പശ്ചിമഘട്ടം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള വടക്ക് തപ്തി നദി മുതല്‍ തെക്ക് കന്യാകുമാരി വരെ ഏകദേശം 1500 കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്നതും ശരാശരി 600 മീറ്ററിലധികം ഉയരമുളളതുമായ മലനിരകളാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, കേരളം, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന സ്വഭാവിക ഭൂപ്രകൃതിയും ജൈവവൈവിധ്യത്തിന്റെ അമൂല്യകലവറയുമാണ്. എല്ലാവര്‍ഷവും ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്ന കാലവര്‍ഷത്തെ ഈ മേഖലകളില്‍ ലഭ്യമാക്കി തരുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണം തലമുറകളുടെ ഉത്തരവാദിത്വമാണ്.
പരിസ്ഥിതിസംരക്ഷണവും ജനജീവിതവും തമ്മില്‍ ഏറ്റുമുട്ടേണ്ടതില്ല. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെയോ ജനങ്ങളെയോ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് തെറ്റാണ്; അതുപോലെ കര്‍ഷകരുടെ ആശങ്കകള്‍ അവഗണിച്ച് പരിസ്ഥിതി സംരക്ഷണം നടപ്പാക്കുന്നതും. പരിസ്ഥിതി സംരക്ഷിക്കുമ്പോള്‍ സുസ്ഥിര വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനായിരിക്കണം എന്ന യുനസ്‌കോയുടെ പ്രഖ്യാപിതനയം ആയിരിക്കണം സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിന്റെ മാനദണ്ഡം.എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഇ എസ് എ വിജ്ഞാപനത്തിലൂടെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍പ്പെടുന്ന ഭൂമികള്‍ വനം ആക്കി മാറ്റാന്‍ ശ്രമിക്കുന്നതും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും അടക്കമുള്ള റവന്യൂ ഭൂമിയില്‍ വനനിയമം ബാധകമാക്കുന്നതും തികച്ചും അശാസ്ത്രീയമാണ്. അതിനാല്‍ 2026 ജൂലൈ 27ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് ഇ.എസ്.എ കരട് വിജ്ഞാപനം (പരിസ്ഥിതി സംവേദന പ്രദേശം /ഇക്കോളേജിക്കലി സെന്‍സിറ്റീവ് ഏരിയ) അന്തിമ വിജ്ഞാപനം ആയി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കേരളത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ പരിഗണിച്ച് സമഗ്രമായ തിരുത്തലുകള്‍ അനിവാര്യമാണ്.കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനത്തില്‍ ആറ് സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇ.എസ്.എ യായി നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തിലെ പന്ത്രണ്ട് ജില്ലകളിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റര്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2026 സെപ്റ്റംബര്‍ 25 വരെയാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി.
ഭൂപടങ്ങളുടെ അപൂര്‍ണത
ഇ.എസ്.എ സംബന്ധിച്ച ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സാധാരണജനങ്ങള്‍ക്ക് ഇ.എസ്.എയുടെ കൃത്യമായ അതിര്‍ത്തി മനസിലാക്കാന്‍ കഴിയുന്ന വിധത്തിലുള്ള സമ്പൂര്‍ണ ഭൂപടങ്ങള്‍, കരട് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള കഡസ്ട്രറല്‍ മാപ്പിലൂടെ ലഭ്യമല്ല എന്നതാണ്. കൂടാതെ കഡസ്ട്രറല്‍ മാപ്പുകള്‍ വിവിധ അളവുകളില്‍ അശാസ്ത്രീയമായി കൂട്ടിയോജിപ്പിച്ചതിനാല്‍ അതു ജിയോ റെഫറന്‍സുകള്‍ ചെയ്ത് സ്ഥലീയ രേഖകള്‍ ആക്കുവാന്‍ പര്യാപ്തമല്ല. പ്രസ്തുത മാപ്പുകളില്‍ പലതിലും ശരിയായ മാപ്പ് സ്‌കെയിലിംങും (1:4000) നടത്തിയിട്ടില്ല. അതിനാല്‍ കഡസ്ട്രറല്‍ മാപ്പുകളില്‍നിന്ന് ഇ.എസ്.എയുടെ വിസ്തീര്‍ണ്ണം ഡിജിറ്റലൈസ് ചെയ്തു നിര്‍ണയിക്കുന്നത് അസാധ്യമാണ്. ഭൂപടം ജനങ്ങള്‍ക്ക് വായിക്കാനാകാത്തതാണെങ്കില്‍ പൊതുജനാഭിപ്രായം സ്വീകരിക്കുന്ന പ്രക്രിയ തന്നെ അപൂര്‍ണമാകും.
അതുകൊണ്ട് കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റും കേരള ജൈവവൈവിധ്യ ബോര്‍ഡും അടിയന്തരമായി താഴെപ്പറയുന്നവ പ്രസിദ്ധീകരിക്കണം: ഓരോ വില്ലേജിലെയും കൃത്യമായ ഇ.എസ്.എ അതിര്‍ത്തി; സര്‍വ്വേ നമ്പര്‍/ ബ്‌ളോക്ക് നമ്പര്‍ അടിസ്ഥാനത്തിലുള്ള കഡസ്ട്രറല്‍ മാപ്പ്; ഇ.എസ്.എ യില്‍ ഉള്‍പ്പെടുന്ന വനഭൂമി, സംരക്ഷിതഭൂമി ഇവയുടെ വിസ്തീര്‍ണം; തോട്ടഭൂമി, കൃഷിഭൂമി, ജനവാസമേഖല എന്നിവ വേര്‍തിരിച്ചുള്ള ഭൂവിനിയോഗ മാപ്പ് ഇവയെല്ലാം ഉടന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം. ഒപ്പം ജനവാസ കേന്ദ്രങ്ങളെ കൃഷിയിടങ്ങളിലും തോട്ടങ്ങളെയും ഒഴിവാക്കി നിലവിലുള്ള വനമേഖലകളും സംരക്ഷിത മേഖലകളും മാത്രം ഇ എസ് എ യില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് അടിയന്തരമായി ഈ മാപ്പ് സമര്‍പ്പിക്കണം. അങ്ങനെ സമര്‍പ്പിക്കുന്ന പ്രദേശങ്ങളിലെ ഇ എസ് എ പരിധിയില്‍ കേരളത്തിലെ റവന്യൂ വില്ലേജുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കൃത്യമായി അന്തിമ വിജ്ഞാപനത്തില്‍ രേഖപ്പെടുത്തണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇ എസ് എ റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം.
a) ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിക്ക് പറ്റിയ പാളിച്ച
കേരളത്തിലെ ഇ.എസ്.എ നിര്‍ണയചരിത്രത്തില്‍ ഏറ്റവും ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ് 123 വില്ലേജുകളില്‍ 9,107 ചതുരശ്ര കിലോമീറ്റര്‍ ഭൂമി വനഭൂമിയാണെന്നുള്ള കണ്ടെത്തല്‍. ജനപങ്കാളിത്തം ഇല്ലാതെ തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേ തുടര്‍ന്ന് ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉമ്മന്‍ വി. ഉമ്മന്‍ അധ്യക്ഷനായ മൂന്ന് അംഗ വിദഗ്ധസമിതിയെ ഫിസിക്കല്‍ വെരിഫിക്കേഷനുവേണ്ടി നിയോഗിച്ചു. ഉമ്മന്‍ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജുകളിലെ ഇ.എസ്.എ 9,993.7 ചതുരശ്ര കിലോമീറ്ററായി നിര്‍ദ്ദേശിക്കപ്പെട്ടു. അതില്‍ 9,107 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതരവുമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിനേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാര്‍ശയാണ് കഴിഞ്ഞ ആറ് കരടു വിജ്ഞാപനങ്ങളിലും ഏഴാമത്തെ ഇപ്പോഴത്തെ കരട് വിജ്ഞാപനത്തിലും നല്‍കിയിരിക്കുന്നത്.
ഇ.എസ്.എ യായി കരടില്‍ രേഖപ്പെടുത്തിയിട്ടുള്ള 9,107 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി യഥാര്‍ഥത്തില്‍ 123 വില്ലേജുകളിലെ വനമേഖലയുടെ വിസ്തൃതിയല്ല മറിച്ച് വനം വകുപ്പിന്റെ അന്നത്തെ ഔദ്യോഗിക രേഖ അനുസരിച്ച് കേരളത്തിലെ മുഴുവന്‍ ഫോറസ്റ്റ് വിസ്തൃതിയാണ്.
അതിനാല്‍ ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയുടെ പ്രസ്തുത റിപ്പോര്‍ട്ടിലെ പിശക് പുനഃപരിശോധിക്കേണ്ടതാണ്. ഈ തെറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ട 123 വില്ലേജുകളിലെ ഇ.എസ്.എ വിസ്തീര്‍ണം, ലക്ഷ കണക്കിന് ഏക്കര്‍ കൃഷിഭൂമിയും മുപ്പത് ലക്ഷത്തിലധികം ജനങ്ങള്‍ പാര്‍ക്കുന്ന ജനവാസ കേന്ദ്രങ്ങളും അന്തിമവിജ്ഞാപനത്തിലൂടെ വനഭൂമിയായി മാറ്റപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഈ തെറ്റുതിരുത്തുവാന്‍ ഭരണകൂടവും ഉദ്യോഗസ്ഥരും തയാറാകണം .
എന്നാല്‍ വില്ലേജുകളുടെ എണ്ണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രേഖകള്‍ അനുസരിച്ച് 123ല്‍ എട്ടു വില്ലേജുകള്‍ ഭരണപരമായ വിഭജനത്തിന് വിധേയമായതുകൊണ്ട് പുതിയ എട്ടു വില്ലേജുകള്‍ കൂടി ഉള്‍പ്പെടുത്തി 131 വില്ലേജുകളായി അവസാനത്തെ രണ്ട് കരടു വിജ്ഞാപനങ്ങളില്‍ കാണിച്ചിട്ടുണ്ട്. ഈ പുതിയ വില്ലേജുകളുടെ മാപ്പുകള്‍ ആകട്ടെ കരട് വിജ്ഞാപനത്തില്‍ അവകാശപ്പെടുന്ന കേരള ബയോഡേഴ്‌സിറ്റി ബോര്‍ഡിന്റെ സൈറ്റില്‍ ലഭ്യവുമല്ല എന്നറിയുന്നു.
b) വില്ലേജ് ഇ.എസ്.എയുടെ അടിസ്ഥാന യൂണിറ്റാകരുത്
കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രസാമൂഹിക സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തിരുത്തല്‍ വേണ്ടത് മുഴുവന്‍ വില്ലേജിനെ ഇ.എസ്.എയായി പ്രഖ്യാപിക്കുന്ന രീതി ഒഴിവാക്കുക എന്നതാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള മുന്‍ നിര്‍ദേശങ്ങളില്‍, ഒരു വില്ലേജിന്റെ നിശ്ചിത ശതമാനം ഇ.എസ്.എ പരിധിയില്‍ വരുമ്പോള്‍ മുഴുവന്‍ വില്ലേജിനെയും ഇ.എസ്.എയായി പരിഗണിക്കുന്ന സമീപനം തിരുത്തണമെന്ന് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ളതും ആളോഹരി സ്ഥലലഭ്യത കുറവായ ഒരു സ്ഥലത്ത് ഒരേ വില്ലേജിനുള്ളില്‍ വനവും കൃഷിയിടവും പട്ടണവും ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും തോട്ടങ്ങളും വ്യാപാരകേന്ദ്രങ്ങളും ഉണ്ടെന്നും അതേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതുകൊണ്ട് വില്ലേജ് ഭരണപരമായ യൂണിറ്റാണ്; അത് പരിസ്ഥിതിശാസ്ത്രപരമായ ഏകകമല്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ , വന നിയമങ്ങള്‍ ബാധകമാക്കുന്ന കാര്യത്തില്‍ പോലും നിയമം അമന്റ് ചെയ്ത്, വില്ലേജുകളെ ഒഴിവാക്കി, വാര്‍ഡുകളിലേക്ക് നിജപ്പെടുത്തിയ ചരിത്രം കേരളത്തിനുണ്ട് . തന്നെയുമല്ല സംസ്ഥാനസര്‍ക്കാര്‍ ഇപ്പോഴത്തെ കരട് വിജ്ഞാപനം അനുസരിച്ച് 131 വില്ലേജുകളെ മുഴുവനായി ഇ.എസ്.എയായി പ്രഖ്യാപനം നടത്തുന്നതിലൂടെ, 546 പഞ്ചായത്തുകളില്‍ ആയി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തെയും ആയിരത്തോളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കേരളത്തിന്റെ
പരിസ്ഥിതിയെയും സംരക്ഷിക്കാം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്.
c) ജനവാസ മേഖല, കൃഷി, തോട്ടങ്ങള്‍ എന്നിവ ഇ എസ് എ യില്‍ നിന്ന് ഒഴിവാക്കണം
കേരളത്തിന്റെ പശ്ചിമഘട്ട മേഖല മറ്റു പല സംസ്ഥാനങ്ങളിലേതില്‍നിന്നും വ്യത്യസ്തമാണ്. ഇവിടെ വനമേഖലകളോടുചേര്‍ന്ന് മതിയായ റവന്യൂ രേഖകള്‍ ഉള്ള ഭൂമിയില്‍ തന്നെ നൂറ്റാണ്ടുകളായി മനുഷ്യവാസവും കൃഷിയും തോട്ടക്കൃഷിയും നിലനില്‍ക്കുന്നു. കാപ്പി, ഏലം, കുരുമുളക്, റബര്‍, ചായ തുടങ്ങിയ തോട്ടങ്ങള്‍ പല പ്രദേശങ്ങളിലും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണ്. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരമ്പരാഗത തോട്ടങ്ങള്‍, കൃഷി ഭൂമി, ജനവാസമേഖല, സ്വഭാവിക പ്രദേശം എന്നിവ കൃത്യമായി വേര്‍തിരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
d) നിലവിലുള്ള വനവും സംരക്ഷിത പ്രദേശങ്ങളും മാത്രം ഇ.എസ്.എ യില്‍ വ്യക്തമായി ഉള്‍പ്പെടുത്തണം
ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, അണക്കെട്ടുകള്‍, നിര്‍ണായക വന്യജീവിവര്‍ഗ്ഗങ്ങളുടെ ആവാസവ്യവസ്ഥകള്‍ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങള്‍ ഇ.എസ്.എയുടെ അന്തിമ ഭൂപടത്തില്‍ വ്യക്തമായി ഉള്‍പ്പെടുത്തണം.അതിനാല്‍ സംരക്ഷിത വനമേഖലകള്‍ക്കും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ക്കും ശക്തമായ സംരക്ഷണം നല്‍കുകയും അതേസമയം സാധാരണ കര്‍ഷകന്റെ ജീവിതഭൂമിയെ അതേ രീതിയില്‍ നിയന്ത്രിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തമായ വേര്‍തിരിക്കല്‍ സമീപനമാണ് സ്വീകരിക്കേണ്ടത്.
e) സ്ഥല പരിശോധന വീണ്ടും നടത്തണം
ഉപഗ്രഹ ചിത്രങ്ങളെ മാത്രം ആശ്രയിച്ചുള്ള ഇ.എസ്.എ നിര്‍ണ്ണയം തോട്ടങ്ങള്‍ വനഭൂമിയായി പ്രത്യക്ഷപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ അന്തിമ വിജ്ഞാപനം ഉപഗ്രഹചിത്രങ്ങളും കഡസ്ട്രറല്‍ മാപ്പും സ്ഥല പരിശോധനയും ജനങ്ങള്‍ക്ക് പരിശോധിക്കാനുള്ള അവസരവും സംയോജിപ്പിച്ച് വേണം തയ്യാറാക്കാന്‍. ഓരോ ഇ.എസ്.എ വില്ലേജിലും റവന്യൂ, വനം, കൃഷി വകുപ്പുകള്‍, ഗ്രാമസഭ എന്നിവയുടെ പ്രതിനിധികളടങ്ങിയ സംയുക്ത സംഘം സ്ഥലപരിശോധന നടത്തുന്നത് കൂടുതല്‍ വിശ്വാസ്യത നല്‍കും. ഗ്രാമസഭകളെ വിശ്വാസത്തിലെടുത്ത് വേണം അന്തിമ തീരുമാനം എന്നത് ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്.
ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നത് രേഖകള്‍ കൃത്യമായി അവര്‍ക്ക് ലഭ്യമാക്കികൊണ്ടാവണം
ഒരു പ്രദേശം ഇ.എസ്.എയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുമ്പോള്‍ ആ പ്രദേശത്തിന്റെ കൃത്യമായ മാപ്പ്, സര്‍വ്വെ, സ്ഥല നിര്‍ണയ രേഖകള്‍, ഭൂവിനിയോഗ രീതി, പരിസ്ഥിതി സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് ലഭ്യമാകണം. വില്ലേജ് ഇ.എസ്.എ യിലാണ് എന്ന ഒറ്റവാചകം അപൂര്‍ണമാണ്, അപകടകരമാണ്. ഭൂമിയുടെ ആധാരങ്ങളില്‍ ഈ സ്ഥലം ഇ എസ് എ യില്‍ പെട്ടതാണ് എന്ന് എഴുതി ചേര്‍ക്കുന്നതിലെ സാംഗത്യമെന്താണ് ? ഒരു കര്‍ഷകന് തന്റെ ഭൂമി ഇ.എസ്.എ യില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് അറിയാന്‍ കഴിയണം. ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയെന്നും അതിന്റെ മാനദണ്ഡമെന്താണെന്നും അറിയാന്‍ കഴിയുന്നതാണ് യഥാര്‍ഥ ജനപങ്കാളിത്തം. പഞ്ചായത്തുകള്‍ക്ക് പ്രൊപ്പോസല്‍ ഏരിയയുടെ മാപ്പും നിര്‍ദ്ദേശവും ലഭിച്ചതനുസരിച്ച്, അതാത് പഞ്ചായത്തുകള്‍ errors ഉണ്ടെന്നു മനസ്സിലാക്കി ഫീല്‍ഡില്‍ സര്‍വേ നടത്തി തിരുത്തലുകള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു . എന്നാല്‍ ഇതിന്റെയൊന്നും മുകളില്‍ നടപടി ആവുകയോ മാപ്പുകളില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല.തിരുത്തലുകള്‍ വരുത്തിയ ജനവാസ മേഖലകള്‍ ഒഴിവാക്കപ്പെട്ടില്ല.മാത്രവുമല്ല ESA യുടെ പരിധിയില്‍ ഇല്ലാതിരുന്ന എട്ടു വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ടതായി കാണുന്നു. ഏഴാമത്തെ കരട് വിജ്ഞാപനത്തില്‍ സെപ്റ്റംബര്‍ 25 ന് ശേഷം എപ്പോള്‍ വേണമെങ്കിലും അന്തിമവിജ്ഞാപനം ആകാം.
റവന്യൂ വില്ലേജുകളിലും ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ESA അന്തിമ വിജ്ഞാപനം വന്നാല്‍ ജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന പ്രതിസന്ധികള്‍.
ESA പരിധി തെറ്റായി നിര്‍ണയിക്കപ്പെട്ടാല്‍, ഭാവിയില്‍ ഭൂവിനിയോഗത്തിലും വികസന പ്രവര്‍ത്തനങ്ങളിലും ഉണ്ടാകാവുന്ന നിയന്ത്രണങ്ങളും അനുമതി സംബന്ധമായ അനിശ്ചിതത്വങ്ങളും വളരെ ഗൗരവമുള്ളതാണ്.
1. സ്വന്തം ഭൂമി ESAയില്‍ ആണോ എന്ന ആശയക്കുഴപ്പം.
ഒരു മുഴുവന്‍ revenue village ESA ആയി രേഖപ്പെടുത്തിയാല്‍, ആ വില്ലേജിനുള്ളിലെ ഓരോ survey numberന്റെയും യഥാര്‍ഥ സ്ഥിതി വ്യക്തമായിരിക്കില്ല.
ഒരു ഭൂവുടമയ്ക്ക്’എന്റെ ഭൂമി ESAയില്‍ ഉള്‍പ്പെടുന്നുണ്ടോ?’എന്ന അടിസ്ഥാന ചോദ്യത്തിന് പോലും കൃത്യമായ മാപ്പില്ലാതെ ഉത്തരം കണ്ടെത്താന്‍ കഴിയാതെ വരും.
2. കൃഷിഭൂമിയും തോട്ടങ്ങളും സംബന്ധിച്ച അനിശ്ചിതത്വം.
റബര്‍, ഏലം, കാപ്പി, ചായ, കുരുമുളക് തുടങ്ങിയ തോട്ടങ്ങളും പരമ്പരാഗത കൃഷിഭൂമികളും ESA പരിധിയില്‍ ഉള്‍പ്പെട്ടാല്‍ ഭാവിയിലെ ഭൂവിനിയോഗ തീരുമാനങ്ങളില്‍ അധിക നിയന്ത്രണങ്ങളോ അനുമതി നടപടികളോ നേരിടേണ്ടിവരാം.ഇത് പ്രത്യേകിച്ച് കര്‍ഷകരുടെ ഭൂമിയുടെ ഉപയോഗം, വികസനം, കൈമാറ്റം, നിക്ഷേപം എന്നിവയില്‍ അനിശ്ചിതത്വം സൃഷ്ടിക്കാം.
3. വീടുകളും കെട്ടിടനിര്‍മാണവും സംബന്ധിച്ച പ്രശ്‌നങ്ങള്‍.
ESAയുടെ നിയന്ത്രണങ്ങള്‍ ബാധകമായ പ്രദേശങ്ങളില്‍ ചില contsruction/development പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളും അനുമതികളും ഉണ്ടാകും.
അതുകൊണ്ട് ഇന്ന് സാധാരണ residential area ആയിരിക്കുന്ന സ്ഥലത്ത് ഭാവിയില്‍ പുതിയ വീട്,വീടിന്റെ വിപുലീകരണം,സ്ഥാപനങ്ങള്‍,ആശുപത്രി,സ്‌കൂള്‍,ചെറിയ വ്യാപാരസ്ഥാപനങ്ങള്‍,റോഡ്/പൊതുമരാമത്ത് പദ്ധതികള്‍എന്നിവ നടപ്പാക്കുമ്പോള്‍ അനുമതി സംബന്ധമായ അധിക നടപടികള്‍ നേരിടേണ്ടിവരാനുള്ള സാധ്യതയുണ്ട്.
4. ഭൂമിയുടെ സാമ്പത്തിക മൂല്യത്തില്‍ അനിശ്ചിതത്വം.
ഈ ഭൂമി ഈ എസ് എ യില്‍ പെടുന്നതാണെന്ന് ആധാരങ്ങളില്‍ ചേര്‍ക്കുന്നതോടെ ഭൂമിയുടെ വില്‍പ്പന, വാങ്ങല്‍, ബാങ്ക് വായ്പ, നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ അനിശ്ചിതത്വം ഉണ്ടാക്കാം.
പ്രത്യേകിച്ച് ഒരു survey number ESAയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നതില്‍ തര്‍ക്കമുണ്ടെങ്കില്‍, ഭൂമിയുടെ ഭാവി ഉപയോഗത്തെക്കുറിച്ച് വാങ്ങുന്നവരും ധനകാര്യ സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ സാധ്യതയുണ്ട്.
5. റോഡുകളും അടിസ്ഥാന സൗകര്യങ്ങളും.
ഇ എസ് എ പ്രദേശങ്ങളില്‍ റോഡ്, പാലം, കുടിവെള്ള പദ്ധതി, വൈദ്യുതി, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പരിസ്ഥിതി നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രസക്തമാകും.
ESA boundary കൃത്യമല്ലെങ്കില്‍ പൊതുതാല്‍പര്യ പദ്ധതികള്‍ പോലും അനാവശ്യമായ ഭരണപരമായ തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്.
6. ഇ എസ് എ യില്‍ പെടുന്നതോടുകൂടി നിലവിലുള്ളതും ഭാവിയില്‍ ആവശ്യമായതുമായ ചെറുകിട നാമ മാത്ര സംരംഭങ്ങള്‍ക്കും ഉള്‍പ്പെടെ നിയന്ത്രണങ്ങളും വികസനപ്രവര്‍ത്തനങ്ങളില്‍ തര്‍ക്കങ്ങളും ഉണ്ടാകാം.
7. അടുത്ത തലമുറയുടെ ഭൂമിയവകാശത്തില്‍ പ്രശ്‌നങ്ങള്‍.
ഇന്ന് കൃഷി ചെയ്യുന്ന ഭൂമി അടുത്ത തലമുറയ്ക്ക്‌വീട് നിര്‍മ്മിക്കാന്‍,കൃഷി വികസിപ്പിക്കാന്‍,ചെറിയ സംരംഭം ആരംഭിക്കാന്‍,മറ്റ് നിയമപരമായ ഉപയോഗങ്ങള്‍ക്ക് എത്രത്തോളം ഉപയോഗിക്കാനാകുമെന്ന് വ്യക്തമല്ലാത്ത സാഹചര്യം ഉണ്ടാകാം.അതുകൊണ്ട് ESA വിഷയം ഇന്നത്തെ കര്‍ഷകന്റെ മാത്രം പ്രശ്‌നമല്ല; അടുത്ത തലമുറയുടെ ഭൂമിയുപയോഗ അവകാശവുമായി ബന്ധപ്പെട്ട വിഷയവുമാണ്.
ESA പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രദേശവാസികള്‍ പരിസ്ഥിതി സംരക്ഷണത്തിനായി ഏറ്റെടുക്കുന്ന വികസന നിയന്ത്രണങ്ങള്‍ക്കും അവസരനഷ്ടങ്ങള്‍ക്കും പകരമായി നല്‍കേണ്ട അവകാശാധിഷ്ഠിത സാമ്പത്തിക ആനുകൂല്യം അഥവാ ‘സംരക്ഷണ പ്രോത്സാഹനവും നഷ്ടപരിഹാര സംവിധാനവും’ പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി സ്വന്തം ഉപജീവനവും ജീവിതവും വികസന പ്രവര്‍ത്തനങ്ങളും വേണ്ടെന്ന് വെക്കേണ്ടിവരുന്നവര്‍ക്ക് ലഭ്യമാക്കണം. മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ ഇത് നടപ്പിലാക്കാന്‍ കഴിയാത്തിടത്തോളം ഇതു വലിയ ഒരു ചൂഷണമായി മാറും. അത് ഭരണഘടന പൗരനു നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമായി തീരും എന്നതില്‍ സംശയമില്ല.
പരിസ്ഥിതി സംരക്ഷണവും പശ്ചിമഘട്ട സംരക്ഷണവും കേരളത്തിലെ ആയിരത്തോളം പഞ്ചായത്തുകളിലെയും 1600ലധികം വില്ലേജുകളിലെയും മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്വമാണെന്നിരിക്കെ, മുഴുവന്‍ ഉത്തരവാദിത്വവും 131 വില്ലേജുകളിലെ 30 ലക്ഷത്തിലധികം വരുന്നപാവപ്പെട്ട ഒരു വിഭാഗം ജനങ്ങളുടെ ്‌മേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച് അവരെ ബലിയാടാക്കി പരിസ്ഥിതിക്ക് പരിക്കേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടത്താമെന്ന ചില താല്‍പരകക്ഷികളുടെ നിഷിദ്ധ താല്പര്യങ്ങള്‍ സംസ്ഥാനത്തെ അപകടത്തില്‍ എത്തിക്കും എന്ന സത്യം ഇ എസ് എ പ്രഖ്യാപനത്തിലൂടെ സാധ്യമാകും .
ESAയുടെ ലക്ഷ്യം പശ്ചിമഘട്ടത്തെ സംരക്ഷിക്കുകയാണ്; കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കുകയല്ല.കൃത്യമായ കണക്കില്ലാതെ ESA വേണ്ട; കൃത്യമായ മാപ്പില്ലാതെ അന്തിമവിജ്ഞാപനം വേണ്ട.
അടിയന്തരമായി ശ്രദ്ധിക്കേണ്ടവ
ഇനി വിവിധ തലങ്ങളില്‍ ചെയ്യേണ്ടുന്ന ESA വിഷയത്തിലെ പ്രതിവിധികള്‍ അല്ലെങ്കില്‍ ഉത്തരവാദിത്വങ്ങളെ പറ്റി പറയാം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാമത് ഇ എസ് എ കരട് വിജ്ഞാപനമായിട്ടും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന ഒരു സര്‍ക്കാര്‍ പരാജയപ്പെടുകയാണ്.
കാരണം കരട് വിജ്ഞാപനത്തില്‍ കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളുടേയും പ്രൊപ്പോസല്‍ ജിയോ കോര്‍ഡിനേറ്റ് സഹിതമുള്ള മാപ്പുകള്‍ അടക്കം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ കേരളത്തിന്റെ മാപ്പോ പ്രൊപ്പോസലോ ഇല്ല!എന്തുകൊണ്ട് ഇല്ല.? കേരളം ഇതുവരെ പ്രൊപ്പോസല്‍ നല്‍കിയിട്ടില്ല എന്നും, എന്നാല്‍ കേരളത്തിലെ ഇ എസ് എ എന്നത് 9993.7 ചതുരശ്ര കിലോമീറ്റര്‍ ആയി ഫിസിക്കല്‍ വെരിഫിക്കേഷന്‍ വഴി കണക്കാക്കിയിട്ടുണ്ടെന്നും, കടസ്ടല്‍ മാപ്പ് (സര്‍വ്വേ നമ്പര്‍ രേഖപ്പെടുത്തിയ മാപ്പ്) കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും, ജനങ്ങള്‍ അത് നോക്കി തങ്ങളുടെ പരാതികള്‍ ഉണ്ടെങ്കില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് 60 ദിവസത്തിനകം അതായത് സെപ്റ്റംബര്‍ 25ന് അകം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മെയില്‍ ഐഡിയിലേക്കോ, തപാല്‍ വഴിയായോ അയച്ചുകൊടുക്കണമെന്നുമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ മാപ്പ് സാധാരണക്കാരായ ജനങ്ങള്‍ക്ക് പരാതി നല്‍കുവാന്‍ പര്യാപ്തമായ രീതിയില്‍ ലഭ്യമല്ല. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും, കേരളത്തിലെ പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുന്നു! പരാതികള്‍ നല്‍കുവാന്‍ ആയിട്ട് കരട് പറഞ്ഞിരിക്കുന്നത് ബയോഡേഴ്‌സിറ്റി ബോര്‍ഡിന്റെ സൈറ്റിലെ മാപ്പ് പരിശോധിച്ചാണ് . അത്തരം പരാതികള്‍ക്കായിരിക്കും നിയമ സാധൂതയും.
കേന്ദ്ര സര്‍ക്കാര്‍ പുതിയ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിന് മുമ്പ് കേരള സര്‍ക്കാരും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം:
ഒന്ന്: 123/131 വില്ലേജുകളില്‍ 9,107 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി എന്ന കണക്കിന്റെ അപാകതയും തെറ്റും അടിയന്തരമായി തിരുത്തി പുതിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുക.
(കേരളം സമര്‍പ്പിച്ച വിവിധ റിപ്പോര്‍ട്ടുകളില്‍ കാണുന്ന ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കുക. 2014ലെ 123 വില്ലേജുകള്‍/9993.7ച . കി. മി.
2015 ലെ 119/9993.7.
2018 ല്‍ അത് 92/8,656.46 . തുടര്‍ന്ന് ജില്ലാതല വെരിഫിക്കേഷനില്‍ 98/8,711.89. 2024ലെ 98/8,590.69 എന്നീ നിര്‍ദേശങ്ങളും 2026ലെ 131/9,993.70 നിര്‍ദേശവും തമ്മിലുള്ള വ്യത്യാസം പരിഹരിച്ച് കൃത്യമായ മാപ്പും റിപ്പോര്‍ട്ടും സമര്‍പ്പിക്കുക)
രണ്ട്: .ജനവാസമേഖലകള്‍, കൃഷിഭൂമികള്‍, പരമ്പരാഗത തോട്ടങ്ങള്‍ എന്നിവ പൂര്‍ണമായും ഇ.എസ്.എയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് അതിര്‍ത്തികള്‍ കൃത്യമായി നിര്‍ണയിച്ച് മാപ്പുകള്‍ തയ്യാറാക്കുക.
എത്രയും പെട്ടെന്ന് തിരുത്തലുകള്‍ വരുത്തിയ മാനദണ്ഡപ്രകാരമുള്ള മാപ്പ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക.
മൂന്ന്: വില്ലേജിനെ ഇ.എസ്.എയുടെ അടിസ്ഥാന യൂണിറ്റാക്കുന്ന രീതി ഒഴിവാക്കുക.
നാല്: വനമേഖല, സംരക്ഷിതമേഖല, ലോക പൈതൃക പദവി പ്രദേശങ്ങള്‍ എന്നിവ മാത്രം ഇ.എസ്.എ യില്‍ ഉള്‍പ്പെടുത്തുക.
അഞ്ച്: ഇ.എസ്.എ മാപ്പുകള്‍ സാധാരണക്കാര്‍ക്ക് പരിശോധിച്ച് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അയയ്ക്കാന്‍ പറ്റിയ രൂപത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഗ്രാമസഭകള്‍ക്ക് വലിയ പ്രസക്തിയാണുള്ളത്. ഗ്രാമസഭകളില്‍ കൂടി ജനവികാരങ്ങള്‍ പ്രമേയങ്ങളായി പാസാക്കപ്പെടുകയും അത് പഞ്ചായത്ത് ഭരണസമിതി റസലൂഷന്‍ ആയി മുകളിലേക്ക് അയയ്ക്കുകയും ചെയ്യുക.
ആറ്: ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ഇ.എസ്.എ നിര്‍ദേശങ്ങളും കേന്ദ്രത്തിന് അയച്ച കത്തുകളും സ്ഥലപരിശോധന വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
എട്ട്: ഓരോ ജില്ലയിലും പൊതുജനങ്ങള്‍ക്ക് മാപ്പ് പരിശോധിക്കാനും പരാതികള്‍ നല്‍കാനും കഴിയുന്ന സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുക.അഫക്റ്റഡ് പഞ്ചായത്തുകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുകയും ചെയ്യുക.
ഒന്‍പത്: മലയാളത്തില്‍ ലളിതമായ ഇ.എസ്.എ വിശദീകരണ രേഖ പ്രസിദ്ധീകരിക്കുക.
പത്ത്: ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂര്‍ണമായും ഒഴിവാക്കിയ (zero error) പ്രൊപ്പോസലും ജിയോ കോര്‍ഡിനേറ്റുകള്‍ വ്യക്തമായി രേഖപ്പെടുത്തിയ KML file മാപ്പുകളും ജനത്തെ ബോധ്യപ്പെടുത്തി എന്നുറപ്പു വരുത്തിയതിനു ശേഷം കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും അംഗീകരിപ്പിക്കുകയും ചെയ്യുക.ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിച്ചശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ.
പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് ജനങ്ങളെ പുറത്താക്കിക്കൊണ്ടല്ല; ജനങ്ങളോടൊപ്പം നിന്നുകൊണ്ടാകണം. ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഏഴാമത്തെ കരട് വിജ്ഞാപനം ഒരു അന്തിമ തീരുമാനം അല്ല. കേന്ദ്രം തന്നെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചിരിക്കുകയാണ്. അതിനാല്‍ ഇത് കേരളത്തിന് പിഴവുകള്‍ ചൂണ്ടിക്കാട്ടാനും ശാസ്ത്രീയമായ തിരുത്തലുകള്‍ ആവശ്യപ്പെടാനും ലഭിച്ച നിര്‍ണായക അവസരമായി കണക്കാക്കണം.
ഡോ. ചാക്കോ കാളംപറമ്പിൽ



