ടൈഗ്രീസ്, യൂഫ്രട്ടീസ് നദികള്‍ക്കു സമീപം (ആധുനിക ഇറാക്കിന്റെ ഭാഗം) രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഒരു വിജാതീയകുടുംബത്തില്‍ ജനിച്ച തെയോഫിലസ് പൗരസ്ത്യറോമാസാമ്രാജ്യത്തിലെ അറിയപ്പെടുന്ന തത്വചിന്തകന്മാരില്‍ ഒരാളായിരുന്നു. ക്രൈസ്തവവിശ്വാസത്തെ വിമര്‍ശിക്കാനുള്ള ആയുധങ്ങള്‍ സ്വരൂപിക്കാനായി വി.ഗ്രന്ഥം പഠിച്ചുതുടങ്ങിയ അദ്ദേഹം ദൈവവചനത്താല്‍ ആകര്‍ഷിക്കപ്പെട്ട് ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. ക്രിസ്തുവര്‍ഷം 161 മുതല്‍ 180 വരെ റോമാസാമ്രാജ്യം ഭരിച്ച മാര്‍ക്കൂസ് അന്തോണിയൂസ് വേരൂസിന്റെ കാലത്താണ് അദ്ദേഹം തന്റെ ദൈവശാസ്ത്രരചനകള്‍ നടത്തിയതെന്ന് വി.ജെറോം സാക്ഷ്യപ്പെടുത്തുന്നു. (De Viris. Illustribus 25). ഏഡി 170 ല്‍ അന്ത്യോക്യായുടെ ആറാമത്തെ മെത്രാനായി നിയമിതനായ അദ്ദേഹത്തിന്റെ പേര് കേസറിയായിലെ വി. എവുസേബിയൂസ് തന്റെ ക്രോണിക്കിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍സിയോണെതിരായ ഒരു ഗ്രന്ഥവും, മൂന്നു പുസ്തകങ്ങളിലായി രചിക്കപ്പെട്ട ഔത്തോലിക്കസിനുള്ള ഗ്രന്ഥവും, ഹെര്‍മോജനസിന്റെ പാഷണ്ഡതയ്‌ക്കെതിരായ ഗ്രന്ഥവും ആണ് അദ്ദേഹത്തിന്റേതായി വി. ജെറോം അവതരിപ്പിക്കുന്നത്. (DVI 25).
തന്റെ വിജാതീയ സുഹൃത്ത് ഔത്തോലിക്കസിനുള്ള ഗ്രന്ഥം, വിജാതീയമതങ്ങളുടെ ധാര്‍മ്മികചിന്തകള്‍ക്കുമേല്‍ ക്രൈസ്തവവിശ്വാസത്തിന്റെ മഹത്വം വ്യക്തമാക്കാനുളള ശ്രമമമാണ്. ക്രൈസ്തവദൈവദര്‍ശനം, മനുഷ്യ വ്യുല്‍പത്തിയെക്കുറിച്ചുള്ള വി.ഗ്രന്ഥ ദര്‍ശനം, വിജാതീയ ലോകദര്‍ശനത്തിന്റെ അര്‍ഥശൂന്യത എന്നീ വിഷയങ്ങളിലൂന്നി അദ്ദേഹം ആ ഉദ്യമത്തില്‍ വിജയിക്കുന്നു. ഈ ഗ്രന്ഥത്തിലെ മൂന്നു പുസ്തകങ്ങള്‍ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലായാണ് രചിക്കപ്പെട്ടതെന്നാണ് വി. എവുസേബിയൂസിന്റെ വാദം.( സഭാചരിത്രം IV, 24).
പ.ത്രിത്വദൈവശാസ്ത്രം വികസിച്ചുതുടങ്ങിയ കാലത്ത് ത്രിയാസ് (Trias ) എന്ന ഗ്രീക്കുപദം പ. ത്രിത്വത്തെ സൂചിപ്പിക്കാന്‍ ആദ്യമായി ഉപയോഗിച്ച അദ്ദേഹം ക്രിസ്തുവര്‍ഷം 180 ല്‍ ആധുനികതുര്‍ക്കിയുടെ ഭാഗമായ അന്ത്യോക്യായിലാണ് ഇഹലോകവാസം വെടിഞ്ഞതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഔത്തോലിക്കസിനുള്ള ഗ്രന്ഥത്തിന്റെ മൂന്നാം പുസ്തകം 180 ല്‍ മാര്‍ക്കൂസ് ഔറേലിയസ് ചക്രവര്‍ത്തി മരിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ അന്ത്യോക്യായുടെ മെത്രാനായിരുന്നു എന്ന് സാക്ഷ്യം നല്കുന്നുണ്ട്.
റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം


