(വത്തിക്കാനിലെ വൈദികർക്കുവേണ്ടിയുള്ള തിരുസംഘം 2016 ഡിസംബർ 8 ന് പ്രസിദ്ധീകരിച്ച പൗരോഹിത്യ ദൈവവിളി എന്ന ദാനം വൈദികപരിശീലനത്തിനുള്ള മാർഗരേഖ (Ratio Fundamentalis) യുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്)
സമർപ്പിത ദൈവവിളി എന്നതു ക്രിസ്തുവിന്റെ അളവില്ലാത്ത നന്മയുടെ പ്രകാശനമാണ്. അത് ദൈവം ചില ആളുകളുടെ മനസിൽ പാകുന്ന ആഗ്രഹമാണ്. ഈ ആഗ്രഹം ലഭിക്കുന്നത് ജീവിതത്തിന്റെ പല ഘട്ടങ്ങളിലായിരിക്കും ചിലപ്പോൾ അത് കുട്ടിക്കാലത്തായിരിക്കും, ചിലപ്പോൾ കൗമാരകാലത്തായിരിക്കും, മറ്റു ചിലപ്പോൾ യുവത്വത്തിലുമായിരിക്കാം. ഈ ആഗ്രഹം ചെത്തിമിനുക്കാത്ത മുത്തുകൾപോലെ ആണ്. ഇങ്ങനെയുള്ള മുത്തുകളെ കണ്ടെത്തുകയും ക്ഷമയോടെയും ശ്രദ്ധാപൂർവ്വവും ചെത്തിമിനുക്കുകയും ചെയ്യുമ്പോഴാണ് ദൈവജനത്തിന്റെ ഇടയിൽ പ്രശോഭിക്കുന്ന മാണിക്യമായി അവ മാറുന്നത്.
സഭയുടെ കടമയും ഉത്തരവാദിത്വവും
ദൈവവിളി കണ്ടെത്തുക, പരിപോഷിപ്പിക്കുക, വളർത്തുക എന്നത് മെത്രാന്റെയോ വൈദികരുടെയോ സന്യസ്തരുടെയോ മാത്രം കടമയോ ഉത്തരവാദിത്വമോ അല്ല. മറിച്ച് ദൈവജനം മുഴുവന്റെയും കടമയും ഉത്തരവാദിത്വവുമാണ്.
അത് നിർവഹിക്കേണ്ടത്:
1. പ്രാർഥന
ദൈവവിളിക്കായി ആദ്യം ചെയ്യേണ്ടത് പ്രാർഥിക്കുകയാണ്. അതു തന്നെയാണ് ഈശോ നമ്മോട് ആവശ്യപ്പെട്ടതും: ‘അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കുവാൻ വിളവിന്റെ നാഥനോടു പ്രാർഥിക്കുവിൻ’ (മത്താ. 9: 38). വീണ്ടും, യേശു ലൂക്കായുടെ സുവിശേഷത്തിൽ എഴുപത്തിരണ്ടുപേരെ അയക്കുമ്പോൾ ആവശ്യപ്പെട്ടതും പ്രാർഥിക്കാൻ തന്നെയാണ്. കൊയ്ത്തിനു വേലക്കാരെ അയക്കാൻ കൊയ്ത്തിന്റെ നാഥനോടു നിങ്ങൾ പ്രാർഥിക്കുവിൻ (ലൂക്കാ. 10:2).
2. പ്രോത്സാഹനം
ദൈവവിളി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് സഭ മുഴുവന്റെയും കൂട്ടുത്തരവാദിത്വമാണ്. അതിൽ എല്ലാവരും അവരുടേതായ പങ്ക് വഹിക്കേണ്ടതുണ്ട്. വൈദികർ, സന്യസ്തർ, കുടുംബങ്ങൾ, ഇടവകകൾ, വിശ്വാസപരിശീലന അധ്യാപകർ, ഭക്തസംഘടനകൾ ഇവയെല്ലാമാണ് പ്രധാനമായും ഇത് നിർവഹിക്കേണ്ടത്.
3. ജീവിതമാതൃക
സമർപ്പിത ദൈവവിളി ജനിക്കുന്നത് പ്രധാനമായും തീക്ഷണമായ പ്രാർഥനയും ക്രിസ്തീയ തപശ്ചര്യയും ഉള്ള ക്രൈസ്തവജീവിതം വഴിയാണ്. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഭക്തിയുടേയും ചൈതന്യം തുളുമ്പിനില്ക്കുന്ന വ്യക്തികൾ ദൈവവിളി പ്രോത്സാഹനത്തിൽ ഏറെ പങ്കുവഹിക്കുന്നു.
4. മാധ്യമങ്ങൾ
ദൈവവിളി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പണ്ടെത്തേക്കാൾ ഇന്ന് ഏറിയ പങ്ക് വഹിക്കുന്നതു മാധ്യമങ്ങളാണ്. ദൈവവിളി കണ്ടെത്താനും വളർത്താനും ഉതകുന്ന സിനിമകൾ, പ്രബോധനങ്ങൾ, പഠനങ്ങൾ, സെമിനാറുകൾ, ക്യാമ്പുകൾ, ചർച്ചകൾ എന്നിവയിലൂടെയും നവമാധ്യമങ്ങളിലൂടെയും ദൈവവിളി എന്താണെന്നും ദൈവവിളിയുടെ ആവശ്യകത, സ്വഭാവം, മാഹാത്മ്യം എന്നിവ എന്താണെന്നും വ്യക്തമാക്കണം.
5. പ്രേഷിത തീക്ഷ്ണതയുള്ള വൈദികർ
പൗരോഹിത്യത്തിലേക്കും സമർപ്പിതജീവിതത്തിലേക്കുമുള്ള ദൈവവിളികളുടെ ദൗർലഭ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും പ്രേഷിതതീക്ഷ്ണതയുള്ള വൈദികരുടെ സാന്നിധ്യം, കൂട്ടായ്മ, മാതൃകാപരമായ ജീവിതം എന്നിവ ഒരുപാട് പേരെ പൗരോഹിത്യ ദൈവവിളിയിലേക്ക് ആകർഷിക്കും.
6. ചൈതന്യമുള്ള കുടുംബങ്ങൾ
സമർപ്പണബുദ്ധിയും സന്തോഷവുമില്ലാത്ത വൈദികരുള്ള ഇടവകകളിൽപ്പോലും അവിടെ പരസ്‌നേഹവും പ്രാർത്ഥനാ ചൈതന്യവുമുള്ള കുടുംബങ്ങൾ ഉണ്ടെങ്കിൽ ദൈവത്തിന് പൂർണമായി സ്വയം സമർപ്പിക്കാനും സുവിശേഷം പ്രസംഗിക്കാനുമുള്ള ആഗ്രഹം മക്കളിൽ ഉണരും. അത്തരം കുടുംബങ്ങൾ നല്ല ദൈവവിളികളുടെ വിളനിലങ്ങളായിരിക്കും.
7. ദൈവവിളിവാരങ്ങൾ സംഘടിപ്പിക്കുക
ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളസഭയോടുചേർന്ന് പ്രാദേശിക സഭയിലും ഇടവകകളിലും ദൈവവിളിവാരങ്ങളും, പ്രത്യേക ദൈവവിളിദിനങ്ങളും സംഘടിപ്പിക്കുകയും ഈ ദിവസങ്ങളിൽ ദൈവിവിളിക്കായുള്ള പ്രാർഥനകളും മറ്റ് ആത്മീയ ശുശ്രൂഷകളും ദൈവവിളി സ്വീകരിച്ചവരുടെ പങ്കുവയ്ക്കലുകളും നടത്തുന്നത് അഭികാമ്യമാണ്.
8. സങ്കുചിതമനോഭാവം വെടിയുക
ദൈവവിളി പ്രോത്സാഹിപ്പിക്കേണ്ടത് ഒരിക്കലും സ്വന്തം രൂപതക്കുവേണ്ടിയോ സ്വന്തം കോഗ്രിഗേഷനുവേണ്ടിയോ മാത്രമാകരുത്. മറ്റ് രൂപതകൾക്കും മറ്റ് വ്യക്തിസഭകൾക്കും ആഗോള സഭക്കും അതുപോലെ ക്രിസ്തുവിനെ ഇതുവരെയും കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്കും വേണ്ടികൂടി ആയിരിക്കണം. സഭയോടുള്ള സ്‌നേഹത്തിൽനിന്നും ഉളവാകുന്ന തുറവിയും ഔദാര്യവും കൂടാതെ നമുക്കതിനുസാധിക്കുകയില്ല.
ഉപസംഹാരം
വെല്ലുവിളികളുടെ ഈ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന ദൈവവിളിയാകുന്ന മുത്തുകളെ നമുക്ക് ശ്രദ്ധാപൂർവം കണ്ടെത്താം. അവയെ ചെത്തിമിനുക്കി ദൈവജനത്തിനു വേണ്ടി ക്രിസ്തുവിന്റെ വെളിച്ചം പ്രതിഫലിക്കുന്ന മണിമുത്തുകളാക്കി മാറ്റാനുള്ള ഉത്തരവാദിത്വം നാമോരോരുത്തരുടെയും ആണെന്നത് മറക്കാതിരിക്കാം.
റവ. ഡോ. ഡെന്നി താന്നിക്കൽ


