കേരളത്തിലെ വിദ്യാഭ്യാസമേഖല ഏറെ സങ്കീര്‍ണ്ണതകളും വെല്ലുവിളികളും നേരിടുന്ന കാലഘട്ടമാണിത്. 2020 ലെ നൂതന വിദ്യാഭ്യാസ മാര്‍ഗരേഖ നടപ്പിലാക്കപ്പെടുന്ന കാലഘട്ടം എന്ന നിലയിലും ആഗോളവത്കരണത്തിന്റെ ഫലമായുണ്ടാകുന്ന സാമൂഹിക സാംസ്‌കാരിക സമ്പദ് വ്യവസ്ഥയുടെയും മാറ്റത്തിന്റെ കാലഘട്ടമെന്ന നിലയിലും കേരളത്തിലെ പൊതു വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഏറെ പ്രതിസന്ധികളെ ഇന്ന് നേരിടുന്നുണ്ട്.
കേരളം വിദ്യാഭ്യാസത്തിന്റെ ഒരു ഹബ് എന്നും മാതൃകാസംസ്ഥാനം എന്നും സാക്ഷരതയുടെ പറുദീസ എന്നും വിശേഷിപ്പിക്കപെടുമ്പോഴും ഈ അവകാശവാദങ്ങളൊക്കെയും പൊള്ളത്തരമാണെന്നതിന്റെ സൂചനകള്‍ നമുക്ക് കാണാന്‍ സാധിക്കും. ഉന്നതവിദ്യാഭ്യാസത്തിനായി മലയാളികള്‍ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഒഴുകുമ്പോള്‍ കേരളത്തിന് വെളിയിലുള്ളവര്‍ കേരളത്തിലേക്ക് വിദ്യാഭ്യാസം തേടി വരുന്നില്ല എന്നത് ഇതിനെ സാധുകരിക്കുന്നതാണ്.
കേരളത്തിലെ പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഗുണത്തിലും എണ്ണത്തിലും തകര്‍ച്ച നേരിടുന്നു എന്നുള്ളത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതിയിലെയും അധ്യാപന രീതികളിലെയും പോരായ്മകള്‍ പരിഹരിക്കപ്പേടേണ്ടതാണ്. 10 ാം ക്ലാസ് മുഴുവന്‍ എ പ്ലസ്സോടെ വിജയിക്കുന്ന പല വിദ്യാര്‍ഥികള്‍ക്കു പോലും മലയാളമോ ഇംഗ്ലീഷോ തെറ്റുകൂടാതെ പ്രയോഗിക്കുവാന്‍ കഴിയുന്നില്ല. എന്തിനേറെ, ചില വിദ്യാര്‍ഥികള്‍ക്കെങ്കിലും തങ്ങളുടെ പേരും പഠിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിന്റെ പേരും തെറ്റുകൂടാതെ എഴുതാന്‍ സാധിക്കുന്നില്ല എന്നത് നമ്മുടെ പതനത്തിന്റെ വ്യാപ്തി കാണിക്കുന്നതാണ്. മലയാളി വിദ്യാര്‍ഥികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി ആശയവിനിമയത്തിലുള്ള അപചയമാണ്. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള ‘വില്ലേജ് സിസ്റ്റം’ കേരളത്തില്‍ ഇല്ലാത്തതിനാലും ഓരോ വീടും ഒറ്റപ്പെട്ട് നില്‍ക്കുന്നതിനാലും കേരളത്തില്‍ ‘സോഷ്യലൈസേഷന്‍’ വളരെ കുറവാണ് എന്ന യാഥാര്‍ഥ്യം കുട്ടികളുടെ ആശയവിനിമയത്തെ പലപ്പോഴും ബാധിക്കുകയും വിദ്യാര്‍ഥികളെ അന്തര്‍മുഖരും നാണം കുണുങ്ങികളുമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ ആശയസംഹിതകള്‍ കുട്ടികളില്‍ അടിച്ചു കയറ്റുന്നതിനാവശ്യമായ സിലബസുകള്‍ രൂപപ്പെടുത്തു മ്പോള്‍ ജനാധിപത്യം, സെക്കുലറിസം, സത്യം, നീതി, സ്‌നേഹം, സഹിഷ്ണുത, ഈശ്വരചിന്ത, സമത്വം, പൗരബോധം, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, അധ്യാപകര്‍, സ്ത്രീകള്‍, നിരാലംബര്‍ മുതലായവര്‍ക്ക് നല്‍കേണ്ട ആദരവ്, തുടങ്ങിയ മൂല്യങ്ങള്‍ മറന്നുപോകുന്നുണ്ട്. പാഠ്യപദ്ധതിയുടെ ഭാഗമായി പഠിക്കുന്ന കാര്യങ്ങള്‍, പരിശീലിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കുറവും എടുത്തു പറയേണ്ടതാണ്.
പൊതുവിദ്യാഭ്യാസ മേഖലയില്‍ ഓള്‍ പ്രമോഷന്‍ നിര്‍ത്തലാക്കുന്നതും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളെങ്കിലും നന്നായി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും പറ്റിയ രീതിയില്‍ പഠിപ്പിക്കുന്നതും വിദ്യാഭ്യാസ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. അന്തര്‍ദേശീയ ഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം കുറയ്ക്കുന്നത് ഒരു രീതിയിലും വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാവുകയില്ല. വിദ്യാര്‍ഥികളുടെ ക്രിട്ടിക്കല്‍ തിങ്കിങ്, മൂല്യബോധം ഇവ വളര്‍ത്തുന്നതിനാവശ്യമായ സിലബസ് രൂപീകരിക്കണം.
കുട്ടികളുടെ ആശയവിനിമയം സമ്പുഷ്ഠമാക്കുന്ന തരത്തിലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളും അവരെ ബഹിര്‍മുഖരാക്കുന്നതിനുള്ള സംവിധനങ്ങളും വിദ്യാഭ്യാസത്തില്‍ ഉണ്ടായേ തീരൂ.
അതോടൊപ്പം തന്നെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കണം. പ്രകൃതിയോടും നാടിനോടും ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്നതിനുള്ള പരിശീലവും നൈപുണ്യവികസനത്തിനുള്ള സംവിധാനങ്ങളും സ്‌കൂള്‍തലം മുതല്‍ ഉണ്ടാവണം.
ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികള്‍ ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. അടിസ്ഥാനപരമായ അറിവുകളും വേണ്ടത്ര ഭാഷാസ്വാധീനവുമില്ലാത്ത കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിലേക്ക് വരുമ്പോള്‍ നിലവാരത്തകര്‍ച്ച സ്വാഭാവികമാണ്. ചില യൂണിവേഴ്‌സിറ്റികളിലെങ്കിലും ഇന്റേണല്‍ അസസ്‌മെന്റിന് ഹാജര്‍ കണക്ക് കൂട്ടാതിരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ നടക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്. പല ക്യാമ്പസ് സിനിമകളും നല്കുന്ന വികലമായ ആശയങ്ങളില്‍പ്പെട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ നാമമാത്രമായേ ഉള്ളു എന്നും ക്ലാസില്‍ കയറേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എപ്പോഴും പാട്ടും ഡാന്‍സും പാഠ്യേതര പ്രവര്‍ത്തനങ്ങളുമാണ് ഉള്ളതെന്നും ധരിച്ചുവശായ വിദ്യാര്‍ഥികളുടെ എണ്ണം കുറവല്ല.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സിലബസ് മികച്ച യൂണിവേഴ്‌സിറ്റികളുടേതാക്കുന്നതിന് പകരം ‘ഇസങ്ങളേയും’ സ്വാര്‍ത്ഥ താത്പര്യങ്ങളേയും സംരക്ഷിക്കുന്നതിന് ഉപയുക്തമായ സിലബസ് രൂപികരിക്കുന്നതിനു മാത്രം രൂപപ്പെടുത്തുന്ന പഠനബോര്‍ഡുകള്‍ കാണുമ്പോള്‍ പരിണിതപ്രഞ്ജരായ അധ്യാപകരും പണ്ഡിതരും മുക്കത്ത് വിരല്‍വച്ച് പോകാറുണ്ട്. യൂണിവേഴ്‌സിറ്റിയുടെ പഠന ബോര്‍ഡുകളില്‍ പാണ്ഡിത്യവും അനുഭവജ്ഞാനവും ഉള്ളവരെ മാറ്റി നിര്‍ത്തി അധ്യാപക യൂണിയന്‍ പ്രവര്‍ത്തകരെ പ്രതിഷ്ഠിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശവക്കുഴി തോണ്ടിക്കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കുക. അത് മനസ്സിലാക്കുന്നവര്‍ തങ്ങളുടെ മക്കളെ ഡല്‍ഹി യൂണിവേഴ്‌സ്‌സിറ്റിയുടേയും മറ്റ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളുടേയും സിലബസ് പഠിപ്പിക്കുവാന്‍ കേരളത്തില്‍ നിന്ന് മാറ്റുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്. പുതിയ സിലബസ് പഠിച്ച് പഠിപ്പിക്കാന്‍ കഴിവില്ലാത്തവരും അതിന് മെനക്കെടാന്‍ തയ്യാറല്ലാത്തവരുമായ അധ്യാപകര്‍ ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നവരാണ്.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൂതനങ്ങളായ പ്രോഗ്രാമുകള്‍, (വിശിഷ്യാ എയ്ഡഡ് മേഖലയില്‍) ആരംഭിക്കുന്നതിനും അധ്യാപക പോസ്റ്റുകള്‍ അനുവദിക്കുന്നതിനും ഗവണ്‍മെന്റുകള്‍ ശ്രദ്ധിക്കാറില്ല. 2020 ല്‍ 105 എയ്ഡഡ് കോളേജുകളില്‍ അനുവദിച്ചു നല്കിയ എയ്ഡഡ് കോഴ്‌സുകള്‍ക്ക് ഇതുവരേയും സ്ഥിരം അധ്യാപക തസ്തികള്‍ അനുവദിച്ച് നല്‍കിയിട്ടില്ല. തുടര്‍ച്ചയില്ലാത്ത അതിഥി അധ്യാപകര്‍ ക്ലാസ്സുകളെടുക്കുമ്പോള്‍ ക്ലാസ്സുകളുടെ ഗുണനിലാവാരവും അച്ചടക്കവും വിട്ടുവീഴ്ച ചെയ്യപ്പെടാറുണ്ട്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരു പറഞ്ഞ് ബിരുദാനന്തര ബിരുദഅധ്യാപകരുടെ ആനുപാതിക മൂല്യം എടുത്ത് കളഞ്ഞപ്പോള്‍ അത് ബിരുദാനന്തര ബിരുദത്തിന്റെ നിലവാരത്തെയും വിദ്യാര്‍ഥികളുടെ പ്രോജക്ടുകളുടെ ഗുണനിലവാരത്തെയും അധ്യാപകരുടെ ഗവേഷണത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം ആവിര്‍ഭവിച്ച അധ്യാപക വിദ്യാര്‍ഥി അനുപാതത്തിലെയും ഗവേഷണത്തിലെയും ഇടിവ് വിദ്യാര്‍ഥികളേയും അവരുടെ മെന്റിംഗിന്റെ നിലവാരത്തെയും സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
കേരളത്തിന് പുറത്ത്, ഗുണനിലവാരമുള്ള കോളേജുകള്‍ സ്വയംഭരണ കോളേജുകളും പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളും ഡീംഡ് യൂണിവേഴ്‌സിറ്റികളുമായി മാറുമ്പോള്‍ കേരളത്തിലെ കോളേജുകള്‍ക്ക്, രാഷ്ട്രിയ പാര്‍ട്ടികളുടെ കടുംപിടിത്തത്തിന്റെ ഫലമായി, അവ നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളു. ഇങ്ങനെ സ്ഥാപനങ്ങള്‍ വളര്‍ന്നു പോയാല്‍, അവ തങ്ങളുടെ ചൊല്‍പ്പിടിക്ക് നില്‍ക്കാതാവുമോ എന്ന അധികാരികളുടെ ആശങ്കയാണ് കേരളത്തെ ഈ പ്രക്രിയയില്‍ നിന്നും പിന്നോട്ടടിക്കുന്നത്. പുതിയ ഗവണ്‍മെന്റ് ഈ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
വിവിധങ്ങളായ സാമൂഹിക മാനസിക ചുറ്റുപാടുകളിലുള്ള വിദ്യാര്‍ഥികളെ സംസ്‌കാരസമ്പന്നരും അച്ചടക്കബോധവുമുള്ളവരാക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താന്‍ സംഘടനകളും പാര്‍ട്ടികളും മത്സരിക്കുമ്പോള്‍ അവയെ നേരിടുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ ഊര്‍ജ്ജവും സമയവും പണവും വ്യയം ചെയ്യുന്നത് സമൂഹത്തിന് വലിയ നഷ്ടമുണ്ടാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ഗവണ്‍മെന്റുകളും യൂണിവേഴ്‌സിറ്റികളും തങ്ങളുടെ അധികാരം പ്രയോഗിക്കുമ്പോഴും തങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയമനടപടികളിലേക്ക് പോകുമ്പോഴും സമൂഹത്തിനായി ചിലവഴിക്കപ്പെടേണ്ട ഊര്‍ജ്ജവും പണവും സമയവുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നഷ്ടമാവുന്നത്.
പരീക്ഷയില്‍ കോപ്പിയടിക്കുന്നത് തെറ്റാണെന്നുള്ള ചിന്ത മാറി കോപ്പിയടി പിടിക്കുന്ന അധ്യാപകരും നടപടിയെടുക്കാന്‍ ബാധ്യതയുള്ള അധികാരികളുമാണ് യഥാര്‍ഥ തെറ്റുകാര്‍ എന്ന ചിന്തയിലേക്ക് മാറുന്ന വിദ്യാര്‍ഥികളും മാതാപിതാക്കളും സമൂഹവും ഇന്നിന്റെ പ്രത്യേകതയാണ്. ഈ സംസ്‌കാരത്തിന് കുടപിടിക്കുന്ന രാഷ്ട്രീയക്കാരും മീഡിയായും ഇന്നിന്റെ ശാപമാണ്. അധ്യാപകരെയും അധികാരികളെയും അവരുടെ കടമകള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും കോപ്പിയടിക്കുന്നത് തെറ്റാണെന്ന് വിദ്യാര്‍ഥികളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക എന്നത് ഇന്നിന്റെ ആവശ്യമാണ്. അല്ലെങ്കില്‍ ഈ സംസ്‌കാരം പല അധ്യാപകരേയും നിസ്സംഗരാക്കി മാറ്റിയെന്ന് വരാം. അച്ചടക്കരഹിതമായ ഒരു തലമുറയായിരിക്കും അതിന്റെ സ്വാഭാവിക പരിണാമം.
വിദ്യാഭ്യാസ മേഖലയില്‍ പണം മുടക്കാന്‍ മടികാണിക്കുന്ന സര്‍ക്കാര്‍ മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യമുണ്ട്, മാനവ വിഭവ വികസനത്തില്‍ കേരളം ഒരു കാലത്ത് മുന്‍പന്തിയില്‍ നിന്നിട്ടുണ്ടങ്കില്‍ അതിന്റെ പ്രധാന കാരണം ഗവണ്‍മെന്റുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിയിട്ടുള്ള മുതല്‍ മുടക്കാണ്. വിദ്യാഭ്യാസസെസ്സും മറ്റു നികുതികളും പിരിച്ചെടുക്കുന്ന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് തങ്ങള്‍ പിരിച്ചെടുക്കുന്ന പണം ആ ലക്ഷ്യത്തിനു വേണ്ടി ചിലവഴിക്കുക എന്നത്. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടി മാറ്റിവയ്ക്കുന്ന തുക ഒരിക്കലും നഷ്ടമല്ല, അത് സമൂഹത്തിലുള്ള നിക്ഷേപമാണ്. അതിനാല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരുകള്‍ പണം മുടക്കുന്നതിന് യാതൊരു ലോഭവും കാണിക്കരുത്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിവിധങ്ങളായ നിയമ ചട്ട നിര്‍മ്മാണങ്ങളിലൂടെ കുച്ചുവിലങ്ങിടുന്ന രീതി നമ്മുടെ സര്‍ക്കാരുകളും യൂണിവേഴ്‌സിറ്റികളും സ്വീകരിക്കുന്നതായി കണ്ടുവരുന്നു. എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ സ്വാതന്ത്രത്തോടെ പ്രവര്‍ത്തിക്കുന്നതിനും ഒഴിച്ചിട്ടിരിക്കുന്ന അധ്യാപക സ്ഥാനങ്ങള്‍ നികത്തുന്നതിനും പുതിയ കോഴ്‌സുകള്‍ക്ക് തസ്തികകള്‍ അനുവദിക്കുന്നതിനും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാരുകള്‍ തയ്യാറായാല്‍ വിദ്യാഭ്യാസ മേഖലയില്‍ അതൊരു പുതിയ പന്ഥാവിനു തുടക്കമാകും.
മറ്റൊരു സുപ്രധാന വിഷയം ഭാരതത്തിന്റെ ഭരണഘടന 30ാം ആര്‍ട്ടിക്കിളിലൂടെ നല്കുന്ന ന്യൂനപക്ഷ അവകാശമാണ്. മതമോ ഭാഷയോ അടിസ്ഥാനമാക്കിയുള്ള എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും തങ്ങളുടെ ഇഷ്ടാനുസൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തുന്നതിനും പ്രസ്തുത ആര്‍ട്ടിക്കിള്‍ സംരക്ഷണം നല്കുമ്പോള്‍ ന്യൂനപക്ഷ അവകാശങ്ങളെ ധ്വംസിക്കുവാനുള്ള ഒരു ത്വര അധികാരികളില്‍ കണ്ടുവരുന്നുണ്ട്. നിര്‍ദ്ദിഷ്ട യോഗ്യത ഉള്ള സ്ഥാപനാധികാരികളെ തിരഞ്ഞെടുക്കുന്നതിനുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതോ ചോദ്യം ചെയ്യുന്നതോ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ന്യൂനപക്ഷ സ്ഥാപനങ്ങളെ സംരക്ഷിക്കുമ്പോഴാണ് ഓരോ സര്‍ക്കാരും മഹത്വീകൃതരാകുന്നത്. പൊതു വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും കുട്ടികളുടെ എണ്ണം കുറയുമ്പോള്‍ അധ്യാപക സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തുന്ന രീതി നിര്‍ത്തലാക്കണം. പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമ്പോള്‍ വിദ്യാര്‍ഥികളെ മാതാപിതാക്കള്‍ താരതമ്യേന ചെലവ് കുറഞ്ഞ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിരികെ എത്തി്ക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റും മദ്യവും മയക്കുമരുന്നും സംലഭ്യമാകുന്ന ഇന്നത്തെ രീതി കൊച്ചു കുട്ടികളെപ്പോലും വഴിതെറ്റിക്കാറുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കലാലയങ്ങളിലും അവയുടെ പരിസരത്തും മേല്‍ പറഞ്ഞ സാമൂഹ്യതിന്മകള്‍ക്കുള്ള സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ ഭരിക്കുന്ന ഗവണ്‍മെന്റുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ഈ കാലഘട്ടത്തിലെ മറ്റൊരു വില്ലന്‍ മൊബൈല്‍ ഫോണ്‍ ആണ്. നിയമത്തിന്റെ പിന്‍ബലമില്ലാത്തതിനാല്‍ ക്ലാസുകളില്‍ മൊബൈല്‍ വിലക്കാന്‍ അദ്ധ്യാപകര്‍ക്കു പോലും കഴിയുന്നില്ല. ഫലമോ ഗയിമുകള്‍ക്കും അസന്മാര്‍ഗികതക്കും, സോഷ്യല്‍ മീഡിയാക്കും വിദ്യാര്‍ഥികള്‍ അടിമകളാകുന്ന അവസ്ഥ സംജാതമാകുന്നു. ഭരിക്കുന്ന സര്‍ക്കാരുകള്‍ ഇതിനെതിരെ നടപടികളെടുക്കുവാന്‍ ആര്‍ജ്ജവം കാണിക്കണം.
മറ്റൊന്ന് അധാപകര്‍ക്ക് ആവശ്യമായ സ്വാതന്ത്രവും ശിക്ഷണത്തിനുള്ള അവകാശവും നല്‍കുക എന്നതാണ്.. ഇന്നത്തെ മുതിര്‍ന്ന തലമുറയ്ക്ക് അച്ചടക്കത്തിന്റെ സുമാതൃക ലഭിച്ചത് അവരുടെ അധ്യാപകരു ടെപ്രേരണയിലും ശിക്ഷണത്തിലൂടെയുമാണെന്ന് വീമ്പടിക്കുന്ന പല മാതാപിതാക്കളും അവരുടെ മക്കളെ അധ്യാപകര്‍ ഒന്നു വഴക്കുപറഞ്ഞാല്‍ മക്കളെ ന്യായീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തി പ്രശ്‌നങ്ങളുണ്ടാക്കുന്ന കാഴ്ച ധാരാളമുണ്ട്. ഇത് പലപ്പോഴും അധ്യാപകരെ നിസംഗരാക്കിക്കളയും. അധ്യാപകര്‍ അവര്‍ക്ക് നല്കപ്പെട്ടിട്ടുള്ള പ്രവര്‍ത്തനസീമ ചിലപ്പോഴെങ്കിലും ലഘിക്കാറുണ്ടെന്നതും ഇവിടെ പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വഴിവിട്ട രാഷ്ട്രീയവും അതിന് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷവും അച്ചടക്കവും തകര്‍ക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതും കേരളത്തിലെ മാത്രം പ്രത്യേകതയാണ്.
കേരളത്തിലെ പൊതു ഉന്നത വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികളും അപചയങ്ങളും പൊതുസമൂഹത്തിന്റെയും അധികാരികളുടെയും സത്വര ശ്രദ്ധയില്‍ പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലേഖകന്‍ തന്റെ അനുഭവത്തിലൂന്നിയ ഈ വിദ്യാഭ്യാസചിന്തകള്‍ പങ്ക് വയ്ക്കുന്നത്. ഈ മേഖലയിലുള്ള ചതിക്കുഴികളെയും അപചയങ്ങളെയും ഗവണ്‍മെന്റും പൊതുസമൂഹവും വിദ്യാഭ്യാസ ഏജന്‍സികളും തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളിലേക്ക് കടന്നാല്‍ പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിനും അതുവഴി സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും അത് കാരണമാവും.
(റവ. പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് ഡയറക്ടര്‍, സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, പാലാ)



