പറുദീസയിലുണ്ടായിരുന്ന മൂന്നു മരങ്ങളുടെ പേരുകൾ മാത്രമേ ഉല്പത്തിപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. അതിൽ നമുക്കു പരിചയമുള്ള മരം ഒന്നേയുള്ളൂ: അത്തിമരം (ഉല്പത്തി 3,7). മറ്റു രണ്ടെണ്ണം ജീവന്റെയും അറിവിന്റെയും വൃക്ഷങ്ങളാണ് (ഉല്പത്തി 2,10). പഴയനിയമത്തിൽ ഇസ്രായേലിന്റെ പ്രതീകമായി അത്തിമരത്തെ പ്രവാചകർ ചിത്രീകരിക്കുന്നുണ്ട്. പുതിയനിയമത്തിൽ, ഒറ്റനോട്ടത്തിൽ സഹതാപാർഹമായി നില്ക്കുന്ന ഒരു അത്തിമരമുണ്ട് ഫലം നല്കാത്തതിനാൽ യേശുവിന്റെ ശിക്ഷയേറ്റുവാങ്ങുന്ന അത്തിമരം (മർക്കോസ് 11,12-14, 20-25). അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നുവെന്നു സുവിശേഷകൻ എടുത്തുപറയുന്നുണ്ട് (മർക്കോസ് 11,13). അത്തിപ്പഴത്തിന്റെ കാലമല്ലാതിരുന്നിട്ടും യേശു ആ അത്തിമരത്തെ ശപിച്ചത് പലരെയും ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സാധാരണക്കാർ മാത്രമല്ല ബട്രൻഡ് റസലിനെപോലെയുള്ള തത്വചിന്തകർ വരെ അക്കൂട്ടത്തിലുണ്ട്. അകാലത്തിൽ ഫലം പുറപ്പെടുവിക്കാത്തതിന്റെ പേരിൽ ഒരു മരത്തെ ശിക്ഷിക്കാൻ പാടുണ്ടോ?
കായ്കളില്ലാത്ത അത്തിമരത്തെ ഉണക്കിക്കളയുന്നത്, പ്രവാചകനടുത്ത പ്രതീകാത്മക പ്രവൃത്തിയായിരുന്നുവെന്നത് ബൈബിൾ പണ്ഡിതന്മാരെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ ആ പ്രവൃത്തിയുടെ അർഥമെന്തെന്ന് വ്യാഖ്യാനിക്കുമ്പോൾ അവർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്. ഇപ്പോൾ അത്തിപ്പഴം ഉണ്ടാകുന്ന കാലമല്ല എന്നത് ഫലം പുറപ്പെടുവിക്കാതിരിക്കാൻ ആ അത്തിമരത്തിന് മതിയായ കാരണമായിരുന്നു. ഇത്രയും യുക്തിസഹമായ കാരണമുണ്ടായിട്ടുകൂടി യേശു ആ അത്തിമരത്തെ ശിക്ഷിച്ചു. അതുകൊണ്ട് ഫലം പുറപ്പെടുവിക്കാതിരിക്കാൻ മനുഷ്യർക്കാർക്കും ഒരു ഒഴികഴിവുമില്ലെന്നാണ് ഇത് അർഥമാക്കുന്നത് എന്നു ചിലർ വ്യാഖ്യാനിക്കുന്നു. എല്ലാ മനുഷ്യരും എല്ലാകാലവും ഫലം പുറപ്പെടുവിക്കേണ്ടവരാണെന്നു സാരം. എന്നാൽ സ്വന്തം വിശപ്പടക്കാൻ പറ്റാത്തതിലുള്ള ഈർഷ്യയിൽ നിരപരാധിയായ അത്തിമരത്തെ നിർദ്ദാക്ഷിണ്യം ഉണക്കിക്കളയുക എന്നത് നാല്പതുദിവസം ഉപവസിച്ചുപ്രാർഥിച്ച, വയലിലെ പുല്ലിനെ വിസ്മയത്തോടെയും കിണറ്റിൽവീണ കാളയെ സഹതാപത്തോടെയും കണ്ടിരുന്ന യേശുവിന്റെ പ്രകൃതത്തോടു ഒട്ടും യോജിക്കുന്നതല്ല എന്നത് സുവിദിതമാണ്.
ഇവിടെയാണ് അത്തിമരത്തിന്റെ ഒരു പ്രത്യേകതയിലേക്കു പണ്ഡിതർ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. അത്തിവൃക്ഷങ്ങൾ പലയിനങ്ങളുണ്ടെങ്കിലും പൊതുവെ കാണപ്പെടുന്നയിനം അത്തിമരത്തിന്റെ പ്രത്യേകത അതിൽ ഇലകൾ തളിരിടുന്നതിനു മുമ്പുതന്നെ കായ്കൾ രൂപപ്പെടാൻ തുടങ്ങുമെന്നതാണ്. കായ്കൾ വളർന്നു തുടങ്ങിയതിനുശേഷമാണ് ഇലകൾ തളിർത്തുതുടങ്ങുന്നത്. അതുകൊണ്ടുതന്നെ തളിരിട്ടുനില്ക്കുന്ന അത്തിവൃക്ഷം കണ്ടപ്പോൾ അതിൽ കായ്കൾ ഉണ്ടാകുമെന്ന് യേശു ന്യായമായും പ്രതീക്ഷിച്ചു. എന്നാൽ, ഫലസമൃദ്ധിയുടെ പ്രതീതി ജനിപ്പിച്ചുകൊണ്ട് നില്ക്കുന്ന ഫലരഹിതമായ അത്തിമരമായിരുന്നു അത്. അങ്ങനെ നോക്കുമ്പോൾ കാപട്യത്തിന്റെ ഒരു മൂർത്തരൂപമായിരുന്നു ആ അത്തിമരം. അതുകൊണ്ടാണ് യേശുവിന്റെ അപ്രീതിക്കു അതുപാത്രമായത്. ഈ വ്യാഖ്യാനസാധ്യത യേശുവിന്റെ പ്രവൃത്തിയെ പ്രവാചകാത്മകവും പ്രതീകാത്മകവുമെന്നപോലെ യുക്തിസഹമായും മനസിലാക്കാൻ കൂടുതൽ പര്യാപ്തമാണ്.
അത്തിമരം എന്തിന്റെ പ്രതീകമാണെന്നതിന്റെ വ്യക്തമായ സൂചന കൂടി മർക്കോസ് നല്കുന്നുണ്ട്. രണ്ടുഭാഗങ്ങളിലായിട്ടാണ് ഇൗ സംഭവം മർക്കോസ് രേഖപ്പെടുത്തുന്നത്. 11,12-14 വരെയുള്ള ഭാഗത്ത് യേശു അത്തിമരത്തിനെതിരെയുള്ള വിധി പ്രസ്താവിക്കുന്നു. 11,20-25 വരെയുള്ള ഭാഗത്ത് അത്തിമരം സമൂലം ഉണങ്ങിപ്പോയിരിക്കുന്നതും ഇതോടനുബന്ധിച്ചു ശിഷ്യർക്കുള്ള ഉപദേശവും രേഖപ്പെടുത്തുന്നു. ഈ രണ്ടു ഭാഗങ്ങൾക്കിടയിൽ ജറുസലേം ദേവാലയത്തിൽ ക്രയവിക്രയം ചെയ്തിരുന്നവരെ യേശു പുറത്താക്കുന്ന സംഭവമാണുള്ളത്. അതായത് ഒരു സംഭവത്തിന്റെ ആദ്യഭാഗത്തും അവസാനഭാഗത്തിനുമിടയിലായി ഒരു സാൻഡ്വിച്ചുപോലെ മറ്റൊരു സംഭവം വിവരിക്കുന്ന രീതിയിലാണ് മർക്കോസ് ഈ അത്ഭുതം വിവരിച്ചിരിക്കുന്നത്. ഇത്തരം സാൻഡ്വിച്ച് പ്രയോഗത്തിലൂടെ അത്തിമരത്തെ ജറുസലേം ദേവാലയത്തിന്റെ പ്രതീകമായിട്ടാണ് മർക്കോസ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പൊതുവെയുളള പണ്ഡിതമതം.
ലോകാത്ഭുതങ്ങളിലൊന്നുപോലെ ഉയർന്നുനില്ക്കുന്ന പ്രൗഢഗംഭീരമായ ജറുസലേം ദേവാലയം. അതിൽ കർക്കശമായ അനുഷ്ഠാനവിധികളോടെ നടത്തപ്പെടുന്ന വിവിധതരം ബലിയർപ്പണങ്ങൾ, ദേവാലയത്തിലേക്കൊഴുകിയെത്തുന്ന വിശ്വാസികൾ, ദേവാലയകാര്യങ്ങളെല്ലാം ഭദ്രമായി മുന്നോട്ടു കൊണ്ടുപോകുന്ന ഭരണസംവിധാനം… എല്ലാം കൊണ്ടും വിളവിന്റെ സൂചന നല്കി തളിരിട്ടുനില്ക്കുന്ന അത്തിമരം പോലെയായിരുന്നു ജറുസലേം ദേവാലയവും അതിലെ പ്രവർത്തനങ്ങളും. എന്നാൽ വിസ്മയകരവും വിജയകരവുമായി കാണപ്പെട്ട ഈ ആരാധനാസംവിധാനം വെറും ഇലയിൽ മാത്രമാണെന്നും അവിടെ ദൈവം ആഗ്രഹിക്കുന്ന നീതിയുടെയും വിശ്വാസത്തിന്റെയും പ്രാർഥനയുടെയും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ഫലങ്ങളില്ലാത്തതിനാൽ (11,22 25) അതു നശിപ്പിക്കപ്പെടുമെന്നതിന്റെ ശക്തമായ മുന്നറിയിപ്പാണ് അത്തിമരത്തെ ഉണക്കിക്കളയുന്ന സംഭവത്തിലൂടെ മർക്കോസ് നല്കുന്നത്.
ഒരു അത്ഭുതത്തിലൂടെ യേശു എന്തിനെയെങ്കിലും നേരിട്ടുനശിപ്പിക്കുന്ന ഏക സംഭവമാണ് ഇത്. ദൈവത്തിനും ദൈവാരാധനയ്ക്കുമായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളും സംവിധാനങ്ങളും ദൈവം ആഗ്രഹിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനുപകരം ദൈവജനത്തെ കബളിപ്പിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള മറയായി മാറുമ്പോൾ കരുണാമയനായ കർത്താവുപോലും അതിനെ നിർദ്ദാക്ഷിണ്യം നശിപ്പിക്കുമെന്ന മുന്നറിയിപ്പ് യേശുവിന്റെ ഈ പ്രതീകാത്മകപ്രവൃത്തിയിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാകും.
റവ.ഡോ. ജേക്കബ് ചാണിക്കുഴി



