ഇടുക്കി പാറേമാവ് ആയുർവേദ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായി എത്തുന്ന നിർധനരും പാവപ്പെട്ടവരുമായ മനുഷ്യർക്ക് എല്ലാ ദിവസവും വൈകുന്നേരം സൗജന്യമായി ഭക്ഷണവും മരുന്നും നൽകുന്ന ശുശ്രൂഷയാണ് ഇടുക്കിരൂപതയുടെ ‘കാരുണ്യത്തിന്റെ മുഖം’ എന്ന് വിശേഷിപ്പിക്കാവുന്ന ബെത്ലെഹേം കാരിത്താസ്. ദൈവാത്മാവിനാൽ പ്രചോദിതനായി ഇടുക്കി രൂപതാംഗമായ ഫാ. ജോസഫ് കൊല്ലക്കൊമ്പിൽ 2013 ജൂ ൺ 11 ന് വി. ബർണബാസിന്റെ തിരുനാൾ ദിവസം ആന്റോപുരം ഇടവക കേന്ദ്രമാക്കി ആരംഭിച്ചതാണ് ഈ ജീവകാരുണ്യ പ്രസ്ഥാനം. പിന്നീട് സ്ഥല-സാഹചര്യ സൗകര്യാർത്ഥം ഇടുക്കി ഇടവകയിലേക്ക് ബേത്‌ലെഹേം കാരിത്താസിന്റെ കേന്ദ്രം മാറ്റി സ്ഥാപിക്കപ്പെടുകയായിരുന്നു. ആദ്യ കാലങ്ങളിൽ ഇടുക്കി ജില്ലാ ആശുപത്രിയായിരുന്ന സമയത്ത് നൂറ്റിയിരുപത്തിയഞ്ച് പേർക്ക് നൽകിയിരുന്ന അത്താഴം മെഡിക്കൽ കോളേജായി പ്രഖ്യാപിച്ചതിന് ശേഷം 350 നും 400 നും ഇടയിൽ പാവങ്ങൾക്ക് നൽകി വരുന്നു. “എന്തെന്നാൽ എനിക്ക് വിശന്നു; നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്ക് ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു.” (മത്തായി 25, 35) എന്ന തിരുവചനത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങി, പാവപ്പെട്ടവരിൽ ഈശോയെ ദർശിച്ച് പ്രവർത്തിക്കുന്ന ഈ ജീവകാരുണ്യ പ്രവർത്തനം പന്ത്രണ്ടാമത്തെ വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
വിൻസെന്റ് ഡി പോൾ, മാതൃവേദി, വിശ്വാസപരിശീലന വിഭാഗം, മിഷൻലീഗ്, കെ. സി. വൈ. എം. തുടങ്ങി വിവിധ സംഘടനകളുടെയും ഇടവകകളുടെയും വൈദികരുടെയും സമർപ്പിതരുടെയും സംയുക്ത സഹകരണത്തോടെയാണ് ഈ കാരുണ്യ പ്രവർത്തനം മുന്നോട്ടുപോകുന്നത്. ഇടുക്കി രൂപതയിലും രൂപതയ്ക്ക് പുറത്തുമുള്ള നിരവധി നാനാജാതി മതസ്ഥരായ സുമനസ്സുകളുടെ സഹായ സഹകരണങ്ങളും പിന്തുണയും ഈ നന്മപ്രവൃത്തിയെ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ചൈതന്യത്തിൽ വളർത്തുന്നു.
പ്രധാനമായും മൂന്നു് വിധത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്.
1. ആഘോഷ ദിവസങ്ങളിൽ (ജന്മദിനങ്ങൾ, മാമ്മോദീസ, വിവാഹം, ജൂബിലികൾ, സംഘടനാ വാർഷികങ്ങൾ, മരണ വാർഷികങ്ങൾ.) ആളുകൾ നൽകുന്ന സംഭാവനകൾ.
2. എല്ലാ മാസവും മുടങ്ങാതെ തങ്ങളുടെ ശമ്പളത്തിൽ നിന്നും ഒരു വിഹിതം (500, 1000, 2000.) നൽകുന്നവർ.
3. ഇടുക്കി രൂപതയുടെ കീഴിലുള്ള പള്ളികളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടികളിലെ സംഭാവനകൾ. അതുപോലെ ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ അരി, പയർ, വിറക് തുടങ്ങിയവയും വ്യക്തികളും സംഘടനകളും ഇടവകകളും സൗജന്യമായി നൽകാറുണ്ട്.
എല്ലാദിവസവും നിരവധി ആളുകൾക്ക് ഭക്ഷണം നൽകാനും അവരുടെ ജീവിതത്തിൽ ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും കണികകൾ വിതയ്ക്കാനും ബേത്‌ലെഹേം കാരിത്താസ് വഴി ഇടുക്കി രൂപതയ്ക്ക് സാധിക്കുന്നു.
ഫാ. ജോസഫ് മേക്കുന്നേൽ


