തോമാശ്ലീഹാ തെക്കേ ഇന്ത്യ മുഴുവന്‍ നിര്‍ബാധം യാത്ര ചെയ്തു. അന്നത്തെ പരിമിതമായ സൗകര്യങ്ങളൊന്നും ദൈവരാജ്യപ്രഘോഷണത്തിന് അദ്ദേഹത്തിന് തടസമായിരുന്നില്ല. മറ്റ് അപ്പസ്‌തോലന്മാരുടെയും സ്ഥിതി അക്കാലത്ത് വ്യത്യസ്തമായിരുന്നില്ല. വിശുദ്ധ പൗലോസിന്റെ പല ലേഖനങ്ങളിലും ഇക്കാര്യം കാണാവുന്നതാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറും തെക്കു കിഴക്കും തീരപ്രദേശങ്ങളിലാണ് തോമസ് പ്രധാനമായും തന്റെ രണ്ടാം പ്രേഷിതയാത്രയില്‍ സുവിശേഷം പ്രഘോഷിച്ചത്. ‘തോമായുടെ നടപടികളി’ല്‍ നിന്നും ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കും.
സാന്‍തോം മൈലാപ്പൂര്‍, സെന്റ് തോമസ് മൗണ്ട്, ചിന്നമല എന്നിങ്ങനെ തെക്കു കിഴക്കന്‍ പ്രദേശത്തെ മൂന്നു പ്രധാനസ്ഥലങ്ങളാണ് തോമസിന്റെ രക്തസാക്ഷിത്വവും കബറിടവുമായി ബന്ധപ്പെട്ട്് ഇന്ന് കാണാനുള്ളത്. ഇവ മൂന്നും തമ്മില്‍ വലിയ ബന്ധമുണ്ട്. അടുത്തടുത്ത സ്ഥലങ്ങളും ഇന്നത്തെ ചെന്നൈ പട്ടണത്തിന്റെ ഭാഗങ്ങളും ആണ്. വിദേശരാജ്യങ്ങളുമായി ഈ തീരപ്രദേശത്തിനും ഇതിലെ പട്ടണങ്ങള്‍ക്കും പ്രത്യേകിച്ച് മൈലാപൂരിനും ബന്ധം ഉണ്ടായിരുന്നെങ്കിലും വിദേശികള്‍ക്ക് കൂടുതല്‍ ബന്ധം മലബാര്‍ തീരത്തുള്ള മുസിറിസ്, നിരണം, പുറക്കാട് എന്നിവയോട് ആയിരുന്നു. തെക്കു കിഴക്കന്‍ തീരപ്രദേശത്തെ ഏറ്റവും പ്രധാന പട്ടണം ആയിരുന്നതുകൊണ്ടാണ് മൈലാപ്പൂരിനെ ‘കിഴക്കിന്റെ കവാടം’ എന്ന് വിളിച്ചിരുന്നത്.
മൈലാപ്പൂര്‍ കൂടാതെ കിഴക്കന്‍ തീരപ്രദേശത്തെ മറ്റു പ്രധാന പട്ടണങ്ങള്‍ കാവേരി പട്ടണവും പുതുശ്ശേരിയും ആയിരുന്നു. തെക്ക് കാവേരി പട്ടണം മുതല്‍ വടക്ക് സുപട്ടണം (മൈലാപ്പൂര്‍) വരെ ക്രൈസ്തവരുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് അടുത്തകാലത്തെ പഠനങ്ങള്‍ തെളിയിക്കുന്നത്. തീരപ്രദേശങ്ങളിലെ പട്ടണങ്ങള്‍ക്ക് വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നതോടൊപ്പം ഇവ തമ്മിലും ധാരാളമായ കച്ചവട ബന്ധം ഉണ്ടായിരുന്നു. ഈ ബന്ധം കരമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവും സാധ്യമായിരുന്നു. മലബാര്‍ ചോളമണ്ഡലം തീരപ്രദേശങ്ങളില്‍ കണ്ടെത്തിയ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഇവയുടെ വൈദേശിക വാണിജ്യ ബന്ധം വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ തോമാശ്ലീഹായുടെ ഈ പ്രദേശങ്ങളിലെ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രേഷിത പ്രവര്‍ത്തനവും അനായാസമായിരുന്നു എന്നു വേണം കരുതാന്‍. കച്ചവടക്കാരും യാത്രക്കാരും ഉപയോഗിച്ചിരുന്ന ഇത്തരം മാര്‍ഗങ്ങള്‍ ശ്ലീഹായും ഉപയോഗിച്ചിട്ടുണ്ട്. കാടുകളും മലകളും നദികളും കടന്നുള്ള യാത്ര അന്ന് അസാധാരണമായിരുന്നില്ല. കിഴക്കന്‍ തീരപ്രദേശത്തെ പ്രധാന പട്ടണമായ മൈലാപ്പൂരില്‍ സംഭവിച്ച വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം ആ പട്ടണത്തെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ വിശുദ്ധസ്ഥലം ആക്കിതീര്‍ത്തു.
റവ.ഡോ. ജയിംസ് പുലിയുറുമ്പില്‍


