ദൈവാനുഗ്രഹത്തിന്റെ അടയാളമായിട്ടാണ് ദാമ്പത്യജീവിതത്തില്‍ കുഞ്ഞുങ്ങളെ കണക്കാക്കുന്നത്. എ്ന്നാല്‍ കുഞ്ഞുങ്ങള്‍ ജനിക്കാതെപോയി എന്നതുകൊണ്ട് ദാമ്പത്യജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമോ? കുടുംബജീവിതം ശാപഗ്രസ്തമാകുമോ? ഒരിക്കലുമില്ല.
കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്കുന്നുണ്ട്. ശാരീരിക വന്ധ്യത ഒരു മഹാദൗര്‍ഭാഗ്യമല്ലെന്ന് സുവിശേഷം വ്യക്തമാക്കുന്നു. ന്യായമായഎല്ലാ വൈദ്യശാസ്ത്ര പ്രതിവിധികളും തേടിയിട്ടും വന്ധ്യതയ്ക്ക് പരിഹാരം കാണാത്ത ദമ്പതികള്‍ എല്ലാ ആത്മീയഫലസമൃദ്ധിയുടെയും ഉറവിടമായ കര്‍ത്താവിന്റെ കുരിശിനോട് തങ്ങളെതന്നെ ഐക്യപ്പെടുത്തേണ്ടതാണ്. അനാഥരായ കുട്ടികളെ ദത്തെടുത്തും അപരര്‍ക്കുവേണ്ടി ദുഷ്‌ക്കരമായ സേവനങ്ങള്‍ ചെയ്തും അവര്‍ക്ക് തങ്ങളുടെ ഉദാരതപ്രകടിപ്പിക്കാവുന്നതാണ്’ ( CCC 2379)
ഇങ്ങനെ പറയുമ്പോഴും മനുഷ്യന്റെ വന്ധ്യതയെ പരിഹരിക്കാനുദ്ദേശിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നാണ് സഭയുടെ കാഴ്ചപ്പാട്. പക്ഷേ അത് മനുഷ്യവ്യക്തിയെയും അവന്റെ അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങളെയും ദൈവത്തിന്റെ പദ്ധതിയും ഹിതവുമനുസരിച്ചുള്ള അവന്റെ യഥാര്‍ത്ഥവും സമഗ്രവുമായ നന്മയെ സേവിക്കുന്നതുമായിരിക്കണമെന്നും സഭ പഠിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഐവിഎഫ്, സരോഗസി പോലെയുള്ള കൃത്രിമ ഗര്‍ഭധാരണങ്ങളെയും വാടകഗര്‍ഭധാരണങ്ങളെയും സഭ എതിര്‍ക്കുകയും ചെയ്യുന്നു. കാരണം ദാമ്പത്യപങ്കാളിത്തത്തിന് പുറമേ നിന്ന് ഒരു വ്യക്തിയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഭാര്യഭര്‍ത്താക്കന്മാരെ വിയോജിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വളരെ അധാര്‍മ്മികമാണെന്നാണ് സഭയുടെ നിലപാട്.
ഭ്രൂണത്തിന്റെ ജീവനും അനന്യതയും ഭിഷഗ്വരന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും ശക്തിക്ക് വിട്ടുകൊടുക്കുകയും തദ്വാരാ മനുഷ്യവ്യക്തിയുടെ ഉത്ഭവത്തിന്റെയും ഭാഗധേയത്തിന്റെയും മേല്‍ സാങ്കേതികവിദ്യയുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തിയായിട്ടാണ് സഭ ഇവയെ വിലയിരുത്തുന്നത്. ഈ ആധിപത്യബന്ധം അതില്‍ തന്നെ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും പൊതുവായി ഉണ്ടായിരിക്കേണ്ട മാഹാത്മ്യത്തിനും സമത്വത്തിനും നിരക്കാത്തതാണ്. ധാര്‍മ്മികമായി വീക്ഷിക്കുമ്പോള്‍ ഇത്തരം ദാമ്പത്യപ്രവൃത്തിക്കും അതായത് ദമ്പതികളുടെ തനതായ സംയോഗത്തിന്റെ ഫലമായിട്ടല്ലാതെ ആഗ്രഹിക്കപ്പെടുന്ന സന്താനോത്പാദനത്തിനു അതിന്റെ ശരിയായ പൂര്‍ണ്ണത കൈവരുന്നില്ല. ദാമ്പത്യപ്രവൃത്തിയുടെ അര്‍ത്ഥങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും മനുഷ്യജീവിയുടെ തന്നെ ഐക്യത്തെയും ആദരിച്ചെങ്കില്‍ മാത്രമേ മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തിനു യോജി്ച്ചവിധം സന്താനോത്പാദനം സാധ്യമാകൂവെന്നും സഭ നിലപാട് വ്യക്തമാക്കുന്നു.
ചുരുക്കത്തില്‍ കുഞ്ഞുങ്ങള്‍ ജനിച്ചില്ലെങ്കിലും ദാമ്പത്യത്തിന്റെ അര്‍ത്ഥവും മേന്മയും നഷ്ടമാകുന്നില്ല. അത് ദമ്പതികളുടെ പരസ്പരസ്‌നേഹത്തിന് കുറവുവരുത്തുകയുമരുത്.


