ഒരാളോട് വ്യക്തിപരമായ അടുപ്പവും സ്‌നേഹവും തോന്നാന്‍ ഏറ്റവും എളുപ്പമാര്‍ഗം ആ വ്യക്തിയുമായി ഉള്ളുതുറന്ന് സംസാരിക്കുക എന്നതാണ്. ഉള്ളുതുറന്ന് സംസാരിക്കുമ്പോഴാണ് പരസ്പരം എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കിട്ടുന്നത്. ഇരുവര്‍ക്കുമിടയില്‍ ഒരേപോലെത്തെ തരംഗദൈര്‍ഘ്യം രൂപപ്പെടുമ്പോഴാണ് ബന്ധം തീവ്രമാകുന്നത്. സാധാരണക്കാരായ രണ്ടുവ്യക്തികള്‍ക്കിടയില്‍ പോലും ബന്ധങ്ങളുടെ വളര്‍ച്ചയ്ക്ക് തുറന്ന സംസാരം അനിവാര്യമാണെങ്കില്‍ അതിനെക്കാള്‍ പതിന്മടങ്ങ് അനിവാര്യമാണ് ദൈവവുമായുള്ള അടുപ്പത്തിന് ദൈവത്തോടുള്ള തുറന്ന സംസാരം. ദൈവത്തോടുള്ള തുറന്ന സംസാരത്തിന്റെ പേരാണ് പ്രാര്‍ഥന.
പ്രാര്‍ഥനകള്‍ പലതരമുണ്ട്. ഓരോ പ്രാര്‍ഥനകളും അതില്‍ത്തന്നെ നല്ലതും അത്യാവശ്യവുമാണ്. എങ്കിലും അതില്‍ ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് വ്യക്തിപരമായ പ്രാര്‍ഥന. വ്യക്തിപരമായ പ്രാര്‍ഥനയുടെ പ്രസക്തി യേശു വെളിപെടുത്തി തന്നിട്ടുമുണ്ട്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് യേശു പ്രാര്‍ഥിച്ചിരുന്നു എന്നത്. സമൂഹപ്രാര്‍ഥനയ്ക്കു പുറമെ യേശു വ്യക്തിപരമായി പ്രാര്‍ഥിച്ചിരുന്നതായി ബൈബിളില്‍ നിന്നു നാം മനസ്സിലാക്കുന്നു. എന്നാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും. ( മത്താ 6:6). പ്രാര്‍ഥന എങ്ങനെയുള്ളതായിരിക്കണം എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു വചനഭാഗം കൂടിയാണ് ഇത്.
ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിയാനുള്ള മാര്‍ഗമാണ് വ്യക്തിപരമായ പ്രാര്‍ഥന. നമ്മുടെ ധാരണ നാം ദൈവത്തിന്റെ കണ്ണുകളില്‍ നിന്ന് മറഞ്ഞിരിക്കുന്നുവെന്നും പാപങ്ങള്‍ മൂലം ദൈവം നമ്മോട് അകന്നിരിക്കുന്നുവെന്നുമാണ്. എന്നാല്‍ അതു തെറ്റാണ്. ദൈവത്തോട് നാം പ്രാര്‍ഥനയിലൂടെ സംസാരിക്കുമ്പോഴാണ് അവിടുത്തെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളില്‍ തൊട്ടറിയാന്‍ കഴിയുന്നത്. മക്കള്‍ അനുസരണക്കേടു കാട്ടി അകന്നുപോകുമ്പോഴും ഒരു നല്ല പിതാവ് അവന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്നുണ്ട്. അവന്‍ പറയുന്നത് കേള്‍ക്കാന്‍ കാതുകൊടുക്കുന്നുമുണ്ട്. ദൈവവും അങ്ങനെയാണ്. വഴിതെറ്റിയാലും ഇടറിപ്പോയാലും നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ അവിടുന്ന് സന്നദ്ധനാണ്. വീണ്ടുമൊരു പഴയസ്‌നേഹത്തിലേക്ക് തിരിച്ചുവരാന്‍ നാം അവിടുത്തോട് ഹൃദയം തുറന്നു സംസാരിക്കണം. നമ്മള്‍ ദൈവത്തില്‍ നിന്ന് അകന്നുപോയിട്ടുണ്ടാകാം. പക്ഷേ ദൈവം നമ്മളില്‍ നിന്ന് ഒരിക്കലും അകന്നുപോകുന്നില്ല എന്ന് മനസിലാക്കുന്നത് അവിടുത്തോട് സംസാരിക്കുമ്പോഴാണ്. നമ്മുടെ സംസാരത്തിന് ദൈവം മറുപടി തരുമ്പോഴാണ്.
ദൈവവുമായി സൗഹൃദത്തിലാകാനുള്ള എളുപ്പമാര്‍ഗം വ്യക്തിപരമായ പ്രാര്‍ഥനയാണ്. ഒരു നല്ല സുഹൃത്ത് നമ്മുടെ ജീവിതത്തെ പ്രകാശപൂരിതമാക്കും. പലതരം കുറവുകളുള്ള വ്യക്തികളായിരിക്കാം നാം. എന്നാല്‍ ഒരു നല്ല സുഹൃത്തിനെ കിട്ടുകയാണെങ്കില്‍ അവന്‍ വഴി നമ്മുടെ ജീവിതത്തില്‍ കുറെയെധികം നന്മകള്‍ ലഭിക്കും. നമ്മെ മോട്ടിവേറ്റ് ചെയ്യുന്ന, നമ്മെ അംഗീകരിക്കുന്ന, നല്ല വഴികള്‍ പറഞ്ഞുതരുന്ന സുഹൃത്ത് ഒരു ഭാഗ്യമാണ്. ഇതുപോലെയാണ് ദൈവവും. അവിടുന്ന് നമ്മുടെ ജീവിതത്തിലേക്ക് ഒരു സുഹൃത്തായി കടന്നുവരുന്നതിനുള്ള മാര്‍ഗമാണ് പ്രാര്‍ഥന. അതിലൂടെ നമ്മുടെ ജീവിതം കൂടുതല്‍ സ്വതന്ത്രവും മനോഹരവും മഹത്തരവുമാകുന്നു. നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്നുമാത്രമല്ല പല നന്മകളും ലഭിക്കുകയും ചെയ്യുന്നു.
പ്രാര്‍ഥന നമ്മെ ധൈര്യപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അത് നമ്മുക്ക് ആശ്വാസം നല്കുന്നുണ്ട്. ജീവിതത്തില്‍ ഒരുപാടു ഭാരങ്ങള്‍ ചുമക്കുന്നവരാണ് നമ്മള്‍. വളരെയധികം സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടാണ് ജീവിക്കുന്നതും. എന്നാല്‍ പ്രാര്‍ഥനയിലൂടെ അതെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതുവഴിയായി നാം ആത്മാവില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. നമ്മുടെ മനസ്സ് ദൈവത്തിനറിയാം; നാം വഹിക്കുന്ന ഭാരങ്ങളും. അതുകൊണ്ടാണ് ക്രിസ്തു ഇങ്ങനെ പറയുന്നത്, അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. (മത്താ 11: 28). അതുകൊണ്ട് വ്യക്തിപരമായ പ്രാര്‍ഥന മുടക്കാതിരിക്കുക. ഇതുവരെ വ്യക്തിപരമായ പ്രാര്‍ഥന നടത്തിയിട്ടില്ലെങ്കില്‍ ഇന്നുമുതല്‍ അതാരംഭിക്കുക. പക്ഷേ നിയോഗങ്ങള്‍ക്കുവേണ്ടി മാത്രമായി ദൈവത്തെ പ്രാര്‍ഥനയെന്നു പറഞ്ഞു സമീപിക്കാതിരിക്കുക. മറിച്ച് അവിടുത്തെ ഒരു സുഹൃത്തായി കണക്കാക്കുകയും സ്വീകരിക്കുകയും ചെയ്തുകൊണ്ട് അവിടുത്തോട് സംസാരിക്കുക. നിന്റെ ഉള്ളം മടികൂടാതെയും മറകൂടാതെയും അവിടുത്തെ മുമ്പില്‍ തുറന്നുവയ്ക്കുക.
നിനക്ക് ഈ ലോകത്തില്‍ മറ്റൊരു മനുഷ്യന്റെ മുമ്പിലും അത്രത്തോളം സുതാര്യത പുലര്‍ത്താനാവില്ല. നിന്നെ നീയായിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ദൈവം മാത്രമേയുള്ളൂ. ഓരോ ദിവസവും അവിടുത്തോട് സംസാരിക്കുക. ആ സംസാരമാണ് നിന്റെ പ്രാര്‍ഥന. യാത്രയ്ക്കിടയിലും ജോലിക്കിടയിലും എല്ലാം ഇങ്ങനെ മനസ്സ് തുറന്നു സംസാരിക്കാനാവും. അപ്പോള്‍ ജീവിതം മുഴുവന്‍ പ്രാര്‍ഥനയായി മാറും.



