ദൈവഹിതമറിയാന്‍ കുറിയിടാമോ? അപ്പസ്‌തോലന്മാരുടെ നറുക്കിടലും സഭാപാരമ്പര്യവും!

Published on

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധ മറിയത്തോടും മറ്റു സ്ത്രീകളോടുമൊപ്പം അപ്പസ്‌തോലന്മാര്‍ ജറുസലമിലെ സെഹിയോന്‍ ഊട്ടുശാലയില്‍ ഏകമനസ്സോടെ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. ആ സമയത്താണ് വിശ്വസ്തത പുലര്‍ത്താതെ പ്രേഷിതത്വം നഷ്ടപ്പെടുത്തി ആത്മഹത്യ ചെയ്ത യൂദാസിന് പകരം മറ്റൊരാളെ തിരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശം വി. പത്രോസ് മുന്നോട്ട് വെക്കുന്നത് (അപ്പ. 1:15- 21). അപ്പസ്‌തോലനാകുന്നതിന് രണ്ട് പ്രധാന ഉപാധികളാണ് പത്രോസ് ശ്ലീഹാ നിശ്ചയിച്ചത്:

1 ) യേശുവിന്റെ സ്‌നാപനപ്രസംഗം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ അവിടുത്തെ പരസ്യജീവിതത്തില്‍ കൂടെയുണ്ടായിരുന്നവനായിരിക്കണം.

2 ) യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷിയായിരിക്കണം.

ഈ യോഗ്യതകളുള്ള രണ്ടുപേര്‍ അവരുടെ ഇടയിലുണ്ടായിരുന്നു: മത്തിയാസും ജോസഫ് ബാര്‍സബാസും. എന്നാല്‍ ഇവരില്‍ നിന്ന് ആരെ തിരഞ്ഞെടുക്കണമെന്ന് നിശ്ചയിക്കാന്‍ അപ്പസ്‌തോലന്മാര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന്, അവര്‍ പ്രാര്‍ഥിച്ചുകൊണ്ട് നറുക്കിടുകയും കുറി മത്തിയാസിന് വീഴുകയും ചെയ്തു. അന്നുമുതല്‍ അദ്ദേഹം പന്ത്രണ്ടാമത്തെ അപ്പസ്‌തോലനായി എണ്ണപ്പെട്ടു (അപ്പ. 1:26).

പലരിലും ഉയരുന്ന ചില സംശയങ്ങളുണ്ട്: കുറിയിടല്‍ ദൈവഹിതം അറിയാനുള്ള യഥാര്‍ഥ മാര്‍ഗമാണോ? എന്തുകൊണ്ടാണ് ഇന്ന് സഭ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത്? മത്തിയാസിന്റെ തിരഞ്ഞെടുപ്പ് ദൈവഹിതപ്രകാരമായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കുള്ള ബൈബിള്‍ വിജ്ഞാനീയത്തില്‍നിന്നുള്ള ഉത്തരങ്ങള്‍ താഴെ പറയുന്നവയാണ്.

യേശു തന്റെ ശിഷ്യന്മാര്‍ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു: ‘നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയില്‍നിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ വിധിക്കുകയും ചെയ്യും’ (ലൂക്കാ 22:30). പന്ത്രണ്ട് എന്ന സംഖ്യ ഇസ്രായേല്‍ ഗോത്രങ്ങളുടെ പൂര്‍ണ്ണതയെയാണ് സൂചിപ്പിക്കുന്നത്. പെന്തക്കോസ്ത് നാളില്‍ പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ സഭയുടെ ഔദ്യോഗിക മിഷനറി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതിന് മുന്‍പ്, ഈ അംഗസംഖ്യ വീണ്ടും പന്ത്രണ്ടാക്കി ഉയര്‍ത്തേണ്ടത് സഭയുടെ ഘടനയ്ക്ക് ആവശ്യമായിരുന്നു.

എന്തുകൊണ്ട് യൂദാസിന് മാത്രം പകരക്കാരന്‍?

ഇവിടെ ഒരു ചോദ്യമുയരാം: പിന്നീട് സെബദിപുത്രനായ യാക്കോബ് ശ്ലീഹാ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ (അപ്പ. 12:2) എന്തുകൊണ്ട് പകരക്കാരനെ കണ്ടെത്തിയില്ല? കാരണം, യാക്കോബ് ശ്ലീഹാ മരണം വരെ ക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്തിയവനാണ്. അപ്പസ്‌തോലന്മാര്‍ മരിച്ചവരുടെ ഉയിര്‍പ്പില്‍ വിശ്വസിച്ചിരുന്നതിനാല്‍, സ്വര്‍ഗീയ സിംഹാസനത്തില്‍ യാക്കോബിന്റെ സ്ഥാനം സുരക്ഷിതമാണെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ യൂദാസ് ഗുരുവിനെ ഒറ്റിക്കൊടുക്കുകയും ആത്മഹത്യ വഴി തന്റെ അപ്പസ്‌തോലിക പദവി (കൂട്ടായ്മ) നഷ്ടപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് യൂദാസിന്റെ സിംഹാസനത്തിലേക്ക് മറ്റൊരു പകരക്കാരന്‍ അനിവാര്യമായിത്തീര്‍ന്നത്.

പഴയനിയമത്തിലെ നറുക്കിടല്‍ പാരമ്പര്യം

വേദപുസ്തക ചരിത്രത്തില്‍ നറുക്കിടല്‍ എന്നത് കേവലമൊരു ഭാഗ്യപരീക്ഷണമല്ലായിരുന്നു; മറിച്ച് ദൈവഹിതം മനസ്സിലാക്കാനുള്ള ഒരു വിശുദ്ധ മാര്‍ഗമായിരുന്നു. പ്രത്യേകിച്ച് പ്രവാചകന്മാരുടെ സാന്നിധ്യം ഇല്ലാതിരുന്ന കാലഘട്ടങ്ങളില്‍ ഇസ്രായേല്‍ ജനത ഈ രീതി അവലംബിച്ചിരുന്നു.

പാപപരിഹാരബലി: ബലിയര്‍പ്പിക്കേണ്ട ആടുകളെ നിശ്ചയിച്ചിരുന്നത് നറുക്കിട്ടായിരുന്നു (ലേവ്യര്‍ 16:8).

ദേശവിഭജനം: ജോഷ്വ ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് ദേശം വിഭജിച്ചു നല്‍കിയത് കര്‍ത്താവിന്റെ മുന്‍പില്‍ നറുക്കിട്ടാണ് (ജോഷ്വ 18:10).

പ്രവാസാനന്തര കാലം: ബാബിലോണ്‍ പ്രവാസത്തിനു ശേഷം ജറുസലമിലേക്ക് മടങ്ങിയെത്തിയ ജനവും ദൈവഹിതത്തിനായി നറുക്കിട്ടു (നെഹമ്യാവ് 10:34).

നറുക്കിടലിന് പിന്നിലെ ആത്മീയരഹസ്യം സുഭാഷിതങ്ങളുടെ പുസ്തകം വ്യക്തമാക്കുന്നുണ്ട്:

‘തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ നറുക്കിടല്‍ സഹായിക്കുന്നു; അത് പ്രബലരായ പ്രതിയോഗികളെപ്പോലും തീരുമാനത്തിലെത്തിക്കുന്നു.’ (സുഭാഷിതങ്ങള്‍ 18:18). ‘കാര്യങ്ങള്‍ തീരുമാനിക്കാന്‍ മനുഷ്യര്‍ കുറിയിടുന്നു; എന്നാല്‍ അന്തിമമായ തീരുമാനം കര്‍ത്താവിന്റേതാണ്.’ (സുഭാഷിതങ്ങള്‍ 16:33).

അപ്പസ്‌തോലന്മാര്‍ പഴയനിയമ പ്രമാണങ്ങളെയും പാരമ്പര്യങ്ങളെയും ആഴത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ്, മനുഷ്യസാധ്യമായ വിവേചനത്തിനപ്പുറം ദൈവത്തിന്റെ മനസ്സ് അറിയാനായി അവര്‍ പ്രാര്‍ഥനയോടെ നറുക്കിട്ടത്. അതിനാല്‍ അവരുടെ ആ പ്രവൃത്തി പൂര്‍ണ്ണമായും നിയമാനുസൃതവും ശരിയുമായിരുന്നു.

ഇന്ന് സഭയില്‍ എന്തുകൊണ്ട് നറുക്കിടലില്ല?

അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ നറുക്കിടലിലൂടെ ഒരു തീരുമാനമെടുക്കുന്ന അവസാനത്തെ സംഭവം ഇതാണ്. ഒന്നാം അധ്യായത്തിന്റെ അവസാനം ഈ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, രണ്ടാം അധ്യായത്തിന്റെ ആരംഭത്തില്‍ സഭയിലേക്ക് പരിശുദ്ധാത്മാവ് അഗ്‌നിനാവുകളുടെ രൂപത്തില്‍ ഇറങ്ങിവരുന്നതായി നാം കാണുന്നു. പഴയനിയമ കാലത്ത് പ്രവാചകന്മാരില്ലാത്തപ്പോള്‍ ദൈവഹിതം തേടാന്‍ നറുക്കിട്ടിരുന്നെങ്കില്‍, പുതിയനിയമ സഭയില്‍ കര്‍ത്താവ് തന്റെ ‘പരിശുദ്ധാത്മാവിനെ’ തന്നെ സഭയ്ക്ക് തുണയായി നല്‍കി. പെന്തക്കോസ്ത് നാള്‍ മുതല്‍ പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നതും തീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നതും. അതുകൊണ്ടാണ് പില്‍ക്കാലത്ത് സഭയിലെ തീരുമാനങ്ങള്‍ ആത്മാവിന്റെ വെളിപ്പെടുത്തലുകളിലേക്ക് മാറിയത്:

‘ആത്മാവിന്റെ നിര്‍ദ്ദേശം എനിക്കുണ്ടായി…’ (അപ്പ. 11:12)

‘പരിശുദ്ധാത്മാവ് അവരോട് പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും എനിക്കായി മാറ്റിവെക്കുവിന്‍…’ (അപ്പ. 13:2)

‘പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി…’ (അപ്പ. 15:28)

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനും പെന്തക്കോസ്തിനും മധ്യേയുള്ള ആ പത്തു ദിവസങ്ങളില്‍ പരിശുദ്ധാത്മാവിന്റെ ഔദ്യോഗികമായ ആഗമനം നടക്കാതിരുന്നതിനാലാണ് ശ്ലീഹന്മാര്‍ പഴയനിയമ മാര്‍ഗ്ഗമായ നറുക്കിടല്‍ സ്വീകരിച്ചത്. ഇന്ന് പരിശുദ്ധാത്മാവിന്റെ സജീവ സാന്നിധ്യം സഭയിലുള്ളതിനാല്‍ ദൈവഹിതം തിരിച്ചറിയാന്‍ നമുക്ക് മറ്റ് ബാഹ്യമായ ഉപായങ്ങളുടെ ആവശ്യമില്ല.

ഉപസംഹാരം

നമുക്ക് ദൈവവുമായി നേരിട്ട് ബന്ധപ്പെടാനും അവിടുത്തെ തിരുച്ചിത്തം വിവേചിച്ചറിയാനും പരിശുദ്ധാത്മാവ് എപ്പോഴും നമ്മെ സഹായിക്കുന്നുണ്ട്. സഭാധികാരികളുടെ പ്രാര്‍ഥനയിലൂടെയും ആത്മീയ വിവേചനത്തിലൂടെയുമാണ് ഇന്ന് ദൈവം സഭയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. അതിനാല്‍, നമ്മെ നയിക്കുന്ന പരിശുദ്ധാത്മാവിനോട് നന്ദിയുള്ളവരായിരിക്കാനും ആത്മാവിന്റെ അദൃശ്യമായ ആന്തരിക സ്വരത്തിന് കാതോര്‍ത്ത് ജീവിക്കാനും നാം ബാധ്യസ്ഥരാണ്.

റവ. ഡോ. ടോം ഓലിക്കരോട്ട്

Latest Updates

POPULAR Views

FEATUERD Views

സത്യമായും ആത്മാവില്‍ ആരാധിക്കുന്ന സമയം (യോഹന്നാന്‍ 4 :24 )

ഈശോയും സമരിയക്കാരിയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്, 'പ്രോസ്‌ക്യുനേസൂസിന്‍...

സ്വര്‍ഗ്ഗം കൊള്ളയടിച്ചവന്‍

'സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും' (ലൂക്ക 23:43). ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാര്‍ക്കിടയില്‍ കിടന്നുകൊണ്ട് ഈശോ നടത്തിയ ഈ പ്രഖ്യാപനം വെറുമൊരു സാന്ത്വനവാക്കല്ല; മറിച്ച് കൃപയുടെയും വിശ്വാസത്തിന്റെയും അതീവ നിഗൂഢമായ ഒരു ദൈവശാസ്ത്രമാണ്. യേശുവിനെ എല്ലാവരും ഉപേക്ഷിച്ചുപോയ ആ നിമിഷത്തില്‍, ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വ്യക്തിയില്‍ നിന്ന് ഉയര്‍ന്നുവന്ന ആഴമേറിയ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലും, അതിന് മറുപടിയായി ലഭിച്ച നിത്യജീവന്റെ വാഗ്ദാനവും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്.

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...

വീണ്ടും ജനനമോ മുകളിൽ നിന്നുള്ള ജനനമോ?

യേശു പറഞ്ഞു: "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു; വീണ്ടും ജനിക്കുന്നില്ലെങ്കിൽ...