അര്‍ണോബിയൂസ് ക്രിസ്തുമതം സ്വീകരിക്കുന്നതിന് മുന്‍പ് ടുണീഷ്യയിലെ സിക്ക എന്ന പട്ടണത്തിലെ അറിയപ്പെടുന്ന പ്രസംഗകനായിരുന്നു എന്ന് വിശുദ്ധ ജെറോമിന്റെ ക്രോണിക്കിള്‍ എന്ന ഗ്രന്ഥംസാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ക്രിസ്തുമതം സ്വീകരിച്ച അദ്ദേഹം ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ആഫ്രിക്കയില്‍ നിന്നുള്ള വിശ്വാസസംരക്ഷകനായി. സ്ഥലത്തെ ബിഷപ്പിന്റെ ആഗ്രഹപ്രകാരം 303 ല്‍ ഏഴു വാല്യങ്ങളിലായി
Adversus Gentes എന്ന ഗ്രന്ഥം രചിച്ചു. ഒമ്പതാം നൂറ്റാണ്ട് മുതല്‍ ഈ ഗ്രന്ഥത്തിന്റെ പേര് Adversus Nationes എന്നാക്കി മാറ്റി. ക്രിസ്തുമതത്തിന്റെ മാഹാത്മ്യമാണ് ഈ ഗ്രന്ഥത്തില്‍ എടുത്തുകാണിക്കുന്നത്. ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.
അദ്ദേഹം ഇങ്ങനെ എഴുതുന്നു: ഇന്ത്യയിലും പേര്‍ഷ്യയിലും മേദിയായിലും അറേബ്യയിലും ഈജിപ്റ്റിലും ഏഷ്യയിലും സിറിയയിലും ഗലാത്തിയായിലും പാര്‍ത്തിയായിലും അക്കായിയായിലും മാസിഡോണി ആയാലും എപ്പിറസിലും സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും അവസാനം റോമിലും സുവിശേഷം പ്രസംഗിക്കപ്പെട്ടു. പൂര്‍വ്വമതങ്ങള്‍ ഉപേക്ഷിച്ച് ഇവിടെ നിന്നെല്ലാം ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്തുമതത്തിന്റെ സത്യം തിരിച്ചറിയാന്‍ ഇതുവരെ താമസം ഉണ്ടായില്ല (Arnobius of Sicca, Adversus Gentes, PL 5, 828).
ഇന്ത്യയില്‍ ക്രിസ്തുമതം നിലനിന്നിരുന്നു എന്നതിന് 300 കളില്‍ അദ്ദേഹം എഴുതിയ ഈ വരികള്‍ വലിയ തെളിവാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കാര്‍ ജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചവരില്‍ പെടുന്നു. മൂന്നാം നൂറ്റാണ്ടിലോ അതിനു മുന്‍പോ ക്രിസ്ത്യാനികളായി മാറിയ ജനങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ അര്‍ണോബിയൂസ് ആദ്യം ഇന്ത്യയെയും അവസാനം റോമിനെയും ആണ് പരാമര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യ ഉദയസൂര്യന്റെ നാടും റോം അസ്തമയസൂര്യന്റെ നാടുമാണ്. അതായത് അന്നത്തെ അറിയപ്പെടുന്ന ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍. ലോകം മുഴുവന്‍ സുവിശേഷം പ്രസരിച്ചിരുന്നു എന്ന് അക്കാലത്തെ ലോകത്തെ അറിയിക്കാന്‍ അര്‍ണോബിയൂസ് ആഗ്രഹിക്കുന്നു. വ്യത്യസ്ത ആളുകള്‍ക്കിടയില്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന അപ്പസ്‌തോലന്മാരുടെ പേരുകള്‍ അദ്ദേഹം പരാമര്‍ശിക്കുന്നില്ല. സുവിശേഷം സ്വീകരിച്ച വ്യത്യസ്ത ജനതകള്‍ ആരാണെന്ന് കാണിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. തോമസ് ഇന്ത്യയുടെയും പത്രോസും പൗലോസും റോമിന്റെയും യോഹന്നാന്‍ എഫേസൂസിന്റെയും അന്ത്രയോസ് അക്കായിയായുടെയും അപ്പസ്‌തോലന്മാരായിരുന്നു എന്നത് അന്ന് പ്രചാരത്തിലുണ്ടായിരുന്ന ചിന്തയായിരുന്നു. അതുകൊണ്ടാണ് പല സഭാപിതാക്കന്മാരും ഇക്കാര്യം അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയത്.
ഫാ. ജയിംസ് പുലിയുറുമ്പില്‍


