കാക്കനാട്: മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ 2026 ഏപ്രില്‍ 21 നു നടന്നു. സഭാ ആസ്ഥാനത്ത് രാവിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും സഭാകാര്യാലയത്തിലെ ശുശ്രൂഷകര്ക്കുമൊപ്പം പിതാവ് വിശുദ്ധ കുര്ബാനയര്പ്പിച്ചുകൊണ്ടാണ് സപ്തതി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. വൈകിട്ട് ലളിതമായ രീതിയില്‍ ക്രമീകരിച്ച സമ്മേളനത്തില്‍ പിതാവിന് ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ സഭാ ചാന്‍സലര്‍ റവ. ഡോ. എബ്രഹാം കാവില്‍പുരയിടത്തില്‍ സ്വാഗതം ആശംസിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പ് എമിരറ്റസ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാല്‍ഡിയന്‍ സിറിയന്‍ സഭയുടെ മെത്രാപ്പോലീത്ത ഔഗിന്‍ മാര്‍ കുര്യാക്കോസ്, സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, സി.എം.ഐ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ ആച്ചാണ്ടി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉഷ തുടങ്ങിയവര്‍ സഭയുടെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പിതാവിന് സപ്തതി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ആര്‍ച്ചുബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത് , ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, റൈറ്റ് റവ. ആന്റണി വാലുങ്കല്‍, യോഹന്നാന് മാര്‍ തിയോഡോഷിയസ് എന്നിവരും ശ്രീ ഹൈബി ഈഡന് എം.പി., എം. എല്‍എമാരായ ശ്രീ റോജി എം. ജോണ്‍, ടി. ജെ. വിനോദ്, അല്മായ പ്രതിനിധികള്‍, മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ ജീവിതത്തെയും ശുശ്രൂഷകളെയും ആസ്പദമാക്കി തയ്യാറാക്കിയ ‘വാക്കുകള്‍കൊണ്ട് ഹൃദയത്തെ തൊടുന്നൊരാള്‍’ എന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
മറുപടി പ്രസംഗം നടത്തിയ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് തനിക്ക് ലഭിച്ച സ്നേഹാദരങ്ങള്‍ക്കും ദൈവാനുഗ്രഹങ്ങള്‍ക്കും സഭാംഗങ്ങളുടെ പ്രാര്‍ഥനയ്ക്കും നന്ദി അറിയിച്ചു. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയായുടെ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍ നന്ദി രേഖപ്പെടുത്തി.
കൂടെനടക്കുന്ന ദൈവത്തിന്റെ സൗഖ്യദായകന്
ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി
വര്‍ത്തമാനകാലത്തില്‍ സീറോമലബാര്‍സഭയെ നയിക്കാന്‍ സഭാ സംവിധാനങ്ങളിലൂടെ ദൈവം നിയോഗിച്ച വലിയ ഇടയനാണു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. ശ്രവണത്തിന്റെയും സംഭാഷണങ്ങളുടെയും സ്വയം ചെറുതാകലിന്റെയും ആത്മഭാവങ്ങളിലൂടെ അസ്വസ്ഥതകളുടെയും നിഷേധാത്മക ചിന്തകളുടെയും കനലുകളെ അണയ്ക്കാന്‍ കഴിയുന്നവിധത്തിലുള്ള പ്രശാന്തതയുടെ ദീപ്തികൊണ്ട് സീറോമലബാര്‍സഭയുടെ വലിയ പിതാവ് സഭയിലും സമൂഹത്തിലും മുന്നോട്ടുപോകാനുള്ള പ്രകാശത്തിന്റെ വഴിവെട്ടുകയാണ്.
വലിയ കുടുംബത്തിന്റെ സന്തോഷം
അണുകുടുംബങ്ങളെ പോലും അപ്രസക്തമാക്കിക്കൊണ്ട് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്ന ഒരു സംസ്കാരം പ്രബലപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് താന്‍ വലിയൊരു കുടുംബത്തിലെ അംഗമാണെന്ന് പറയുന്നതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന തട്ടില്‍ പിതാവ് ഒരു വിസ്മയമാകുന്നത്. തൃശൂര്‍ പുത്തന്‍പള്ളി തട്ടില്‍ ഔസേപ്പ് ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21 ന് അദ്ദേഹം ജനിച്ച ദിവസമായിരുന്നു സാംസ്കാരികനഗരമായ തൃശൂരിലെ പൂരം. പൂരത്തിന്റെ കതിനാവെടി പൊട്ടിയ സമയത്താണ് അമ്മ തന്നെ പ്രസവിച്ചതെന്ന് അല്പം തമാശയോടെ പിതാവ് പലയിടങ്ങളിലും ആവര്‍ത്തിക്കാറുണ്ട്. ചെറുപ്പത്തില്‍ത്തന്നെ അപ്പന്റെ മരണം ഈ വലിയ കുടുംബത്തെ ഒന്നുലച്ചുവെങ്കിലും അമ്മയുടെ കഠിനാധ്വാനവും ദൈവാശ്രയവും ദീര്‍ഘവീക്ഷണവും കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയി. അതിനാല്‍ത്തന്നെ ജീവിതത്തില്‍ ഏറ്റവും അധികം പിതാവിനെ സ്വാധീനിച്ച ആള് അമ്മ തന്നെ. അമ്മയില്‍ നിന്ന് പകര്‍ന്നുകിട്ടിയതാവാം പ്രതിബന്ധങ്ങളോടു പോരാടാനും വെല്ലുവിളികളെ ഏറ്റെടുക്കാനുമുള്ള പിതാവിന്റെ സഹജപ്രവണതയെന്ന് വിശ്വസിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അമ്മ ചേര്‍ത്തുപിടിച്ചു ആ വലിയ കുടുംബം ഇന്നു സമൃദ്ധമായി വളര്‍ന്നു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഫലം പുറപ്പെടുവിക്കുന്നു. ഇന്നു ഈ കുടുംബം ഏറ്റവും ഇളയവനായ തട്ടില്‍ പിതാവിനെ കേന്ദ്രീകരിച്ചാണ് സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം നല്കിക്കൊണ്ടിരിക്കുന്നത്.
തൃശൂര്‍ രൂപതാവൈദികന്‍
സ്കൂള്‍ പഠനത്തിനുശഷം രൂപത മൈനര്‍ സെമിനാരിയിലിലും വടവാതൂര്‍ സെന്റ്. തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയതിനുശേഷം 1980 ഡിസംബര്‍ 21 ന് മാര്‍ ജോസഫ് കുണ്ടുകുളം പിതാവിന്റെ കൈവയ്പിലൂടെയാണ് വൈദികനായി അഭിഷിക്തനായത്. വൈവിധ്യം നിറഞ്ഞതായിരുന്നു തട്ടിലച്ചന്റെ ശുശ്രൂഷാമേഖലകള്‍. അരണാട്ടുകര സെന്റ് തോമസ് പള്ളിയിലെ കൊച്ചച്ചനില്‍ തുടങ്ങി മൈനര്‍ സെമിനാരിയിലെ ഫാദര്‍ പ്രീഫെക്ട് എന്ന നിലയില്‍ തുടരുമ്പോഴാണ് ഉപരിപഠനത്തിനു പോകുന്നത്. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു കാനന്‍നിയമത്തില്‍ ഡോക്ടറേറ്റുനേടി തിരിച്ചെത്തിയ തട്ടിലച്ചന് പിന്നീടുള്ള വര്‍ഷങ്ങളില്‍ തൃശൂര്‍ അതിരൂപതയുടെ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, മതബോധനഡയറക്ടര്, വികാരി ജനറല്‍, സെന്റ് തോമസ് കോളേജ് മാനേജര്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചു. എന്നാല്‍ അതിനേക്കാളേറെ അനുഭവസമ്പത്ത് നേടിക്കൊടുത്തതും പിന്നീട് അജപാലനശുശ്രൂഷയിലെ കാഴ്ചപ്പാടുകളെ ഏറെ തിരുത്തിയെഴുതിയതും ഇതേകാലത്തു ആരംഭിച്ചതും ദീര്‍ഘകാലം തുടര്‍ന്നതുമായ മാര്‍ ജോസഫ് കുണ്ടുകുളം പിതാവിന്റെ സെക്രട്ടറിസ്ഥാനമായിരുന്നു. ‘പാവങ്ങളുടെ പിതാവ്’ എന്ന അപരനാമത്താല്‍ പ്രശസ്തനായ കുണ്ടുംകുളം പിതാവിന്റെ ജീവിതസമീപനങ്ങള്‍ തട്ടിലച്ചനെ സംബന്ധിച്ചിടത്തോളം പില്ക്കാലത്ത് വലിയൊരു മുതല്ക്കൂട്ടായിമാറുന്നതിന് ഈ വര്‍ഷങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്.
വൈദികപരിശീലത്തിലെ പുതിയ ചുവടുവയ്പുകള്‍
മുളയം മേരിമാതാ മേജര്‍ സെമിനാരി സ്ഥാപിതമായപ്പോള്‍ അതിന്റെ ആദ്യ റെക്ടറായി ആര്‍ച്ചുബിഷപ് ജേക്കബ് തൂങ്കുഴി പിതാവ് കണ്ടെത്തിയതു തട്ടിലച്ചനെയാണ്. വൈദികരൂപീകരണത്തില് കാലഘട്ടത്തിന്റെ ഉള്ത്തുടിപ്പുമനസ്സിലാക്കി പ്രവര്‍ത്തിക്കാനും വൈദികരെ ദൈവോന്മുഖവും കാലോചിതവുമായി നയിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്ന് അദ്ദേഹത്തില്‍നിന്നു പരിശീലനം കിട്ടിയ വൈദികര്‍ ഒന്നുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അജപാലകന് ആകാനുള്ള ഒരുക്കം അതിന്റെ എല്ലാ പ്രായോഗിക തലങ്ങളിലും ഉറപ്പുവരുത്തിയ പരിശീലനപദ്ധതി ഏറെ സ്വീകാര്യവും ഫലദായകവും ആയിരുന്നു.
സഹായ മെത്രാന്
തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരിക്കുമ്പോഴായിരുന്നു അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായത്. ‘വിഭജിക്കപ്പെടാനും പങ്കുവയ്ക്കപ്പെടാനും’ എന്നതായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത ആദര്‍ശവാക്യം. 2010 ഏപ്രില്‍ 10 നു ആര്‍ച്ചുബിഷപ് ആന്‍ഡ്രുസ് താഴത്തില്‍നിന്നു മെത്രാന്‍പട്ടം സ്വീകരിച്ചു. അതിരൂപതയുടെ ഭരണനിര്‍വ്വഹണത്തില്‍ സ്വതസിദ്ധമായ അജപാലനശൈലിയിലൂടെ സഹായമെത്രാന്റെ ഉത്തരവാദി ത്വം നിര്‍വഹിച്ചു. വൈദികരെയും സമര്‍പ്പിതരെയും അല്മായസഹോദരങ്ങളെയും സഹകരിപ്പിച്ചും വിശ്വാസത്തിലെടുത്തുമുള്ള മേല്പട്ടശുശ്രൂഷ ശ്രദ്ധേയമായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനും എല്ലാവരെയും കേള്‍ക്കാനും പിതാവ് ഏറെ ശ്രദ്ധിച്ചിരുന്നു.
സെന്റ് തോമസ് കോളേജ് മാനേജര്‍ ആയിരുന്ന കാലത്ത് എടുത്ത ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളും സുധീരമായ നിലപാടുകളും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടുമുള്ള ആഴമേറിയ ആത്മബന്ധവുമാണ് ബോട്ടണി വിഭാഗം കണ്ടെത്തിയ പുതിയ സസ്യത്തിന് അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിന്റെ ബഹുമാനാര്‍ത്ഥം ‘ഓഫിയോഗ്ലോസും റാഫേലിയാനും? (ഛുവശീഴഹീൗാൈ ഞമുവമലഹശമിൗാ) എന്ന നാമം നല്കാന് കോളേജിനെ പ്രേരിപ്പിച്ച ഘടകം.
അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍
കേരളത്തിനുവെളിയില്‍ ഒരു സീറോമലബാര്‍ രൂപതയുടെയും ഭാഗമല്ലാതെ നിലനിന്നിരുന്ന പ്രദേശങ്ങളിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി 2014 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തട്ടില്‍ പിതാവിനെ നിയമിച്ചത്. രാവു പകലാക്കിയുള്ള പിതാവിന്റെ കഠിനാധ്വാനത്തിന്റെ വര്‍ഷങ്ങളായിരുന്നു അവ. തന്നെ ഏല്‍പ്പിച്ച പ്രദേശങ്ങളിലെ വിശാസികള്‍ക്ക് ആവശ്യമായ അജപാലനസംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനുവേണ്ടി ഒരു മിഷനറിയായി പിതാവ് ഭാരതംമുഴുവനിലും സഞ്ചരിച്ചു. സീറോമലബാര്‍സഭയുടെ മിഷന് ആഭിമുഖ്യങ്ങള്‍ മാറണമെന്ന ബോധ്യം പിതാവിലുറച്ചു. വിശദമായ റിപ്പോര്‍ട്ടുകള്‍ പരിശുദ്ധ പിതാവിനു നല്കാന് തട്ടില്‍ പിതാവിനു സാധിച്ചു. ഈ വലിയ പരിശ്രമത്തിന്റെ ഫലമായി 2017 ഒക്ടോബര്‍ ഒന്‍പതാം തിയതി ഭാരതത്തിലെ എല്ലാ മെത്രാന്മാര്ക്കുമായി എഴുതിയ കത്തുവഴി പുതുതായി ഷംഷാബാദ്, ഹൊസൂര്‍ രൂപതകള്‍ സ്ഥാപിക്കുന്നതിനും തക്കല, രാമനാഥപുരം രൂപതകളുടെ അതിര്‍ത്തികള്‍ പുന:നിര്‍ണ്ണയിക്കുന്നതിനുമുള്ള തീരുമാനമറിയിച്ചുകൊണ്ടു സീറോമലബാര്‍സഭയ്ക്ക് ഭാരതം മുഴുവനുമുള്ള അജപാലനഅധികാരം നല്‍കുകയായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മേല്‍പ്പറഞ്ഞ കത്തില്‍, തട്ടില്‍ പിതാവ് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ സീറോമലബാര്‍സഭയ്ക്കു ഭാരതം മുഴുവനിലും അജപാലനാധികാരം നല്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാരണമായി എന്ന് പരിശുദ്ധ പിതാവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഷംഷാബാദ് രൂപതയുടെ മിഷനറി മെത്രാന്
2017 ഒക്ടോബര്‍ ഒന്‍പതിന് സ്ഥാപിതമായ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി 2018 ജനുവരി ഏഴാംതീയതി സ്ഥാനമേറ്റെടുത്ത തട്ടില്‍പിതാവ് മിഷനറി ചൈതന്യത്തില്‍ രൂപമില്ലാത്തതിനു രൂപംകൊടുത്താണ് രൂപതയെ പടുത്തുയര്‍ത്തിയത്. ആ രൂപതയെ ഇന്നു കാണുന്ന വിധത്തിലുള്ള രൂപതയാക്കി വളര്‍ത്തിയത് തട്ടില്‍ പിതാവിന്റെ ദീര്‍ഘവീക്ഷണവും പ്രായോഗികജ്ഞാനവുമായിരുന്നു. 23 സംസഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടന്ന പുതിയ രൂപതയുടെ അജപാലനസംവിധാനങ്ങള്‍ മറ്റു രൂപതകളുടെയും സമര്‍പ്പിതസമൂഹങ്ങളുടെയും സഹകരണത്തോടെ ക്രമപ്പെടുത്താന്‍ പിതാവിനു കഴിഞ്ഞു. കൂടുതല്‍ ഫലപ്രദമായ രീതിയില്‍ അജപാലനം നടത്തുന്നതിന് അതിവിശാലമായ രൂപതയുടെ പ്രദേശങ്ങള്‍ സമീപത്തുള്ള സീറോമലബാര്‍ രൂപതകളുമായി പങ്കുവയ്ക്കാനുള്ള കര്‍മപദ്ധതിയും മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സിനഡിനു സമര്‍പ്പിച്ചു.
സീറോമലബാര്‍സഭയുടെ വലിയ പിതാവ്
2023 ഡിസംബര്‍ ഏഴാം തിയതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനത്തുനിന്നു വിരമിച്ച സാഹചര്യത്തിലാണ് 2024 ജനുവരിയില്‍ നടന്ന സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ ഒന്നാം സമ്മേളനം ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്തത്. സിനഡിന്റെ തീരുമാനത്തിനു മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ ജനുവരി പതിനൊന്നാം തിയതി കാക്കനാടുള്ള സഭാകാര്യാലയത്തില്വച്ച് സ്ഥാനാരോഹണം നടന്നു. മനുഷ്യന്റെ പ്രതീക്ഷയെ അതിലംഘിക്കുന്ന ദൈവത്തിന്റെ പരിപാലന പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ നേതൃശുശ്രൂഷകളില് ദൃശ്യമായി. സീറോമലബാര്‍സഭ സങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സമയത്താണ് സഭയുടെ അമരക്കാരനായി തട്ടില്‍ പിതാവ് വരുന്നത്.
മാര്‍ റാഫേല്‍ തട്ടില്‍ പിതാവു മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അന്നുമുതല്‍ ഇതുവരെയുള്ള രണ്ടുവര്‍ഷവും രണ്ടുമാസവും സീറോമലബാര്‍സഭയുടെ ചരിത്രത്തില്‍ വളരെ നിര്‍ണായകമായിരുന്നു. ഷംഷാബാദ് രൂപതയിലെ മെത്രാനായിരുന്നപ്പോള്‍ പിതാവു നിര്‍ദേശിച്ച രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുങ്ങി. വിശാലമായ ഷംഷാബാദ് രൂപതയുടെ അതിര്‍ത്തിയുടെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്ത്തുകൊണ്ടു 12 രൂപതകളുടെ അതിര്‍ത്തി ഭേദഗതിചെയ്ത് ഉത്തരവിറക്കി. കേരളത്തിന് പുറത്തു ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് എന്നീ മെത്രാപ്പോലീത്തന്‍ പ്രവിശ്യകള്‍ സ്ഥാപിക്കുകയും അവിടങ്ങളിലെ മെത്രാപ്പോലീത്താമാരെ വാഴിക്കുകയും ചെയ്തു. അനൈക്യത്തിന്റെ അലയൊലികള്‍ വര്ധമാനമായിരുന്ന സാഹചര്യത്തില്‍ സഭയുടെ ഐക്യം ലക്ഷ്യമാക്കി ധീരമായ നിലപാടുകള്‍ കൈക്കൊണ്ടു. തന്റെ മുന്‍ഗാമികള്‍ തുടങ്ങിവച്ച പരിശ്രമം പൂര്‍ത്തീകരിച്ചുകൊണ്ടു ഗള്‍ഫിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി ഒരു അപ്പസ്റ്റോലിക് വിസിറ്ററുടെ നിയമനം സാധ്യമാക്കി. സഭാകാര്യാലയത്തിന്റെ നവീകരണം കാലോചിതമായി പൂര്‍ത്തിയാക്കി. ചുരുങ്ങിയ കാലയളവില്‍ത്തന്നെ എല്ലാ രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും ഗള്‍ഫുരാജ്യങ്ങളിലും സന്ദര്‍ശനം നടത്തി. അത്മായരുടെ മിഷന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ജീവന് ജ്യോതി എന്നപേരില്‍ ഒരു പുതിയ അല്മായ മൂവ്മെന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഒരുപക്ഷേ തട്ടില്‍ പിതാവ് സീറോമലബാര്‍സഭയ്ക്ക് ഈ ചുരുങ്ങിയ കാലയളവില്‍ നല്കിയ സംഭാവനകളെയും സഭാജീവിതത്തില്‍ അവ വരുത്തുന്ന ക്രിയാത്മകമായ സ്വാധീനത്തെയും പൂര്‍ണമായി മനസിലാക്കാന്‍ വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണതകളില്‍ കഴിയണമെന്നില്ല. എന്നാല്‍, ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളെയും ആനുകാലിക സംഭവവികാസങ്ങളുടെ സാധ്യതകളെയും അഭിവന്ദ്യ തട്ടില്‍ പിതാവ് തന്റെ സമീപങ്ങളുടെ വിശുദ്ധിയാല്‍ എങ്ങനെ നേരിട്ടുവെന്നതു സഭാചരിത്രമണ്ഡലത്തില് നന്ദിയോടെ ഓര്‍മിക്കപ്പെടുമെന്നുറപ്പാണ്.
ശക്തനായ ആന്തരികമനുഷ്യന്
ശക്തനായ ആന്തരികമനുഷ്യനാണ് മാര്‍ തട്ടില്‍പിതാവ്. അകമേ ആന്തരികമായി കരുത്തുള്ള ഒരു വ്യക്തിക്കുമാത്രമേ പുറമേ ശാന്തനായി പ്രത്യക്ഷപ്പെടാന്‍ കഴിയൂ. പിതാവിന്റെ ശാന്തതയുടെയും ഗരിമയുടെയും തെളിവാണ് പുറമെ കാണപ്പെടുന്ന പുഞ്ചിരിയും പ്രശാന്തതയും. ഏതൊന്നിനെയും നിര്‍മ്മലതയോടെ കാണുന്നവര്‍ക്ക് ചുറ്റുപാടുമുള്ള അരക്ഷിതാവസ്ഥയിലും അസ്വസ്ഥതകളിലും ആത്മസംയമനം കൈമോശം വരുകയില്ല. ഏതു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും തട്ടില്‍ പിതാവിനു പുഞ്ചിരിക്കാന്‍ കഴിയുന്നതും ഏത് അവസ്ഥയെ അഭിമുഖീകരിക്കുമ്പോഴും പുഞ്ചിരി നഷ്ടപ്പെടാതിരിക്കുന്നതും അതുകൊണ്ടാണ്.
ആന്തരിക പ്രസന്നതയുടെ ബാക്കിപത്രമാണ് പിതാവിന്റെ ഹൃദയത്തില്‍നിന്നുള്ള വാക്കു കള്‍. കഠിനമായ പദപ്രയോഗങ്ങളോ ദുര്‍ഗ്രഹങ്ങളായ ആശയങ്ങളോ പിതാവിന്റെ എഴുത്തിലോ പ്രസംഗത്തിലോ സംഭാഷണത്തിലോ കടന്നുവരാറില്ല. ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളില്‍നിന്നും പിന്നിട്ട വഴികളില്‍നിന്നും നേടിയെടുത്ത നിഷ്കളങ്കതയും ഗ്രാമശുദ്ധിയും പിതാവിന്റെ ജീവിതത്തിലുണ്ട്. റാഫേല്‍ എന്ന പേരു സൂചിപ്പിക്കുന്നതുപോലെ ദൈവത്തിന്റെ സൗഖ്യദായകനായി എല്ലാവരുടെയും കൂടെനടക്കാനും തന്നെ സമീപിക്കുന്നവരെയും കണ്ടുമുട്ടുന്നവരെയും ദൈവം നല്കുന്ന സൗഖ്യത്തിന്റെ അനുഭവത്തിലേക്കു നയിക്കുന്നതിനും പിതാവിനു കഴിയുന്നു.
ആശംസകള്‍!
ദൈവത്തിന്റെ തിരഞ്ഞെടുപ്പുകള്‍ എന്നും അതിശയകരമാണ്. ലോകദൃഷ്ടിയില്‍ സാധാരണക്കാരെ തിരഞ്ഞെടുത്ത് അവരെ അഭിഷേകംചെയ്തു തന്റെ മഹത്തായ ശുശ്രൂഷയില്‍ ഭാഗഭാക്കാക്കുന്ന ഈശോയുടെ മാജിക് സഭയുടെ ആരംഭംമുതല്‍ നാം കാണുന്നുണ്ട്. ഇന്നും ഈശോ തുടര്‍ന്നുപോരുന്ന ആ മാജിക്കിന്റെ ഭാഗമാണ് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. മനുഷ്യര്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന് ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും ( 1 സാമു 16:7). അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ കടന്നുപോയ എഴുപത് വര്‍ഷങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നാം തിരിച്ചറിയുന്നതും അതുതന്നെയാണ്. സീറോമലബാര്‍ സഭയുടെ അമരക്കാരനായി ദൈവം കണ്ടെത്തിയ വലിയ ഇടയനെ തന്റെ നന്മകളാല് കാരുണ്യവാനായ ദൈവം ഇനിയും നിറയ്ക്കട്ടെ എന്ന് ആശംസിക്കുന്നു.


