്കളെ പഠിപ്പിക്കുകയും ചെയ്യുക എന്നതും സഹയാത്ര ചെയ്യുന്ന മാതാപിതാക്കളുടെ കടമയാണ് (സുവിശേഷത്തിന്റെ ആനന്ദം, 10). തന്മൂലം, ആട്ടിൻകൂട്ടത്തെ ചിതറിക്കുന്ന ചെന്നായ്ക്കളുടെ ഇടയിൽ നിന്ന് തങ്ങളുടെ കുട്ടികളെ രക്ഷിക്കാൻ ഇവർക്ക് കഴിയും (സുവിശേഷത്തിന്റെ ആനന്ദം, 171).
‘ഇടപെടുകയും പിന്താങ്ങുകയും ഫലം പുറപ്പെടുത്തുകയും സന്തോഷിക്കുകയും ചെയ്തുകൊണ്ട്’ (സുവിശേഷത്തിന്റെ ആനന്ദം, 24) സന്താനപരിപാലനത്തിൽ ആദ്യകാൽവയ്പ് നടത്താൻ മാതാപിതാക്കൾ മക്കളുടെ മണമുള്ളവരായിരിക്കണം. അവരുടെ ശബ്ദം കേൾക്കാൻ ഇഷ്ടപ്പെടുകയും ചെയ്യണം. ‘സ്വാതന്ത്ര്യത്തിലും പക്വതയിലും മുഴുവനായ ശിക്ഷണത്തിലും യഥാർത്ഥമായ ആത്മനിയന്ത്രണത്തിലും വളരാൻ അവരെ സ്നേഹപൂർവ്വം സഹായിക്കുക’ (സ്നേഹത്തിന്റെ ആനന്ദം, 261),
‘ദയവായി’, ‘നന്ദി’, ‘എനിക്ക് ഖേദമുണ്ട്’ എന്നൊക്കെ പറയാനും ക്ഷമചോദിക്കാനും മറ്റുള്ളവരോട് ചെയ്ത ദ്രോഹത്തിനു പരിഹാരംചെയ്യാനും കുട്ടികളെ പരിശീലിപ്പിക്കുക, കുട്ടികളുടെ പരിശ്രമങ്ങളെ വിലമതിക്കുക, അംഗീകരിക്കുക, തെറ്റു തിരുത്തുക എന്നിവയും സന്താനപരിപാലനത്തിൽ ഉൾപ്പെടുത്തേണ്ടവയാണ്’ (സ്നേഹത്തിന്റെ ആനന്ദം, 266, 268, 269).
റവ. ഡോ. ബിൽജു വാഴപ്പിള്ളി



