ക്രിസ്തുവര്‍ഷം 310 നും 313 നും ഇടയില്‍ അലക്‌സാണ്ട്രിയായില്‍ ജനിച്ച ദീദിമൂസ് തന്റെ 84 ാമത്തെ വയസില്‍ ഇഹലോകവാസം വെടിഞ്ഞു എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ‘ മഹത്‌വ്യക്തികളെക്കുറിച്ചു’ (De viris Illusterbus) എന്ന തന്റെ ഗ്രന്ഥത്തിന്റെ 109- ാമത്തെ അധ്യായമായി ദീദിമൂസിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന് അപ്പോള്‍ 83 വയസായിരുന്നുവെന്നും വി. ജറോമും സാക്ഷ്യംനല്കുന്നുണ്ട്. വെറും നാലുവയസു പ്രായമുണ്ടായിരുന്നപ്പോഴേ കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും ആ കാലഘട്ടത്തിലെ ഏറ്റവും അറിവുള്ള ആളായി വളരാന്‍ ദീദിമൂസിന് കഴിഞ്ഞു. കാഴ്ചാപരിമിതി കേള്‍വികൊണ്ട് പരിഹരിച്ച അദ്ദേഹം കേട്ടവയെല്ലാം ഹൃദയഫലകങ്ങളില്‍ എഴുതിയെന്ന് ചരിത്രകാരനായ റൂഫിനൂസ് പറയുന്നു. കുറച്ചുകാലംകൊണ്ട് ഭാഷാശാസ്ത്രവിഷയങ്ങളിലും വി.ഗ്രന്ഥത്തിലും അഗാധജ്ഞാനം നേടാന്‍ ദീദിമൂസിന് കഴിഞ്ഞു. റൂഫീനൂസിന്റെ സാക്ഷ്യമനുസരിച്ചു ദീദിമൂസ് തന്റെ യൗവനത്തില്‍ അന്ധതമാറാന്‍ ഒരിക്കലും പ്രാര്‍ഥിച്ചില്ല, മറിച്ച് ഹൃദയത്തിന്റെ ഉള്‍ക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സകലപ്രാര്‍ഥനകളുടെയും വിഷയം. അലക്‌സാണ്ട്രിയായുടെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ അത്തനേഷ്യസ് അലക്‌സാണ്ട്രിയന്‍ വിദ്യാക്ഷേത്രത്തിന്റെ തലവനായി അദ്ദേഹത്തെ നിയമിച്ചു. ഏകദേശം അമ്പതുവര്‍ഷം അദ്ദേഹം തല്‍സ്ഥാനത്തുതുടര്‍ന്നു. റൂഫീനൂസ് ആറുവര്‍ഷക്കാലം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ചരിത്രകാരനായ പല്ലാദിയൂസ് പത്തുവര്‍ഷത്തിനിടെ (388-398) നാലുതവണ അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. വി. ജെറോമാകട്ടെ ഒരുമാസക്കാലം അദ്ദേഹത്തോടൊപ്പം താമസിച്ചു വ്യാഖ്യാനിക്കാന്‍ ബുദ്ധിമുട്ടുള്ള വിശുദ്ധ ഗ്രന്ഥഭാഗങ്ങളെക്കുറിച്ചു സംശയനിവാരണം നടത്തി.
സങ്കീര്‍ത്തനങ്ങളുടെ പൂര്‍ണവ്യാഖ്യാനം, മത്തായി- യോഹന്നാന്‍ സുവിശേഷങ്ങളുടെ വ്യാഖ്യാനം, ആരിയനിസത്തിനെതിരായ രണ്ടു ഗ്രന്ഥങ്ങള്‍, പിന്നീട് വി.ജെറോം ലത്തീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഗ്രന്ഥം, ഏശയ്യായുടെ പ്രവചനങ്ങളെ അധികരിച്ചുള്ള പതിനെട്ടുവാല്യങ്ങള്‍, ഹോസിയാ പ്രവചനങ്ങളുടെ വ്യാഖ്യാനമായി മൂന്നുഗ്രന്ഥങ്ങള്‍, ജോബിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനം, സക്കറിയാ പ്രവചനങ്ങള്‍ക്ക് അഞ്ചുഗ്രന്ഥങ്ങളിലായി നല്കിയ വ്യാഖ്യാനം എന്നിവ അദ്ദേഹത്തിന്റെ രചനകളില്‍ ചിലതുമാത്രമാണെന്നാണ് ജറോം സാക്ഷ്യപ്പെടുത്തുന്നത്. (DVI 109).
അദ്ദേഹത്തിന്റെ ആരാധനാപാത്രമായിരുന്ന ഒരിജന്റെ ദൈവശാസ്ത്രപിശകുകളില്‍ ചിലത് ദീദിമൂസും ആവര്‍ത്തിച്ചു എന്ന പില്ക്കാലകൗണ്‍സിലുകളുടെ കണ്ടെത്തല്‍ {മൂന്നാം കോണ്‍സ്റ്റാന്റിനോപ്പില്‍ (680-81) , രണ്ടാം നിഖ്യാ (787)} അദ്ദേഹത്തിന്റെ കൃതികള്‍ പലതും നശിപ്പിക്കപ്പെടാന്‍ കാരണമായി. എന്നാല്‍ ഏതാനും ചില പഠനങ്ങളില്‍ വന്ന വീഴ്ച ആ വിശുദ്ധ ജീവിതത്തിന്റെ മാറ്റു കുറയ്ക്കുന്നില്ല. അവിവാഹിതനായ അല്‍മായനായിരുന്ന അദ്ദേഹം മരുഭൂമി പിതാക്കന്മാരുടെ കാലത്ത് ഗ്രാമത്തില്‍ത്തന്നെ കഠിനമായ താപസജീവിതം നയിക്കാമെന്ന് കാട്ടിത്തന്നു. പരിശുദ്ധ ത്രീത്വത്തെയും മിശിഹാശാസ്ത്രത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഔദ്യോഗികസഭാദര്‍ശനങ്ങള്‍ക്ക് അടിത്തറപാകി. ‘ അന്ധനായ ദീദിമൂസ് ‘ എന്നതിനുപകരം ‘ ദീര്‍ഘദര്‍ശിയായ ദീദിമൂസ് ‘ എന്ന പ്രയോഗം വിശുദ്ധ ജെറോം കൂടുതല്‍ ഇഷ്ടപ്പെട്ടത് അതുകൊണ്ടാണ്.
റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം



