പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്, വി. അഗസ്തീനോസ്, മഹാനായ വി.ഗ്രിഗറി എന്നിവരാണ് മറ്റുമൂന്നുപേര്‍). അദ്ദേഹം 135 അധ്യായങ്ങളിലായി എഴുതിയ ‘ മഹാന്മാരായ വ്യക്തികളെക്കുറിച്ച് ‘ ( De Viris Illustribus ) എന്ന ഗ്രന്ഥത്തിന്റെ 135 -ാം അധ്യായം ജറോമിനെക്കുറിച്ചുതന്നെയാണ്. തന്റെ പിതാവിന്റെ പേര് എവുസേബിയൂസ് എന്നാണെന്നും താന്‍ ജനിച്ചത് സ്ത്രീദോ( ഇപ്പോഴത്തെ സ്‌ളൊവേനിയാ) എന്ന സ്ഥലത്താണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട് ( De Viris Illusteribus 135,1). സ്വന്തം കൃതികളുടെ നീണ്ടനിരയും അദ്ദേഹം ഇവിടെ നല്കുന്നു. എ.ഡി 347 ഓടെ ഒരു സമ്പന്ന ക്രിസ്തീയകുടുംബത്തില്‍ പിറന്ന വി. ജെറോം എ.ഡി 420 ല്‍ ബത്‌ലഹേമില്‍വച്ചാണ് മരണമടഞ്ഞത്. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം പന്ത്രണ്ടാമത്തെ വയസില്‍ തുടര്‍പഠനത്തിനായി റോമില്‍ എത്തിയ അദ്ദേഹം എ.ഡി 366 ല്‍ ലിബേരിയൂസ് പാപ്പയില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ചുവെന്ന് കരുതപ്പെടുന്നു.
ഏ.ഡി 384 ല്‍ ബദ്‌ലഹേമില്‍ സ്ഥിരതാമസം തുടങ്ങുന്നതുവരെ ഇരുപതുവര്‍ഷക്കാലത്തോളം പലസ്ഥലങ്ങളിലും യാത്ര ചെയ്യുകയും പലയിടങ്ങളില്‍ താമസിക്കുകയും ചെയ്ത അദ്ദേഹം വ്യത്യസ്ത താപസ ജീവിതചര്യകള്‍ പരിചയപ്പെടുകയും താപസനായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എ.ഡി 378 ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ തന്റെ താപസജീവിതചര്യയ്ക്ക് ഭംഗംവരുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആകുലത. ഏകദേശം രണ്ടുവര്‍ഷക്കാലം ദമാസൂസ് ഒന്നാമന്‍ പാപ്പയുടെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്തിരുന്നപ്പോള്‍ സഭയ്ക്കും പുരോഹിതര്‍ക്കും താപസശൈലി ഉറപ്പുവരുത്താന്‍ ജെറോം മാര്‍പാപ്പയെ പ്രേരിപ്പിച്ചിരുന്നു. ഏ. ഡി 389 ല്‍ ബദ്‌ലഹേമില്‍ ഒരു ആശ്രമം സ്ഥാപിച്ച് തന്റെ ജീവിതാഭിലാഷം അദ്ദേഹം സാക്ഷാത്ക്കരിച്ചു. പഴയനിയമത്തിന്റെ മൂലഭാഷയായ ഹീബ്രുവില്‍ നിന്ന് ലത്തീന്‍ഭാഷയിലേക്കുള്ള ആദ്യതര്‍ജ്ജമയായ വുള്‍ഗാത്തയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളില്‍ ഒന്ന്. നീണ്ടവര്‍ഷങ്ങള്‍ ഹീബ്രുഭാഷയിലും മൂന്നുവര്‍ഷക്കാലം നസിയാന്‍സൂസിലെ വി ഗ്രിഗറിയില്‍ നിന്ന് വി.ഗ്രന്ഥപഠനങ്ങളിലും പരിശീലനം നേടിയിട്ടാണ് അദ്ദേഹം തര്‍ജ്ജമ നിര്‍വഹിച്ചത്.
ഹീബ്രു ബൈബിളിനെ അധികരിച്ചുള്ള ലത്തീന്‍ഭാഷയിലെ ആദ്യവ്യാഖ്യാനം എന്ന നിലയില്‍ സുഭാഷിതഗ്രന്ഥത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനം പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. ഗ്രീക്കുഭാഷയില്‍ നിന്ന് ലത്തീന്‍ഭാഷയിലേക്ക് പലപ്രമുഖഗ്രന്ഥങ്ങളും അദ്ദേഹം തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഒരിജന്റെയും വി. എവുസേബിയൂസിന്റെയുമൊക്കെ ഗ്രന്ഥങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും ആദ്യം വേദപാരംഗതനായി പ്രഖ്യാപിക്കപ്പെട്ടവരില്‍ ഒരാള്‍ വി. ജെറോമാണ് എന്നത് അദ്ദേഹത്തിന്റെ സേവനങ്ങള്‍ സഭ അംഗീകരിക്കുന്നു എന്നതിന്റെ സൂചനകൂടിയാണ്.
റവ.ഡോ അലക്‌സ് സെബാസ്റ്റിയന്‍ കൊല്ലംകളം


