എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ രേഖകള്‍ വ്യക്തമാക്കുന്നത് ഈ തിരുശേഷിപ്പ് ഇന്ത്യയില്‍ നിന്നാണ് കൊണ്ടുപോയത് എന്നാണ്. ഇന്ത്യയിലാണ് തോമാശ്ലീഹാ സുവിശേഷം പ്രസംഗിക്കുകയും രക്തസാക്ഷിയായി മരിക്കുകയും ചെയ്തത്. അത്തരമൊരു രേഖയാണ് സ്‌പെയിനില്‍ നിന്നുള്ള സില്‍വിയ എന്ന തീര്‍ഥാടക സ്ത്രീ എഴുതിയ Peregrinatio ad loca sancta അഥവാ ‘ എഗേറിയയുടെ യാത്ര ഡയറി’. എദേസയില്‍ നിന്ന് സ്‌പെയിനില്‍ മടങ്ങിയെത്തിയ ശേഷം ആശ്രമാധിപതി ആയപ്പോളാണ് അവര്‍ എഗേറിയ എന്ന പേര് സ്വീകരിച്ചത്.
ഈ ഗ്രന്ഥം അന്നത്തെ എദേസയിലെ പള്ളിയുടെ സ്ഥിതിയെക്കുറിച്ച് പ്രത്യേകിച്ച് തോമസിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്നു. അവര്‍ എഴുതുന്നു: നമ്മുടെ കര്‍ത്താവായ ഈശോയുടെ നാമത്തില്‍ ഞങ്ങള്‍ അവിടെ സുരക്ഷിതമായി എത്തി. അവിടെ എത്തിയ ഞങ്ങള്‍ താമസിയാതെ പള്ളിയും വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന സ്ഥലവും സന്ദര്‍ശിച്ചു. ഞങ്ങളുടെ പതിവനുസരിച്ച് അവിടെ ആരാധനകളും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ചെയ്യേണ്ട മറ്റ് കാര്യങ്ങളും ചെയ്തു. ‘ തോമായുടെ നടപടികളി’ല്‍ നിന്ന് ഒരു ഭാഗം ഞങ്ങള്‍ അവിടെ വായിച്ചു.
തോമസിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന പള്ളിയെ കുറിച്ചാണ് തുടര്‍ന്ന് എഗേറിയ എഴുതുന്നത്: പുതിയ രൂപകല്‍പ്പനയിലുള്ള വലുതും മനോഹരവുമായ ഒരു കെട്ടിടമാണ് പള്ളി. അത് ദൈവത്തിന്റെ ഭവനമാകാന്‍ യോഗ്യമാണ്. ഞാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ച നിരവധി സ്ഥലങ്ങള്‍ നഗരത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ മൂന്ന് ദിവസം അവിടെ താമസിച്ചു. അങ്ങനെ എനിക്ക് രക്തസാക്ഷികളുടെ നിരവധി ആരാധനാലയങ്ങളും വിശുദ്ധ സന്യാസിമാരുടെ വാസസ്ഥലങ്ങളും കാണാന്‍ കഴിഞ്ഞു. യഥാര്‍ഥ മതവിശ്വാസിയും സന്യാസിയും വിശ്വാസത്തിന്റെ കുമ്പസാരക്കാരനുമായ സ്ഥലത്തെ വിശുദ്ധ ബിഷപ്പ് എന്നെ വളരെ ദയയോടെ സ്വീകരിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: എന്റെ മകളേ, ഭക്തിയുടെ പേരില്‍ ലോകത്തിന്റെ അങ്ങേ അറ്റത്ത് നിന്ന് ഇത്രയും ദൂരം യാത്ര ചെയ്യുന്ന ഒരു വലിയ ദൗത്യം നിങ്ങള്‍ ഏറ്റെടുത്തതിനാല്‍ അത് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് താല്പര്യം ഉള്ള എല്ലാ സ്ഥലങ്ങളും ഞാന്‍ സന്തോഷത്തോടെ കാണിച്ചു തരാം. തുടര്‍ന്ന് അദ്ദേഹം എന്നെ ആദ്യം രാജാവ് അബ്ഗാറിന്റെ സ്ഥലത്തേക്ക് നയിച്ചു.
എദേസയില്‍ എഗേറിയ കണ്ട ‘തോമായുടെ നടപടികള്‍’ ജ്ഞാനവാദികളോ മനിക്കേയരോ മാറ്റം വരുത്താത്ത യഥാര്‍ഥകൃതി ആയിരുന്നു. പിന്നീട് മാത്രമാണ് സുറിയാനി ലോകത്ത് അതിന്റെ വ്യാപകമായ ഉപയോഗവും ജനപ്രീതിയും മുതലെടുത്ത് ജ്ഞാനവാദികള്‍ ഈ ഗ്രന്ഥത്തില്‍ കൃത്രിമം കാണിച്ചത്. ബൈസന്റിയാകാര്‍ക്ക് ഈ നഗരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും തോമസിന്റെ തിരുശേഷിപ്പുകള്‍ ഈ പള്ളിയില്‍ സൂക്ഷിച്ചു പോന്നു. നൂറ്റാണ്ടുകളോളം ഇത് അവിടെ ഉണ്ടായിരുന്നു. പിന്നീട് കുരിശുയുദ്ധക്കാര്‍ നഗരം പിടിച്ചടക്കിയപ്പോള്‍ അവര്‍ അവിടെ തോമസിന്റെ തിരുശേഷിപ്പുകള്‍ കണ്ടു. ഏഷ്യ മൈനര്‍ മുഴുവന്‍ മുഹമ്മദീയര്‍ കീഴടക്കിയപ്പോള്‍ തിരുശേഷിപ്പുകള്‍ സുരക്ഷിതത്വത്തിനായി ചിയോസിന്റെ തീരത്ത് ഒരു ദ്വീപിലേക്ക് മാറ്റി. 1127 ല്‍ രൂപതയുടെ വികാരി ജനറല്‍ ആയിരുന്ന പേരെനിച് ലെന്‍സിനോയിലെ ആര്‍ച്ചുബിഷപ്പുമായി ചേര്‍ന്ന് ചിയോസില്‍ നിന്ന് ഇറ്റലിയിലെ ഓര്‍ത്തോണ എന്ന സ്ഥലത്തേക്ക് തിരുശേഷിപ്പുകള്‍ നീക്കം ചെയ്തു. മുമ്പ് പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചിരുന്ന കത്തീഡ്രല്‍ ദേവാലയത്തിന് പിന്നീട് സെന്റ് തോമസ് എന്ന പേര് നല്‍കി. 1556 ല്‍ തുര്‍ക്കികള്‍ ഓര്‍ത്തോണ പട്ടണം കൊള്ളയടിച്ച് പള്ളി നശിപ്പിച്ചു. എങ്കിലും തിരുശേഷിപ്പ് നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പോയശേഷം ഒര്‍ത്തോണ നിവാസികള്‍ പുതുതായി നിര്‍മ്മിച്ച കത്തീഡ്രലില്‍ അവ വീണ്ടും സുരക്ഷിതമായി സൂക്ഷിച്ചു.
ഫാ. ജയിംസ് പുലിയുറുമ്പില്‍


