* മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി സ്ഥാപിച്ച, മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട സമൂഹമാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സമരിറ്റന്‍ സിസ്റ്റേഴ്‌സ് (CSS)
1954 ല്‍ മുളയത്ത് ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമ്പോള്‍ രൂപതയിലെ വൈദികനും സെന്റ് തോമസ് കോളജ് ലക്ച്ചററുമായ ഫാ. പോള്‍ ചിറ്റിലപ്പിള്ളിക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, തൃശൂര്‍ നഗരത്തില്‍ അലഞ്ഞുനടന്നിരുന്ന അശരണരായ കുഷ്ഠരോഗികളെ പുനരധിവസിപ്പിച്ച് ചികില്‍സിക്കുക. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനും രോഗികളുടെ പരിചരണത്തിനും ആയിട്ടാണ് 1961 ജനുവരി 25 ന് തൃശൂര്‍ അതിരൂപതയില്‍ സമരിറ്റന്‍ സിസ്റ്റേഴ്‌സിന്റെ സമൂഹം സ്ഥാപിതമായത്. ‘നീയും പോയി അതുപോലെ ചെയ്യുക’ (വി. ലൂക്ക.10/37).എന്ന ഈശോയുടെ ആഹ്വാനമാണ് സമരിറ്റന്‍ സന്യാസിനീ സമൂഹം സ്ഥാപിക്കാന്‍ മോണ്‍. പോള്‍ ചിറ്റിലപ്പിള്ളിക്ക് പ്രചോദനം നല്‍കിയത്.
നിരന്തരമായ ദൈവസാമീപ്യാവബോധത്തിലൂടെയും അവിടുന്നുമായുള്ള സ്‌നേഹസമ്പര്‍ക്കത്തിലൂടെയും ദൈവത്തിന്റെ കരുണാര്‍ദ്രസ്‌നേഹം അനുഭവിച്ചറിയുകയും അനുഭവിച്ചറിഞ്ഞ സ്‌നേഹം രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും ക്ലേശിതര്‍ക്കും പ്രത്യേകിച്ച് കുഷ്ഠരോഗികള്‍ക്കും സ്‌നേഹനിര്‍ഭരമായ ശുശ്രൂഷയിലൂടെ പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നതാണ് സമൂഹത്തിന്റെ കാരിസം. ശാരീരികവും മാനസികവും ആധ്യാത്മികവുമായി വേദന അനുഭവിക്കുന്നവരോടുള്ള കരുണയാണ് സമൂഹത്തിന്റെ ചൈതന്യം. പ്രാര്‍ഥനയും പ്രയത്‌നവും സമഞ്ജസമായി സമ്മേളിപ്പിച്ചു കൊണ്ടുപോകുക, മനുഷ്യന്റെ സമഗ്രവിമോചനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മുന്‍തൂക്കം നല്‍കുക, പിതാവായ ദൈവത്തിന്റെ കരുണയുടെ ഭാവം സ്വന്തമാക്കുക, ആവശ്യത്തിലിരിക്കുന്നവര്‍ ആരായാലും അവരുടെ നല്ല അയല്‍ക്കാരിയാകുക, കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശുശ്രൂഷ മേഖലകളെ ക്രമപ്പെടുത്തുക, പ്രാദേശികസഭയുടെ ശുശ്രൂഷയ്ക്ക് സംലഭ്യരാകുക, വിശപ്പ്, വേദന, അജ്ഞത, അലസത തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ സദാ ജാഗ്രതയുള്ളവരായിരിക്കുക, മിഷനറി കോണ്‍ഗ്രിഗേഷന്‍ ആയതിനാല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും ശ്രദ്ധ കൊടുക്കുക എന്നിവ സഭാംഗങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന സമര്‍പ്പണ ജീവിതത്തിന്റെ പൈതൃക ഘടകങ്ങളാണ്. സന്യാസസമൂഹങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യത്യസ്തമായ അപ്പസ്‌തോലിക പ്രവര്‍ത്തനമണ്ഡലങ്ങള്‍ പ്രധാനമായും ആശുപത്രികള്‍, നഴ്‌സിങ് സ്‌കൂളുകള്‍, നഴ്‌സിങ് കോളേജുകള്‍, പ്രായാധിക്യമുള്ളവര്‍ക്കായുള്ള പരിചരണ കേന്ദ്രങ്ങള്‍ അനാഥാലയങ്ങള്‍, നഴ്‌സറി സ്‌കൂള്‍, ഡേ കെയര്‍ സെന്ററുകള്‍, ക്രാഫ്റ്റ് ആന്‍ഡ് ടൈലറിംഗ് സെന്ററുകള്‍, മാനസിക വൈകല്യമുള്ള കുഞ്ഞുങ്ങളുടെ സ്‌കൂളുകള്‍, മാനസികരോഗികളുടെ പുനരധിവാസകേന്ദ്രങ്ങള്‍, എയ്ഡ്‌സ് രോഗികള്‍ക്കുള്ള സ്ഥാപനങ്ങള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകള്‍, ഇവാഞ്ചലൈസേഷന്‍, കൗണ്‍സലിംഗ്, സ്ത്രീശക്തീകരണം, കുടുംബ പ്രേക്ഷിതത്വം, സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്. 2001 ഡിസംബര്‍ 14 ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഈ സമൂഹത്തില്‍ ഇന്ന് 430 സിസ്റ്റേഴ്‌സ് ഉണ്ട്.
കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഒറീസ, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ആസ്സാം എന്നീ സംസ്ഥാനങ്ങളിലും വിദേശത്ത് ജര്‍മനിയിലും ഇറ്റലിയിലും ആയി 77 ശാഖാ ഭവനങ്ങളും ഒമ്പത് ശുശ്രൂഷ കേന്ദ്രങ്ങളും ഉണ്ട്.


