ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

Published on

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് ‘ബെത്‌ലഹേമിലെ നക്ഷത്രം’. ജ്ഞാനികളെ  യേശുവിലേക്ക് നയിച്ച ഈ സ്വര്‍ഗീയ അടയാളത്തെക്കുറിച്ച് മത്തായിയുടെ സുവിശേഷത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ജ്ഞാനികളെ  യേശുവിലേക്ക് നയിക്കുക എന്നതായിരുന്നു നക്ഷത്രത്തിന്റെ പ്രധാന ദൗത്യം. പേര്‍ഷ്യയില്‍ നിന്നുള്ള ഈ ജ്ഞാനികള്‍ക്ക് (ബാല്‍താസര്‍, ഗാസ്പര്‍ , മെല്‍ക്കിയോര്‍) പഴയനിയമപ്രവചനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിരിക്കാം (സംഖ്യാപുസ്തകം 24:17). ഈ നക്ഷത്രം ശിശു ഇരിക്കുന്നിടത്തുവരെ അവര്‍ക്ക് മുന്‍പായി പോയി എന്ന് ബൈബിള്‍ വിവരിക്കുന്നു. 

ശാസ്ത്രീയ നിഗമനങ്ങളും പരിമിതികളും

നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരും പണ്ഡിതന്മാരും ഈ നിഗൂഢതയെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. പ്രധാനമായും മൂന്ന് ശാസ്ത്രീയ വിശദീകരണങ്ങളാണ് നല്‍കി വരുന്നത്.

*ഗ്രഹങ്ങളുടെ സംഗമം: ബി.സി. 2ല്‍ വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ഒന്നിച്ചു വന്നപ്പോള്‍ ഉണ്ടായ അമിതപ്രകാശം.
*സൂപ്പര്‍നോവ: ഒരു നക്ഷത്രത്തിന്റെ സ്‌ഫോടനം മൂലം പെട്ടെന്നുണ്ടാകുന്ന തിളക്കം.
*വാല്‍നക്ഷത്രം: ആകാശത്ത് ചലിക്കുന്നതായി കാണപ്പെടുന്ന വാല്‍നക്ഷത്രങ്ങള്‍.

എങ്കിലും ഈ സ്വാഭാവിക പ്രതിഭാസങ്ങള്‍ക്കൊന്നും മത്തായിയുടെ വിവരണത്തെ പൂര്‍ണ്ണമായി വിശദീകരിക്കാന്‍ കഴിയില്ല. ഭൂമിയുടെ ഭ്രമണം കാരണം നക്ഷത്രങ്ങള്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഒരു പ്രത്യേക വീടിന് മുകളില്‍ കൃത്യമായി വന്ന് നില്‍ക്കാന്‍ പ്രകൃതിദത്തമായ നക്ഷത്രങ്ങള്‍ക്ക് കഴിയില്ല. 

അമാനുഷികമായ ദൈവിക ഇടപെടല്‍

ക്രിസ്തുവിന്റെ കന്യകാജനനം പോലെ തന്നെ അമാനുഷികമായ ഒന്നായിരുന്നു ഈ നക്ഷത്രവുമെന്ന് പല ദൈവശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം (St. John Chrysostom) നടത്തിയ ഈ നിരീക്ഷണം, ബെത്‌ലഹേമിലെ നക്ഷത്രം ഒരു സാധാരണ നക്ഷത്രമല്ലെന്നും അതൊരു പ്രത്യേക ദൈവികഅടയാളമായിരുന്നുവെന്നും അടിവരയിട്ടുകൊണ്ടു പറയുന്നു: ‘ആ നക്ഷത്രം ആകാശത്തിന്റെ ഉയരങ്ങളില്‍ നിന്ന് താഴേക്ക് വരികയും ആ ശിശുവിന്റെ തലയ്ക്ക് തൊട്ടുമുകളില്‍ വന്ന് നില്‍ക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരു പുല്‍ത്തൊട്ടിയുടെയും തൊഴുത്തിന്റെയും അത്രയും ചെറിയൊരു സ്ഥലം അത് എങ്ങനെ കൃത്യമായി കാണിച്ചുതരുമായിരുന്നു?’ മൈക്കല്‍ ആര്‍. മൊല്‍നാര്‍ തന്റെ ‘ദി സ്റ്റാര്‍ ഓഫ് ബെത്‌ലഹേം: ദി ലെഗസി ഓഫ് ദി മാഗി’ എന്ന പുസ്തകത്തില്‍ എഴുതുന്നു, ‘ഹെറോദിന്റെ ഭരണകാലത്ത് ഒരു വലിയ സ്വര്‍ഗീയ അടയാളം ഉണ്ടായിരുന്നു അത് യഹൂദയിലെ ഒരു മഹാനായ രാജാവിന്റെ ജനനത്തെ സൂചിപ്പിക്കുന്നു.  ദൈവം തന്റെ വലിയ ലക്ഷ്യങ്ങള്‍ക്കായി പ്രകൃതിനിയമങ്ങളെ താല്‍ക്കാലികമായി മാറ്റാറുണ്ട്. അറിയപ്പെടുന്ന പ്രകൃതിനിയമങ്ങളുടെ പശ്ചാത്തലത്തില്‍ അതിനെ വിശദീകരിക്കാന്‍ കഴിയില്ല. ദൈവപുത്രന്റെ ജനനത്തോടൊപ്പം സ്വര്‍ഗത്തില്‍ ഒരു അമാനുഷിക അടയാളവും ഉണ്ടാകുമെന്നതില്‍ അതിശയിക്കേണ്ടതില്ല. ജ്ഞാനികളെ നയിച്ച നക്ഷത്രം ദൈവത്തിന്റെ അവിശ്വസനീയമായ പ്രവൃത്തികളില്‍ ഒന്നാണെന്ന് വിശ്വസിക്കണം. അത് ഒരു അതുല്യമായ ഉദ്ദേശ്യത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത് സൃഷ്ടിച്ചതാണ്. അത് പ്രത്യാശയുടെ  നക്ഷത്രമായിരുന്നു; അത് ജ്ഞാനികളെ അവരുടെ പ്രതീക്ഷകളുടെ പൂര്‍ത്തീകരണത്തിലേക്ക് നയിച്ചു. വിദ്വാന്മാര്‍ക്ക് മാത്രമാണ് ഈ നക്ഷത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിച്ചത് എന്നത് ശ്രദ്ധേയമാണ്. ഹെരോദാവിനോ മറ്റുള്ളവര്‍ക്കോ ഇത് കാണാനോ തിരിച്ചറിയാനോ സാധിച്ചിരുന്നില്ല. ഇത് ഒരു പൊതുവായ ഗോള പ്രതിഭാസത്തേക്കാള്‍ ഉപരിയായി, ജ്ഞാനികള്‍ക്ക് വേണ്ടി മാത്രമുള്ള ഒരു ദൈവിക വഴികാട്ടിയായിരുന്നു എന്ന് മനസിലാക്കാം. അസാധാരണമായ ഉദ്ദേശ്യങ്ങള്‍ക്കായി ദൈവത്തിന് അസാധാരണമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ദി ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബൈബിള്‍ എന്‍സൈക്ലോപീഡിയയില്‍, ബെത്‌ലഹേമിലെ നക്ഷത്രത്തെക്കുറിച്ച് ജെഫ്രി ഡബ്ല്യു. ബ്രോമിലി എഴുതുന്നു: ‘ബൈബിളിലെ ദൈവം എല്ലാ ആകാശവസ്തുക്കളുടെയും സ്രഷ്ടാവാണ്, അവ അവനു സാക്ഷ്യം വഹിക്കുന്നു. അവന് തീര്‍ച്ചയായും ഇടപെടാനും അവയുടെ സ്വാഭാവിക ഗതി മാറ്റാനും കഴിയും.’ബൈബിളിലെ സങ്കീര്‍ത്തനം 19:1ല്‍ ‘ആകാശം എല്ലായ്‌പ്പോഴും ദൈവത്തിന്റെ മഹത്വത്തെ ഘോഷിക്കുന്നു’ എന്ന് പറയുന്നതിനാല്‍, നക്ഷത്രത്തിലൂടെ ഒരു പ്രത്യേകരീതിയില്‍ ഭൂമിയിലെ തന്റെ അവതാരത്തിന് സാക്ഷ്യം വഹിക്കാന്‍ ദൈവം അവരെ തിരഞ്ഞെടുത്തിരിക്കാം’.

ഉപസംഹാരം

ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബൈബിള്‍ എന്‍സൈക്ലോപീഡിയയില്‍ ബ്രോമിലി എഴുതുന്നു, ‘ബെത്‌ലഹേമിലെ നക്ഷത്രം എന്തായിരുന്നു എന്നതല്ല, മറിച്ച് അത് ആളുകളെ ആരെയാണ് നയിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം’. സങ്കീര്‍ത്തനം 19:1 പറയുന്നത് പോലെ, ‘ആകാശം ദൈവത്തിന്റെ മഹത്വത്തെ ഘോഷിക്കുന്നു.’ രക്ഷകന്റെ ജനനം ലോകത്തെ അറിയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത അത്ഭുതകരമായ ഒരു അടയാളമായിരുന്നു ആ നക്ഷത്രം. അത് കേവലം ഒരു ജ്യോതിശാസ്ത്ര പദാര്‍ത്ഥമായിരുന്നില്ല മറിച്ച് ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിലേക്കുള്ള വഴികാട്ടിയായിരുന്നു. അതിനാല്‍ ബെത്‌ലഹേമിലെ നക്ഷത്രത്തിലേക്കല്ല അത് ദിശകാണിച്ച രക്ഷകനിലേക്കാകണം നമ്മുടെ   ഹൃദയം ഉയര്‍ത്തേണ്ടത്.

‘പാപത്തിന്റെ ഇരുളടഞ്ഞ രാത്രിയില്‍ ബെത്‌ലഹേമിലെ നക്ഷത്രം പ്രകാശിച്ചു നില്‍ക്കുന്നു. പുല്‍ത്തൊട്ടിയില്‍ നിന്ന് പുറപ്പെടുന്ന ആ പ്രഭാവലയത്തിന്മേല്‍ ക്രൂശിന്റെ നിഴല്‍ പതിക്കുന്നു: വി. ആഗസ്തീനോസ്

റവ. ഡോ. ടോം ഓലിക്കരോട്ട്

Latest Updates

POPULAR Views

FEATUERD Views

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...

വീണ്ടും ജനനമോ മുകളിൽ നിന്നുള്ള ജനനമോ?

യേശു പറഞ്ഞു: "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു; വീണ്ടും ജനിക്കുന്നില്ലെങ്കിൽ...

വിവാഹമോചനം അനുവദനീയമോ?

"എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ...

വിവാഹവസ്ത്രം ധരിക്കാത്തവൻ

"സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ?" (മത്തായി 22:12) വിവാഹവിരുന്നിന്റെ ഉപമയിൽ...

ദൈവത്തിന്റെ പരിശുദ്ധി – അകലവും അടുപ്പവും

"ഞാൻ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയിൽ വസിക്കുന്ന പരിശുദ്ധൻ തന്നെ" (ഹോസിയാ...

വി. മത്തായി 25:31-46 ഒരുപമയാണോ?

വി. മത്തായി 25:32-33 വാക്യങ്ങളിൽ ഒരുപമയുടെ പ്രയോഗം കാണാം. എന്നാൽ ആ...