പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക് ചുവടുവെക്കുന്ന എല്ലാ പ്രിയപ്പെട്ട കുട്ടികള്‍ക്കും, അവരെ അറിവിന്റെ ലോകത്തിലേക്ക് നയിക്കുന്ന അധ്യാപകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പ്രാര്‍ഥനകളും ആശംസകളും ആദ്യമേ നേരുന്നു.
‘ഒരു കുട്ടിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവനെ ചിന്തിക്കാന്‍ പഠിപ്പിക്കുക എന്നതാണ്’ എന്ന ചിന്ത മുന്‍നിര്‍ത്തി വേണം നാം ഈ അധ്യയന വര്‍ഷത്തെ വരവേല്‍ക്കേണ്ടത്. കാരണം, വിദ്യാഭ്യാസം എന്നത് കേവലം അക്ഷരങ്ങള്‍ പഠിക്കുന്നതിലോ ഉയര്‍ന്ന മാര്‍ക്കുകള്‍ നേടുന്നതിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല; അത് വ്യക്തിത്വ രൂപീകരണത്തിന്റെയും നന്മയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന്റെയും വലിയൊരു പ്രക്രിയയാണ്. കേവലമായ വിവരശേഖരണത്തിനപ്പുറം, നന്മയും കരുണയും നീതിബോധവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് നമ്മുടെ വിദ്യാഭ്യാസം ലക്ഷ്യമിടേണ്ടത്. അപരനെ ബഹുമാനിക്കാനും, പ്രകൃതിയെ സ്‌നേഹിക്കാനും, സഹജീവികളോട് അനുകമ്പ കാണിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഇന്നത്തെ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ്. പരീക്ഷയിലെ റാങ്കുകളേക്കാള്‍ പ്രധാനം ജീവിതത്തിലെ നന്മയാണെന്ന് നാം തിരിച്ചറിയണം. വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നതുപോലെ, ‘ജ്ഞാനത്തിന്റെ ആരംഭം ദൈവഭയമാണ്; പരിശുദ്ധനായവനെ അറിയുന്നതാണ് വിവേകം’ ഈ ദൈവഭയത്തിലും ദൈവാവബോധത്തിലുമാണ് നമ്മുടെ കുട്ടികള്‍ വളരേണ്ടത്.
മികച്ച അക്കാദമിക നിലവാരത്തോടൊപ്പം തന്നെ ഇന്നത്തെ കുട്ടികളില്‍ ഉത്തരവാദിത്തമുള്ള പൗരബോധം വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിദ്യാലയങ്ങള്‍ കേവലം പാഠപുസ്തകങ്ങള്‍ പഠിക്കുന്ന ഇടങ്ങളല്ല, മറിച്ച് സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ്. പൊതുമുതല്‍ സംരക്ഷിക്കാനും, നിയമങ്ങളെ അനുസരിക്കാനും, പരിസരം ശുചിയായി സൂക്ഷിക്കാനും, സ്വന്തം അവകാശങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെ അവകാശങ്ങളെക്കൂടി മാനിക്കാനും നമ്മുടെ കുട്ടികള്‍ക്ക് സാധിക്കണം. നാളത്തെ രാജ്യത്തെ കെട്ടിപ്പടുക്കേണ്ടത് ഇന്നത്തെ വിദ്യാലയമുറികളിലാണ്. അതുകൊണ്ട് തന്നെ സ്വാര്‍ത്ഥതയില്ലാത്ത, സമൂഹത്തോട് പ്രതിബദ്ധതയുള്ള നല്ല പൗരന്മാരായി നമ്മുടെ കുട്ടികളെ വളര്‍ത്താന്‍ അധ്യാപകരും മാതാപിതാക്കളും പ്രത്യേക ശ്രദ്ധ ചെലുത്തണം.
കേരളത്തെ ഇന്നത്തെപ്പോലെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നതിയിലെത്തിക്കുന്നതില്‍ കത്തോലിക്കാ സഭ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ‘പള്ളിക്കൂടങ്ങള്‍’ എന്ന വിപ്ലവകരമായ ആശയം പ്രാവര്‍ത്തികമാക്കിക്കൊണ്ട്, ജാതിമതസാമൂഹിക ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അറിവിന്റെ വെളിച്ചം പകര്‍ന്നുനല്‍കാന്‍ സഭയ്ക കഴിഞ്ഞു. ഒരുകാലത്ത് വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്തുകൊണ്ട്, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെപ്പോലെയുള്ള പുണ്യാത്മാക്കള്‍ തെളിച്ച ആ ദീപം കേരളത്തിന്റെ സാക്ഷരതാ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്. ഈ മഹത്തായ പൈതൃകം നെഞ്ചേറ്റിക്കൊണ്ടാണ് ഇന്നും നമ്മുടെ വിദ്യാലയങ്ങള്‍ മുന്നോട്ട് പോകുന്നത്. പ്രശസ്ത തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ പറഞ്ഞതുപോലെ, ‘ഹൃദയത്തെ വിദ്യ അഭ്യസിപ്പിക്കാതെയുള്ള മസ്തിഷ്‌കത്തിന്റെ വിദ്യാഭ്യാസം യഥാര്‍ഥത്തില്‍ വിദ്യാഭ്യാസമേയല്ല.’ ഈ സന്ദേശം ഉള്‍ക്കൊണ്ട് കുട്ടികളുടെ ഹൃദയ നന്മയ്ക്കായിരിക്കണം നാം മുന്‍ഗണന നല്‍കേണ്ടത്.
വിദ്യാഭ്യാസ രംഗത്തെ വിജയം എന്നത് വിദ്യാര്‍ഥി, അധ്യാപകന്‍, മാതാപിതാക്കള്‍, മാനേജ്‌മെന്റ് എന്നീ നാല് ഘടകങ്ങളുടെ പരസ്പര പൂരകമായ ചതുര്‍മുഖ സൗഹൃദത്തിലാണ് നിലകൊള്ളുന്നത്. മാതാപിതാക്കള്‍ കുട്ടികളുടെ ആദ്യത്തെ ഗുരുക്കന്മാരാണ്. അധ്യാപകര്‍ മാതാപിതാക്കളുടെ വാത്സല്യത്തോടെ വിദ്യാലയങ്ങളില്‍ കുട്ടികളെ വഴികാട്ടണം. അധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള സജീവമായ ആശയവിനിമയവും, അതിന് എല്ലാ പിന്തുണയും നല്‍കുന്ന മാനേജ്‌മെന്റും ചേരുമ്പോഴാണ് ഒരു വിദ്യാര്‍ഥിക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ലഭിക്കുന്നത്. ‘കുട്ടിയെ അവന്‍ നടക്കേണ്ട വഴിയില്‍ വളര്‍ത്തുക; വാര്‍ദ്ധക്യത്തില്‍ പോലും അവന്‍ അത് വിട്ടുമാറുകയില്ല’ എന്ന ബൈബിള്‍ വചനം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ മാര്‍ഗ്ഗരേഖയാകണം.
സ്‌നേഹം, സമാധാനം, ക്ഷമ, സേവനസന്നദ്ധത എന്നീ ക്രിസ്തീയ മൂല്യങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിത്തറ. യേശുക്രിസ്തു എന്ന മഹാഗുരുവിനെ മാതൃകയാക്കിക്കൊണ്ട്, വിദ്യാലയങ്ങളെ വെറും കോച്ചിംഗ് സെന്ററുകളാക്കാതെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തണല്‍മരങ്ങളാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. തോല്‍വികളില്‍ തളരാതെ മുന്നേറാനും, സഹപാഠികളെ ശത്രുക്കളായല്ല സഹോദരങ്ങളായി കാണാനും കുട്ടികളെ പഠിപ്പിക്കുന്നത് ഈ ക്രിസ്തീയ പശ്ചാത്തലമാണ്.
ഈ പുതിയ അധ്യയന വര്‍ഷം നമ്മുടെ എല്ലാ വിദ്യാലയങ്ങള്‍ക്കും, കുട്ടികള്‍ക്കും അറിവിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും നല്ല നാളുകളായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. വിജ്ഞാനത്തിന്റെ സിംഹാസനമായ പരിശുദ്ധ കന്യാമറിയത്തിന്റെ മദ്ധ്യസ്ഥം ഏവര്‍ക്കും കോട്ടയായിരിക്കട്ടെ.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ


