ആമുഖം
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമചാക്രിക ലേഖനം ‘മഹത്തായ മാനവികത’ (Magnifica Humanitas) നിര്‍മ്മിതബുദ്ധിയുടെ പെരുക്കകാലത്ത് മാനവികത നേരിടുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്ന പ്രബോധനമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ ഫലമായുള്ള വ്യത്യസ്ത പ്രതിസന്ധികളെ വ്യക്തമാക്കുന്നതോടൊപ്പം മനുഷ്യവ്യക്തിയുടെ സവിശേഷ മഹത്വം പ്രഘോഷിക്കുന്ന പഠനവുമാണിത്. നിര്‍മ്മിതബുദ്ധി ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ കേവലം ധാര്‍മികമോ സാങ്കേതികമോ മാത്രമല്ല അടിസ്ഥാനപരമായി ദൈവശാസ്ത്രപരവും (theological ) നരവംശശാസ്ത്രപരവുമാണെന്ന് (anthropological) വൃക്തമാക്കുന്ന ഈ പ്രബോധനം മുന്നോട്ടു വയ്ക്കുന്ന ധാര്‍മികജാഗ്രതയാണ് ഈ ലേഖനത്തിലെ പ്രതിപാദ്യവിഷയം.
നിര്‍മ്മിതബുദ്ധി പരിഹാരമോ?
ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന എല്ലാവിധ പ്രശ്‌നങ്ങളുടെയും പരിഹാരമായി ചിലരെങ്കിലും നിര്‍മ്മിതബുദ്ധിയെ നിര്‍ദ്ദേശിക്കാറുണ്ട്. വിദ്യാഭ്യാസ മെഡിക്കല്‍ മേഖലകളില്‍ മാത്രമല്ല, സ്‌നേഹരാഹിത്യം, ഒറ്റപ്പെടല്‍, വിരസത തുടങ്ങി മനുഷ്യര്‍ നേരിടുന്ന പല സാമൂഹികപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നിര്‍മ്മിതബുദ്ധിയുടെ സഹായം തേടുന്നവരും കുറവല്ല. ഈ പശ്ചാത്തലത്തിലാണ് നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന ഈ പ്രബോധനത്തിന്റെ പ്രസക്തി.
ഒരര്‍ഥത്തില്‍ നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ അനന്തമാണ്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് വഴിയൊരുക്കാനും സാമ്പത്തികവികസനത്തിനും ഇത് ഉപകാരപ്രദമാണ്. അതേസമയം തന്നെ ഇത് ഉയര്‍ത്തുന്ന പ്രതിസന്ധികളും പരിഗണിക്കേണ്ടതുണ്ട്. ജനാധിപത്യത്തിനും സത്യത്തിനും സാമൂഹികബന്ധങ്ങള്‍ക്കും മനുഷ്യസ്വാതന്ത്ര്യത്തിനും സമഗ്രതയ്ക്കും വെല്ലുവിളി ഉയര്‍ത്തുവാന്‍ പര്യാപ്തമായ രീതിയില്‍ ഇന്ന് നിര്‍മ്മിതബുദ്ധി ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. മാര്‍പാപ്പ എഴുതുന്നു; ‘സാങ്കേതികവിദ്യയ്ക്ക് നമ്മുടെ പൊതുഭവനത്തെ സുഖപ്പെടുത്താനും ബന്ധിപ്പിക്കാനും വിദ്യാഭ്യാസം നല്‍കാനും സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. എന്നാല്‍ വിഭജിക്കാനും ഒഴിവാക്കാനും പുതിയ തരത്തിലുള്ള അനീതികള്‍ സൃഷ്ടിക്കാനും അതിന് കഴിയും’ (#9).
സാങ്കേതികവിദ്യയുടെ ഉപയോഗം തള്ളിക്കളയുകയല്ല, മറിച്ച് വിവേകത്തോടും ജ്ഞാനത്തോടും നീതിയോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടരോടുള്ള കരുതലോടും ഭൂമിയോടുള്ള പ്രതിബദ്ധതയോടും കൂടി ഇത് ഉപയോഗിക്കണമെന്ന് മനുഷ്യരാശിയെ ലെയോ മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു (#85). സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ആന്തരികമായി അടിയുറച്ച ഒരു മനുഷ്യനായി ജീവിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഓരോ വ്യക്തിക്കും ദൈവം നല്‍കിയിട്ടുള്ള ആന്തരികസ്വാതന്ത്ര്യത്തിനും ധാര്‍മ്മികമനസാക്ഷിക്കും പകരമാകാന്‍ ഒരു യന്ത്രത്തിനും കഴിയില്ല എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം (#233).
ധാര്‍മിക വെല്ലുവിളികള്‍
നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമായി ഈ ചാക്രികലേഖനത്തെ പരിഗണിക്കാവുന്നതാണ്. മാര്‍പാപ്പയുടെ വീക്ഷണത്തില്‍ സാങ്കേതികവിദ്യ അതില്‍ തന്നെ നന്മയോ തിന്മയോ അല്ല. ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആധാരമാക്കിയാണ് ഇതിന്റെ നന്മതിന്മകള്‍ നിര്‍ണയിക്കേണ്ടത്. നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം കേവലം സാങ്കേതികം മാത്രമല്ല, മാനവികതയുടെ വളര്‍ച്ചയ്ക്കും പൊതുനന്മയ്ക്കും ഇത് കാരണമാകുമോ എന്നതായിരിക്കണം നിര്‍ണ്ണായക ചോദ്യം. മനുഷ്യജീവിതത്തിന്റെ ധാര്‍മികവും ആത്മീയവും പരസ്പരബന്ധിതവുമായ മാനങ്ങളെ തിരസ്‌കരിക്കുന്ന നിര്‍മ്മിതബുദ്ധി അപകടകരമാണ്. മനുഷ്യജീവിതത്തെയും മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അവരുടെ അവകാശങ്ങളെയും അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളെയും മനുഷ്യാവസ്ഥയെ തന്നെയും ഇത് ബാധിക്കുമെങ്കില്‍ ഇതിന്റെ ധാര്‍മികവശം ഗൗരവമായി പരിഗണിക്കേണ്ടതാണ് (#102).
മനുഷ്യജീവിതത്തെ ബാധിക്കുന്ന പല അവസ്ഥകളെയും ഈ ചാക്രികലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തൊഴിലിന്റെ സുരക്ഷിതത്വവും അസമത്വവും (#151), വിവരാവകാശങ്ങളുടെ ദുരുപയോഗവും സ്വകാര്യതയുടെ ലംഘനവും (#102), സാങ്കേതികവിദ്യയയില്‍ തന്നെയുള്ള പ്രത്യയശാസ്ത്രപരമായ മുന്‍വിധികള്‍ (#102), സ്വയം നിര്‍ണ്ണായവകാശമുള്ള ആയുധ നിര്‍മ്മാണം (#197), സാങ്കേതികവിദ്യയാല്‍ ഗുണമേന്മവര്‍ദ്ധിപ്പിക്കുന്ന മനുഷ്യാന്തര ദര്‍ശനം (#115) എന്നിവ ഇവയില്‍ മുഖ്യമാണ്. മനുഷ്യത്വത്തിനും മാനവികതയുടെ സംരക്ഷണത്തിനും എത്രമാത്രം ഗുണകരമാണ് എന്നതായിരിക്കണം നിര്‍മ്മിതബുദ്ധിയുടെ ഉപയോഗത്തില്‍ നാം ഉന്നയിക്കേണ്ട പ്രധാന ചോദ്യം (#85, 112).
രണ്ടു പ്രതീകങ്ങള്‍: രണ്ട് സമീപന രീതികള്‍
നിര്‍മ്മിതബുദ്ധിയുടെ ഉപയോഗത്തില്‍ നമുക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഈ പ്രബോധനത്തില്‍ പരിശുദ്ധ പിതാവ് ഉപയോഗിക്കുന്ന രണ്ട് പ്രതീകങ്ങളാണ് ബാബേല്‍ നിര്‍മ്മാണവും (ഉല്പ 11:19) ജെറുസലേമിന്റെ പുനര്‍നിര്‍മ്മിതിയും (നെഹ 17). ഈ പ്രതീകങ്ങള്‍ രണ്ടു മനോഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അധികാരത്തിന്റെയും അധികാരത്തോടുള്ള ആര്‍ത്തിയുടെയും അതിരുകടന്ന ആത്മവിശ്വാസത്തിന്റെയും സാങ്കേതികസംസ്‌കാരത്തിന്റെ പ്രതീകമാണ് ബാബേല്‍ ഗോപുരം. തങ്ങളുടെ സ്വന്തം കഴിവുകളില്‍ മാത്രം ആശ്രയിച്ച് ഗോപുരം കെട്ടിപ്പടുത്തവര്‍ക്ക് ഒരേ ഭാഷയും ഒരേ സാങ്കേതിവിദ്യവും ഒരേ ലക്ഷ്യവും ഉണ്ടായിരുന്നു. പക്ഷേ അവര്‍ ദൈവത്തെ ഒഴിവാക്കുകയും വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകീകൃത രൂപത്തിലേക്ക് ഇതിനെ ആവിഷ്‌കരിക്കുകയും ചെയ്തു. ഇസ്രായേല്‍ പുനര്‍നിര്‍മാണത്തിന് നെഹമിയ നല്‍കിയ നേതൃത്വം ഉത്തരവാദിത്തപൂര്‍ണ്ണമായ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് നല്ല മാതൃകയാണ്. സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരിയായല്ല, എല്ലാവരെയും കേള്‍ക്കുകയും ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കുകയും കൂട്ടായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നല്ല ഒരു നേതാവായാണ് നെഹമിയ പ്രവര്‍ത്തിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു നേതൃത്വശൈലി അദ്ദേഹം സ്വീകരിച്ചു. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും പരസ്പരമുള്ള സഹകരണത്തിന്റെയും ദൈവാശ്രയത്വത്തിന്റെയും മാതൃകയാണ് ജറുസലേമിന്റെ പുനര്‍നിര്‍മ്മിതി. ഇതുപോലെ സംവാദം, പങ്കാളിത്തം, ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം സാങ്കേതികവിദ്യ നാം ഉപയോഗിക്കേണ്ടത്. മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്നതിന് പകരം അപരരെ മാനിച്ചുകൊണ്ടും പരസ്പരമുള്ള പങ്കാളിത്തത്തിലൂടെയുമാണ് സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടത് എന്ന് ലെയോ മാര്‍പാപ്പ സമര്‍ത്ഥിക്കുന്നു (#7, 8, 90).
ഡിജിറ്റല്‍ യുഗത്തിലെ വിവേചന ബുദ്ധി
സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് നാം സ്വീകരിക്കേണ്ട ധാര്‍മിക തത്വത്തിന്റെ മാനദണ്ഡമായി ലെയോ മാര്‍പാപ്പ നല്‍കിയിരിക്കുന്നത് വിവേചനം എന്ന പുണ്യമാണ്. നിര്‍മ്മിതബുദ്ധി വിലയേറിയ ഒരു ഉപകരണമാണെങ്കിലും ധാര്‍മികമായി അത് നിക്ഷ്പക്ഷമല്ല (#100). അത് രൂപകല്‍പ്പന ചെയ്യുന്നവര്‍ക്കും, അതിനായി പണം മുടക്കുന്നവര്‍ക്കും, നിയന്ത്രിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും അവരുടേതായ ഉദ്ദേശങ്ങള്‍ ഉണ്ടാകും. അവയുടെ സവിശേഷതകളെയും ലക്ഷ്യത്തെയും മനസ്സിലാക്കുക നിര്‍മ്മിതബുദ്ധിയുടെ ധാര്‍മികമായ ഉപയോഗത്തിന് അനിവാര്യമാണ് (#9,104). സാങ്കേതികമായി മികച്ചതാകുമ്പോഴും മനുഷ്യര്‍ക്കുള്ളതുപോലെ അനുഭവങ്ങളോ വൈകാരിക ബന്ധങ്ങളോ ഇല്ലാത്തതുകൊണ്ടുതന്നെ നിര്‍മ്മിതബുദ്ധിയുടെ ഉത്തരങ്ങളും ഇടപെടലുകളും ഉള്ളില്‍നിന്ന് വരുന്നതല്ല. അവയ്ക്ക് ധാര്‍മികമനസ്സാക്ഷിയും ഇല്ല; അതുകൊണ്ടുതന്നെ സാഹചര്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാനോ നന്മയും തിന്മയും വിവേചിച്ചറിയാനോ അവയ്ക്ക് കഴിയില്ല. നിര്‍മ്മിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് സര്‍ഗാത്മകതയും വിമര്‍ശനചിന്തയും ധാര്‍മികവിധിനിര്‍ണയവും ദുര്‍ബലപ്പെടുത്തുമെന്ന് പാപ്പ വ്യക്തമാക്കുന്നു (#99). ഡിജിറ്റല്‍ വിവേചനത്തിനായി അദ്ദേഹം നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും വിലപ്പെട്ടതാണ്. നാം ഉപയോഗിക്കുന്ന നിര്‍മ്മിതബുദ്ധി സത്യത്തോട് പ്രതിബദ്ധതയുള്ളതാണോ? ഇതിന്റെ പഠനങ്ങള്‍ ആധികാരികമാണോ ? ഇതിന്റെ ഉപയോഗം മറ്റുള്ളവരെ സഹായിക്കാന്‍ ലക്ഷ്യമായിട്ടുള്ളതോ മനുഷ്യബന്ധങ്ങള്‍ വളര്‍ത്തുന്നതോ ആണോ? ഈ ഉപകരണം നീതിയും സമാധാനവും ഉറപ്പുവരുത്തുന്നതാണോ? ആത്യന്തികമായി ഇത് മനുഷ്യവംശത്തെ നന്മയിലേക്ക് നയിക്കുന്നതാണോ? (#237240) തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ആത്മപരിശോധനയും നിര്‍മ്മിതബുദ്ധിയെ കാര്യക്ഷമമായും ഗുണപരമായും ഉപയോഗിക്കാന്‍ നമ്മെ പ്രാപ്തമാക്കും. വിവേകവും കര്‍ശനമായ വിലയിരുത്തലും, ആവശ്യമാണെങ്കില്‍ സാവകാശമുള്ള സമീപനവും കൂടുതല്‍ ഉത്തരവാദിത്തത്തോടും മനുഷ്യകുടുംബത്തോടുള്ള പ്രതിബദ്ധതയോടും കൂടെ നിര്‍മ്മിതബുദ്ധി ഉപയോഗിക്കാന്‍ നമ്മെ പരിശീലിപ്പിക്കും (#106).
അധികാരത്തിന്റെ ഗര്‍വ്വും സ്‌നേഹത്തിന്റെ നാഗരികതയും
ലെയോ പതിനാലാമന്‍ മാര്‍പാപ്പ സ്‌നേഹസംസ്‌കാരത്തിന്റെ മാതൃക അവതരിപ്പിച്ചുകൊണ്ടാണ് ഈ ചാക്രികലേഖനം ഉപസംഹരിക്കുന്നത്. ബാബേല്‍ ഗോപുരനിര്‍മ്മിതിയില്‍ നിറഞ്ഞുനിന്നിരുന്ന അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും മനോഭാവം ഇന്ന് പല രീതിയിലും ലോകത്തില്‍ വ്യാപിച്ചിട്ടുണ്ട്. അഹങ്കാരത്തിന്റെ ഈ ഭാഷ്യത്തിന്റെ പരിണിതഫലമാണ് കാലിക ലോകത്തിലെ സംഘര്‍ഷങ്ങള്‍ (#285). ഇതിന് പ്രതിവിധിയായി അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് സ്‌നേഹത്തിന്റെ സംസ്‌കാരമുള്ള ഒരു നാഗരികതയെ വളര്‍ത്തിയെടുക്കുകയെന്നതാണ് (#185). നീതിയും പൊതുനന്മയും ലക്ഷ്യമാക്കുന്ന ഒരു സാമ്പത്തിക ദര്‍ശനവും രാഷ്ട്രീയ സംസ്‌കാരവുമാണ് ഇതുകൊണ്ട് ലക്ഷ്യമാകുന്നത്. പാരസ്പര്യത്തിലൂന്നിയ സഹവര്‍ത്തിത്തവും സാഹോദര്യവുമാണ് ഇതിന്റെ ആണിക്കല്ലുകള്‍ (#185). അപരരെ മനസ്സിലാക്കിയും മാനവികതയുടെ പൊതുനന്മ ലക്ഷ്യമാക്കിയും മനുഷ്യപരിമിതിയെ അംഗീകരിച്ചുകൊണ്ടുമുള്ള ഈ ദര്‍ശനം കലാപത്താലും അഹങ്കാരത്താലും കലുഷിതമായ ലോകത്തിന് പ്രതീക്ഷയുടെ പുതിയ തുരുത്തുകള്‍ സമ്മാനിക്കുന്നു.
സജി മാത്യു കണയങ്കല്‍ CST



