ക്രൈസ്തവപിന്നാക്കാവസ്ഥ പഠിക്കാൻ നിയമിതമായ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുമ്പാകെ വിവരാധിഷ്ഠിതമായ പഠനറിപ്പോർട്ട് നല്കുന്നതിനു മാനന്തവാടി രൂപത ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിർമിച്ച് നടത്തിയ കമ്മ്യൂണിറ്റി സർവേ 2021ന്റെ പശ്ചാത്തലത്തിലാണ് സമുദായാംഗങ്ങളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിലും സാമ്പത്തികസുരക്ഷിതത്വവും മുൻനിറുത്തി മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് Futur istic Education and Research (FEDAR) Foundation 2021 മാർച്ച് 1-ന് സ്ഥാപിച്ചത്. വിദ്യാർഥികൾ ഏറ്റവും കൂടുതൽ ആശയക്കുഴപ്പം നേരിടുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾനടത്തി അവർക്കു മാർഗനിർദേശങ്ങൾ നല്കുന്നതിലൂടെ സമുദായാംഗങ്ങളുടെ ഭൗതികസുസ്ഥിതിയുടെ മേഖലയിലും തിരുസഭ പ്രസക്തമാകുന്നു എന്നതാണ് ഫെഡാർ ഫൗണ്ടേഷനെന്ന പുതിയ ചുവടുവെയ്പിന്റെ പ്രത്യേകത.
പൂർണമായും ഐടി പ്ലാറ്റ്‌ഫോമുകളിൽ അധിഷ്ഠിതമാണ് ഫെഡാറിന്റെ പ്രവർത്തനരീതി. കുട്ടികളെ തിരിച്ചറിയുന്നതിനും അവരുടെ വിവിധ താത്പര്യങ്ങളും കഴിവുകളും മനസ്സിലാക്കുന്നതിനും അതനുസരിച്ച് അവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നല്കുന്നതിനും ഫെഡാർ ഫൗണ്ടേഷന്റെ ഐടി വിഭാഗം നിർമിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോം ഏറെ ഗുണപ്രദമാണ്.
ചെറുപ്പംമുതൽതന്നെ കുട്ടികളെ അവരുടെ അക്കാദമികവും തൊഴിൽപരവുമായ മേഖലകൾ മുൻനിറുത്തി പിന്തുടരുകയും മാർഗനിർദ്ദേശം നല്കുകയുംചെയ്യുന്നതുവഴിയായി ഏറെ സമ്പന്നമായ ഒരു കരിക്കുലം വീത്തേ (CV) കുട്ടികളുടേതായി ഫെഡാറിന്റെ പ്ലാറ്റ്‌ഫോമിൽ രൂപപ്പെടുന്നുണ്ട്. അതവർക്ക് പിന്നീട് തൊഴിലന്വേഷണത്തിന്റെ സമയത്ത് ഏറെ ഗുണപ്രദമാണ്.
കുട്ടികളെയും അവരുടെ മാതാപിതാക്കന്മാരെയും വ്യക്തിപരമായി ബന്ധപ്പെടാനും അവരുടെ വിവിധങ്ങളായ പ്രതിസന്ധികളിൽ സഹായിക്കാനും വിദ്യാഭ്യാസപരമായ മാർഗനിർദ്ദേശങ്ങൾ നല്കാനുമായി FEDAR Connect എന്ന പേരിൽ ക്രിസ്തുദാസി സന്ന്യാസിനിസമൂഹത്തിലെ എട്ടു സിസ്റ്റേഴ്‌സ് സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, മന:ശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ പരിശീലനംനേടിയ സിസ്റ്റേഴ്‌സിന്റെ പ്രവർത്തനഫലമായി 2022- 23 വർഷത്തിൽ മാനന്തവാടി രൂപതയിലെ പന്ത്രണ്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന 1518 കുട്ടികളെ ബന്ധപ്പെടുകയും അവർക്കാവശ്യമായ മാർഗനിർദ്ദേശങ്ങൾ നല്കുകയുംചെയ്തു. ഈ കുട്ടികളെല്ലാം പഠിക്കുന്ന വിഷയങ്ങളും പഠിക്കുന്ന കോളേജുകളും സ്ഥലങ്ങളും അടിസ്ഥാനമാക്കി അവർക്കാവശ്യമായ തുടർപിന്തുണയും ഫൗണ്ടേഷൻ നല്കുന്നുണ്ട്. 2023-24 അക്കാദമികവർഷത്തിൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്ന് യഥാക്രമം 1815,1594, 1494 കുട്ടികളെ ബന്ധപ്പെടാൻ സാധിച്ചു. മൊത്തം 4903 കുട്ടികളെ പിന്തുടരുന്നതിൽ 2443 പേർ ആൺകുട്ടികളും 2460 പേർ പെൺകുട്ടികളുമാണ്. വിവിധ രീതികളിൽ കുട്ടികൾക്കുള്ള സഹായങ്ങൾ നല്കാനും ഏതു സമയത്തും അവരുടെ ആശങ്കകൾ പങ്കുവെക്കുന്നതിനുള്ള ഇടമായും ഫെഡാർ കണക്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലും ഇന്ത്യക്കു പുറത്തും വിവിധ സ്ഥാപനങ്ങളിൽ പഠനത്തിനായുള്ള അഡ്മിഷൻ നേടിയെടുക്കുന്നതിന് വിദ്യാർഥികളെ ഫൗണ്ടേഷൻ സഹായിക്കുന്നുണ്ട്. സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരെയും പ്രത്യേകമായി പിന്തുടരുന്നതിനും ആവശ്യമായ പിന്തുണനല്കുന്നതിനും ഫൗണ്ടേഷൻ ശ്രദ്ധിക്കുന്നു. കുട്ടികളുടെ അഭിരുചിനിർണയവും വിവിധ കോഴ്‌സുകളുടെ പരിചയപ്പെടുത്തലും സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിനനുസരിച്ച് അഡ്മിഷൻ നേടാൻ അവരെ സഹായിക്കലും അവരുടെ വിവിധ പ്രതിസന്ധികളിൽ കൂടെനടക്കലുമാണ് ഫെഡാർ ഫൗണ്ടേഷൻ ചെയ്യുന്നത്. പ്ലസ്ടുവിനുശേഷം ഡിഗ്രി പഠനകാലത്ത് പഠിക്കുന്ന വിഷയങ്ങൾക്കനുസരിച്ച് ഗ്രൂപ്പ് ചെയ്യപ്പെടുന്ന കുട്ടികൾക്ക് ബ്ലൻഡഡ് ലേണിംഗ് പ്ലാറ്റ്‌ഫോമുകളെ പരിചയപ്പെടുത്തി ഹ്രസ്വകാല ഓൺലൈൻ കോഴ്‌സുകൾ ചെയ്യിപ്പിക്കുക, ഇന്റേൺഷിപ്പിന് അവസരങ്ങൾ നല്കുക, ഇൻഡസ്ട്രിയുമായി കണക്ട് ചെയ്യുക, അഭിമുഖങ്ങൾക്കും സംരംഭകത്വത്തിനും മറ്റുമുള്ള പരിശീലനം നല്കുക, പഠനകാലയളവിൽ വിവിധ സ്‌കോളർഷിപ്പുകൾ പരിചയപ്പെടുത്തുക എന്നിങ്ങനെ വിദ്യാർഥികൾക്കായി ഫൗണ്ടേഷൻ നല്കുന്ന സൗജന്യസേവനങ്ങൾ നിരവധിയാണ്. പ്രവർത്തനമാരംഭിച്ച് മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ നാല്പതോളം പേർ ഫെഡാർ ഫൗണ്ടേഷനിൽ ജോലി ചെയ്യുന്നുണ്ട്. വിവിധ രീതികളിലായി ഏതാണ്ട് ആറായിരത്തിലധികം കുട്ടികൾ ഫെഡാറിന്റെ ഗുണഭോക്താക്കളുമാണ്.
വൈദികരും അത്മായരും സമർപ്പിതരും ചേരുന്ന ഒരു ടീമാണ് ഈ സംവിധാനത്തിന് വിവിധ തലങ്ങളിലായി രൂപതയിൽ നേതൃത്വം നല്കുന്നത്.
ഫാ. നോബിൾ തോമസ് പാറയ്ക്കൽ


