‘തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടേയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും.’ (യോഹന്നാന്‍ 8:3136)
അഗസ്റ്റ്മാസം സ്വതന്ത്രത്തെക്കുറിച്ചു വിചാരപ്പെടാനുള്ള നല്ലൊരു അവസരമാണ്. കാരണം, പാരതന്ത്ര്യത്തിന്റെ നുകങ്ങള്‍ക്കുകീഴില്‍നിന്നു നമ്മുടെ മാതൃരാജ്യം സ്വാതന്ത്രത്തിന്റെ വിഹായുസ്സിലേക്കു പറന്നുയര്‍ന്നതിന്റെ സ്മരണകള്‍ അയവിറക്കുന്ന മാസമാണല്ലോ ഇത്. അതുകൊണ്ട്, ഈ ലക്കത്തിലെ വചനവിചാരം സ്വതന്ത്ര്യത്തെക്കുറിച്ചുള്ള വി. ഗ്രന്ഥത്തിന്റെ കാഴ്ചപ്പാടായിരിക്കുന്നത് ഉചിതമായിരിക്കും.
‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ യോഹന്നാന്റെ സുവിശേഷം 8:32ലാണ് ആഴമായ അര്‍ത്ഥഭാരമുള്ള ഈ വാക്കുകള്‍ നാം കാണുന്നത്. ഈ വചനത്തിന്റെ ആന്തരികാര്‍ത്ഥം മനസ്സിലാക്കാന്‍ യേശു യഹൂദരോട് നടത്തിയ ഈ സംഭാഷണത്തിന്റെ പശ്ചാത്തലം കൂടെ പരിഗണിക്കേണ്ടതുണ്ട്. ‘തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു; എന്റെ വചനത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യന്മാര്‍ എന്ന് അറിയപ്പെടും, നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും’. എന്നാല്‍ ഞങ്ങള്‍ അബ്രഹതിന്റെ പിന്മുറക്കാര്‍ ആണെന്നും അടിമകളായി ഇരുന്നിട്ടില്ലെന്നുമാണ് യഹൂദര്‍ പ്രതികരിച്ചത്. അവരുടെ പൂര്‍വ്വികരുടെ ഈജിപ്തിലെ 430 വര്‍ഷത്തെ അടിമത്ത ചരിത്രം, 70 വര്‍ഷത്തെ ബാബിലോണ്‍ പ്രവാസം, അവര്‍ ഗ്രീസിനും, പിന്നീട്, റോമിനും കപ്പം കൊടുത്തു ജീവിച്ചതുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഈ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. എന്നാല്‍ തങ്ങള്‍ എപ്പോഴും ദൈവത്തിന്റെ സത്യം അറിഞ്ഞിരുന്നുവെന്നും ആരും ഒരിക്കലും വഴിതെറ്റിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അബ്രഹാമിന്റെ പിന്‍ഗാമികള്‍ എന്ന നിലയില്‍, ശരിയായ അറിവ് ഉണ്ടായിരുന്നതിനാല്‍ ദൈവം അവരെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നുമുള്ള യഹൂദന്റെ വ്യര്‍ത്ഥാഭിമാനമാണ് ഈ വാക്കുകളിലൂടെ പ്രകടമായത്.
അജ്ഞതയില്‍നിന്നോ തെറ്റായ വിശ്വാസത്തില്‍നിന്നോ തങ്ങളെ മോചിപ്പിക്കാന്‍ യേശുവിന്റെയോ മറ്റാരുടെയോ ആവശ്യമില്ലന്ന തന്റെ സമകാലികരുടെ ധാരണകളെ തിരുത്തിക്കൊണ്ടാണ് അവര്‍ ചിന്തിക്കുന്നതില്‍നിന്നും വ്യത്യസ്തമായ ഒരു അടിമത്തത്തെ ഈശോ വെളിപ്പെടുത്തിയത് ‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്.’ പാപം നമ്മെ ദൈനംദിന ജീവിതത്തില്‍ ബന്ദികളാക്കി നിര്‍ത്തുന്നു എന്ന സത്യമാണ് ഈശോ വെളിപ്പെടുത്തിയത്. അടിമത്തം മാത്രമല്ല, പാപം അതോടൊപ്പം മരണശിക്ഷയും വഹിക്കുന്നു എന്നത് കൂടുതല്‍ ഗൗരവമായി മനസിലാക്കേണ്ടതുണ്ട്. വി. പൗലോസ് ശ്ലീഹ പറയുന്നു: ‘പാപത്തിന്റെ ശമ്പളം മരണമാണ്’ ( റോമ 6:23 ). നമ്മുടെ പാപങ്ങള്‍ നിമിത്തം മരണത്തിനു വിധിക്കപ്പെടുക എന്നതാണ് പാപം നമ്മെ അടിമകളാക്കുന്നത്തിന്റെ ആത്യന്തികമായ ഫലം.
വി. യോഹന്നാന്റെ ദൈവശാസ്ത്ര വീക്ഷണത്തില്‍ ലോകത്തില്‍ നിലനില്‍ക്കുന്ന പാപം ‘ഈശോ മിശിഹായെ തിരസ്‌കരിക്കുക’ എന്നതാണ്. അതുകൊണ്ടാണ് സത്യത്തിലൂടെ മാത്രമേ മനുഷ്യന് സ്വതന്ത്രരാകാന്‍ കഴിയൂ എന്ന് മിശിഹാ നമ്മോട് പറയുന്നത്. ഇവിടെ ഉയരുന്ന ചോദ്യം, സത്യം ബുദ്ധിപരമായി അറിയുന്നത് നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ സ്വതന്ത്രരാക്കുമോ? അതോ ‘സത്യമെറിയുക’ എന്നത് ഇവിടെ കൂടുതലായി എന്തെങ്കിലും അര്‍ഥമാക്കുന്നുണ്ടോ എന്നതാണ്?
യോഹന്നാന്‍ 18:38 ല്‍ പീലാത്തോസ് യേശുവിനോട് ചോദിക്കുന്നു . ‘thin esthin aletheia എന്താണ് സത്യം?’ സഹസ്രാബ്ദങ്ങളായി തത്ത്വചിന്തകരും ആത്മീയസാധകരും ചോദിച്ച ചോദ്യമാണിത്. ‘സത്യം നിങ്ങളെ സ്വാതന്ത്രക്കും എന്ന വചനത്തെ ശരിയായി മനസിലാക്കുന്നതിന് സത്യം എന്ന പദം വേദപുസ്തകം ഉപയോഗിക്കുന്ന അര്‍ത്ഥത്തില്‍ മനസിലാക്കേണ്ടതുണ്ട്. aletheyia എന്ന് ഗ്രീക്കിലും emeth എന്ന് ഹെബ്രായ ഭാഷയിലുമുള്ള വാക്കുകളാണ് സത്യം എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ‘യാഥാര്‍ത്യക്കുറിച്ചുള്ള വസ്തു നിഷ്ഠമായ കാഴ്ചപ്പാട്’, ‘ചിന്തയും യാഥാര്‍ഥ്യവും തമ്മിലുള്ള പൊരുത്തം’ എന്നൊക്കെയാണ് യവനലോകം സത്യമെന്ന പദത്തിലൂടെ അര്‍ത്ഥമാക്കിയിരുന്നതെങ്കില്‍, ‘ദൈവത്തിനു തന്റെ ഉടമ്പടിയോടുള്ള വിശ്വസ്തത’ എന്നാണ് emeth എന്ന വാക്കിനു ഹെബ്രായലോകം അര്‍ഥം കല്പിച്ചിരുന്നത്. ദൈവത്തിനു തന്റെ ഉടമ്പടിയോടുള്ള വിശ്വസ്തതയുടെ മാംസരൂപമാണ് നസ്രായനായ ഈശോ. അപ്പോള്‍, സത്യം മിശിഹായുടെ തന്നെ മറുപേരായിമാറുന്നു. ‘ഞാന്‍ വഴിയും സത്യവും, ജീവനുമാണെന്നല്ലോ അവിടുന്ന് വെളിപ്പെടുത്തിയത് (യോഹ 14 : 6 ). സത്യം മിശിഹയാണെങ്കില്‍ അവനില്‍ വിശ്വസിക്കുകയും അവനെ അറിയുകയുമാണ് യഥാര്‍ത്ഥ സ്വാത്രന്ത്യത്തിലേക്കു മനുഷ്യരാശിയുടെ മുന്‍പിലുള്ള ഏകവഴി.
മനുഷ്യ സൃഷ്ടിയില്‍ത്തന്നെ ദൈവം നല്‍കിയ ദാനമാണ് സ്വാതന്ത്ര്യം. ‘ആദിയില്‍ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചു. അവന് സ്വാതന്ത്ര്യവും നല്കി’ (പ്രഭാഷകന്‍ 15:14). സ്വാതന്ത്ര്യത്തോടെ നടന്ന ആദിമനുഷ്യന്റെ ജീവിതത്തില്‍ എന്നു പാപം കടന്നുവന്നുവോ അപ്പോള്‍മുതല്‍ വിവിധങ്ങളായ അടിമത്തങ്ങള്‍ മനുഷ്യനെ കീഴടക്കുവാന്‍ തുടങ്ങി. ക്രിസ്തീയ വീക്ഷണമനുസരിച്ച്, യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്നത് നിയന്ത്രണമില്ലാതെ ആഗ്രഹിക്കുന്നതെന്തും ചെയ്യുക എന്നതല്ല, മറിച്ച് ശരിയായ ആഗ്രഹങ്ങള്‍ വളര്‍ത്തിയെടുക്കുകയും ദൈവഹിതത്തിന് അനുസൃതമായി ജീവിക്കുകയും ചെയ്യുക എന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ ആഗ്രഹങ്ങള്‍ ദൈവഹിതവുമായി പൊരുത്തപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഈശോ മിശിഹായെ മനസ്സിലാക്കുന്നതിലൂടെയും അവനില്‍ ജീവിക്കുന്നതിലൂടെയും മനുഷ്യന് കൂടുതല്‍ സ്വതന്ത്രനും സന്തോഷവാനുമായി ജീവിക്കാന്‍ കഴിയും, കാരണം അവനിലൂടെയാണ് ദൈവഹിതം മനുഷ്യന് പൂര്‍ണമായും വെളിപ്പെട്ടുകിട്ടിയത്. അതിനാല്‍, മിശിഹായിലായിരിക്കുന്നവര്‍ സ്വതന്ത്രരാണ്; അവര്‍ ഏതു ചങ്ങലകളിലും ആന്തരീക സ്വാതന്ത്ര്യം അനുഭവിക്കുന്നവരുമാണ്. ‘സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്’ (ഗലാ. 5:1).
മിശിഹാ തരുന്ന സ്വാതന്ത്ര്യം കൂടുതല്‍ വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ‘സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്ന് മാത്രം. പ്രത്യുത സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍ (ഗലാ. 5:13). മിശിഹായെ അറിയുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം നമ്മെ നയിക്കുന്നത് ധാര്‍മ്മികമായ നിയന്ത്രണങ്ങളുടെ അഭാവത്തിലേക്കല്ല, മറിച്ച് പാപത്തിന്റെ ശക്തിയില്‍ നിന്ന് നാം സ്വതന്ത്രരാകുകയും ക്രിസ്തുവിന്റെ നീതിയാല്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന വിശാലതയിലേക്കാണ്. അവിടെ ഭയത്താലല്ല, മറിച്ചു സ്‌നേഹത്താല്‍ നാം പ്രവര്‍ത്തന നിരതരായി മാറുന്നു. അപ്പോള്‍ മാത്രമാണ് ദൈവം നല്‍കിയ സ്വാതന്ത്ര്യത്തെ നാം അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കുവാന്‍ തുടങ്ങുന്നത്.
റവ. ഡോ ടോം ഓലിക്കരോട്ട്


