സുവർണജൂബിലിയോട് അനുബന്ധിച്ച് പാലക്കാട് രൂപത സ്വന്തമായി വീടില്ലാത്ത അമ്പതുപേർക്ക് വീടു നിർമ്മിച്ചുനല്കുന്നു.
“നിനക്ക് അവകാശപ്പെട്ട ഭവനം അവിടുന്ന് നിനക്ക് സമ്മാനിക്കും” (ജോബ് 8: 6). എന്ന തിരുവചനത്തിന്റെ വെളിച്ചത്തിൽ, സ്വന്തമായി ഒരു ഭവനം ലഭിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് എന്ന ദൈവസ്വരം പാലക്കാട് രൂപത തിരിച്ചറിഞ്ഞതിന്റെ പ്രകാശനമാണ് രൂപത സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നടപ്പിലാക്കിയ ഭവനപദ്ധതി.” “രൂപത ഒരു കുടുംബം” എന്നത് ജൂബിലി വാക്യമായി സ്വീകരിച്ച് 2023 സെപ്റ്റംബർ എട്ടു മുതൽ 2024 സെപ്റ്റംബർ ഏഴു വരെയാണ് സുവർണ്ണ ജൂബിലി ആഘോഷിച്ചത്. ജൂബിലിയോട് അനുബന്ധിച്ച് നടപ്പാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ ഒന്നായിരുന്നു ഭവന നിർമ്മാണ പദ്ധതി. സ്വന്തമായി വീടില്ലാത്ത ഒരു കുടുംബം പോലും പാലക്കാട് രൂപതയിൽ ഉണ്ടാവരുത് എന്ന് തീരുമാനത്തിന്റെ ഭാഗമായാണ് ജൂബിലി വർഷത്തോടനുബന്ധിച്ച് 50 വീടുകൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. 600 ചതുരശ്രീ അടി വിസ്തൃതിയിൽ 8 ലക്ഷത്തോളം രൂപ ചെലവ് കണക്കാക്കുന്ന വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ആറു ലക്ഷം രൂപത സമാഹരിച്ച് നൽകുന്നു. ബാക്കി തുക ഗുണഭോക്താക്കൾ കണ്ടെത്തണം. ഇടവക വികാരിയാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക്് നേതൃത്വം കൊടുക്കുന്നത്.
ഇടവകകളുടെയും സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, മാതൃവേദി, കെ.സി.വൈ.എം. തുടങ്ങിയ സംഘടനകളുടെയും വിവിധ സന്യാസ സമൂഹങ്ങളുടെയും സുമനസ്കരായ വ്യക്തികളുടെയും സഹായത്തോടെയാണ് ഭവനനിർമ്മാണത്തിന് വേണ്ട തുക രൂപത കണ്ടെത്തുന്നത്. കൂടാതെ ഇടവകകളിലെ ഓരോ കുടുംബവും ഈ പദ്ധതിയിൽ സ്വയം പ്രേരിതമായി പങ്കുചേരത്തക്കവിധം അവരുടെ ത്യാഗഫലം നിക്ഷേപിക്കുന്നതിന് എല്ലാ ഭവനങ്ങളിലും “”ഭവന സഹായചെപ്പ്” വച്ചിട്ടുണ്ട്.
ജൂബിലി ഭവന നിർമ്മാണ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനു ഏഴംഗ കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭാവനകൾ ശേഖരിക്കുക, നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസൃതമുള്ള അപേക്ഷകരിൽ നിന്ന് അർഹരായവരെ തെരഞ്ഞെടുക്കുക, പദ്ധതി കൃത്യതയോടെ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവ ഈ കമ്മിറ്റിയാണ് നിർവഹിക്കുന്നത്. രൂപത ഒരു കുടുംബമാണെന്ന അവബോധത്തെ ആഴപ്പെടുത്തുന്നതിനും “എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത്” എന്ന വചനം അക്ഷരശ്ശ: അനുവർത്തിക്കുന്നതിനും ഭവന നിർമ്മാണ പദ്ധതി സഹായകരമാണ്.
ഫാ ജിജോ ചാലക്കൽ


