പാപ്പാ ബര്‍ അഗ്ഗായിക്കുശേഷം സെലൂഷ്യസ്റ്റെസിഫോണിന്റെ മെത്രാനെന്ന നിലയില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ വലിയ ക്രിസ്തീയസമൂഹത്തിന്റെ മുഴുവന്‍ പേട്രിയാര്‍ക്ക് (തലവന്‍) ആയിരുന്നു മാര്‍ ശെമയോന്‍ ബര്‍സാബാ. സസാനിയന്‍ ഭരണാധികാരികള്‍ക്കു മുമ്പില്‍ ക്രിസ്തീയസമൂഹത്തെ പ്രതിനിധീകരിക്കുക എന്ന ഉത്തരവാദിത്വം സെലൂഷ്യായുടെ മെത്രാനില്‍ നിക്ഷിപ്തമായിരുന്നു.
പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ അസൂയാലുക്കളായ വിജാതീയര്‍ യഹൂദരുമായി ചേര്‍ന്ന് ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ഷപ്പൂര്‍ രണ്ടാമനെ പ്രേരിപ്പിച്ചു. താന്‍ ബദ്ധവൈരികളായി പരിഗണിച്ചിരുന്ന റോമാസാമ്രാജ്യം ഒരു ക്രിസ്ത്യന്‍ സാമ്രാജ്യമായിരുന്നതിനാലും ഷപ്പൂര്‍ തന്റെ രാജ്യത്തെ ക്രിസ്ത്യാനികളോട് മാനസികമായി അകല്‍ച്ചയിലായിരുന്നു. ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികള്‍ക്ക് ഇരട്ടിച്ചുങ്കം ചുമത്തുകയും അവരെ പീഡിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. സസാനിയന്‍ ഭരണകാലത്ത് ക്രിസ്ത്യാനികളുടെ ചുങ്കം പിരിച്ചു നല്കുന്നത് പേട്രിയാര്‍ക്കിന്റെ ഉത്തരവാദിത്തമായിരുന്നുവെങ്കിലും ശെമയോന്‍ ഈ ഇരട്ടച്ചുങ്കം പിരിച്ചുനല്കാന്‍ തയ്യാറായില്ല.
ഈ അനുസരണക്കേട് ധിക്കാരവും കലാപാഹ്വാനവും ആയി കണ്ട ചക്രവര്‍ത്തി ശെമയോനെ അറസ്റ്റു ചെയ്ത് വിചാരണ നടത്തി. തന്റെ ക്രിസ്തീയവിശ്വാസം ഉപേക്ഷിക്കാനോ സൊറോസ്ട്രിയന്‍ ആചാരത്തിന്റെ കേന്ദ്രമായ സൂര്യനെ ആരാധിക്കാനോ തയ്യാറാകാതിരുന്ന മാര്‍ ശെമയോന്‍ തന്റെ ദൈവത്തിന്റെ പരമാധികാരം പ്രഖ്യാപിച്ചുകൊണ്ട് രാജാവുമായി ധീരമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. സൂര്യനെ ആരാധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ എനിക്ക് ഒരു ആത്മാവേയുള്ളൂ അത് ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അമര്‍ത്യനായ ദൈവത്തിന്റേതാണ്’ എന്ന് അദ്ദേഹം സധൈര്യം പ്രഘോഷിച്ചു. തടവിലാക്കപ്പെട്ട അദ്ദേഹത്തിന്റെ മുമ്പില്‍വച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിശ്വാസികള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം സ്വീകരിച്ച് ധൈര്യപൂര്‍വ്വം മരണംവരിച്ചു. ചക്രവര്‍ത്തിയുടെ അധ്യാപകനായിരുന്ന ഉസ്ഫാസന്‍ എന്ന ഷണ്ഡനും കാരാഗ്രഹത്തിലടയ്ക്കപ്പെട്ട ശെമയോന്റെ വിശുദ്ധജീവിതത്തില്‍ ആകൃഷ്ടനായി മിശിഹായിലുള്ള തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു രക്തസാക്ഷിത്വം സ്വീകരിച്ചു.
തന്റെ വൈദികര്‍ക്കും അജഗണത്തിനും ധൈര്യം പകര്‍ന്ന് തടവില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ക്രിസ്തുവര്‍ഷം 345 ഏപ്രില്‍ 14 ന് വലിയഗണം പുരോഹിതരുടെയും വിശ്വാസീസമൂഹത്തിന്റെയും മധ്യത്തില്‍ ശിരച്ഛേദം ചെയ്യപ്പെട്ട് രക്തസാക്ഷിയായി. അദ്ദേഹത്തോടൊപ്പം ക്രൈസ്തവവിശ്വാസം പ്രഘോഷിച്ചു ധാരാളം വിശ്വാസികളും മരണംവരിച്ചു.
നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലോ അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ രചിക്കപ്പെട്ട ‘ ശെമയോന്റെ രക്തസാക്ഷിത്വം’ ‘ ശെമയോന്റെ ചരിത്രം’ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവിവരണം കാണാം. അസീറിയന്‍സഭയും സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയും മറ്റു ക്രിസ്ത്യന്‍ പാരമ്പര്യങ്ങളും ഏറ്റവും ആദരണീയ വിശുദ്ധരില്‍ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. പൗരസ്ത്യസുറിയാനി ആരാധനക്രമത്തില്‍ കൈത്താക്കാലം ആറാം വെള്ളിയാഴ്ച മാര്‍ ശെമയോന്‍ ബര്‍സാബയുടെയും സഹരക്തസാക്ഷികളുടെയും തിരുനാളായി ആചരിക്കുന്നു
റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം



