ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36 പ്രധാന പ്രതിസന്ധികള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വനം വന്യജീവി, റവന്യൂ, ടൂറിസം, തദ്ദേശസ്വയംഭരണം, കൃഷി, പരിസ്ഥിതി, പൊതു വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ദുരന്തനിവാരണം എന്നീ ഒമ്പതു വകുപ്പുകള്‍ വഴി നടപ്പിലാക്കേണ്ട 25 സുപ്രധാന ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നു. തെക്ക് അമ്പൂരി മുതല്‍ വടക്ക് ബദിയടുക്ക വരെ നീണ്ടുകിടക്കുന്ന സംസ്ഥാനത്തിന്റെ പശ്ചിമഘട്ടത്തിലെ ജനജീവിതം വന്യജീവി ആക്രമണം, ഭൂനിയമങ്ങള്‍ , വനം വന്യജീവി സംരക്ഷണനിയമം, വിവിധ പരിസ്ഥിതിനിയമങ്ങള്‍, നിര്‍മ്മാണനിരോധനം, ഉപാധികളോടെ ഉള്ള പട്ടയം തുടങ്ങിയ കാരണങ്ങളാല്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നതിന്റെ കൃത്യമായ വിശദീകരണവും പരിഹാരവും റിപ്പോര്‍ട്ടില്‍ ഉണ്ട്.
അനാവശ്യ നിയന്ത്രണങ്ങളും കരിനിയമങ്ങളും ഒഴിവാക്കി പ്രാദേശികമായി തൊഴില്‍ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും ഭീതി കൂടാതെയുള്ള ജന ജീവിതത്തിനും സാഹചര്യം സൃഷ്ടിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. വനാതിര്‍ത്തിയിലെ റവന്യൂ ഭൂമിയില്‍ പോലും നിര്‍മാണങ്ങള്‍ നടത്തുവാനോ തൊഴില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുവാനോ കഴിയാത്ത രീതിയിലുള്ള ഭൂറവന്യൂ നിയമങ്ങള്‍ തിരുത്തുവാനും വനാതിര്‍ത്തിക്കു പുറത്ത് വന്യജീവി ഭീതി കൂടാതെ മനുഷ്യന് ജീവിക്കുവാന്‍ നിയമപരിരക്ഷയോടെ സാഹചര്യമൊരുക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്റ്) നിയമത്തില്‍ മുന്‍കാല പ്രാബല്യത്തോടെ 2020 ല്‍ കൊണ്ടുവന്ന ഭേദഗതികളും EFL ആക്ട് 2003 ഉം പിന്‍വലിക്കണമെന്നും 1-1- 1997 ന് മുന്‍പുള്ള കുടിയേറ്റ ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്നും റവന്യൂ, ഫോറസ്റ്റ് സംയുക്ത വെരിഫിക്കേഷന്‍ നടത്തി വനാതിര്‍ത്തി വേര്‍തിരിക്കണമെന്നും വന്യജീവി സങ്കേതങ്ങള്‍ ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമായി കണക്കാക്കിയിരിക്കുന്ന പരിസ്ഥിതി സംവേദക മേഖല (ESZ) ജനവാസ മേഖലയിലേക്കും കൃഷി ഭൂമിയിലേക്കും ഇറക്കി വ്യാപിപ്പിക്കരുതെന്നും ശുപാര്‍ശ ചെയ്യുന്നതോടൊപ്പം EFL ആക്ട് 2003 പ്രകാരം 34000 ഏക്കര്‍ കൃഷിയും ഏറ്റെടുത്ത് വനമാക്കിയ നടപടി പുനര്‍ പരിശോധിക്കുകയോ ഏറ്റെടുത്ത ഭൂമിക്ക് ദേശീയ നഷ്ടപരിഹാര നിയമമനുസരിച്ചുള്ള നഷ്ടപരിഹാരങ്ങള്‍ നല്‍കുകയോ ചെയ്യണമെന്നും ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്.
വന്യജീവി ആക്രമണം തടയുന്നതിന് നിലവിലുള്ള നിയമത്തിലെ സെക്ഷന്‍ 62 ; 11/b ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉപയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയും കൃഷിയിടത്തിലും ജനവാസ മേഖലയിലും കടക്കുന്ന ജീവികളെ തുരത്തുന്നതിനും വംശനാശഭീഷണി നേരിടാത്തവയെ കൊല്ലുന്നതിനും അനുവാദം നല്‍കുന്നതോടൊപ്പം വന്യജീവികള്‍ വനത്തിന് പുറത്തു കടക്കാതിരിക്കാന്‍ ആധുനിക സങ്കേതങ്ങളോടെയുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയും വേണം. കര്‍ഷകന് കൃഷിയിടത്തിലെ വിവേചനാവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഭൂ നിയമങ്ങളും വനം പരിസ്ഥിതി നിയമങ്ങളും ഭേദഗതി ചെയ്ത് കര്‍ഷകന്റെ സാമ്പത്തികസ്ഥിതിയും തൊഴിലവസരങ്ങളും ഭാവി വികസനവും ഉറപ്പുവരുത്തണം. വന്യജീവി നഷ്ടപരിഹാര ക്ലെയിംസ് ട്രൈബണല്‍ രൂപീകരിക്കണം. സംസ്ഥാന സര്‍ക്കാര്‍ 1972 ലും 2003ലും 2020 ലും കൊണ്ടുവന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണം.
വന്യജീവികളുടെ എണ്ണം വനത്തിന്റെ വാഹകശേഷിക്ക് അനുസരണമായി നിയന്ത്രിക്കുക, നിര്‍മ്മാണ നിരോധനം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകന് നല്‍കിയ പട്ടയം ഉപാധിരഹിതമാക്കുക, ജനസാന്ദ്രതയിലെ കുറവ് പരിഗണിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ നിലനിര്‍ത്തുകയും മലയോര കലാലയങ്ങളില്‍ കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കുകയും ടൂറിസത്തിന് പ്രോത്സാഹനം നല്‍കുകയും അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമായിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കി തൊഴിലിടങ്ങള്‍, വ്യവസായങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ സാംസ്‌കാരിക ആരോഗ്യ വിനോദ സൗകര്യങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ശിപാര്‍ശകളും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. വനംവകുപ്പ് തദ്ദേശീയര്‍ക്കെതിരെ വ്യാപകമായി കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് അനാവശ്യ കേസുകള്‍ എടുക്കുന്നത് തടയുന്നതിന്റെ ഭാഗമായി കോടതി ഉത്തരവുമായി മാത്രമേ വനം കേസുകളുടെ പേരില്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യാവൂ എന്നും സ്ഥിരം കുറ്റവാളികള്‍ അല്ലാത്തവര്‍ക്ക് ജാമ്യം ലഭിക്കുവാന്‍ സാഹചര്യമൊരുക്കണമെന്നും കൃഷിഭൂമിയില്‍ കൃഷി ചെയ്യുന്നതിനും വീടുവയ്ക്കുന്നതും കിണര്‍ കുഴിക്കുന്നതും തൊഴുത്ത് കെട്ടുക. ഷെഡ്ഡ് കെട്ടുക, ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും നടത്തുക, തൊഴില്‍ശാലകള്‍ കെട്ടുക തുടങ്ങിയവയൊന്നും വനത്തിന്റെ പേരില്‍ നിരോധിക്കാന്‍ പാടില്ലെന്നും ദുരന്ത നിവാരണ നിയമത്തിന്റെ പേരില്‍ നിയമപ്രകാരം കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്നും മതിയായ നഷ്ടപരിഹാരം നല്‍കാതെ നിഷ്‌കാസനം ചെയ്യുന്നത് ഒഴിവാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍,
ജനറല്‍ സെക്രട്ടറി കത്തോലിക്ക കോണ്‍ഗ്രസ്


