ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നിക്ഷേപിച്ചവനായിരുന്നു വിശുദ്ധ യൗസേപ്പിതാവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. കായല്‍പ്പുറം സെന്റ് ജോസഫ് ദേവാലയത്തില്‍ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
തന്റെ നിക്ഷേപത്തിന്റെ ഫലം ജീവിതകാലത്തും മരണശേഷവും യൗസേപ്പിതാവിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇസ്രായേല്‍ ജനതയുടെ മരുഭൂമിവാസത്തിന് സദൃശ്യമായ വിധത്തില്‍ പരുപരുത്തതായിരുന്നു യൗസേപ്പിതാവിന്റെ ജീവിതം. ദൈവത്തിന്റെ പദ്ധതിയനുസരിച്ചായിരുന്നു യൗസേപ്പിതാവ് മറിയത്തെ ഭാര്യയായി സ്വീകരിച്ചതും ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വേണ്ടതായ എല്ലാം നിര്‍വഹിച്ചു സ്വന്തം ജീവിതം സമര്‍പ്പിച്ചതും.അതുതന്നെയായിരുന്നു യൗസേപ്പിതാവ് നമുക്ക് നല്കുന്ന ഏറ്റവും വലിയ മാതൃകയും.
നമ്മുടെ സഭയുടെ വിശ്വാസപാരമ്പര്യത്തില്‍ യൗസേപ്പിതാവ് വിശേഷിക്കപ്പെടുന്നത് നീതിമാന്‍ എന്നാണ്. ദൈവതിരുമുമ്പാകെ സംപ്രീതനായിരിക്കുന്നവന്‍ എന്നാണ് നീതിമാന്‍ എന്ന് പറയുമ്പോള്‍ അര്‍ത്ഥം. ദൈവഹിതത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുത്തു ജീവിക്കുമ്പോള്‍ നമ്മളും യൗസേപ്പിതാവിനെ പോലെ നീതിമാന്‍മാരാകും.
താനുമായി സഹവസിക്കാതെ മറിയം ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ സ്വഭാവികമായും യൗസേപ്പ് സംശയിച്ചു. എങ്കിലും സത്യം വെളിച്ചത്തുവരാന്‍ വേണ്ടി ക്ഷമാപൂര്‍വം കാത്തിരുന്നു. സത്യം വെളിപ്പെടുമ്പോഴാണ് നാം അതിനെ ആശ്ലേഷിക്കുന്നത്.
ഏതൊരു കുടുംബത്തിനും ഉത്തമ മാതൃകയായി നില്ക്കുന്ന കുടുംബനാഥനാണ് യൗസേപ്പിതാവ്. യൗസേപ്പിതാവിനോടുളള സ്‌നേഹത്തിനും മാധ്യസ്ഥത്തിനും ഇതും ഒരു കാരണമാണ്. അതാതു സമയത്ത് വെളിപ്പെട്ടുകിട്ടിയ ആവശ്യങ്ങള്‍ക്കനുസരിച്ച് കുടുംബത്തിന് വേണ്ടി തന്നെത്തന്നെ സമര്‍പ്പിച്ചവനായിരുന്നു യൗസേപ്പ്.
നമുക്കുള്ള സംശയങ്ങളും ജഡികമോഹങ്ങളും വിവിധആവശ്യങ്ങളും ലൗകികചിന്തകളും എല്ലാം കര്‍ത്താവിന് അടിയറവച്ച് നമ്മുടെ ജീവിതത്തെ കര്‍ത്താവിന് വേണ്ടി ചെലവഴിക്കാന്‍ നമുക്ക് സാധിക്കണം. ഇതാണ് യൗസേപ്പിതാവ് നമുക്ക് കാണിച്ചുതന്ന മാതൃക. ആലഞ്ചേരി പിതാവ് പറഞ്ഞു


