മത്തായിയുടെ സുവിശേഷം 5:39-44 വരെയുള്ള വചനങ്ങള്‍ കാലങ്ങളായി ക്രിസ്തീയധാര്‍മ്മികതയുടെ ഹൃദയഭാഗമാണ്. എന്നാല്‍ ‘വലത്തു കവിളില്‍ അടിക്കുന്നവന് മറ്റേ കവിളും കാണിച്ചുകൊടുക്കുക’ എന്ന യേശുവിന്റെ ആഹ്വാനം പലപ്പോഴും നിഷ്‌ക്രിയത്വത്തിന്റെയോ (Passivtiy) ആത്മാഭിമാനം അടിയറവ്‌വെക്കുന്ന കീഴടങ്ങലിന്റെയോ ഉപദേശമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രശസ്ത തിയോളജിയനായ വാള്‍ട്ടര്‍ വിങ്ക് (Walter Wink) ചൂണ്ടിക്കാണിക്കുന്നത് പോലെ യേശു ഇവിടെ പഠിപ്പിക്കുന്നത് അക്രമപരമായ തിരിച്ചടിയോ ഭീരുത്വത്തോടെയുള്ള കീഴടങ്ങലോ അല്ല; മറിച്ച് ‘മൂന്നാം വഴി’ (The Third Way) എന്ന് വിളിക്കാവുന്ന അക്രമരഹിതമായ സര്‍ഗാത്മക പ്രതിരോധമാണ് (Creative Nonviolent Resistance).
ഒന്നാം നൂറ്റാണ്ടിലെ റോമന്‍ അധിനിവേശത്തിന്റെയും സാംസ്‌കാരിക അടിച്ചമര്‍ത്തലുകളുടെയും പശ്ചാത്തലത്തില്‍ ഈ വചനങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ മാത്രമാണ് യേശുവിന്റെ വാക്കുകളിലെ സാമൂഹികരാഷ്ട്രീയ വിപ്ലവം വെളിപ്പെടുന്നത്. മൂന്ന് വഴികള്‍: ഒരു വിശകലനം
അനീതിക്കും അക്രമത്തിനും മുന്നില്‍ മനുഷ്യന്‍ സാധാരണയായി രണ്ട് മാര്‍ഗങ്ങളാണ് സ്വീകരിക്കാറുള്ളത്:
കീഴടങ്ങല്‍: ഭയം മൂലമോ ശേഷിയില്ലാത്തതുകൊണ്ടോ അക്രമത്തെ നിശബ്ദമായി സഹിക്കുകയും അപമാനം ഏറ്റുവാങ്ങുകയും ചെയ്യുക.
അക്രമപരമായ തിരിച്ചടി: അക്രമത്തിന് പകരം ആയുധമേന്തുക; തിന്മയെ തിന്മ കൊണ്ടുതന്നെ ചെറുക്കുക.
യേശുവിന്റെ മൂന്നാം വഴി: അക്രമത്തിന് മുന്നില്‍ വഴങ്ങാതെയും എന്നാല്‍ അക്രമിയായി മാറാതെയും സ്വന്തം ആത്മാഭിമാനം കാത്തുസൂക്ഷിച്ചുകൊണ്ട് അക്രമിയുടെ അനീതിയെ സമൂഹം കാണെ അനാവ്രതമാക്കുന്ന അക്രമരഹിത പ്രതിരോധം.
ചരിത്രപരവും സാംസ്‌കാരികവുമായ വ്യാഖ്യാനം
1) വലത്തുകവിളിലെ അടിയും ആത്മാഭിമാനവും
‘നിന്റെ വലത്തു കവിളില്‍ അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്കുക.’
ഒന്നാം നൂറ്റാണ്ടിലെ യഹൂദസംസ്‌കാരത്തില്‍ ഇടതുകൈ അശുദ്ധമായി കരുതപ്പെട്ടിരുന്നതിനാല്‍ ഇടപാടുകള്‍ക്ക് വലതുകൈ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഒരാളുടെ വലത്തുകവിളില്‍ അടിക്കണമെങ്കില്‍ വലതുകൈയുടെ പുറംഭാഗം കൊണ്ട് (Backhand slap) മാത്രമേ സാധിക്കൂ. അന്നത്തെ സമൂഹത്തില്‍ തുല്യരായ ആളുകള്‍ തമ്മില്‍ പോരടിക്കുമ്പോള്‍ ഉള്ളംകൈ കൊണ്ടോ മുഷ്ടി ചുരുട്ടിയോ ആണ് അടിച്ചിരുന്നത്. എന്നാല്‍ യജമാനന്മാര്‍ അടിമകളെയും റോമക്കാര്‍ യഹൂദരെയും ശക്തന്മാര്‍ എളിയവരെയും അപമാനിക്കാന്‍ ഉപയോഗിച്ചിരുന്നത് കൈയുടെ പുറംഭാഗം കൊണ്ടുള്ള അടിയായിരുന്നു. ഇവിടെ അടിയേറ്റ വ്യക്തി ഇടത്തുകവിള്‍ കാണിച്ചുകൊടുക്കുമ്പോള്‍ അക്രമിയോട് പറയുന്ന സന്ദേശം ഇതാണ്: ‘എന്നെ നിന്റെ അടിമയായിട്ടല്ല, നിനക്ക് തുല്യനായ ഒരു മനുഷ്യനായി കണ്ട് അടിക്കുക.’ ഇത് അക്രമിയെ സന്ദേഹത്തിലാക്കുകയും അവന്റെ അധീശത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇരയായ വ്യക്തി ഇവിടെ ഭയം വെടിഞ്ഞ് സ്വന്തം സമത്വവും ആത്മാഭിമാനവും പ്രഖ്യാപിക്കുകയാണ്.
2. അങ്കിയും പുതപ്പും: അനീതിയുടെ നഗ്‌നത (മത്തായി 5:40)
‘നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക.
കടം വീട്ടാന്‍ നിവൃത്തിയില്ലാത്ത ദരിദ്രരായ ആളുകളെ ധനികരായ കടഉടമകള്‍ കോടതി കേറ്റി അവരുടെ അങ്കി (Inner tunic) ജപ്തി ചെയ്തിരുന്നു. എന്നാല്‍ മോശയുടെ നിയമപ്രകാരം (പുറപ്പാട് 22:26-27) ഒരാളുടെ പുതപ്പ് (Outer cloak) രാത്രി തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ അവന് ആവശ്യമുള്ളതിനാല്‍ സൂര്യനസ്തമിക്കുന്നതിന് മുന്‍പ് തിരികെ നല്‍കേണ്ടതുണ്ടായിരുന്നു. യേശു പറയുന്നു: ‘അവന്‍ അങ്കി ചോദിക്കുമ്പോള്‍ പുതപ്പുകൂടി അഴിച്ചുകൊടുക്കുക. ഇതോടെ ആ മനുഷ്യന്‍ കോടതിയില്‍ പൂര്‍ണനഗ്‌നനാകുന്നു. യഹൂദസംസ്‌കാരത്തില്‍ നഗ്‌നനാകുന്ന ആളെയല്ല, മറിച്ച് മറ്റൊരാളെ നഗ്‌നനാക്കുന്ന ആളെയോ ആ നഗ്‌നത കാണാന്‍ ഇടയാകുന്ന ആളെയോ ആണ് അപമാനം ബാധിക്കുന്നത് (ഉല്പത്തി 9:20-27). ദരിദ്രന്റെ അവസാനവസ്ത്രവും പിടിച്ചെടുക്കുന്ന ധനികന്റെയും നീതിപീഠത്തിന്റെയും ക്രൂരതയെ പൊതുസമൂഹത്തിന് മുന്നില്‍ നഗ്‌നമാക്കി കാണിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ ചെയ്യുന്നത്.
3. രണ്ടാമത്തെ മൈല്‍: നിയന്ത്രണം കൈവശപ്പെടുത്തല്‍ (മത്തായി 5:41)
ഒരു മൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടുമൈല്‍ ദൂരം പോകുക.
റോമന്‍ സൈനിക നിയമപ്രകാരം (Lex Militaris) ഒരു പട്ടാളക്കാരന് വഴിപോക്കനായ ഒരു യഹൂദനെക്കൊണ്ട് തന്റെ ഭാരമേറിയ സൈനിക ബാഗ് ഒരു മൈല്‍ (ഒരു നാഴിക) മാത്രം സൗജന്യമായി ചുമപ്പിക്കാന്‍ അവകാശമുണ്ടായിരുന്നു. എന്നാല്‍ പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാനായി ഒന്നില്‍ കൂടുതല്‍ മൈല്‍ ചുമപ്പിക്കുന്നത് റോമന്‍ നിയമപ്രകാരം കുറ്റകരമായിരുന്നു. ഒരു മൈല്‍ കഴിഞ്ഞിട്ടും തികഞ്ഞ സന്തോഷത്തോടെ രണ്ടാമത്തെ മൈല്‍ കൂടി നടക്കാന്‍ യഹൂദന്‍ തയ്യാറാകുമ്പോള്‍, സാഹചര്യത്തിന്റെ നിയന്ത്രണം സൈനികന്റെ കയ്യില്‍ നിന്ന് മാറി യഹൂദന്റെ കയ്യിലാകുന്നു. ശിക്ഷ ഭയന്ന് സൈനികന്‍ ഭാരം തിരികെ വാങ്ങാന്‍ യാചിക്കേണ്ട അവസ്ഥ വരുന്നു. ഇവിടെ ഇരയായ വ്യക്തി അടിച്ചമര്‍ത്തലിന്റെ ഉപകരണത്തെ അതിജീവനത്തിന്റെ ആയുധമാക്കി മാറ്റുന്നു.
യേശു ചൂണ്ടിക്കാട്ടിയ അഹിംസയുടെ വഴി ഒരു രാഷ്ട്രീയതന്ത്രം മാത്രമായിരുന്നില്ല, മറിച്ച് അത് ദൈവികസ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. ശത്രുവിനെ ഇല്ലാതാക്കാനോ അവനു മുന്നില്‍ തലകുനിക്കാനോ അല്ല യേശു ആഹ്വാനം ചെയ്യുന്നത്. മറിച്ച് വെറുപ്പിന്റെയും അക്രമത്തിന്റെയും വിഷചക്രത്തെ (Cycle of Violence) സ്‌നേഹം കൊണ്ടും ആത്മാഭിമാനം കൊണ്ടും തകര്‍ക്കാനാണ്. ശത്രുവിലെ തിന്മയെ എതിര്‍ക്കുമ്പോഴും അവന്റെ ഉള്ളിലെ മനുഷ്യത്വത്തെ തിരിച്ചറിയാന്‍ ഈ വഴി സഹായിക്കുന്നു. മത്തായി 5:39-44 നല്‍കുന്ന സന്ദേശം കീഴടങ്ങലിന്റേതല്ല, മറിച്ച് വിപ്ലവാത്മകമായ ആത്മീയവീര്യത്തിന്റേതാണ്. തിന്മയ്ക്ക് മുന്നില്‍ ഭീരുവായി തലകുനിക്കാതെയും എന്നാല്‍ തിന്മയുടെ പങ്കാളിയാകാതെയും അതിനെ ജയിക്കാനുള്ള അപാരമായ കരുത്താണ് യേശുവിന്റെ ‘മൂന്നാം വഴി’. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹപ്രസ്ഥാനത്തിനും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ അവകാശപോരാട്ടങ്ങള്‍ക്കും ഊര്‍ജ്ജമായത് യേശു മുന്നോട്ട് വെച്ച അഹിംസാത്മക പ്രതിരോധദര്‍ശനമാണ്. ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ നടന്ന സി.ജെ.പി (CJP) പ്രക്ഷോഭത്തിലും ഇതേ തത്വമാണ് പ്രകടമായത്. തങ്ങളെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ച പാറ്റകളെന്ന പദത്തെത്തന്നെ പ്രക്ഷോഭത്തിന്റെ അടയാളമാക്കി മാറ്റിക്കൊണ്ടും അധികാരശക്തികള്‍ക്ക് മുന്നില്‍ അക്രമരഹിതമായി ഉറച്ചുനിന്നുകൊണ്ടും വിദ്യാര്‍ഥികള്‍ വ്യവസ്ഥിതിയുടെ അനീതിയെ സമൂഹം കാണെ അനാവ്രതമാക്കി. അക്രമത്തിന് മുതിരാതെ, സ്വന്തം ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് അടിച്ചമര്‍ത്തലുകളെ നേരിട്ട സി.ജെ.പി പ്രതിഷേധം യേശു വിഭാവനം ചെയ്ത സര്‍ഗാത്മകപ്രതിരോധത്തിന്റെ വ്യക്തമായ ആധുനിക ഉദാഹരണമാണ്.
ഫാ. ഡോ. ടോം ഓലിക്കരോട്ട്



