പാലസ്തീനായിലെ നെയോപ്പോളീസില്‍ ഒരു വിജാതീയ കുടുംബത്തില്‍ ക്രിസ്തുവര്‍ഷം 100 ല്‍ ജനിച്ച ജസ്റ്റിന്‍, സത്യാന്വേഷണത്തിന്റെ ഭാഗമായി സ്‌റ്റോയിക് പ്‌ളേറ്റോണിക് തത്വശാസ്ത്രചിന്താധാരകളില്‍ പരിശീലനം നേടി. എന്നാല്‍ ഇതില്‍ സംതൃപ്തി ലഭിക്കാതിരുന്ന അദ്ദേഹം വിശുദ്ധ ഗ്രന്ഥ പഠനത്തിലേക്ക് തിരിഞ്ഞു. അത് അദ്ദേഹത്തെ ക്രിസ്തുമതത്തില്‍ എത്തിച്ചു. ക്രിസ്തുവര്‍ഷം 132 ല്‍ എഫേസൂസില്‍ വച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച അദ്ദേഹം തുടര്‍ന്ന് ഈ പുതിയ തത്വശാസ്ത്രം (ക്രിസ്തീയ വിശ്വാസം) മറ്റുള്ളവരെയും പഠിപ്പിക്കുന്നതിനായി പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്ത് റോമില്‍ എത്തി ഒരു ദൈവശാസ്ത്ര വിദ്യാക്ഷേത്രം ആരംഭിച്ചു. എന്നാല്‍ റോമില്‍ ക്രൈസ്്തവവിശ്വാസം പ്രചരിപ്പിച്ചതിന്റെ പേരില്‍ റോമന്‍ പ്രീഫെക്ടിന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട അദ്ദേഹം തന്റെ ആറു സഹപ്രവര്‍ത്തകരോടൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ക്രിസ്തുവര്‍ഷം 165 ല്‍ ശിരച്ഛേദം ചെയ്യപ്പെട്ട് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ‘ വി. ജസ്റ്റിന്റെയും സഹപ്രവര്‍ത്തകരുടെയും രക്തസാക്ഷിത്വം’
( Martyrium Sancti Jusini et Sociorum ) എന്ന പ്രാചീനഗ്രന്ഥം അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ വിശദമായി അവതരിപ്പിക്കുന്നുണ്ട്.
വി. ജസ്റ്റിന്റെ രചനകളുടെ ഒരു നീണ്ട പട്ടിക വി.ജെറോം തന്റെ മഹത് വ്യക്തികളെക്കുറിച്ച് ( De Viris Illustribus ) എന്ന ഗ്രന്ഥത്തില്‍ ( DVI 23 ) നല്കുന്നുണ്ടെങ്കിലും, ക്രിസ്ത്യാനികളെ കാരണമില്ലാതെ പീഡിപ്പിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ചക്രവര്‍ത്തി അന്തോണിയസ് പയസിനും റോമന്‍ സെനറ്റിനും എഴുതിയ രണ്ടു അപ്പോളജികളും യഹൂദ വിശ്വാസത്തിന്മേല്‍ ക്രൈസ്തവവിശ്വാസത്തിന്റെ ശ്രേഷ്ഠത സ്ഥാപിക്കുന്ന ട്രീഫോയ്ക്കുള്ള കത്തുമാണ് ഏറ്റവും ശ്രദ്ധേയ കൃതികളായി അറിയപ്പെടുന്നത്.
തത്വശാസ്ത്രം ദൈവശാസ്ത്രത്തിലേക്കുള്ള ചൂണ്ടുപലകയാണെന്ന് സ്വന്തജീവിതത്തില്‍ തിരിച്ചറിഞ്ഞ അദ്ദേഹം ‘ലോഗോസ് സ്‌പെര്‍മാറ്റിക്കോസ്’ എന്ന ആശയത്തിലൂടെ ഈ പരസ്പരബന്ധത്തെ വിശദീകരിക്കുന്നു. വചനമായ ദൈവം ഒരു വിത്തിന്റെ രൂപത്തില്‍ പഴയനിയമ പ്രവാചകരിലും ഗ്രീക്കുതത്വചിന്തകരില്‍ പോലും ഉണ്ടായിരുന്നു എന്നും അതിന്റെ പൂര്‍ണ്ണത ഈശോമിശിഹായാണെന്നും’ അദ്ദേഹം വ്യക്തമാക്കി.
വിശ്വാസപ്രഘോഷണത്തിനും വിശ്വാസസംരക്ഷണത്തിനുമായി ജീവന്‍ ബലിനല്കിയ അദ്ദേഹം ഗ്രീക്കു വിശ്വാസസംരക്ഷക പിതാക്കന്മാരില്‍ പ്രധാനിയായി സഭയില്‍ അംഗീകരിക്കപ്പെടുന്നു.
റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം



