മാര്‍ മാറി

Published on

പാര്‍ത്തിയന്‍ സാമ്രാജ്യത്തിലെ ആദ്യമിഷനറിയായി ഗണിക്കപ്പെടുന്ന മാര്‍ മാറി തന്റെ ഗുരുവായ മാര്‍ അദ്ദായിയോടൊപ്പം ഈശോയുടെ 70 ശിഷ്യന്മാരില്‍ ഒരാളായിരുന്നു.  ആറാം നൂറ്റാണ്ടില്‍ ബാബിലോണിയായില്‍ വച്ച് സുറിയാനി ഭാഷയില്‍ എഴുതപ്പെട്ട മാര്‍ മാറിയുടെ നടപടികള്‍ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ മിഷന്‍പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ വിവരണമാണ്. ഏദേസായില്‍ വച്ച് മാര്‍ അദ്ദായിയുടെ അനുഗ്രഹാശിസുകള്‍  സ്വീകരിച്ച് സുവിശേഷപ്രഘോഷണാര്‍ത്ഥം പൗരസ്ത്യദേശത്തേക്ക് യാത്രചെയ്ത മാര്‍ മാറി ആദ്യം നിസിബിസില്‍ എത്തി സുവിശേഷം പ്രഘോഷിച്ചു. അവിടെത്തെ വിജാതീയ വിഗ്രഹങ്ങള്‍ തകര്‍ത്ത് തല്‍സ്ഥാനത്ത് ദൈവാലയവും സന്യാസഭവനങ്ങളും ആരംഭിച്ച അദ്ദേഹം നിസിബിസില്‍ ഒരു ദൈവശാസ്ത്രവിദ്യാക്ഷേത്രം സ്ഥാപിച്ച് അധ്യാപകരെ നിയോഗിച്ചു (മാര്‍ മാറിയുടെ നടപടികള്‍ 7). പിന്നീട് ആര്‍സനിലും ബേത് സബ്ദായിലും ബേത് അറാബിയിലും സുവിശേഷം പ്രഘോഷിച്ച് അദ്ദേഹം എര്‍ബില്‍ എത്തി. അവിടെ വച്ച് രാജാവിന്റെ കുഷ്ഠരോഗവും സൈന്യാധിപന്റെ പുത്രന്റെ അശുദ്ധാത്മാബാധയും സുഖപ്പെടുത്തിയ അദ്ദേഹം ആ രണ്ടു കുടുംബങ്ങളെയും തുടര്‍ന്ന് നാടിനെ മുഴുവനെയും  ക്രൈസ്തവവിശ്വാസത്തിലേക്ക് നയിച്ചു.

തുടര്‍ന്ന് അന്ധകാരത്തിന്റെയും തിന്മയുടെയും ഇടമായി അറിയപ്പെട്ടിരുന്ന (മാറിയുടെ നടപടികള്‍ 12) ബേത് ഗര്‍മായിയില്‍ രാജപുത്രിയുടെ തളര്‍വാതരോഗം സൗഖ്യപ്പെടുത്തിയ മാര്‍ മാറി, ഗെല്‍ എന്ന ഗ്രാമത്തില്‍ മരിച്ച കുട്ടിയെ ഉയിര്‍പ്പിച്ചു. അദ്ഭുതങ്ങളിലൂടെ ദൈവശക്തി ദര്‍ശിച്ച ഈ പ്രദേശങ്ങളെല്ലാം ഈശോയില്‍ വിശ്വസിച്ചു. തുടര്‍ന്ന് ബേത്  ആര്‍മിയിലെ സുവിശേഷപ്രഘോഷണത്തിനു ശേഷം അദ്ദേഹം സെലൂഷ്യായില്‍ എത്തി. (മാറിയുടെ നടപടികള്‍ 19-24) തിന്നാനും കുടിക്കാനും വീഞ്ഞുകുടിച്ച് ഉന്മത്തരാകാനും മാത്രം സമയം ചിലവഴിച്ചിരുന്ന, നലം തികഞ്ഞ വിജാതീയവിശ്വാസികളായിരുന്ന സെലൂഷ്യാ നിവാസികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രമകരമായിരുന്നു. ഒരു വേള എദേസായില്‍ തന്റെ സഹോദരശിഷ്യരുടെ പക്കലേക്ക്  മടങ്ങിപ്പോകാന്‍ പോലും അദ്ദേഹം ആലോചിച്ചിട്ടുണ്ട്. ഒടുവില്‍ വിജാതീയ പുരോഹിതന്മാരുടെ പലവിധത്തിലുള്ള പരീക്ഷണങ്ങളെ അതിജീവിച്ച് അദ്ദേഹം അവിടെയും ക്രൈസ്തവവിശ്വാസത്തിലേക്ക് അനേകരെ ആകര്‍ഷിച്ചു. ഒരു വര്‍ഷക്കാലം സെലൂഷ്യായുടെ സുവിശേഷവല്‍ക്കരണത്തിനായി മാറ്റിവച്ച അദ്ദേഹം, രാജാവ് സമ്മാനിച്ച  വിജാതീയ ദൈവാലയത്തിന്റെ സ്ഥലത്ത് ഒരു ക്രൈസ്തവദൈവാലയം സ്ഥാപിച്ചാണ് അവിടെ നിന്ന്് കോക്കേ, ഷഫ്‌ല, കഷ്‌ക്കര്‍, മൈഷാന്‍ എന്നിവിടങ്ങളിലേക്കും സ്റ്റെസിഫോണ്‍ പ്രദേശത്തേക്കും സുവിശേഷദീപ്തിയുമായി എത്തിയത്.

ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി  സുവിശേഷപ്രഘോഷണം നടത്തിയ അദ്ദേഹത്തിന്റെ ഭൗതികശരീരം ഡെയര്‍കൂനി പ്രദേശത്ത് അദ്ദേഹം തന്നെ സ്ഥാപിച്ച ദൈവാലയത്തിലാണ് സംസ്‌കരിച്ചത്. (മാര്‍ മാറിയുടെ നടപടികള്‍ 33).

സെലൂഷ്യ- സ്്‌റ്റെസിഫോണ്‍ സഭയുടെ  സ്ഥാപകനും അതിന്റെ ആദ്യമെത്രാനുമായ അദ്ദേഹം ബാബിലോണിയായുടെ ശ്ലീഹാ എന്നാണ് പിന്നീട് അറിയപ്പെട്ടത്. കൈത്താക്കാലം രണ്ടാം വെള്ളിയാഴ്ചയാണ് പൗരസ്ത്യസുറിയാനി ആരാധനക്രമത്തില്‍ മാര്‍ മാറിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

റവ. ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം

Latest Updates

POPULAR Views

FEATUERD Views

രക്തസാക്ഷിയായ വി. ജസ്റ്റിന്‍

പാലസ്തീനായിലെ നെയോപ്പോളീസില്‍ ഒരു വിജാതീയ കുടുംബത്തില്‍ ക്രിസ്തുവര്‍ഷം 100 ല്‍ ജനിച്ച...

അന്ത്യോക്യായിലെ വിശുദ്ധ തെയോഫിലസ്

ടൈഗ്രീസ്, യൂഫ്രട്ടീസ് നദികള്‍ക്കു സമീപം (ആധുനിക ഇറാക്കിന്റെ ഭാഗം) രണ്ടാം നൂറ്റാണ്ടിന്റെ...

അദ്ഭുതപ്രവര്‍ത്തകനായ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 213 ല്‍  പൊന്തുസിലെ നെയോ കേസറിയായിലെ ഒരു വിജാതീയകുടുംബത്തില്‍ പിറന്ന...

നീസായിലെ വി. ഗ്രിഗറി

കപ്പദോസിയന്‍ പിതാക്കന്മാരില്‍ ഒരാളായ നീസായിലെ വിശുദ്ധ ഗ്രിഗറി അടിയുറച്ച ക്രൈസ്തവകുടുംബത്തിലാണ്  പിറന്നത്....

നസിയാന്‍സൂസിലെ വി.ഗ്രിഗറി

ക്രിസ്തുവര്‍ഷം 330 ഓടെ ഏഷ്യാമൈനറിലെ കപ്പദോക്യായിലുള്ള അരിയാന്‍സൂസില്‍ ജനിക്കുകയും 390 ഓടെ...

 സാറൂഗിലെ വി. യാക്കോബ്

ക്രിസ്തുവര്‍ഷം 451 ല്‍ മെസപ്പൊട്ടോമിയായിലെ കുര്‍ത്താം പട്ടണത്തില്‍ ജനിച്ച യാക്കോബ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം...

മിലാനിലെ വി. അംബ്രോസ്

 റോമിലെ പരമ്പരാഗത ക്രിസ്ത്യന്‍കുടുംബാംഗമായ മിലാനിലെ വിശുദ്ധ അംബ്രോസ് തന്റെ പിതാവ് അംബ്രോസിയസ്,...

അലക്‌സാണ്ട്രിയായിലെ വി. ക്ലമന്റ്

ക്രിസ്തുവര്‍ഷം 150 ഓടെ ഏഥന്‍സില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ച  ടൈറ്റസ് ഫ്ലാവിയസ്...

പുവത്തിയേയിലെ  വി. ഹിലരി

പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഗോള്‍ പ്രവിശ്യയിലുള്ള പുവത്തിയേ ( Poitiers ) എന്ന...

വി.ജെറോം

പാശ്ചാത്യപാരമ്പര്യത്തില്‍ മഹാന്മാരായി പരിഗണിക്കപ്പെടുന്ന നാലു സഭാപിതാക്കന്മാരില്‍ ഒരാളാണ് വി.ജെറോം. (വി. അംബ്രോസ്,...

നിസിബിസിലെ വി. യാക്കോബ്

മൂന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നിസിബിസിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച യാക്കോബ് തന്റെ...

മാർ അഫ്രഹാത്ത്

പേർഷ്യൻ സന്ന്യാസി (പേർഷ്യൻ മുനി) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മാർ അഫ്രഹാത്ത്...