വ്യക്തിബന്ധങ്ങളില്‍ അടിസ്ഥാനമായി ഉണ്ടായിരിക്കേണ്ടതും പരസ്പരം ആഗ്രഹിക്കുന്നതുമായ പൊതുകാര്യങ്ങളുണ്ട്. ആദരിക്കപ്പെടുക, അംഗീകരിക്കപ്പെടുക. വ്യക്തികളെന്ന നിലയില്‍ എല്ലാവരുടെയും അവകാശം കൂടിയാണ് ഇവ.
അംഗീകരിച്ചുകഴിയുമ്പോള്‍ സ്വഭാവികമായി സംഭവിക്കുന്നതാണ് ആദരവ്. ഒരാളെ അംഗീകരിക്കാന്‍ അയാള്‍ എല്ലാം തികഞ്ഞ, യാതൊരു കുറവുകളുമില്ലാത്ത വ്യക്തിയായിരിക്കണം എന്നില്ല. കുറവുകളോടുകൂടി അംഗീകരിക്കാന്‍ കഴിയുക എന്നതാണ് വ്യക്തിബന്ധങ്ങളില്‍ നേരിടുന്ന വലിയൊരു വെല്ലുവിളി.
സുഹൃദ്ബന്ധങ്ങളില്‍, ഔദ്യോഗികബന്ധങ്ങളില്‍, അയല്‍ബന്ധങ്ങളിലെല്ലാം ഇതേറെ പ്രധാനപ്പെട്ടതാണ്. അങ്ങനെയെങ്കില്‍ വിവാഹം എന്ന ബന്ധത്തില്‍ ഇതെത്രത്തോളം പ്രധാനപ്പെട്ടതായിരിക്കും. കാരണം മറ്റൊരു ബന്ധവും പോലെയല്ല വിവാഹം. അതൊരു ഉടമ്പടിയാണ്,വാഗ്ദാനമാണ്. ജീവിതകാലം മുഴുവന്‍ രണ്ടിലൊരാളുടെ മരണം വരെ നിലനിന്നുപോരുമെന്ന് വിശ്വസിക്കുന്ന ബന്ധം. ആ ബന്ധം ഏറ്റവും വിവേകത്തോടെയും കരുതലോടെയുമായിരിക്കണം കകാര്യം ചെയ്യേണ്ടത്.
സുഗമമായ ദാമ്പത്യയാത്രയില്‍ ദമ്പതികള്‍ ഏറ്റവും കരുതലോടെ ഉപയോഗിക്കേണ്ടതാണ് വാക്കുകള്‍. സമര്‍ത്ഥനും മാന്യനുമായ ഡ്രൈവറുടെ ജാഗ്രത ദമ്പതികള്‍ക്കുണ്ടായിരിക്കണം. മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം കൊടുക്കുക.വാഹനങ്ങളുമായികൂട്ടിമുട്ടാതിരിക്കുക. ഉരസലുകള്‍സംഭവിക്കാതെ നോക്കുക. തന്റെയും വാഹനത്തിലുള്ളവരുടെയും ജീവനും സ്വത്തും സുരക്ഷിതമാക്കുക. ഇതൊക്കെയാണല്ലോ മാന്യനായ ഡ്രൈവര്‍ ചെയ്യേണ്ടത്. ഇതുതന്നെയാണ് ദമ്പതികളും ചെയ്യേണ്ടത്.
വാക്കുകളില്‍ തട്ടിത്തടഞ്ഞും മുറിഞ്ഞുമാണ് പല ദാമ്പത്യങ്ങള്‍ക്കും പരിക്കേല്ക്കുന്നത്. മോശമായി പ്രയോഗിക്കുന്ന വാക്കുകള്‍ പരസ്പരാദരവ് നഷ്ടപ്പെടുത്തും. ഇണയെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ് അതിലൂടെ വ്യക്തമാകുന്നത്.
ദമ്പതികള്‍ ഉപയോഗിക്കുന്ന രണ്ടു വാചകങ്ങള്‍ പരിശോധിക്കാംഭാര്യ ഭര്‍ത്താവിനെ നോക്കി കഴിവുകെട്ടവന്‍ എന്ന് പറയുന്നതായി വിചാരിക്കൂ. അതുപോലെ ഭര്‍ത്താവ് ഭാര്യയെ നോക്കി നിന്നെക്കൊണ്ട് എന്തിന് കൊള്ളാം എന്ന് ചോദിക്കുന്നുവെന്നും. രണ്ടിടത്തും വ്യക്തികളുടെ ആത്മാഭിമാനത്തിനാണ് മുറിവേല്ക്കുന്നത്.
കഴിവുകെട്ടവന്‍ എന്ന പ്രയോഗത്തെ തന്റെ ലൈംഗികതയുമായി കൂടി ബന്ധപ്പെടുത്തി എഴുതാപ്പുറം വായിക്കാനുള്ള പ്രവണത പുരുഷന്മാര്‍ക്കെല്ലാമുണ്ട്. അതുകൊണ്ടുതന്നെ ശാരീരികമായും മാനസികമായും അതവരെ തകര്‍ത്തുകളയുന്നുണ്ട്. ഒരു പക്ഷേ ഭാര്യ വിചാരിക്കുന്നത് തീരുമാനങ്ങള്‍ നടപ്പിലാക്കാനോ കുറെക്കൂടി സാമ്പത്തികഭദ്രതയോടെ കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോവാനോ സ്മാര്‍ട്ട് ആയി പെരുമാറാനോ ഭര്‍ത്താവിനുള്ള സിദ്ധിയില്ലായ്മയായിരിക്കാം. എന്നാല്‍ ഉദ്ദേശിച്ചതിന്റെ വിപരീതമായ ഫലമായിരിക്കും ആ പ്രയോഗം ഭര്‍ത്താവിലുണ്ടാക്കുന്നത്.വാക്കുപയോഗിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക. പറയുന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനിക്കെന്തായിരിക്കും തോന്നുക.? അതുതന്നെയല്ലേ മറ്റെയാള്‍ക്കും അനുഭവപ്പെടുന്നത്?
നിന്നെക്കൊണ്ട് എന്തിന് കൊള്ളാം എന്ന ചോദ്യത്തിന് മുമ്പില്‍ പല ഭാര്യമാരുടെയും കഴിവുമുഴുവന്‍ ചോര്‍ന്നുപോകാറുണ്ട്. താനൊരു വിലയില്ലാത്ത വസ്തുവായി മാറിയിരിക്കുന്നുവെന്ന ചിന്തയാണ് അതവളില്‍ ഏല്പിക്കുന്നത്. ഏതെങ്കിലും തരത്തില്‍ അപകര്‍ഷത ചുമന്നുജീവിക്കുന്ന ആളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
പങ്കാളിയെ തിരുത്തേണ്ട സാഹചര്യങ്ങള്‍ ജീവിതത്തില്‍ തീര്‍ച്ചയായും കടന്നുവരാം. എന്നാല്‍ അതൊരിക്കലും ആത്മാഭിമാനത്തെ മുറിപ്പെടുത്തിക്കൊണ്ടോ കുറ്റബോധം സൃഷ്ടിച്ചുകൊണ്ടോ ആയിരിക്കരുത്. എവിടെയോ വായിച്ചുകേട്ട ഒരു ചൊല്ലുണ്ട് ഈ ലോകത്ത് വാക്കിലൂടെയാണ് സംഘര്‍ഷങ്ങളെല്ലാം രൂപപ്പെട്ടിരിക്കുന്നത്. യുദ്ധങ്ങളുടെയും പരാജയങ്ങളുടെയും അപമാനങ്ങളുടെയുമെല്ലാം തുടക്കം ഒരു വാക്കില്‍ നിന്നായിരുന്നു. വിജയങ്ങളുടെയും അംഗീകാരങ്ങളുടെയും നേട്ടങ്ങളുടെയും തുടക്കവും വാക്കില്‍ നിന്നത്രെ. എതിര്‍ഭാഗത്തു മാത്രം തെറ്റും സ്വന്തംഭാഗത്ത് മുഴുവന്‍ ന്യായവും എന്ന മട്ടിലുള്ള വിധിപ്രസ്താവങ്ങള്‍ ദാമ്പത്യത്തെ ഗുരുതരമാക്കും. വിധിപ്രസ്താവങ്ങളല്ല അനുരഞ്ജനങ്ങളും സഹിഷ്ണുതയുമാണ് ദാമ്പത്യത്തിലുണ്ടാവേണ്ടത്
ലോകം മുഴുവന്‍ കുറ്റം പറഞ്ഞാലും പരിഹസിച്ചാലും തന്റെ പങ്കാളിയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് ഒരു വ്യക്തിക്ക് കരുത്തായി മാറുന്നത്. ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ അത് ഏറെ സഹായകരമാകും.അതായത് കുടുംബത്തില്‍ നി്്ന്നു കിട്ടുന്ന, ജീവിതപങ്കാളിയില്‍ നിന്ന് കിട്ടുന്ന പരിഗണനയോളം വരില്ല മറ്റൊന്നും. അതുപോലെ അവരില്‍ നിന്നുള്ള കിട്ടുന്ന അവഗണനയോളംവരില്ല മറ്റൊരു മുറിവും.
തന്നെ പങ്കാളി അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്നാണ് ഭര്‍ത്താക്കന്മാര്‍ ആഗ്രഹിക്കുന്നത്. പൊതുവെ ആണ്‍സഹജമായ പ്രത്യേകതയാവാം അത്. തന്റെ നേതൃത്വം, മേല്‍ക്കോയ്മ ഇതെല്ലാം അംഗീകരിക്കപ്പെടുന്നുവെന്നത് ഭര്‍ത്താക്കന്മാരെ പൊതുവെ സന്തോഷിപ്പിക്കുന്നുണ്ട്. പ്രശംസിക്കപ്പെടണമെന്നാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. പുതിയൊരുഡ്രസ് ധരിച്ചാല്‍, ആഭരണം ധരിച്ചാല്‍, പാചകം ചെയ്താല്‍ അതിനെല്ലാം നല്ല പ്രതികരണമാണ് അവളാഗ്രഹിക്കുന്നത്. കോലേല്‍ തുണി ചുറ്റിയതുപോലെയുണ്ടെന്നോ പന്നിയുടെ മൂക്കുത്തിപോലെയെന്നോ വായില്‍ വച്ച് തിന്നാന്‍ കൊള്ളില്ലെന്നോ ഒക്കെ പറഞ്ഞുകേള്‍ക്കുമ്പോള്‍ അത് ഭാര്യയിലേല്പിക്കുന്ന ആഘാതങ്ങള്‍ ചിന്തിക്കാന്‍ പോലുമാവില്ല.
ഭാര്യയുടെ വികാരങ്ങളെ മാനിക്കുക, അവ സമര്‍ത്ഥമായി കൈകാര്യം ചെയ്യുക. ഭര്‍ത്താവിന്റെ കഴിവുകളെ അംഗീകരിക്കുക. പ്രോത്സാഹിപ്പിക്കുക. ഒരാള്‍ മാത്രം വളര്‍ന്നാല്‍ പോരാ..ഒരാളെ മാത്രം വളര്‍ത്തിയാല്‍ പോരാ. വളരുകയും വളര്‍ത്തുകയും വേണം.
ലോകം മുഴുുവന്‍ ഒന്നടങ്കം നിന്ന് പ്രശംസിച്ചാലും അതിനെക്കാള്‍ വലിയ നേട്ടമായിരിക്കും ജീവിതപങ്കാളി പറയുന്ന ഒരു നല്ലവാക്കിന്.
കാരണം ലോകം കാണുന്നത് നിങ്ങളുടെ നല്ല വശം മാത്രമാണ്. നിങ്ങളുടെ കഴിവ് മാത്രമാണ്.പക്ഷേ ജീവിതപങ്കാളിയാകട്ടെ നിങ്ങളുടെ കഴിവും കഴിവുകേടും മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് ജീവിതപങ്കാളിയാണ്. നിങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ജീവിതപങ്കാളിയാലാണ്. അതുകൊണ്ട് നല്ല വാക്കുകള്‍ പരസ്പരം പറയുക.പരസ്പരം ഭാരങ്ങള്‍ വഹിക്കുന്നവരാകുക. നല്ലവാക്കിന്റെ പറുദീസ തീര്‍ത്ത് ഗൂണകരമായ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ വിളിക്കപ്പെട്ടവരാണ് ദമ്പതികളെന്ന് മനസ്സിലാക്കുക. ഒരിക്കലും വാക്കിന്റെ കൂര്‍ത്ത മുനയില്‍ കോര്‍ത്ത് ചോര കിനിയാന്‍ ഇടവരുത്തരുത്.
വിനായക് നിർമ്മൽ


