ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്. റോമിലെ പഠനത്തിനിടയില്‍ അദ്ദേഹം വിശുദ്ധ ജെറോമുമായി സമ്പര്‍ക്കം പുലര്‍ത്തി. പിന്നീട് അദ്ദേഹം അക്വിലെയില്‍ സന്യാസിയായി. 371ല്‍ അദ്ദേഹം ഈജിപ്ത് സന്ദര്‍ശിക്കുകയും അവിടെ ആറു വര്‍ഷം സന്യാസിയായി ജീവിക്കുകയും ചെയ്തു. പിന്നീട് സിറിയയിലൂടെയും മെസപ്പൊട്ടോമിയയിലൂടെയും സഞ്ചരിച്ച ശേഷം അദ്ദേഹം ജെറുസലേമിലേക്ക് പോയി. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റലിയിലേക്ക് മടങ്ങി. വിസിഗോത്തുകള്‍ റോം ആക്രമിച്ച 407 വരെ അവിടെ തുടര്‍ന്നു. അവിടെ നിന്ന് അദ്ദേഹം സിസിലിയിലേക്ക് പോയി. അവിടെ എ. ഡി. 410 ല്‍ മരിച്ചു. അദ്ദേഹം തന്റെ Ecclesiastical History എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയില്‍ സുവിശേഷം അറിയിച്ച വിശുദ്ധ ഫ്രുമെന്‍സിയസിന്റെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: ദൈവവചനം പ്രസംഗിക്കുന്നതിനായി അപ്പസ്‌തോലന്മാര്‍ നറുക്കെടുപ്പിലൂടെ ലോകത്തിന്റെ വിഭജനം നടത്തിയപ്പോള്‍ വ്യത്യസ്ത പ്രദേശങ്ങള്‍ വ്യത്യസ്ത അപ്പസ്‌തോലന്മാര്‍ക്ക് ലഭിച്ചു. പാര്‍ത്തിയ തോമസിനും മത്തായിക്കും ലഭിച്ചു. അതിനോടു ചേര്‍ന്നുള്ള ഭാഗം ബര്‍ത്തലോമിയോവിനാണ് ലഭിച്ചത്. അത് പാര്‍ത്തിയാക്കും ഇന്ത്യയ്ക്കും ഇടയ്ക്കായിരുന്നു. ഇന്ത്യയില്‍ പല ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഉണ്ടായിരുന്നു.
മെട്രോഡസ് എന്ന തത്വചിന്തകന്‍ ലോകത്തെ പഠിക്കാന്‍ ആയി ഇന്ത്യയില്‍ എത്തി. ടയറിലെ ഒരു തത്വചിന്തകന്‍ ആയിരുന്ന മെരോപിയസും ഇതുപോലെ ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിച്ചു. സാഹിത്യത്തില്‍ പഠനം നടത്തിയിരുന്ന രണ്ട് കുട്ടികളെയും അദ്ദേഹം കൂടെ കൊണ്ടുപോയി. അവര്‍ എദേസിയസും ഫ്രുമെന്‍സിയസും ആയിരുന്നു. എന്നാല്‍ ഈ തത്വചിന്തകന്‍ വധിക്കപ്പെടുകയും ഈ കുട്ടികള്‍ പിടിക്കപ്പെടുകയും ചെയ്തു. കൂടെ ഉണ്ടായിരുന്നവരെയും വധിച്ചു. ഈ കുട്ടികളെ രാജാവിന്റെ അടുത്ത് ഹാജരാക്കി. അവരില്‍ സന്തുഷ്ടനായ രാജാവ് അനുജന്‍ എടേസിയസിനെ തന്റെ പാനപാത്രവാഹകനായും കൂടുതല്‍ അറിവുള്ള ജ്യേഷ്ഠനെ തന്റെ ട്രഷറര്‍ ആയും നിയമിച്ചു. ഇരുവരെയും രാജാവ് വളരെയധികം ബഹുമാനിച്ചിരുന്നു. പിന്നീട് ജ്യേഷ്ഠന് രാജ്യത്തിന്റെ ഭരണത്തില്‍ വലിയ പങ്കു നല്‍കി. ഈ സമയത്ത് അദ്ദേഹം രാജ്യത്തെ ക്രിസ്ത്യാനികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവര്‍ക്ക് ആരാധനാലയങ്ങള്‍ പണിതുനല്‍കി. ക്രിസ്തീയ വിശ്വാസത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നതില്‍ അദ്ദേഹം വളരെയധികം താല്‍പര്യം കാണിച്ചു.
പില്‍ക്കാലത്ത് എദ്ദേസിയൂസ് തന്റെ നാട്ടിലേക്ക് മടങ്ങി. സുവിശേഷം പ്രചരിപ്പിക്കാനുള്ള തീഷ്ണതയോടെ ഫ്രുമെന്‍സിയൂസ് അലക്‌സാണ്ടറിയായിലേക്ക് പോയി. അവിടെ അദ്ദേഹം സ്ഥലത്തെ അന്നത്തെ മെത്രാനോട് ചെയ്തതെല്ലാം വിശദീകരിച്ചു. അവിടെ കൂടുതല്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി യോഗ്യനായ ഒരാളെ തിരഞ്ഞെടുത്തു അങ്ങോട്ട് അയക്കണമെന്ന് അദ്ദേഹം മെത്രാനോട് ആവശ്യപ്പെട്ടു. എന്നാല്‍ അത്തനാസിയോസ് മെത്രാന്‍ ഇദ്ദേഹത്തെ തന്നെയാണ് ഈ നിയോഗം ഭരമേല്‍പ്പിച്ചത്. ഈ ദൗത്യം ഏറ്റെടുത്ത് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു. അവിടെ അനേകം വിജാതീയരെ അദ്ദേഹം ക്രൈസ്തവവിശ്വാസത്തിലേക്ക് കൊണ്ടുവന്നു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ അദ്ദേഹം ആളുകളെ ക്രിസ്ത്യാനികള്‍ ആക്കി, പള്ളികള്‍ സ്ഥാപിച്ചു, പൗരോഹിത്യം നല്‍കി. ഇക്കാര്യങ്ങള്‍ ഒന്നും കെട്ടുകഥകള്‍ അല്ല, അദ്ദേഹത്തിന്റെ തന്നെ കൂട്ടാളിയായ എദേസിയൂസിന്റെ അധരങ്ങളില്‍ നിന്ന് ലഭിച്ചതാണ് (PL XXI, 478).
ഫാ. ജയിംസ് പുലിയുറുമ്പില്‍


