പലതരം പേരന്റിംങ് രീതികളുണ്ട്. അതിലൊന്നാണ് ഇന്റന്‍സീവ് പേരന്റിംങ്. കുട്ടികളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ അമിതമായി ഇടപെടുകയും അവരുടെ നല്ലഭാവിയെ പ്രതി കാര്യങ്ങള്‍ നിയന്ത്രിക്കുകയും അതുവഴിയായി മക്കളുടെ ജീവിതം പെര്‍ഫെക്ട് ആക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. എല്ലാം ഞാന്‍ തീരുമാനിക്കും എന്ന ലൈനാണ് മാതാപിതാക്കള്‍ ഇവിടെ പുലര്‍ത്തുന്നത്. കുട്ടിയുടെ കഴിവുവളര്‍ത്താനും താരമാക്കാനും വേണ്ടി ട്യൂഷന്‍, മ്യൂസിക്, ഡാന്‍സ്, സ്‌പോര്‍ട്‌സ് എന്നുവേണ്ട എല്ലാം ഏര്‍പ്പാടാക്കിക്കൊടുക്കും. മക്കള്‍ക്ക് അതില്‍ എന്തുമാത്രം താല്പര്യമുണ്ട്, വാസനയുണ്ട് എന്നത് അപ്രസക്തമാണ്. താന്‍ പറയുന്നത് മക്കള്‍ അനുസരിക്കണം എന്നതാണ് ഇവിടെ മാതാപിതാക്കള്‍ ചിന്തിക്കുന്നത്. കുട്ടിക്ക് ഒരു തെറ്റുപറ്റാന്‍പോലും അവര്‍ സമ്മതിക്കുകയില്ല. മക്കളുടെ കൂട്ടുകാരെപോലും തിരഞ്ഞെടുക്കുന്നത് മാതാപിതാക്കളായിരിക്കും. ഇങ്ങനെ എല്ലാവിധത്തിലും കുട്ടിയുടെ മേല്‍ നിയന്ത്രണവും സ്വാധീനവും ചെലുത്തുന്ന പേരന്റിംങ് രീതിയാണ് ഇത്. കുട്ടി വഴിതെറ്റരുതെന്നുള്ള ചിന്തകൊണ്ടാണ് ഇവര്‍ ചെയ്യുന്നതെല്ലാം. പക്ഷേ ഈ രീതി എത്രത്തോളം നല്ലതാണ്. അല്ലെങ്കില്‍ ഇതില്‍ എന്തെങ്കിലും ദോഷങ്ങളുണ്ടോ? നന്മയും തിന്മയുമുണ്ട് എന്നുപറയുന്നതാവും ഏറ്റവും നല്ലത്.
അതുകൊണ്ട് ഈ പേരന്റിംങ് രീതിയിലെ നന്മയെ ആദ്യം അപഗ്രഥിക്കാം, കുട്ടികള്‍ക്ക് സുരക്ഷയും ശിക്ഷണവും കിട്ടുന്നു എന്നതാണ് ഇതില്‍ ഒന്നാമത്തെ കാര്യം. കുട്ടി വഴിതെറ്റുകയോ മോശം കൂട്ടുകെട്ടുകളില്‍ ചെന്നുചാടുകയോ ചെയ്യാനുള്ള സാധ്യത വിരളമാണ്. പഠിക്കുന്നതിനും ചില ശീലങ്ങള്‍ വളര്‍ത്തുന്നതിനും അക്കാദമിക വിജയങ്ങള്‍ നേടുന്നതിനും ഇതേറെ സഹായകരമാണ്. കുട്ടികളുടെ കഴിവു പ്രകടമാക്കാനുള്ള അവസരങ്ങളും ലഭിക്കും. എന്നാല്‍ ഇതിനെക്കാള്‍ കൂടുതലാണ് ഈ പേരന്റിംങ് രീതികൊണ്ടുള്ള ദോഷങ്ങള്‍. ഇന്റെന്‍സീവ് പേരന്റിംങ് പലപ്പോഴും കുട്ടികളെ മുറിപ്പെടുത്താറുണ്ട്. അവരെ അതിസമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യും. മാതാപിതാക്കള്‍ക്കുവേണ്ടി പെര്‍ഫെക്ടാകാനുള്ള ശ്രമങ്ങള്‍ മക്കളില്‍ ഏല്പിക്കുന്ന മാനസികാഘാതം വളരെ കൂടുതലാണ്. ഉത്കണ്ഠ, ഡിപ്രഷന്‍സ ബേണ്‍ ഔട്ട് തുടങ്ങിയ പ്രശ്‌നങ്ങളിലൂടെ മക്കള്‍ക്ക് കടന്നുപോകേണ്ടതായും വന്നേക്കാം. എല്ലാ തീരുമാനങ്ങളും മാതാപിതാക്കള്‍ എടുക്കുന്നതിനാല്‍ മക്കളുടെ ആത്മവിശ്വാസം കുറയും. സ്വന്തമായി ഒരു കാര്യം തീരുമാനിക്കാനോ നടപ്പില്‍വരുത്താനോ അവര്‍ക്ക് കഴിവില്ലാതെയാകും. മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ ഒരു പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതിലും അവര്‍ പരാജയപ്പെട്ടുപോകും.
തിരക്കുപിടിച്ച ദിനചര്യകള്‍ മൂലം സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്താനോ തന്റെ ഇഷ്ടം അനുസരിച്ചു പ്രവര്‍ത്തിക്കാനോ കഴിയാതെപോകുന്നു. സ്വാതന്ത്ര്യവും നിയന്ത്രണവും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂലം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും ഉരസല്‍ അനുഭവപ്പെടാം.
എല്ലാവിഷയങ്ങളിലുംമാതാപിതാക്കള്‍ ഇടപെടുമ്പോള്‍,കുട്ടികള്‍ക്ക് സമൂഹത്തില്‍ സ്വയം ഇടപെടാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രായോഗിക കഴിവുകള്‍ കുറയും. ഇങ്ങനെയൊരു സാഹചര്യത്തില്‍ മാതാപിതാക്കള്‍ എന്താണ് ചെയ്യേണ്ടത് എന്നതിലേക്ക് വരാം. ഹെല്‍ത്തി ബാലന്‍സ് ആണ് ഇവിടെ ആവശ്യം. അമിത നിയന്ത്രണമോ പൂര്‍ണ്ണസ്വാതന്ത്ര്യമോ അല്ലാതെ രണ്ടിനും നടുവില്‍ ആരോഗ്യപ്രദമായ ഒരു രീതി അവലംബിക്കുക.പ്രായത്തിനനുസരിച്ച് ചെറിയ തീരുമാനങ്ങളും ഉത്തരവാദിത്തങ്ങളും മക്കള്‍ക്ക് കൊടുത്തിട്ട് അവരെ വളര്‍ത്താന്‍ അനുവദിക്കുക. മക്കള്‍ക്ക് തെറ്റുപറ്റരുതെന്ന് ആഗ്രഹിക്കാതെ അവര്‍ക്ക് പരാജയങ്ങളെയും തെറ്റുകളെയും കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്കുക.. പരാജയം നമ്മെ പല കാര്യങ്ങളും പഠിപ്പിക്കാറുണ്ടല്ലോ. അതുപോലെ പരാജയങ്ങളില്‍ നിന്ന് പാഠം പഠിപ്പിക്കാന്‍ മക്കള്‍ക്ക് അവസരംകൊടുക്കുക. കൂടുതല്‍ നിയന്ത്രണം അടിച്ചേല്പിക്കാതെ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശവും പിന്തുണയുമാണ് മക്കള്‍ക്ക് നല്‌കേണ്ടത്. പഠനവും കളിയും വിശ്രമവും പോലെയുള്ള കാര്യങ്ങള്‍ മക്കള്‍ക്ക് നല്കുക. അവരെ കേള്‍ക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക.


