വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആത്മകഥയുടെ പേര് Gift and Mystery എന്നാണ്. തന്റെ പൗരോഹിത്യജീവിതം മുതല്‍ താരതമ്യേന ചെറുപ്രായത്തിലുള്ള മാര്‍പാപ്പക്കാലം വരെയുള്ള കാലത്തെക്കുറിച്ച് പാപ്പ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
പൗരോഹിത്യം ഒരു ദാനവും രഹസ്യവുമാണെന്ന് പാപ്പ ഈ കൃതിയില്‍ പ്രബോധിപ്പിക്കുന്നു. 1946 ലാണ് പാപ്പ പുരോഹിതനായി അഭിഷിക്തനായത്. പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളിയെക്കുറിച്ച് അദ്ദേഹം വളരെ ആത്മാര്‍ത്ഥതയോടുകൂടിയാണ് എഴുതിയിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലും അതിന്റെ മൂര്‍ദ്ധന്യത്തിലുമാണ് പൗരോഹിത്യത്തിലേക്കുള്ള വിളി ലഭിക്കുന്നത്. ആ വിളിയെ വെല്ലുവിളിയോടെയാണ് അദ്ദേഹം സ്വീകരിച്ചത്. അതാവട്ടെ ഏറ്റവും സന്തോഷത്തോടും അഭിമാനത്തോടുംകൂടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൗരോഹിത്യം ഒരു മഹാദാനമാണെന്ന് അദ്ദേഹം പറയുന്നത്. ഒരുപക്ഷേ അര്‍ഹിക്കാത്ത ദാനം അര്‍ഹിക്കാത്ത വ്യക്തികളിലേക്ക് ദൈവം നല്കുകയാണ്.
തങ്ങളുടെ യോഗ്യതക്കനസരി്ച്ചല്ല മറിച്ച് ദൈവം കരുണ തോന്നിയാണ് പുരോഹിതരില്‍ ആ ദാനം നിക്ഷേപിക്കുന്നത്. ആ ദാനം സ്വീകരിക്കാന്‍ താന്‍ ഒരിക്കലും അര്‍ഹനല്ലെന്ന് തന്റെ അനുദിനധ്യാനത്തിലൂടെയാണ് പുരോഹിതന്‍ മനസ്സിലാക്കുന്നത്.
കാരണം പൗരോഹിത്യം ഒന്നുമാത്രമേയുള്ളൂ.നിത്യപുരോഹിതനായ ഈശോയുടെ പൗരോഹിത്യമാണ്. പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ള ഒരു ചോദ്യമുണ്ട് നിങ്ങളുടെ സന്യാസസഭയില്‍/ രൂപതയില്‍/ സഭയില്‍ എത്ര പുരോഹിതരുണ്ട്?
സീറോ മലബാര്‍സഭയിലെ പുരോഹിതരുടെ എണ്ണത്തെക്കുറിച്ച് പറയുമ്പോഴും സാര്‍വത്രികസഭയിലെ പുരോഹിതരുടെ എണ്ണത്തെക്കുറിച്ചു പറയുമ്പോഴും മറ്റൊരു ചോദ്യവും ഉയരാറുണ്ട്. അത്രയും പൗരോഹിത്യമുണ്ടോ. തീര്‍ച്ചയായും ഇല്ല.
ഒരേ ഒരു പൗരോഹിത്യത്തില്‍ പങ്കുചേരുകയാണ് ഈ വൈദികരെല്ലാം. നിത്യപുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേരാന്‍ ബലഹീനരും അയോഗ്യരും പാപികളുമായ തങ്ങളെ വിളിച്ചിരിക്കുന്നുവെന്ന് ഓരോ പുരോഹിതനും മനസ്സിലാക്കണം.
മണ്‍പാത്രത്തിലെ നിധിയായിട്ടാണല്ലോ പൗരോഹിത്യത്തെ വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ വിശേഷിപ്പിക്കുന്നത്. താഴെ വീണാല്‍ ഉടഞ്ഞുപോകുന്ന ഒരു പാത്രത്തില്‍ വലിയൊരുനിധി ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ ബലഹീനരായ മനുഷ്യരിലാണ് പൗരോഹിത്യം നിക്ഷേപി്ച്ചിരിക്കുന്നത്.
ഈ ശ്രേഷ്ഠമായ വിളി, ഈ മഹാദാനം വിശുദ്ധിയോടും വിശ്വസ്തതയോടും കൂടി ജീവിക്കുന്നുണ്ടോയെന്ന് ഓരോ പുരോഹിതനും പരിശോധിച്ചു നോക്കണം. എല്ലാ വര്‍ഷവും പൗരോഹിത്യദാനത്തെയും പുരോഹിതരെയും കുറിച്ച് കൂടുതല്‍ ധ്യാനിക്കുന്ന അവസരമാണ് പെസഹാദിനം. നമ്മുടെ കര്‍ത്താവ് പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച ഈ ദിവസം അതേക്കുറിച്ചുള്ള ധ്യാനചിന്തകള്‍ കൂടുതലായി നടത്താന്‍ ഓരോ വൈദികര്‍ക്കും സാധിക്കട്ടെ.
അന്നാ പെസഹാതിരുനാളില്‍ കര്‍ത്താവരുളിയ കല്പനയനുസരിച്ചാണ് ഓരോ വൈദികനും ബലിയര്‍പ്പിക്കുന്നത്. ഓരോ ബലിയര്‍പ്പണത്തിലും താന്‍ സമര്‍പ്പിക്കുന്ന നിയോഗങ്ങള്‍, ദൈവജനത്തിന്റെ വേദനയെല്ലാം ഏറ്റെടുത്ത് വിശുദ്ധിയോടുകൂടി ദൈവസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള കൃപ ഓരോ വൈദികനും ലഭിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. അര്‍ത്ഥപൂര്‍ണ്ണമായ ഈ ജീവിതത്തില്‍ വിശുദ്ധിയോടും വിശ്വസ്തതയോടും കൂടി വ്യാപരിക്കാനുള്ള അനുഗ്രഹത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
നിത്യപുരോഹിതനായ ഈശോയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ


