സാര്‍വത്രിക സഭയില്‍ പോലും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു സീറോമലബാര്‍സഭയുടെ പ്രഥമ ആര്‍ച്ചുബിഷപ്പും കര്‍ദിനാളുമായിരുന്ന മാര്‍ ആന്റണി പടിയറപിതാവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. പടിയറപിതാവിന്റെ 24 ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ആലഞ്ചേരി പിതാവ്.
പടിയറപിതാവിന്റെ കഥപറച്ചില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ വരെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് റോമിലെ സിനഡില്‍ പോലും കഥപറയാന്‍ പടിയറ പിതാവിന് അവസരം നല്കി. കഥകളിലൂടെ പ്രായോഗികമായ പല കാര്യങ്ങളുമാണ് പിതാവ് അവതരിപ്പിച്ചത്.
ഭാഷാനൈപുണ്യവും കഥപറച്ചിലും വഴി എവിടെയും സുഹൃത്തുക്കളെ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രേഷിതപ്രവര്‍ത്തനവും അജപാലനപ്രവര്ത്തനവും വളരെയേറെ ഫലപ്രദമായി വിനിയോഗിക്കാനും എല്ലാ മേഖലകളിലും -ആത്മീയമേഖലയിലും ഭൗതികമേഖലയിലും- വളരെയധികം പുരോഗതി നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മികച്ചൊരു ധ്യാനഗുരുവായിരുന്ന പടിയറ പിതാവ് ചെല്ലുന്ന രൂപതകളിലെല്ലാം വൈദികര്്ക്കുവേണ്ടിയുള്ള ധ്യാനം നടത്തിയിരുന്നു.
സഭയിലോ സഭാശുശ്രൂഷകളിലോ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ നേരിടേണ്ടിവരുമ്പോള്‍ ആര്‍ജ്ജവത്തോടെ ശുദ്ധനിയോഗത്തോടുകൂടി യാണ് സഹിക്കേണ്ടിവരുന്നതെങ്കില് മിശിഹായ്ക്ക് സംഭവിച്ചതിന്റെ തുടര്‍ച്ചയാണതെന്ന് മനസ്സിലാക്കുകയും വേണമെന്നും ആലഞ്ചേരി പിതാവ് പറഞ്ഞു.


