യാത്രയ്ക്കിടയില്‍ കാണാറില്ലേ റോഡ് പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഈ വഴിയെ തിരിഞ്ഞുപോകുക എന്ന മട്ടിലുളള ചില മുന്നറിയിപ്പുകള്‍.? ഇത്തരം ബോര്‍ഡുകള്‍ ഇല്ലെങ്കിലോ അല്ലെങ്കില്‍ അവ കാണാതെ പോകുമ്പോഴോ വാഹനം അപകടത്തില്‍ പെടുകയും യാത്രക്കാര്‍ക്ക് അതനുസരിച്ച് നിസ്സാരമോ ഗുരുതമോ ആയ പരിക്കുകള്‍ ഉണ്ടാകുകയും ചെയ്യും. ദാമ്പത്യജീവിതത്തിലും ഇത്തരമൊരു അപകടസാധ്യതയുണ്ട്. സൈന്‍ബോര്‍ഡുകളോ അല്ലെങ്കില്‍ വഴിയിലുളള ഗട്ടറുകളോ കാണാതെ മുന്നോട്ടു പോകുമ്പോള്‍ അപകടം സംഭവിക്കുന്നതുപോലെ തന്നെ.
ദാമ്പത്യജീവിതത്തെ അലങ്കോലപ്പെടുത്തുന്നതും കുഴപ്പത്തിലാക്കുന്നതും വലിയ പ്രശ്‌നങ്ങളൊന്നുമല്ല നിസ്സാരമായ, അവഗണിച്ചുകളയുന്ന ചില ചെറിയ കാര്യങ്ങളാണ്. അപ്പോള്‍ നിസ്സാരമായി തോന്നുമെങ്കിലും ഭാവിയില്‍ വലിയ പ്രശ്‌നങ്ങളായി മാറാനുള്ള സകലസാധ്യതകളും അവശേഷിപ്പിക്കുന്നവയാണ് അത്തരം സംഭവങ്ങളെല്ലാം.
* പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാതിരിക്കുക
ഏതെങ്കിലും കാരണം കൊണ്ട് ജീവിതപങ്കാളിയോട് മനസ്സില്‍ നീരസം അനുഭവപ്പെടുന്നു. അല്ലെങ്കില്‍ പങ്കാളി ഇഷ്ടമില്ലാത്ത ഒരു പ്രവൃത്തി ചെയ്യുന്നു. എന്നാല്‍ ഇതേക്കുറിച്ച് തുറന്നു സംസാരിക്കാന്‍ തയ്യാറാകുന്നില്ല.പക്ഷേ മനസ്സില്‍ നിന്ന് വെറുപ്പും നീരസവും മാഞ്ഞുപോകുന്നുമില്ല. നീറിക്കത്തുക എന്ന് പറയാറില്ലേ, അതുപോലെയാണ് അവസ്ഥ.
വ്യക്തമായ, തുറന്ന രീതിയിലുള്ള ആശയവിനിമയം ഏതെങ്കിലും പ്രശ്‌നത്തെക്കുറിച്ച് ദമ്പതികള്‍ക്കിടയില്‍ ഇല്ലാതെപോയാല്‍ അത് ക്രമേണ കുടുംബജീവിതത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും കുടുംബജീവിതത്തെ തന്നെ താറുമാറാക്കുകയും ചെയ്യും. അതുകൊണ്ട് പ്രശ്‌നം എന്തുതന്നെയായാലും തുറന്നു സംസാരിക്കാന്‍ തയ്യാറാവുക. സംസാരിക്കുമ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാക്കാനാവുന്നത്.
* ഫിലീംങ്‌സുകള്‍ വ്യക്തമാക്കാതിരിക്കുക
മാനസികാരോഗ്യത്തിനും ആരോഗ്യപരമായ ബന്ധത്തിനും ഫീലിംങ്്‌സുകളെക്കുറിച്ച് തുറന്നു സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളി എപ്പോഴും നമ്മുടെ ഫീലിംങ്‌സുകള്‍ മനസ്സിലാക്കണമെന്നില്ല.തുറന്നു സംസാരിക്കുമ്പോഴാണ് ഒരു പ്രത്യേക അവസരത്തില്‍ നാം അനുഭവിച്ച ഫീലിംങ്‌സ് എന്തായിരുന്നുവെന്നതിനെക്കുറിച്ച് പങ്കാളിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത് ബന്ധങ്ങള്‍ ദൃഢമാക്കും. അങ്ങനെയൊന്ന് സംഭവിക്കുന്നില്ലെങ്കിലോ ബന്ധങ്ങള്‍ ദുര്‍ബലമാകും.
* പങ്കാളിയെക്കാള്‍ മറ്റ് പലതിനും ഒന്നാം സ്ഥാനം കൊടുക്കുക
മൊബൈല്‍, ഇന്റര്‍നെറ്റ്, കരിയര്‍ തുടങ്ങിയവയ്ക്ക് പങ്കാളിയെക്കാള്‍ സ്ഥാനം കൊടുക്കുന്നവരുണ്ടെങ്കില്‍ ആ ദാമ്പത്യബന്ധം അപകടമുനമ്പിലാണ്്. വീട്ടിലെത്തിക്കഴിഞ്ഞാലുടനെ മൊബൈല്‍ ഫോണിന്റെ ലോകത്തിലേക്ക് പ്രവേശിക്കുന്നവര്‍ ധാരാളമുണ്ട് .പങ്കാളിയെ കേള്‍ക്കാനോ അടുത്തിരിക്കാനോ സമയമില്ലാ്ത്ത അവസ്ഥ. ഇത് ബന്ധങ്ങള്‍ക്ക് ക്ഷതമേല്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
* നിരന്തരമായ കുറ്റപ്പെടുത്തലും വിമര്‍ശനവും
ഒരേ സമയം നല്ല സപ്പോര്‍്ട്ടറും നല്ല ക്രിട്ടിക്കും ആകാന്‍ കഴിവുള്ള വ്യക്തിയാണ് ജീവിതപങ്കാളി. എന്നാല്‍ ചിലപ്പോഴെങ്കിലും ക്രിട്ടിക്കാണ് മുമ്പന്തിയില്‍ നില്്ക്കുന്നത്. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നല്ലതാകുമ്പോഴും മുന്‍പിന്‍ നോക്കാതെയുള്ള വിമര്‍ശനങ്ങള്‍ കുടുംബബന്ധത്തെ നാശത്തിലാണ് കൊണ്ടുചെന്നെത്തിക്കുന്നത്. നിസാര കാരണങ്ങളുടെ പേരില്‍ പോലുമുള്ള കുറ്റപ്പെടുത്തല്‍, കണ്ണും മുഖവും നോക്കാതെയുള്ള വിമര്‍ശനം ഇതൊക്കെ ദമ്പതികളെ എന്നേയ്ക്കുമായി അകറ്റിക്കളയും.
* എതിര്‍ലിംഗത്തില്‍ പെട്ടവരുമായുള്ള അടുത്ത ബന്ധം
ദാമ്പത്യബന്ധത്തിന് പുറമെയുള്ള അതിരുകടന്ന സൗഹൃദങ്ങള്‍ കുടുംബജീവിതത്തിന്റെ താളം തെറ്റിക്കാന്‍ കാരണമായി മാറാറുണ്ട്. ജീവിതപങ്കാളിയുടെ അസൂയയ്ക്കും സംശയത്തിനും ഇടവരുത്തുന്നുവെന്നതിന് പുറമെ തെറ്റായ ബന്ധങ്ങളിലേക്കും പ്രലോഭനങ്ങളിലേക്കും ഇത് വഴി തെളിക്കുകയും ചെയ്‌തേക്കാം.. എന്നുകരുതി എതിര്‍ലിംഗത്തില്‍ പെട്ടവരുമായുള്ള സൗഹൃദം ദമ്പതികള്‍ക്ക് പാടില്ല എന്നല്ല, അത് വിവേകത്തോടെയായിരിക്കണമെന്ന് മാത്രം. ഇല്ലെങ്കില്‍ ആ സൗഹൃദം കുടുംബജീവിതത്തിന്റെ തായ് വേരിനെ വെട്ടിമുറിവേല്പിക്കും. ദമ്പതികളായിരിക്കണം ഏറ്റവും നല്ല സുഹൃത്തുക്കള്‍. അത്തരമൊരു സൗഹൃദം അവര്‍ക്കിടയില്‍ രൂപപ്പെടാത്തതുകൊണ്ടാണ് അവര്‍ക്കിടയിലേക്ക് മറ്റ് പലരും സുഹൃത്തുക്കളായി കടന്നുവരുന്നതും ദാമ്പത്യജീവിതം വീണുടയുന്നതും.
* പുഞ്ചിരിക്കാന്‍ മറക്കുക
പങ്കാളിയെ നോക്കി പുഞ്ചിരിക്കാന്‍ മടിക്കുന്നത് ദാമ്പത്യജീവിതം അത്ര സുഖകരമായിട്ടല്ല മുന്നോട്ടുപോകുന്നത് എന്നതിന്റെ സൂചനയാണ്, ഏതൊരാളുടെയും പുഞ്ചിരി പോസിറ്റീവ് എനര്‍ജിയാണ് നല്കുന്നത്. ദമ്പതികള്‍ക്ക് പരസ്പരം മുഖം നോക്കി പുഞ്ചിരിക്കാന്‍ കഴിയുന്നത് അവര്‍ തമ്മിലുളള കെമിസ്ട്രി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടയാളമാണ്. ദാമ്പത്യബന്ധത്തില്‍ സംഘര്‍ഷങ്ങളും ഉരസലുകളും പിണക്കങ്ങളും സാധാരണമാണ്. പക്ഷേ അവയ്ക്ക് ശേഷം പരസ്പരം നോക്കി പുഞ്ചിരിക്കുക. അ്‌പ്പോള്‍ സങ്കടം സന്തോഷമായും അകലം അടുപ്പമായും മാറും. ഇതിന് സാധിക്കുന്നില്ലെങ്കില്‍ ആ ബന്ധം വിരസമായിരിക്കും.
നിസ്സാരമെന്ന് തോന്നുന്ന ചില പ്രശ്‌നങ്ങളാണ് ഇവയൊക്കെ. പക്ഷേ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇവ കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുരുതരമാകാന്‍ ഒട്ടും താമസമെടുക്കില്ല.
വിനായക് നിർമ്മൽ


