ഫാ. ഷാജു ചിറയത്ത്
ഇരിങ്ങാലക്കുട രൂപതയുടെ സൗജന്യ രോഗീ സാന്ത്വന പ്രസ്ഥാനമാണ് ഹൃദയ പാലിയേറ്റീവ് കെയർ & ഹോസ്പ്പീസ്. ജാതിമതഭേദമന്യേ രൂപതയുടെ പരിധിയിൽ വരുന്ന സകലമനുഷ്യർക്കും വേണ്ടിയാണ് ഹൃദയ സേവനം ചെയ്യുന്നത്. തിരുഹൃദയഭക്തനായ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ സ്മരണാർഥം രൂപതയുടെ റൂബി ജൂബിലിയോട് അനുബന്ധിച്ച് ബിഷപ് മാർ പോളി കണ്ണൂക്കാടൻ 2016 സെപ്തംബർ 10 ന് ആരംഭിച്ചതാണ് ഹൃദയ. 2017ൽ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രജിസ്ട്രർ ചെയ്തു.
ചികിത്സയിലൂടെ പൂർണസൗഖ്യം ലഭിക്കാത്തതും ദീർഘകാലം നീണ്ടുനില്ക്കുന്നതുമായ ക്യാൻസർ, പക്ഷാഘാതം, നട്ടെല്ലിനു ക്ഷതം, വാർദ്ധക്യജന്യരോഗങ്ങൾ, നാഡീരോഗങ്ങൾ തുടങ്ങിയവ ബാധിച്ച് കിടപ്പിലായവർക്കാണ് ‘ഹൃദയ’ രോഗീപരിചരണശുശ്രൂഷ നല്കുന്നത് . രൂപതയിലെ സന്മനസും, സന്നദ്ധതയുമുള്ള ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും വോളണ്ടിയേഴ്സും ഒരു ആംബുലൻസ് സൗകര്യവുമായി ഇരിങ്ങാലക്കുട ഡയബറ്റിക് ഹോസ്പിറ്റലിലെ ഒരു മുറിയിൽനിന്നായിരുന്നു പാലിയേറ്റീവിന്റെ തുടക്കം.
സാന്ത്വനപരിചരണപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും, ഫലപ്രദമായ ശുശ്രൂഷയ്ക്കുമായി മേഖലകൾ തിരിച്ചാണ് രൂപതാതിർത്തിയിൽ ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. ഇരിങ്ങാലക്കുട മേഖല നോർത്ത്, സൗത്ത് എന്നിവ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ഓഫീസിൽ നിന്നും കൊടകരമേഖലയ്ക്ക് ആളൂർ ബി. എൽ. എം. കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ചാലക്കുടി മേഖലയ്ക്ക് സെന്റ് ജെയിംസ് ഹോസ്പിറ്റലിനോട് ചേർന്ന ഓഫീസിൽ നിന്നും മാള മേഖലയ്ക്ക് മേലഡൂർ ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിനോട്‌ചേർന്ന ഓഫീസിൽനിന്നും വെള്ളിക്കുളങ്ങര മേഖലയ്ക്ക് വെള്ളിക്കുളങ്ങര പാലിയേറ്റീവ് ഓഫീസിൽ നിന്നും നേതൃത്വം നൽകുന്നു. ഇപ്പോൾ 6 മേഖലകളിലായി 1378 രോഗികളുടെ ഭവനങ്ങളിലേക്ക് ചെന്ന് മാസം തോറും ശുശ്രൂഷ നടത്തുന്നു.

രോഗികൾക്ക് ആവശ്യമായ കട്ടിൽ, എയർ ബെഡ്, വീൽചെയർ, വാക്കർ, സക്ഷൻ മെഷീൻ, നെബുലൈസർ, ശ്വസനോപകരണങ്ങൾ, സ്ട്രക്ചർ, ആംബുലൻസ് സൗകര്യങ്ങളും, കൂടാതെ നിർധനരോഗികൾക്ക് എല്ലാ മാസവും രണ്ടര ലക്ഷം രൂപയുടെ ആവശ്യ മരുന്നുകളും നൽകി വരുന്നു.
മാനവരാശിയെ മുഴുവൻ പിടിച്ചുകുലുക്കിയ കൊറോണ മഹാമാരിയെ നേരിടാനും, അതിജീവിക്കാനും, ഹൃദയ പാലിയേറ്റീവ് മുൻപന്തിയിലുണ്ടായിരുന്നു. രൂപതയിലെ വൈദികരുടെയും വോളണ്ടിയേഴ്സിന്റെയും നേതൃത്വത്തിൽ ‘കോവിഡ് ടാസ്‌ക് ഫോഴ്സ്’ രൂപീകരിച്ച് കോവിഡുമൂലം ഭവനങ്ങളിൽ ഒറ്റപ്പെട്ടവർക്ക് മരുന്നും മറ്റ് ഭക്ഷണസാധനങ്ങൾ എത്തിച്ചുനല്കുകയും കൂടുതൽ പരിചരണം ആവശ്യമുള്ളവരെ ഹോസ്പിറ്റലുകളിലേക്ക് എത്തിക്കുകയും കോവിഡുമൂലം മരണമടഞ്ഞവർക്ക് അവരവരുടെ മതാചാരപ്രകാരം ആദരവുനിറഞ്ഞ മൃതസംസ്‌ക്കാരം നടത്തുകയുംചെയ്തത് പ്രാദേശിക ഭരണകൂടത്തിന്റെയും കേരള ഗവൺമെന്റിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നിർധനരോഗികൾക്ക് ഹൃദയ പാലിയേറ്റീവ് വഴി സൗജന്യമരുന്നുകൾ നല്കുന്നതിനും മറ്റു രോഗികൾക്കു മിതമായ നിരക്കിൽ മരുന്നുകൾ വാങ്ങുന്നതിനുമായി ഹൃദയ മെഡിക്കൽസ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിക്കുകയും പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ആറാം വർഷത്തിൽ 2022 മാർച്ച് 19ന്, ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സൗജന്യമായി നല്കിയ സ്ഥാപനത്തിൽ ഹൃദയ മെഡിക്കൽസ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
ഹൃദയ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏഴാം വർഷത്തിൽ, ഹോം കെയർ നടത്തുന്ന രോഗികളിൽ കൂടുതൽ പരിചരണം ആവശ്യമുള്ളവർക്കായി പേരാമ്പ്രയിൽ 2023 ഒക്ടോബർ 14ന് ഹൃദയ ഹോസ്പീസ് സെന്റർ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ആശീർവദിച്ച് ഉദ്ഘാടനം ചെയ്തു. ഇതിനോടകം 28 രോഗികൾ ഹോസ്പീസ് സെന്ററിൽനിന്ന് ശുശ്രൂഷ സ്വീകരിച്ചു. ഇപ്പോൾ പതിനൊന്നുപേർ സാന്ത്വനപരിചരണം ഏറ്റുവാങ്ങുന്നു. കമില്ലസ് സിസ്റ്റേഴ്സാണ് സാന്ത്വനപരിചരണത്തിന് സഹായമേകുന്നത്.
രോഗീസന്ദർശനത്തിനും മരുന്നുകൾ ക്കും അനുബന്ധ ശുശ്രൂഷകൾക്കും മാസം തോറുംവരുന്ന ചെലവുകൾക്കുമുള്ള തുക കണ്ടെത്തുന്നത് രൂപതയിലെയും മറ്റ് സുമനസ്സുകളുടെയും നിർലോഭമായ സംഭാവനകളിലൂടെയാണ്.
ഈ ശുശ്രൂഷക്ക് ഇപ്പോൾ നേതൃത്വം നല്കുന്നത് ഫാ.ഷാജു ചിറയത്ത്, ഫാ. ജോസഫ് മാളിയേക്കൽ, ഫാ. റിന്റോ തെക്കിനേത്ത് എന്നിവരാണ്.ഫാ. സണ്ണി കളമ്പനാംതടത്തിൽ, ഫാ.തോമസ് കണ്ണംമ്പിള്ളി എന്നിവരായിരുന്നു മുൻ ഡയറക്ടർമാർ.കേവലം ഏഴു വർഷംകൊണ്ട് 5331 ഭവനങ്ങളിലേക്ക് ഹൃദയപൂർവം കടന്നുചെല്ലാനും സ്നേഹപൂർവം സാന്ത്വനപരിചരണം നല്കാനും കഴിഞ്ഞതിൽ ഇതിന്റെ പ്രവർത്തകർക്കെല്ലാം അഭിമാനവും സന്തോഷവുമുണ്ട്.


