കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് പവ്വത്തിലിന്റെ ദീർഘവീഷണത്തിന്റെ ഫലമായി 1955 ലെ തിരുവിതാംകൂർ കൊച്ചിൻ ലിറ്റററി, സയന്റിഫിക് ആൻഡ് ചാരിറ്റബിൾ ആക്ട് പ്രകാരം 1977 ജൂലൈ 11 ന് സാമൂഹ്യവികസന സംഘടനയായി രജിസ്ട്രർ ചെയ്യപ്പെട്ടതാണ് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി(എംഡിഎസ്). പ്രഥമ സെക്രട്ടറിയായിരുന്നത് ദിവംഗതനായ ഫാ. മാത്യു വടക്കേമുറിയായിരുന്നു. നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പരിസ്ഥിതിയെയും മാനിച്ചുകൊണ്ട് സുസ്ഥിരവും നൂതനവുമായ സാങ്കേതികവിദ്യകളുടെ സഹായത്തോടുകൂടി വികേന്ദ്രീകൃതവും പങ്കാളിത്താധിഷ്ഠിതവുമായ മാർഗങ്ങളിലൂടെ കർഷകർ, വനിതകൾ, യുവജനങ്ങൾ, കുട്ടികൾ, കൂടാതെ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരായ വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവരുടെ ജീവിതനിലവാരം ഉയർത്തി അതിലൂടെ ജീവിതത്തിന്റെ അന്തസ്സും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന നീതിപൂർവമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് എംഡിഎസിന്റെ ലക്ഷ്യവും ദൗത്യവും. ഈ ലക്ഷ്യം നേടുന്നതിനുവേണ്ടി മൂന്നുതരത്തിലുള്ള പ്രവർത്തനങ്ങളാണ് എംഡിഎസ് വിഭാവനം ചെയ്യുന്നതും നടപ്പിലാക്കുന്നതും.
1) കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന ചെറുകിട നാമമാത്രകർഷകരായ ക്ഷീരകർഷകർ, തേയില കർഷകർ, തേനീച്ച കർഷകർ, കാപ്പി കർഷകർ, നാളികേര കർഷകർ, വാഴ കർഷകർ, മരച്ചീനി കർഷകർ എന്നിവരുടെ ഉന്നതിക്കായി പ്രവർത്തിക്കുകയും ജാതി, മത, വർഗ, വർണ, ലിംഗ ഭേദമെന്യേ അവരെ സഹായിക്കുകയും കൈപിടിച്ചുയർത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ എംഡിഎസ് നടപ്പിലാക്കുന്നു. അതിനായി പലിശകുറഞ്ഞ വായ്പാപദ്ധതിയും കർഷക ഉത്പന്നങ്ങൾ സംഭരിക്കാനും സംസ്‌കരിക്കാനും വിപണനം നടത്താനുമുള്ള സംവിധാനങ്ങളും അവയിൽനിന്നു ലഭിക്കുന്ന ലാഭം ബോണസും സബ്‌സിഡിയുമായും കർഷകരിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും എംഡിഎസ് ചെയ്തിട്ടുണ്ട്. ഇപ്രകാരം 54,000 കർഷക കുടുംബങ്ങളുമായി എംഡിഎസ് കൈകോർക്കുന്നുണ്ട്.
2) നിർധനരും പാവപ്പെട്ടവരുമായ ആളുകളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കുംവേണ്ടി വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. വീടില്ലാത്തവർക്കുവേണ്ടി ‘സഫലം ഭവന പദ്ധതി’യും, സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിദ്യാഭ്യാസം നടത്താൻ കഴിയാത്ത കുഞ്ഞുങ്ങൾക്കുവേണ്ടി ‘പ്രതീക്ഷ വിദ്യാഭ്യാസ പദ്ധതി’യും ചികിത്സാ രംഗത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്കു വേണ്ടി ‘ആശ്വാസ് മെഡികെയർ പദ്ധതി’യും കിടപ്പുരോഗികൾക്കുവേണ്ടി പ്രത്യേകമായി ‘കരുതൽ പദ്ധതി’യും ഡയാലിസിസ് രോഗികൾക്കുവേണ്ടി ‘സാന്ത്വനം പദ്ധതി’യും മലനാട് രൂപകൽപ്പനചെയ്ത് നടപ്പിലാക്കുന്നു. ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത് വികാരിയച്ചന്മാരുടെ ശുപാർശയോടുകൂടി വരുന്ന അപേക്ഷകൾ പരിഗണിച്ച് ഇടവകകൾ വഴിയാണ്.
3) സമൂഹത്തിൽ പൊതുവായുണ്ടാകുന്ന കാര്യങ്ങളിൽ ഇടപെട്ട് സാമൂഹിക സുരക്ഷയ്ക്കും ഉന്നമനത്തിനുംവേണ്ടി അധ്വാനിക്കുന്നവരോടു ചേർന്നുനിന്നു പ്രവർത്തിക്കുന്നു. പ്രളയം, മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും കോവിഡുപോലുള്ള പകർച്ചവ്യാധികളുണ്ടാകുന്ന സമയങ്ങളിലും സർക്കാരിനോടു ചേർന്നുനിന്ന് സാമൂഹ്യപുനർനിർമിതിക്കും പുനഃക്രമീകരണങ്ങൾക്കുമായി രൂപതയുടെ സാമൂഹ്യ വികസനത്തിന്റെ മുഖമായ എംഡിഎസ് ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. രൂപതയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് പിൻബലവും കൈത്താങ്ങുമായി എംഡിഎസ് നിലകൊള്ളുന്നു.
കോട്ടയം ജില്ലയിലെ പാറത്തോട്ടിൽ ഹെഡ് ഓഫീസുള്ള മലനാടിന് തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലും പത്തനംതിട്ട ജില്ലയിലെ നാരങ്ങാനത്തും ഇടുക്കി ജില്ലയിലെ വാളാർഡിയിലും അണക്കരയിലും, എറണാകുളം ജില്ലയിലെ കദളിക്കാട്ടും, കറുകുറ്റിയിലും തമിഴ്‌നാട് സംസ്ഥാനത്ത് തേനി ജില്ലയിലെ കമ്പത്തും വയൽപെട്ടിയിലും മധുര ജില്ലയിലെ പേരയൂരിലും ദിണ്ഡികൽ ജില്ലയിലെ ചെമ്പട്ടിയിലും തിരുപ്പൂർ ജില്ലയിലെ കാങ്കയത്തും തിരുനൽവേലി ജില്ലയിലെ സുരണ്ടയിലും സംരംഭങ്ങളുണ്ട്. 1454 പേർക്ക് തൊഴിൽ നല്കാൻ എംഡിഎസിന് സാധിച്ചിട്ടുണ്ട്. ജോലിക്കാർക്കെല്ലാം സർക്കാർ നിബന്ധനപ്രകാരമുള്ള വേതനവും ആനുകൂല്യങ്ങളുമുണ്ട്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ 17,000 ൽപരം ഹോൾസെയിൽ, റീട്ടെയിൽ ഷോപ്പുകളുമായി വിപണനബന്ധം സ്ഥാപിക്കപ്പെട്ടിരിക്കുന്ന മാർക്കറ്റിംഗ് സംവിധാനവും മലനാടിനുണ്ട്. മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി സാമൂഹ്യക്ഷേമ വികസന രംഗത്ത് 47 വർഷങ്ങൾ പിന്നിടുമ്പോൾ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അനുഗ്രഹാശിസുകേളാടെ തനതായ ശൈലിയിലുള്ള വികസന പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ എംഡിഎസിന്റെ പ്രസിഡന്റാണ്.
ഫാ. തോമസ് മറ്റമുണ്ടയിൽ


