‘മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍ പ്രാപിക്കും.’ (യോഹ 3 :14 )
സംഖ്യയുടെ പുസ്തകം 21 :8 ,9 വാക്യങ്ങളിലാണ് പിത്തളസര്‍പ്പത്തെ (നഹുഷത്താന്‍) ഉയര്‍ത്തുന്നതിനെക്കുറിച്ചും അതിനെ നോക്കിയ സര്‍പ്പദംശനമേറ്റ ഇസ്രായേല്‍ക്കാര്‍ മരണത്തെ അതിജീവിച്ചതിനെക്കുറിച്ചുമുള്ള വിവരണം വായിക്കുന്നത്. ഇസ്രായേല്‍ ജനത്തിന്റെ അവിശ്വാസത്തിനും പിറുപിറുപ്പിനുമുള്ള ശിക്ഷയായാണ് (അക്ഷമരായി ദൈവത്തിനും മോശയ്ക്കുമെതിരായി പിറുപിറുക്കുക) ദൈവം അവരുടെ ഇടയിലേക്ക് ആഗ്‌നേയസര്‍പ്പങ്ങളെ അയച്ചത്. അവിശ്വാസവും ഹൃദയകാഠിന്യവും മരണത്തോളം മാരകമാകുമെന്നാണ് ഈ സംഭവം തരുന്ന പാഠം. സര്‍പ്പദംശനത്തെ അതിജീവിക്കാനുള്ള മാര്‍ഗത്തെപ്പറ്റി ചിന്തിക്കാം; സര്‍പ്പദംശനമേറ്റവരോട് ഉയര്‍ത്തിനാട്ടപ്പെട്ട പിത്തള സര്‍പ്പത്തെ നോക്കാനാണ് ദൈവം നിര്‍ദേശിച്ചത്. സര്‍പ്പദംശനമേല്‍ക്കുക എന്നത് പാപത്തിന്റെ ശിക്ഷയായിരുന്നു. ആ ശിക്ഷയെ അതിജീവിക്കാനുള്ള മാര്‍ഗമാകട്ടെ സര്‍പ്പരൂപത്തെ നോക്കുക എന്നതും. മോശ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുകൊണ്ടുമാത്രമായില്ല ജനം അതിലേക്കു നോക്കാന്‍ തയ്യാറാകുമ്പോഴാണ് മരണത്തെ അതിജീവിക്കാന്‍ കഴിയുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. ‘മരുഭൂമിയില്‍ മരിച്ചുവീഴാനാണോ ഈജിപ്തില്‍നിന്നും പുറത്തുകൊണ്ടുവന്നത്’ എന്നാണ് ഇസ്രയേല്‍ജനം പിറുപിറുത്തത്. വാഗ്ദാനദേശം നല്‍കുമെന്ന ദൈവികവാഗ്ദാനത്തെ അവിശ്വസിക്കുന്ന ജനത്തിന് ജീവന്‍ പ്രാപിക്കാനുള്ള മാര്‍ഗം ‘പിത്തള സര്‍പ്പത്തെ നോക്കിയാല്‍ ജീവിക്കും’ എന്ന മറ്റൊരു ദൈവികവാഗ്ദാനത്തില്‍ വിശ്വസിക്കുക എന്നതായിരുന്നു. സര്‍പ്പദംശനമേല്‍ക്കുന്ന സമയത്തും ദൈവികവാഗ്ദാനത്തെ ഓര്‍മിക്കുകയും പിത്തളസര്‍പ്പത്തിലേക്കു നോക്കുന്ന വിശ്വാസത്തിന്റെ പ്രവൃത്തിചെയ്യുകയുമാണ് അവിശ്വാസത്തിന്റെ ഫലമായുണ്ടാകുന്ന ശിക്ഷയില്‍നിന്നു രക്ഷപ്രാപിക്കാനുള്ള മാര്‍ഗം.
പഴയനിയമത്തിന്റെ അരമായ പരിഭാഷയായ അരമയിക് താര്‍ഗും ‘പിത്തളസര്‍പ്പത്തിലേക്കു നോക്കുക” എന്നതിനെ ‘ദൈവത്തിലേക്കു ഹൃദയം തിരിക്കുക’ എന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ബൈബിളിലെ ശിക്ഷാര്‍ഹമായ പാപങ്ങളുടെ പട്ടികയിലാണ് ഹൃദയകാഠിന്യം ഇടംപിടിച്ചിട്ടുള്ളത്. ദൈവത്തിന്റെ കാരുണ്യവും പരിപാലനവും കാണാതെപോകുക എന്നതാണ് ഹൃദയകാഠിന്യം അര്‍ഥമാക്കുന്നത്. എല്ലാ പരാതികളും, അവിശ്വാസത്തിന്റെ പിറുപിറുക്കലുകളും ഹൃദയം കഠിനമായി മാറുന്നതിന്റെ അടയാളങ്ങളാണ് താനും.
നോക്കുക എന്ന വാക്കിന് വിശ്വസിക്കുക എന്നുകൂടീ യഹൂദപശ്ചാത്തലത്തില്‍ അര്‍ഥമുണ്ട്. ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനെ നോക്കുന്നവര്‍ ജീവന്‍ പ്രാപിക്കും എന്ന യേശുവിന്റെ വാക്കുകളുടെ അര്‍ഥം, ക്രൂശിതനായ മിശിഹായെ പാപപരിഹാര ബലിയായി വിശ്വസിക്കുക എന്നാണ്. ‘അവനെ നോക്കുന്നവര്‍ ജീവന്‍ പ്രാപിക്കും’ എന്ന വാക്കുകളില്‍ യേശുവിന്റെ മരണത്തിന്റെ രീതിയും അതിന്റെ ലക്ഷ്യവും വെളിപ്പെടുന്നുണ്ട്. യേശു എങ്ങനെയാണ് ‘മരണം വരിക്കുന്നതു’ എന്ന് വിശദീകരിക്കുന്ന മൂന്ന് സന്ദര്‍ഭങ്ങള്‍ യോഹന്നാന്‍ വിവരിക്കുന്നുണ്ട് (യോഹ 3:14, 8:28, 12:32). ഉയര്‍ത്തപ്പെടുക, (ഹൈപ്‌സോതെനൈ) എന്ന വാക്കാണ് ഈ മൂന്ന് സന്ദര്‍ഭങ്ങളിലും യോഹന്നാന്‍ ഉപയോഗിക്കുന്നത്. ഹൈപ്‌സോതെനൈ എന്ന ഗ്രീക്ക്‌വാക്ക് യോഹന്നാന്റെ കുരിശിന്റെ ദൈവശാസ്ത്രത്തിന്റെ ഇരട്ടഅര്‍ഥത്തെ പ്രതിഫലിപ്പിക്കുന്നു എന്നാണ് ബൈബിള്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്. കാരണം ക്രൂശീകരണസമയത്ത് യേശു ഭൂമിയില്‍ നിന്ന് ശാരീരികമായി ഉയര്‍ത്തപ്പെട്ടു, അതേസമയം സ്വര്‍ഗത്താല്‍ മഹത്വീകരിക്കപ്പെടുകയും ചെയ്തു. രണ്ടാമതായി, ഹൈപ്‌സോതെനൈ എന്ന വാക്കിലൂടെ യോഹന്നാന്‍ യേശുവിന്റെ മരണത്തിന്റെ രീതിയാണ് അവതരിപ്പിക്കപ്പെടുന്നത്. ഭൂമിയില്‍നിന്നും ആറടിയോളം ഉയര്‍ത്തിയായിരുന്നു റോമാക്കാര്‍ കുരിശുനാട്ടിയിരുന്നത്. അതിനാല്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടുള്ള യേശുവിന്റെ മരണത്തെ മുന്‍കൂട്ടി സൂചിപ്പിക്കുന്നതിനാണ് യോഹന്നാന്‍ ഹൈപ്‌സോതെനൈ എന്ന വാക്ക് ഉപയോഗിച്ചത്.
‘അവനെ നോക്കുന്നവര്‍ ജീവന്‍ പ്രാപിക്കും’ എന്ന വാക്കുകളിലാകട്ടെ യേശുവിന്റെ മരണത്തിന്റെ ലക്ഷ്യമാണ് വെളിപ്പെടുന്നത്. യേശു ഉയര്‍ത്തപ്പെടുന്നതു അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് അമര്‍ത്യതയുടെ കാരണമാകാണാനാണ്. നിത്യജീവന്‍ എന്നത് യോഹന്നാന്റെ ദൈവ സാക്ഷര വീക്ഷണത്തില്‍, മനുഷ്യാവതാരത്തില്‍ തുടങ്ങി യേശുവിന്റെ മഹത്വീകരണത്തില്‍ പൂര്‍ത്തിയായ മിശിഹാ സംഭവങ്ങളുടെ ആത്യന്തികമായ ലക്ഷ്യമാണ്. ഉയര്‍ത്തപ്പെട്ട മനുഷ്യപുത്രനും ഉയര്‍ത്തപ്പെട്ട പിത്തളസര്‍പ്പവും തമ്മില്‍ സാദൃശ്യം കല്പിക്കപ്പെട്ടിരിക്കുന്നത് ‘ഉയര്‍ത്തപ്പെടുക’ എന്നതിലും ‘നോക്കിയവര്‍ ജീവന്‍ പ്രാപിച്ചു’ എന്നതിലുമാണ്.
അവസാനമായി പിത്തളസര്‍പ്പത്തിന്റെ സംഭവത്തില്‍ ഇസ്രായേല്‍ ജനത്തിന് സംഭവിച്ച ചരിത്രപരമായ ഒരു തെറ്റുണ്ട്, ‘പിത്തളസര്‍പ്പത്തെ നോക്കുക’ എന്ന ദൈവത്തിന്റെ കല്പനയുടെ ആന്തരികാര്‍ത്ഥം ദൈവത്തിലേക്ക് ഹൃദയപൂര്‍വം തിരിയുകയും വിശ്വസിക്കുകയുമാണെന്ന സത്യം മനസിലാക്കാതെ, പിത്തളസര്‍പ്പമാണ് സൗഖ്യകാരണം എന്ന് തെറ്റിദ്ധരിക്കുകയും സര്‍പ്പരൂപത്തിനു അഭൗമികശക്തിയുണ്ടെന്ന് വിശ്വസിക്കുകയും ചെയ്തു എന്നതാണ്. ഏകദേശം ആയിരത്തോളം വര്‍ഷത്തോളം അതിനെ വിഗ്രഹതുല്യം സംരക്ഷിച്ചു ധൂപമര്‍പ്പിക്കുകയാണ് ഇസ്രായേല്‍ജനം ചെയ്തത്. നഹുഷത്താന്‍ എന്ന് വിളിച്ചിരുന്ന പിത്തള സര്‍പ്പത്തെ ഹെസക്കിയയുടെ മതനവീകരണ കാലത്താണ് നശിപ്പിച്ചത്. വളരെ സദുദ്ദേശപരമായി ആരംഭിക്കുന്ന പലതും പിന്നീട് അതിന്റെ അര്‍ഥമറിയാതെയുള്ള ആചാരം വഴി ദൈവത്തിനു ബദലായും വിഗ്രഹ തുല്യമായും മാറാം എന്നതാണ് ഈ സംഭവം തരുന്ന മറ്റൊരു ആത്മീയപാഠം.
റവ. ഡോ. ടോം ഓലിക്കരോട്ട്


