തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ മക്കള്‍ ആകാത്തതും അനുസരണക്കേടു കാട്ടി അവര്‍ തങ്ങളില്‍ നിന്ന് അകന്നുപോകുന്നതും ഏതൊരു അപ്പന്റെയും അമ്മയുടെയും ഹൃദയത്തിലെ വേദനയാണ്. മക്കള്‍ തെറ്റു ചെയ്തുവെന്ന് അറിയുമ്പോള്‍ പൊട്ടിത്തെറിക്കുന്നവരും ശിക്ഷിക്കുന്നവരുമാണ് ഭൂരിപക്ഷം മാതാപിതാക്കളും. എന്നാല്‍ യഥാര്‍ഥ പേരന്റിംങ് രീതി അതല്ല എന്നാണ് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പറയുന്നത്.
നിരവധി യുവജനങ്ങളെ നേര്‍വഴിയിലൂടെ നയിച്ച വിശുദ്ധന്‍ ശിക്ഷയിലൂടെയല്ല സ്‌നേഹത്തിലൂടെയാണ് പരിവര്‍ത്തനം സൃഷ്ടിക്കേണ്ടത് എന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു. മാതാപിതാക്കള്‍ സ്‌നേഹിക്കുന്നുണ്ടെന്ന് മക്കള്‍ക്ക് മനസിലാകുമ്പോള്‍ മാത്രമേ നല്കുന്ന ശിക്ഷ പോലും മക്കള്‍ക്ക് ചികിത്സയായി മാറുകയുള്ളൂ. മാതാപിതാക്കള്‍ സ്‌നേഹിക്കുന്നില്ല എന്ന് വിചാരിക്കുന്ന ഒരു കുട്ടിക്ക് മാതാപിതാക്കളുടെ ശിക്ഷ ദ്രോഹമായിട്ടാണ് അനുഭവപ്പെടുന്നത്.
മക്കളുടെ കുരുത്തക്കേടിന് അവരെ ശാരീരികമായി ഉപദ്രവിക്കുന്നവരാണ് പല മാതാപിതാക്കളും. എന്നാല്‍ ഡോണ്‍ ബോസ്‌ക്കോ ഈ രീതിക്ക് എതിരായിരുന്നു. ശാരീരികമായി ശിക്ഷിക്കുന്ന രീതിയെ വിശുദ്ധന്‍ പൂര്‍ണമായും എതിര്‍ത്തു. അത് കുട്ടിയുടെ ആത്മവിശ്വാസവും ആത്മാഭിമാനവും തകര്‍ക്കും എന്നായിരുന്നു വിശുദ്ധന്റെ നിരീക്ഷണം. ഹൃദയം വേദനിപ്പിക്കുന്ന ശിക്ഷകള്‍ കൊണ്ട് ആത്മാവ് വിശുദ്ധീകരിക്കപ്പെടില്ല എന്ന് ഡോണ്‍ബോസ്‌ക്കോ വിശ്വസിച്ചു. ശിക്ഷയെക്കാള്‍ സംഭാഷണമാണ് ഗുണകരം എന്ന ആശയമാണ് മറ്റൊന്ന്. കുട്ടിയോട് സംസാരിക്കുക നീയെന്തുകൊണ്ട് ഇങ്ങനെ ചെയ്തു, അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കുറ്റത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ കുറ്റം ചെയ്യാനിടയായ കാരണം അന്വേഷിക്കുക. ഇത് കുട്ടിയെ തിരുത്താന്‍ സഹായകരമാകുമത്രെ.
കുട്ടി തെറ്റു ചെയ്തുവെന്നിരിക്കട്ടെ പക്ഷേ അതിന്റെ ശാസന പരസ്യമാകരുത് രഹസ്യമായിരിക്കണം. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുട്ടിയെ ശാസിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. വ്യക്തിത്വം തന്നെ വികലമായിപോകാന്‍ അതു കാരണമാകും. കുട്ടികള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നവരാണ്. വീഴും, എണീല്ക്കും. പക്ഷേ അവരെ തള്ളിക്കളയാതിരിക്കുക. മാതാപിതാക്കള്‍ അവരോട് തന്നെ ചോദിക്കുക എത്രയോ തവണ വീണുപോയിട്ടുള്ളവരാണ് നമ്മള്‍. അതിനെക്കാള്‍ കുറ്റവിമുക്തരല്ലേ നമ്മുടെ മക്കള്‍?
മക്കളുടെ പിഴവുകളെ പ്രതി അവരിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്താതിരിക്കുക. വിശ്വാസത്തോടെ അവരെ ദൈവകൃപയിലാശ്രയിച്ച് കൈപിടിച്ചുയര്‍ത്തുക. കുട്ടികളെ ദൈവത്തിലേക്ക് നയിക്കുകയാണ് മറ്റൊരു മാര്‍ഗം. അതിനായി പ്രാര്‍ഥന ശീലമാക്കുക. പ്രാര്‍ഥനയില്‍ വിശ്വസിക്കാന്‍ മക്കളെ പ്രേരിപ്പിക്കുക. ഇതിനെക്കാളെല്ലാം പ്രധാനപ്പെട്ടതാണ് മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതം. മക്കള്‍ക്കു മുമ്പില്‍ മാതൃകയോടെ ജീവിക്കാന്‍ ശ്രമിക്കണം. വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നു.


