പെര്‍ഫോമന്‍സ് നോക്കി ഒരാള്‍ നല്ല പേരന്റ് ആണ് എന്ന് വിധിയെഴുതാനാവുമോ? മത്സരം നടത്തി ഒരു നല്ലപേരന്റിനെ കണ്ടെത്താന്‍ കഴിയുമോ? ഒരിക്കലുമില്ല. ചിലപ്പോള്‍ നല്ലൊരു പേരന്റ് ആണ് എന്ന് നമുക്ക് നമ്മെക്കുറിച്ചുതന്നെ വേണ്ടത്ര ബോധ്യമുണ്ടാവില്ല. കാരണം ഓരോ ദിവസവും ഏതെങ്കിലുമൊക്കെ ചില കാരണങ്ങളുടെ പേരില്‍ പേരന്റിംങില്‍ പരാജയപ്പെട്ടുപോകുന്നവരാണ് ഭൂരിപക്ഷവും. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കും മാനസികസമ്മര്‍ദ്ദങ്ങള്‍ക്കും അടിപ്പെട്ടും നാം പരാജയപ്പെട്ടുപോകുന്നുണ്ടാവാം. അതെന്തായാലും വിദഗ്ദര്‍ പറയുന്ന ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു പേരന്റ് ആയിരിക്കും
നിങ്ങളെ കാണുമ്പോള്‍ മക്കള്‍ അനുഭവിക്കുന്ന സുരക്ഷിതത്വം
ഏതുപ്രായത്തിലും നിങ്ങളെ കാണുമ്പോള്‍ മക്കള്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ വാക്കുകളും സാമീപ്യവും ഉപദേശവും ആശ്വാസം നല്കുന്നുണ്ടെ്ങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നല്ലൊരു പേരന്റ് ആണ്. ജേര്‍ണല്‍ ഓഫ് ഫാമിലി സൈക്കോളജി 2018 ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ സുരക്ഷിതത്വം അനുഭവിക്കുന്ന മക്കള്‍ക്ക് ടെന്‍ഷന്‍ കുറവാണെന്നാണ്.
തെറ്റുപറ്റുമ്പോള്‍ മാപ്പ് ചോദിക്കുന്ന ശീലം
മക്കള്‍ മാതാപിതാക്കളോട് പറയേണ്ടതു മാത്രമാണ് മാപ്പ് എന്ന് കരുതരുത്. മാതാപിതാക്കള്‍ക്ക് മക്കളോടും മാപ്പു പറയാം. കാരണം മനുഷ്യരെന്ന നിലയില്‍ അവര്‍ക്കും തെറ്റുപറ്റാം. മക്കളോട് അനുചിതമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടുണ്ടാവാം. അതിന് അവരോട് സോറി പറയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നല്ല പേരന്റ് ആണ്. മിസൗറിയൂണിവേഴ്‌സിറ്റിയില്‍ 2019 ല്‍ നടന്ന ഒരു പഠനം പറയുന്നത് മാപ്പുപറയുന്ന മാതാപിതാക്കളെ പരിചയമുള്ള മക്കള്‍ അതുവഴിയായി ക്ഷമ പഠിക്കുകയും വൈകാരികസുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യുന്നുവെന്നാണ്.
മക്കളെ അവരുടെ വികാരം പ്രകടിപ്പിക്കാന്‍ അനുവദിക്കുക
വികാരങ്ങള്‍ മറയില്ലാതെ പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കാറുണ്ടോ അതോ ഭീഷണിപ്പെടുത്തിയും ശാസിച്ചും ശിക്ഷിച്ചും അവരുടെ വികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണോ ചെയ്യുന്നത്? വികാരങ്ങള്‍ അടക്കിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിന് പകരം വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍ നല്ല മാതാപിതാക്കളാണ്.
സ്വയം വിലയിരുത്തുന്ന പ്രകൃതം
ഞാന്‍ നല്ലൊരു അപ്പനാണോ, അമ്മയാണോ എന്ന് എപ്പോഴെങ്കിലുമൊക്കെ ഉള്ളില്‍ ചോദ്യം ചോദിക്കുകയും മക്കളോട് ഇതേ ചോദ്യം ചോദിക്കുകയും ചെയ്യുന്നവരാണെങ്കില്‍ മികച്ചൊരു പേരന്റ് ആണെന്നാണ് അതിന്റെ അര്‍ത്ഥം. സ്വന്തം നിലപാടുകളെ അവര്‍ വിലയിരുത്താന്‍ തയ്യാറാകുന്നു. പേരന്റിംങിന്റെ കാര്യത്തില്‍ അമിതമായ ആത്മവിശ്വാസം ഉള്ളവരും തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവരും മാത്രമേ ഇത്തരമൊരു ചോദ്യം സ്വയം ചോദിക്കാത്തതായുള്ളൂ.


